ഇക്കയുടെ ഇഷ്ടങ്ങളൊന്നും എന്റെ പേരിൽ മാറ്റിവയ്‌ക്കേണ്ട. ഇനിയും ഇക്ക വണ്ടി ഓടിക്കും, ഞാൻ ആ വണ്ടിയുടെ മുൻസീറ്റിൽ ഉണ്ടാവുകയും ചെയ്യും.’’ വർഷങ്ങൾക്കു മുൻപ് ഷമീമ പറഞ്ഞ ഈ വാക്കുകളാണ് റഫീക്കിന്റെ മനസ്സിലെ പ്രതീക്ഷകൾക്ക് ‘കീ’ കൊടുത്തത്. നിനച്ചിരിക്കാതെ വന്ന വാഹനാപകടം അരയ്ക്കു കീഴ്പോട്ട് തളർത്തിയിട്ടും തളരാതെ നിന്ന ഷമീമയുടെ മനോധൈര്യമാണ് റഫീക്കും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ നട്ടെല്ലായത്. ഷമീമയുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയാണ് ഈ വീടിന്റെ പ്രകാശം.
ചെറിയ വീഴ്ചകളിൽ തകരുകയും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവർക്കിടയിൽ ഷമീമയും റഫീക്കും ജീവിതം ആഘോഷമാക്കുകയാണ്. ആ ഊർജത്തിൽ ജീവിതവണ്ടി വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആലുവയിലെ റഫീക്കിന്റെയും ഷമീമയുടെയും ജീവിതം വീണ്ടും തളിർത്തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ഫിസിക്സ് പഠിക്കുന്ന മൂത്തമകൾ റുഫയും പ്ലസ് ടുവിന് പഠിക്കുന്ന രണ്ടാമൻ റയിസും പത്താം ക്ലാസിലെത്തിയ മൂന്നാമത്തെ മകൾ അൽഷിഫയും ഏഴാം ക്ലാസുകാരനായ ഇളയവൻ അമീർ ഷുറൈഹും ചേർന്ന ഈ സന്തോഷ ജീവിതത്തിന്റെ കഥ ഇങ്ങനെ.
കാത്തിരുന്ന യാത്ര
‘‘വിവാഹം കഴിഞ്ഞപ്പോൾ തന്നെ യാത്രകളോടുള്ള ഇക്കയുടെ പ്രണയം മനസ്സിലായിരുന്നു. കൂടെ പോകാൻ എനിക്കും ഇഷ്ടം. ഓരോ യാത്രയും ഞങ്ങൾ ആസ്വദിച്ചു. ചിലത് ഉല്ലാസയാത്ര ആണെങ്കിൽ ചിലത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലെ കല്യാണങ്ങളോ പിറന്നാളോ ഒക്കെ ആയിരിക്കും.’’ ഷമീമ ഓർമകളുടെ റിവേഴ്സ് ഗിയറിലേക്കു മാറി.
‘‘രാത്രിയിൽ വണ്ടി ഓടിക്കാനും ദൂരയാത്ര പോകാനും ഇക്കായ്ക്ക് വലിയ ഇഷ്ടമായിരുന്നു. പാട്ടും കേട്ട് വണ്ടി ഓടിക്കുന്നതിന്റെ ത്രിൽ ഒന്നു വേറെ തന്നെയാണെന്ന് എപ്പോഴും പറയും. രാത്രി എത്ര വൈകിയാലും ഇക്കയ്ക്ക് ഉറക്കം വരാറില്ല. പോയ യാത്രകളിൽ ഏറെയും രാത്രി യാത്രകൾ തന്നെ ആയിരുന്നു. വിവാഹ ശേഷം എല്ലാ യാത്രയും കുടുംബത്തോടൊപ്പമായി. വാടകയ്ക്കെടുത്ത വണ്ടിയിലായിരുന്നു ഞങ്ങ ളുടെ യാത്ര.
അന്ന് ഇക്കായ്ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് ജോലി. സ്വന്തമായി ഒരു കാർ എന്ന സ്വപ്നം കൊണ്ടുനടന്നിരുന്ന നാളുകൾ. അധികം താമസിയാതെ സ്വപ്നവാഹനമായ സ്വിഫ്റ്റ് കാർ തന്നെ ഞങ്ങൾ സ്വന്തമാക്കി. വണ്ടി വാങ്ങി ആറു മാസം വരെ യാത്രകളൊന്നും പോകാനായില്ല. ഓരോ തിരക്കുകളായിരുന്നു. അങ്ങനെയിരിക്കെയാണ് പ്ലൈവുഡ് കമ്പനി മാനേജരുടെ സഹോദരിയുടെ വിവാഹത്തിന് വിളിക്കുന്നത്. വയനാട്ടിലാണ്. കാർ വാങ്ങിയശേഷം ഞങ്ങളുടെ ആദ്യ ദൂരയാത്ര.
എല്ലാം പെട്ടെന്നായിരുന്നു
‘‘ഞായറാഴ്ചയായിരുന്നു കല്യാണം. ഞങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്കു തന്നെ ചെന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങൾ തകർത്ത് ആഘോഷിച്ചു. ഞായറാഴ്ച കല്യാണമൊക്കെ കഴിഞ്ഞ് വൈകുന്നേരം ഏഴരയ്ക്കാണ് തിരികെ പുറപ്പെ ട്ടത്. അന്നു പോകേണ്ട എന്നവർ നിർബന്ധിച്ചു. പക്ഷേ, തിങ്കളാഴ്ച മക്കൾക്ക് സ്കൂൾ യൂണിഫോം വാങ്ങേണ്ട ദിവസം ആയതുകൊണ്ട് തിരികെ പോരുകയായിരുന്നു.
പോരുന്നതിന് മുൻപ് അവിടെ നിന്ന് നന്നായി ഭക്ഷണം ക ഴിച്ചിരുന്നു. യാത്രാമദ്ധ്യേ വഴിയരികിലെ പുഴയിൽ ഇറങ്ങി കുളിക്കുകയും ചെയ്തു. തലേന്നു രാത്രി ഇളയ കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ ഇക്കയാണ് എടുത്തുകൊണ്ട് നടന്ന് ഉറക്കിയത്. അതുകൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു. വാടാനപള്ളിയിലെ ബന്ധുവീട്ടിൽ തങ്ങിയിട്ട് പോയാലോ എന്നു ഞാൻ പറഞ്ഞപ്പോൾ, ‘കുറച്ചു നേരം വഴിയിൽ വണ്ടി നിർത്തി ഉറങ്ങാം’ എന്ന് ഇക്ക പറഞ്ഞു. അങ്ങനെ വഴിയിൽ വണ്ടി നിർത്തി കുറച്ചു നേരം ഇക്ക ഉറങ്ങുകയും ചെയ്തു. രണ്ടു രണ്ടര മണിക്കാണ് വാടാനപ്പള്ളി എത്തുന്നത്. അതുവരെ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. കുട്ടികൾ അപ്പോഴേക്കും ഉറങ്ങിയിരുന്നു.’’ ഷമീമയുടെ ഓർമകൾ ഒരു നിമിഷം നിന്നു.
‘‘ഞാനാണ് ഷമീമയോട് അൽപം ഉറങ്ങിക്കൊള്ളാൻ പറഞ്ഞത്. ഷമീമ ഉറങ്ങിയ ശേഷം വണ്ടിയിലെ പാട്ടും നിന്നുപോയി. പാട്ട് ഉണ്ടെങ്കിൽ വണ്ടിയോടിക്കുമ്പോൾ ഞാൻ ഉറങ്ങില്ല. വിധി ഇതായതു കൊണ്ടാകാം പാട്ട് നിന്നു പോയത്. അൽപം കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് വഴുതിപ്പോയി. വണ്ടി വഴിയരുകിലെ മരത്തിൽ പോയി ഇടിച്ചു. പിന്നീടൊന്നും എനിക്ക് ഓർമയില്ല.’’ റഫീക്ക് നെടുവീർപ്പിട്ടു.
‘‘എനിക്ക് ബോധം തിരിച്ചു കിട്ടുന്നത് മൂന്നു ദിവസം കഴിഞ്ഞാണ്. വണ്ടി ഇടിച്ചുവെന്നും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണെന്നും വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞുവെന്നും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഇളയ കുഞ്ഞും മൂന്നാമത്തെ മകളും ഇതേ ആശുപത്രിയിൽ ചികിത്സയിൽ ഉ ണ്ടായിരുന്നു. മറ്റൊരു ആശുപത്രിയിലായിരുന്ന ഇക്ക പരിക്കുകളുമായിട്ടാണെങ്കിലും അന്നു തന്നെ എത്തി.
അന്നു രാത്രി എന്നെ ചികിത്സിക്കുന്ന ഡോക്ടർമാർ വന്നപ്പോൾ ഞാൻ ചോദിച്ചു, ‘എന്റെ കാലുകൾ എവിടെ?’ അരയ്ക്കു കീഴ്പോട്ട് കാലുകൾ ഉള്ളതായി തോന്നുന്നുണ്ടായിരുന്നില്ല.’’ ഷമീമയുടെ വാക്കുകൾ ഇടറി.
‘‘ഷമീമയുടെ കാലുകൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. അപകടത്തിൽ താടിയെല്ലിനു പൊട്ടല്‍ ഉണ്ടായിരുന്നു. നട്ടെല്ലിലെ ഡി 3 മുതൽ ഡി 6 വരെയുള്ള കശേരുക്കൽ തകർന്നിരുന്നു. എന്നാൽ അപകടസ്ഥലത്തു കൂടിയ ആളുകൾ കാറിനുള്ളിൽ നിന്ന് വലിച്ചു പുറത്തെടുത്തപ്പോൾ നട്ടെല്ലിനകത്തെ നാഡി മുറിഞ്ഞു. ആ ക്ഷതമാണ് അരയ്ക്ക് കീഴ്പോട്ടുള്ള ചലനശേഷി നഷ്ടപ്പെടുത്തിയത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് നടത്തിയ ശസ്ത്രക്രിയയിൽ നട്ടെല്ലിൽ എട്ടു ബോൾട്ടുകൾ ഘടിപ്പിച്ചു. പിന്നെയാണ് ഇരിക്കാൻ കഴിയുന്ന വിധത്തിൽ ആയത്.’’ റഫീക്ക് പറയുന്നു.
‘‘ഒരിക്കലും നടക്കാനാകില്ല എന്നറിഞ്ഞപ്പോൾ വല്ലാത്ത നിരാശ തോന്നിയെങ്കിലും കുഞ്ഞുങ്ങളുടെയും ഭർത്താവിന്റെയും മുഖം ഓർത്തപ്പോൾ അതു മാറി. എനിക്കു വന്ന നഷ്ടത്തെക്കുറിച്ചല്ല ലാഭത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നു തോന്നി, ജീവൻ തിരികെ കിട്ടിയല്ലോ. എഴുന്നേൽക്കാനോ, നടക്കാനോ ആകില്ല. പക്ഷേ, ഇരിക്കാൻ കഴിയുന്നുണ്ടല്ലോ... ഇത്ര വലിയ അപകടം ഉണ്ടായിട്ടും ഇക്കയേയും മക്കളേയും വലിയ പരിക്കുകൾ ഇല്ലാതെ അല്ലാഹു തന്നല്ലോ... ഇതൊക്കെ ഓർത്തപ്പോൾ മനസ്സിന് വലിയ ഊർജം കിട്ടി.
ഇരുന്നുകൊണ്ടു തന്നെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ ഞാൻ ശ്രമിച്ചു. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നെ പിന്നെ കാര്യങ്ങൾ എന്റെ വഴിക്കു വന്നു. വീട്ടിലും പുറത്തുമൊക്കെ എനിക്ക് സുഖമായി എത്താനായി പുത്തൻ വീ ൽ ചെയറും വാങ്ങി. പതിയെ ഞങ്ങൾ വീണ്ടും യാത്രകളും പോയിതുടങ്ങി.’’ ഷമീമ പുഞ്ചിരിക്കുന്നു.
നിമിഷങ്ങൾ കൊണ്ട് മുതിർന്നു പോയവൾ
‘‘ഇടിയുടെ ആഘാതത്തിൽ അന്നു 11 മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞ് സീറ്റിനടിയിലേക്ക് വീണു പോയി. ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന മൂത്ത മോൾ റുഫയുടെ രണ്ടു തോളെല്ലുകളും ഒടിഞ്ഞു. പക്ഷേ, റുഫ മോൾക്ക് ബോധമുണ്ടായിരുന്നു. അവളാണ് ഓടിക്കൂടിയവരോടും പൊലീസുകാരോടും കാര്യങ്ങൾ വിശദീകരിച്ചത്. വീട്ടിലെ ഫോൺ നമ്പറും അഡ്രസും ഒക്കെ അവൾ പറഞ്ഞുകൊടുത്തു.
പിന്നെയങ്ങോട്ടുള്ള ജീവിതം കഷ്ടപ്പാട് തന്നെയായിരുന്നു. അതുവരെ കളിച്ചു നടന്ന റുഫ, പക്വതയുള്ള മുതിർ ന്ന പെണ്ണായത് നിമിഷങ്ങൾ കൊണ്ടാണ്. അനിയന്മാരെയും അനിയത്തിമാരെയും വീട്ടുകാര്യവും ഒക്കെ അവൾ നന്നായി നോക്കി. എന്റെ ഇത്തമാരും ഉപ്പയും അക്കാര്യങ്ങളിലൊക്കെ ഒരുപാട് സഹായിച്ചു. ഇക്കായും മക്കളും സ്നേഹം കൊണ്ട് പൊതിഞ്ഞ് ഒപ്പം നിന്നു. ഇപ്പോഴും ഇവർ തന്നെയാണ് എന്റെ ബലം.
റുഫ പോസ്റ്റ് ഗ്രാജുവേഷന്‍ ആയപ്പോൾ ഞാനാണ് പറഞ്ഞത് ഇനിയെങ്കിലും അവൾ ദൂരെ എവിടെയെങ്കിലും പോ യി, സാധാരണ കുട്ടികൾ പഠിക്കുന്നതു പോലെ സ്വസ്ഥമായി പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു പഠിക്കട്ടേ എന്ന്. അങ്ങനെയാണ് ഗുൽബർഗ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് എഴുതുന്നതും പിജിക്ക് അഡ്മിഷൻ ലഭിക്കുന്നതും.
അപകടത്തിനു ശേഷം വീട്ടിലെത്തിയ ആദ്യ നാളുകളിൽ വേറെ വിവാഹം കഴിക്കാൻ ഞാൻ ഇക്കയോട് പറയുമായിരുന്നു. വിധിയെ പഴിച്ചുള്ള കരച്ചിലും, വേറേ വിവാഹം കഴിക്കാനുള്ള എന്റെ നിർബന്ധവും കണ്ട് ഒരു ദിവസം ഇക്ക പൊട്ടിത്തെറിച്ചു, ‘ഞാനാണ് ഇങ്ങനെയായതെങ്കിൽ നീ പോകുമായിരുന്നോ? സുഖത്തിലും ദുഃഖത്തിലും കൂടെ നിർത്താനാണ് നിന്നെ നിക്കാഹ് ചെയ്തത്, ഇനി ഇങ്ങനെ പറയരുത്...’
ഇപ്പോഴും ഇടയ്ക്ക് ഞാനത് പറയും കേട്ടോ. വേറെ വിവാഹം കഴിക്കാനല്ല, ‘ഇനി എന്നോട് വഴക്കിട്ട് വേറെ കെട്ടാൻ പോയാൽ ഇക്കാനെ ഞാൻ ശരിയാക്കും എന്ന്...’ ഷമീമ പൊട്ടിച്ചിരിച്ചു.
ഇത് കേട്ട് റഫീക്ക് ഷമീമയെ തന്നോട് ചേർത്തു പിടിക്കുന്നു. ഒരു വിധിക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല, എന്നു പ റയാതെ പറഞ്ഞുകൊണ്ട്...
രാഖി റാസ്
ഫോട്ടോ : ബേസിൽ പൗലോ