‘നല്ല മനുഷ്യരുടെ രൂപത്തിലാണ് പുണ്യാളന്മാർ ഭൂമിയിലേക്ക് വരുന്നത്’. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സയന്റ് എന്ന സിനിമയിൽ രഞ്ജിത് എഴുതിയ ഈ ഡയലോഗ് അക്ഷരാർത്ഥത്തിൽ ശരിയാണ്. നാടിനെ വലയ്ക്കുന്ന മഹാദുരിതത്തിലും ചിന്നിച്ചിതറാതെ ഒന്നിച്ച് നിൽക്കാൻ ചങ്ങലക്കണ്ണിയാകുന്ന, നന്മനിറഞ്ഞ ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു മനുഷ്യനെ പരിചയപ്പെടാം, കോട്ടയം സ്വദേശി സമീർ. എറണാകുളം കത്രിക്കടവിലെ കോയിസ് കാറ്ററേഴ്സിന്റെ ഉടമയാണ് സമീർ.

n3

കൊറോണയുടെ ഭീതിയിൽ വീടിന് പുറത്തിറങ്ങാനോ ജോലി ചെയ്ത് വരുമാനം കണ്ടെത്താനോ കഴിയാതെ ജീവിതം വഴിമുട്ടിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവരുടെ വിശപ്പടക്കാൻ തീരുമാനിച്ച് ഒരു വലിയ ബറ്റാലിയൻ തന്നെ രംഗത്തിറങ്ങി. ജില്ല ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ ഡോ. കൗസർ ഇടപ്പകത്ത്, ചൈൽഡ് ലൈൻ ഡയറക്ടർ ഫാദർ ജെൻസൺ വാരിയത്ത്, ഡോ. സലീന വി.ജി. നായർ ( സെക്രട്ടറി, ഡി. എൽ.എസ്.എ, എറണാകുളം), ഡോ. ജുനൈദ് അഹമ്മദ് (ഐ.എം.എ), ഡോ. പ്രദീപ് കെ.പി (ജസ്റ്റിസ് ബ്രിഗേഡ്), ഡി.എൽ.എസ്.എ സെക്ഷൻ ഓഫിസർ സുരേഷ്, എറണാകുളം ആർ.ടി.ഒ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ കമ്യൂണിറ്റി കിച്ചൺ നടത്താൻ തീരുമാനിച്ചപ്പോൾ ആദ്യം വിളിച്ചത് സമീറിനെയാണ്. തന്റെ സ്ഥാപനത്തിന്റെ അടുക്കള അവർക്കായി സന്തോഷത്തോടെ വിട്ടുകൊടുക്കുക മാത്രമല്ല, സമീർ ചെയ്തത്. കോട്ടയം ജില്ലയിലെ ചെമ്പിലെ വീട്ടിൽനിന്ന് ദിവസവും പുലർച്ചെ നാലു മണിക്ക് ബൈക്കോടിച്ച് കൊച്ചിയിലെത്തി ആളുകൾക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതും ഇദ്ദേഹം തന്നെയാണ്.

n2

ലോക്ഡൗൺ ആരംഭിച്ച നാൾ മുതൽ ഇന്ന് വരെ ദിവസവും ആയിരത്തിയഞ്ഞൂറു പേർക്കുള്ള ഭക്ഷണമാണ് ഇദ്ദേഹം തനിയെ പാകം ചെയ്യുന്നത്. സഹായത്തിനായി ആകെയുള്ളത് സമീറിന്റെ സ്ഥാപനത്തിലെ അതിഥിതൊഴിലാളിയായ മർഷുൽ മാത്രം. പുലർച്ചെ തുടങ്ങുന്ന ജോലികൾ അവസാനിപ്പിച്ച് വൈകുന്നേരം വീട്ടിലേക്ക് തിരികെ പോയി, അടുത്ത ദിവസം വീണ്ടും കൊച്ചിയിലെത്തി തന്റെ കർമം തുടരുകയാണ് സമീർ. സ്വന്തം നാട് ഇത്ര വലിയ ദുരന്തമുഖത്ത് നിൽക്കുന്ന വേളയിൽ സ്വന്തം കാര്യം നോക്കി വീട്ടിലിരിക്കാതെ, പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് സ്നേഹം വിളമ്പുകയാണ് സമീർ.