Tuesday 15 November 2022 10:38 AM IST : By സ്വന്തം ലേഖകൻ

നെയ്മറിന്റെ മിന്നുന്ന പ്രകടനം മനസ്സിൽ; സ്വന്തം വീട് പൂർണമായും ബ്രസീലിനു ‘വിട്ടുകൊടുത്ത്’ ഷെബീറിന്റെ ലോകകപ്പ് ആവേശം

pkd-shebir-house.jpg.image.845.440

സ്വന്തം വീടിനു പൂർണമായും ബ്രസീൽ ടീമിന്റെ നിറമടിച്ചാണു നെന്മാറ വക്കാവ് സ്വദേശി കുറുപ്പ് കുളമ്പിൽ ഷെയ്ഖ് ഷെബീറിന്റെ ലോകകപ്പ് ആഘോഷം. കഴിഞ്ഞ ലോകകപ്പിനു മുൻപുതന്നെ ഷെബീറിന്റെ വീട്  ബ്രസീൽ ‍വീടെന്നാണ് അറിയപ്പെട്ടിരുന്നത്. സിവിൽ എൻജിനീയർ കൂടിയായ യുവാവിനു ലോകകപ്പ് മത്സര സമയത്തു മാത്രമല്ല ബ്രസീൽ കമ്പം. ബ്രസീൽ ടീമിന്റെ മറ്റു കളികളെല്ലാം സസൂക്ഷ്മം കാണാറുണ്ട്.

നെയ്മറിന്റെ മിന്നുന്ന പ്രകടനം മനസ്സിൽ കൊണ്ടു നടക്കുന്ന ഷെബീർ വീടിനു മുകളിൽ 10ാം നമ്പർ ജഴ്സി അണിഞ്ഞു നിൽക്കുന്ന ഒരു  വലിയ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് സമയത്ത് സ്വന്തം ബൈക്കിനും ബ്രസീലിന്റെ നിറമാണു നൽകിയിരുന്നത്. നെന്മാറ സ്കൂൾ മൈതാനത്തു പതിവായി ഫുട്ബോൾ കളിക്കുമായിരുന്ന ഷെബീർ ഉഷസ് ക്ലബ് അംഗമാണ്. വക്കാവ് പ്രദേശത്തെ കവലയിലും ബ്രസീൽ ടീമിനെ പിന്തുണയ്ക്കുന്ന ആരാധകർ ഉയർത്തിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വീടിനോടു ചേർന്നു മത്സ്യകൃഷി നടത്തിവരുന്ന ഷെബീറിന്റെ ഭാര്യ ഷംനയും മക്കളായ ഷാനുൻ, ഷയാൻ എന്നിവരും കടുത്ത ബ്രസീൽ ആരാധകരാണ്.

ആവേശമായി ശ്രീരാഗ് അമ്പാടിയും ശ്രേയസ്സും

pkd-sreerag.jpg.image.845.440 കേരള പൊലീസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടിയും സഹോദരൻ, സർവീസസ് താരം ശ്രേയസ്സും.

ലോകകപ്പിനൊരുങ്ങുന്ന ബ്രസീൽ ആരാധകർക്ക് ആവേശം പകർന്ന് സഹോദര താരങ്ങളായ കേരള പൊലീസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടിയും സർവീസസ് താരം ശ്രേയസ്സും. ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിലേക്കു വഴിതിരിഞ്ഞ ഇരുവരും ബ്രസീൽ ആരാധകരാണ്. 2006ലെ ലോകകപ്പ് മുതലാണ് മുൻനിര ടീമിലെ താരങ്ങളെയും അവരുടെ കളികളും കണ്ടുതുടങ്ങിയത്. അന്നത്തെ താരങ്ങളായ അഡ്രിയാനോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയവരുടെ  പ്രകടനം ബ്രസീൽ ടീമിനെ ഏറെ ഇഷ്ടപ്പെടാൻ കാരണമായെന്ന് ഇരുവരും പറയുന്നു.

ഇത്തവണ നെയ്മാർ ഉൾപ്പെടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ് എന്നതിനാലും നെയ്മാറുടെ അവസാന ലോകകപ്പ്എന്ന നിലയ്ക്കും ബ്രസീൽ കപ്പിൽ മുത്തമിടുമെന്നാണ് പ്രതീക്ഷ.  ഗോൾ വലയം കാക്കാൻ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ മികച്ച രണ്ട് ഗോൾ കീപ്പർമാരായ എഡേഴ്സണും, ആലിസൺ ബേക്കറും ഉള്ളതിനാൽ ബ്രസീലിനു സാധ്യത ഏറെയെന്ന് ശ്രേയസ്.  ശ്രീരാഗിന് ഇത്തവണ ഖത്തറിൽ പോയി  ബ്രസീലിന്റെ കളി കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കേരള പ്രീമിയർ ലീഗ് മത്സരം അടുത്ത ആഴ്ച തുടങ്ങുന്നതിനാൽ യാത്ര ഒഴിവാക്കി.

സ്വന്തം നാടായ ചാലിശ്ശേരിയിലെ തങ്ങൾ അംഗങ്ങളായ ജിസിസി ക്ലബ്ബിൽ ഒരുക്കിയ വലിയ സ്ക്രീനിൽ കളി കാണാൻ ആണ് തീരുമാനം.  ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലൂടെയാണ് ആദ്യം  ബൂട്ടണിഞ്ഞത്. കോളജ് പഠനകാലത്ത്  യൂണിവേഴ്സിറ്റി താരങ്ങളായി. ശ്രീരാഗ് 2014 മുതൽ രണ്ട് വർഷം ഗോവ ചർച്ചിൽ ബ്രദേഴ്സിൽ കളിച്ചു. 5 വർഷം തുടർച്ചയായി സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിച്ചു. 2018ൽ ബംഗാളിനെ തോൽപിച്ച് കേരളം മുത്തമിട്ട കപ്പിൽ കേരള ടീം അംഗമായിരുന്നു ശ്രീരാഗ്. കേരള പൊലീസിൽ ചേർന്ന ഇദ്ദേഹം താമസിയാതെ കേരള പൊലീസ് ടീം ക്യാപ്റ്റനായി.

അനുജൻ ശ്രേയസ് ദേശീയ ഗെയിംസിൽ ആദ്യമായി വെങ്കലം മെഡൽ നേടിയ സർവീസസ് ടീമിനു വേണ്ടി മികച്ച ഗോൾ സ്കോർ ചെയ്തു. മിനർവ പഞ്ചാബിനു വേണ്ടി നേപ്പാൾ, ബംഗാൾ എന്നിവിടങ്ങളിൽ ഏഷ്യൻ ഫുട്ബാൾ ക്ലബ് ചാംപ്യൻഷിപ്പിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി സർവീസസ് ടീം അംഗമായിരുന്നു. മിനർവ പഞ്ചാബിനു വേണ്ടി നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു.

Tags:
  • Spotlight