ഈ ലോക്ഡൗൺ കാലത്ത് നമുക്ക് വീട്ടിൽ പച്ചക്കറി തോട്ടം ഒരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറയുമ്പോൾ വീട്ടുവളപ്പിലെ മുളക് തൈകൾക്ക് വളമിടുകയായിരുന്നു സന്ധ്യ എന്ന വീട്ടമ്മ. അന്യ സംസ്ഥാനത്ത് നിന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെ ബുദ്ധിമുട്ടിലായ മലയാളികൾക്ക് മാതൃകയാകുകയാണ് തൃശൂർ സ്വദേശിയായ ഈ വനിത.
ലോക് ഡൗൺ മൂലം പച്ചക്കറി കിട്ടാതായതോടെ പയർ, പരിപ്പ് ഇവ പല രൂപങ്ങളിലും ഭാവങ്ങളിലും മലയാളികളുടെ അടുക്കളകൾ കയ്യേറുകയാണ്. എന്നാൽ തൃശൂർ പൂച്ചട്ടിയിലെ പൊങ്ങണാ മൂലവീട്ടിൽ ഓരോ ദിവസവും വിളമ്പുന്നത് വേറിട്ട രുചികളാണ്.
ലോക് ഡൗൺ തുടങ്ങിയിട്ട് പതിനേഴ് ദിവസം പിന്നിടുന്നതേയുള്ളൂ. പക്ഷേ, പുറംനാടുകളിലായിരുന്ന മക്കൾ വീട്ടിലെത്തിയതോടെ ഈ കുടുംബം ഇരുപത്തിനാല് ദിവസമായി വീടിന് പുറത്തിറങ്ങിയിട്ട്. വീട്ടുകാർക്ക് മടുപ്പ് തോന്നാതിരിക്കാൻ ഓരോ ദിവസവും വ്യത്യസ്തതയുള്ള നാടൻ രുചിക്കൂട്ടുകളാണ് സന്ധ്യ ടീച്ചർ ഒരുക്കുന്നത്. വീട്ടുവളപ്പിലെ വെണ്ടയും വഴുതനങ്ങയും തക്കാളിയും കൊണ്ട് സാമ്പാർ, വാഴപ്പിണ്ടിയും മുതിരയും കൊണ്ട് ഉപ്പേരി, പുളിയാറില കൊണ്ട് ചമ്മന്തി, ചക്കക്കുരു ചീര കൂട്ടാനും വഴുതനങ്ങ ഉപ്പേരിയും... ഇങ്ങനെ ഓരോ ദിവസത്തെയും തനിനാടൻ രുചിക്കൂട്ടുകൾക്ക് അസാധ്യ സ്വാദാണെന്ന് ഭർത്താവ് അജിത്തും നോൺ വെജ് പ്രിയമുള്ള മക്കൾ ആദിത്യനും ഹരികൃഷ്ണനും. ' ഫീൽ ഗുഡ്, ഹോ. എന്താ സ്വാദ്' എന്നിങ്ങനെ മക്കൾ നൂറ് മാർക്ക് നൽകുമ്പോൾ സന്ധ്യ ടീച്ചറിന്റെ മുഖത്ത് പുഞ്ചിരി വിടരും.
നവോദയ സ്കൂളിലെ അധ്യാപികയായ സന്ധ്യ 23 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം 2014 ലാണ് വിരമിക്കാൻ തീരുമാനിച്ചത്. അതോടെ ദിനചര്യകൾ മാറി. ഒഴിവ് സമയം വീട്ടുവളപ്പിൽ ചീരയും പാവലും പയറും വെണ്ടയുമെല്ലാം നട്ടുവളർത്തി. ഒരേ മനസ്സുള്ള സുഹൃത്തുക്കൾക്കൊപ്പം നാട്ടു ചന്തയിലൂടെ ജൈവ കൃഷി ഉത്പന്നങ്ങൾ നാട്ടുകാരിലേക്കും എത്തിച്ചു. കൃഷിയ്ക്കിടെയും ഉരുക്കു വെളിച്ചെണ്ണ, മീൻ അച്ചാർ, ചമ്മന്തിപ്പൊടി, സാമ്പാർ പൊടി, കായ വറുത്തത് ഇവയെല്ലാം ഉണ്ടാക്കാൻ സമയം കണ്ടെത്തി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ 'സന്ധ്യാസ് ' എന്ന ബ്രാൻഡിന് തുടക്കമായി.
ഹോം മെയ്ഡ് ഉൽപന്നങ്ങളുടെ നിർമാണത്തിനിടെയും വീട്ടുവളപ്പിലെ വലിയ പരിചരണം ആവശ്യമില്ലാഞ്ഞ പച്ചക്കറികൾ നിലനിർത്തിയത് ലോക് ഡൗൺ കാലത്ത് അനുഗ്രഹമായി.
"അത്യാവശ്യം സ്ഥലമുണ്ടെങ്കിലും ബിസിനസ് ശ്രദ്ധിക്കേണ്ടത് കൊണ്ട് വീടിന് ചുറ്റുമുള്ള ഇരുപത് സെന്റിൽ മാത്രമാണ് കൃഷി. വീട്ടിലെ ഏത് ജനലിലൂടെ നോക്കിയാലും ഗ്രോ ബാഗുകളിൽ വളരുന്ന ചെടികൾ കാണാം. പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലി, പുതിന ഇതെല്ലാം ഇവിടെയുണ്ട്." സന്ധ്യ ടീച്ചർ പറയുന്നു. " ഈ പതിനഞ്ച് ദിവസവും ഓരോ തരം ചാറ് കറിയും തോരനും തയാറാക്കി. ഒരു കറിയോ തോരനോ ഇത്രയും ദിവസം ആവർത്തിക്കേണ്ടി വന്നില്ല. ഇങ്ങനെ ചെയ്താൽ വീട്ടിലുള്ളവർക്കും മടുപ്പുണ്ടാകില്ല.
ഒന്ന് കിളച്ച് മറിച്ച് നാല് തൈ നട്ടാൽ വർക്ഔട്ടും വേണ്ട. ലോക് ഡൗൺ കാലത്തും അല്ലാത്ത കാലത്തും കീടനാശിനി പ്രയോഗിക്കാത്ത പച്ചക്കറികളും ഇലക്കറികളും കഴിക്കാം. ആരോഗ്യവും സംരക്ഷിക്കാം." സന്ധ്യ ടീച്ചർ ഉറപ്പ് നൽകുന്നു.