Tuesday 03 September 2019 06:11 PM IST

വെറും ‘ലഹരി’യല്ല ആ പേര്, സ്മിർനോഫിന് അത് അച്ഛൻ സമ്മാനിച്ച നിധി! സോഷ്യൽ മീഡിയയിലെ കൗതുക കല്യാണക്കുറിയിലെ നായകൻ ഇതാണ്

Binsha Muhammed

sm-main

സ്മിർനോഫ് വെഡ്സ് ശ്രീവിദ്യ! കല്യാണക്കുറിയിലെ ചെക്കന്റെ പേര് കണ്ട മലയാളിയുടെ തലയിലെവിടെയോ ഒരു ബൾബ് മിന്നി. ‘ഈശ്വരാ... ഈ പേരെവിടെയൊ കേട്ടിട്ടുണ്ടല്ലോ. സംശയം തീരാഞ്ഞിട്ട് കണ്ണ് തിരുമ്മി ഒന്നൂടി ലെറ്ററിലേക്ക് കണ്ണുഴിഞ്ഞു. SMIRNOFF... സംഗതി അത് തന്നെ. മലയാളിയെ കുടിപ്പിച്ച് കിടത്തുന്ന തറവാടിയായ മദ്യക്കമ്പനി... സ്മിർനോഫ്!

പൊന്നിൻ ചിങ്ങത്തിൽ നല്ല നേരം നോക്കി മിന്നുകെട്ടുന്ന തനി മലയാളിക്ക് ഇങ്ങനെയൊരു പേരോ? വെറൈറ്റിക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന മലയാളി മദ്യത്തിന്റെ പേര് ഇട്ടതിലുള്ള ചേതോ വികാരം എന്തെന്നായി മറ്റു ചിലർ. സോഷ്യൽ മീഡിയയിലെ ‘ഹംസങ്ങൾ’ വഴി കല്യാണക്കുറി പാറിപ്പറന്നപ്പോഴേക്കും പുതിയ കഥകൾ ഒന്നൊന്നായി പുറകേ വന്നു. സ്മിർനോഫ് ആരാധകനായ അച്ഛൻ മകനിട്ട പേര് എന്നതിലേക്കു വരെയെത്തി സോഷ്യൽ മീഡിയ വ്യാഖ്യാനങ്ങൾ.

കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുക്കുന്ന സോഷ്യൽ മീഡിയയുടെ പതിവ് സ്വഭാവം അറിയാവുന്നതു കൊണ്ട് കൂടിയാണ് ‘വനിത ഓൺലൈൻ’ ഈ പേരിന് പിന്നാലെ പാഞ്ഞത്. ഒരേയൊരു ഉദ്ദേശ്യം മാത്രം, ഈ പേര് പിറന്ന വഴിയെന്തെന്ന് കളിയാക്കിയ അതേ സോഷ്യൽ മീഡിയക്കു വ്യക്തമാക്കി കൊടുക്കണം. അന്വേഷണത്തിനൊടുവിൽ ആ കഥ പറയാനെത്തിയത് സ്മിർനോഫിന് ജന്മം നൽകിയ അമ്മ ദേവി. ഇടപ്പള്ളി പൊന്നേക്കരയിലെ വീട്ടിൽ ഇക്കണ്ട ട്രോളുകളോ പരിഹാസങ്ങളോ ഒന്നും ഏശാതെ ഹാപ്പിയായിരിക്കുകയാണ് അമ്മ. ‘വനിത’ ഓൺലൈന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ടു പറഞ്ഞതും അമ്മ തന്നെ.

sm-1

പേരിലെന്തിരിക്കുന്നു?

കല്യാണക്കുറി പുറത്തു വന്നപ്പോൾ മുതൽ തുടങ്ങിയതാണ്. ദേ ഈ നിമിഷം വരേയും മുത്തുവിന്റെ (സ്മിർനോഫ്) അച്ഛന്റെ മൊബൈൽ ഫോൺ ചിലയ്്ക്കാത്ത നേരമില്ല. വിളിക്കുന്നവർക്കെല്ലാം അറിയേണ്ടത് ഒരേയൊരു കാര്യം. ഇതെന്ത് പേരാണ്?, ഈ പേര് എവിടുന്ന് വന്നു?, പേരിന്റെ അർത്ഥമെന്താണ്? മറുപടി പറഞ്ഞ് ഒരു വഴിയായി. ഇനി നിങ്ങൾ തന്നെ നാട്ടുകാരോടു പറ ആ പേരിന് പിന്നിലുള്ള കഥ. – ലഹരി പോലെ സമൂഹ മാധ്യമങ്ങളിൽ പടർന്നു പിടിച്ച മകന്റെ പേരിനെക്കുറിച്ചു ദേവി പറഞ്ഞു തുടങ്ങി.

സ്മിർനോഫും അവന്റെ പെങ്ങളും ജനിക്കും മുമ്പേ അച്ഛൻ പറഞ്ഞു, ആണെങ്കിൽ പേര് സ്മിർനോഫ്, പെണ്ണാണ് ജനിക്കുന്നതെങ്കിൽ സിമ്പിൾ. പറഞ്ഞതു പോലെ തന്നെ നടന്നു. കടിഞ്ഞൂൽ കൺമണിയുടെ പേര് സ്മിർനോഫ് കെ സദാനന്ദൻ. അവന്റെ പെങ്ങളൂട്ടി സിമ്പിൾ!

sm3

ഇനി പേരു വന്ന വഴി, സോഷ്യൽ മീഡിയയിലെ പിള്ളേർ പറയുന്ന മാതിരി കള്ള് കമ്പനിയുടെ പേരൊന്നുമല്ലിത്. റഷ്യൻ എഴുത്തുകാരനായ യാക്കോവ് സ്മിർനോഫിനോടുള്ള അവന്റെ അച്ഛന്റെ ആരാധനയാണ് മകന്റെ പേര്. എസ്എസ്എൽസി ആയപ്പോൾ ആ പേര് മാറ്റി നരൻ കെ സദാനന്ദ് എന്ന് ആക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ മോന് താൽപ്പര്യമുണ്ടായിരുന്നില്ല. മാറ്റേണ്ടെന്ന് അവൻ വാശിപിടിച്ചു. ഇപ്പോൾ‌ ഖത്തറിലെ ഒരു കമ്പനിയിൽ എച്ച്.ആർ സീനിയർ ഓഫീസറാണ് അവൻ.

smr-2

കളിയാക്കുന്നവർ കളിയാക്കട്ടെ

ചെറുപ്പം മുതലേ കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും ഒക്കെ ചോദിക്കുമായിരുന്നു ഈ പേര് എവിടുന്ന് വന്നു എന്ന്. വേറൊരു പേരും കിട്ടിയില്ലേ എന്ന് ചോദിച്ച് കളിയാക്കിയവരും ഉണ്ട്. പറഞ്ഞാൽ മനസിലാകുന്നവർക്ക് പേര് വന്ന വഴിയെന്തെന്ന് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ കളിയാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചവർ അവരുടെ പാട്ടിനു പോട്ടെ. അവന്റെ അച്ഛൻ അവനിട്ട പേര്...അവന് ഇഷ്ടമുള്ള പേര്. അവനൊപ്പം ജീവിക്കുന്ന പെൺകുട്ടിക്കും അവനേയും അവന്റെ പേരിനേയും പെരുത്തിഷ്ടമാണ്. പിന്നെ ബാക്കിയുള്ളവർക്ക് എന്താ.

sm-4

അപൂർവം അംഗീകാരം

പേരിലെ കൗതുകവും വെറൈറ്റിയും അവന് അംഗീകാരങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ വ്യത്യസ്തങ്ങളായ പേരുള്ളവരുടെ ഒരു സംഗമം തിരുവനന്തപുരത്തു നടന്നിരുന്നു. റഷ്യൻ പേരുള്ള സ്മിർനോഫും പിന്നെ മറ്റൊരു കുട്ടിയും ആ സംഗമത്തിൽ പങ്കെടുത്തു. ഇവനൊപ്പം പങ്കെടുത്ത കുട്ടിയുടെ പേര് ഞാൻ ഓർക്കുന്നില്ല. അന്ന് പേരിലെ വ്യത്യസ്തത കൊണ്ട് സമ്മാനം നേടിയവരിൽ മുത്തുവും ഉണ്ടായിരുന്നു. പക്ഷേ അന്ന് സമ്മാനം അവനൊപ്പം മത്സരിച്ച ആ കുട്ടിക്ക് കൈമാറി. പിന്നെ ഇതിലും വലിയ അംഗീകാരങ്ങൾ വേറെന്തു വരാൻ. പേരിന്റെ പേരിൽ അവനെ പലരും തിരിച്ചറിയുന്നില്ലേ...? അന്വേഷിക്കുന്നില്ലേ അതൊക്കെ തന്നെ ധാരാളം.

sm8

പേരിന്റെ പേരിൽ സോഷ്യൽ മീഡിയ പുതിയ കഥകൾ മെനയുമ്പോൾ സ്മിർനോഫും ശ്രീവിദ്യയും അവരുടെ മധുവിധു യാത്രയിലാണ്. പേരിൽ പെരുമാളിരിക്കുന്ന ആ വൈറൽ കല്യാണ ചെക്കന്റെ വീട്ടിലെ അപ്പോഴും ഫോൺ ചിലയ്ക്കുന്നുണ്ടായിരുന്നു, പേരു വന്ന വഴിയും ചോദിച്ച് അടുത്ത സംശയക്കാരൻ ലൈനിൽ!

 വൈറൽ പേരുകാരൻ സ്മിർനോഫ് പറയുന്നത് ഇങ്ങനെ.

പേര് കാരണം ട്രോള് വന്നതും കളിയാക്കുന്നതും ഒക്കെ നോ പ്രോബ്ലം. കളിയാക്കലുകളൊക്കെ പണ്ടേക്കു പണ്ടേ ശീലമായെന്നേ. അതിനാക്കാളൊക്കെ ഓർമ്മിക്കാവുന്ന ഒന്നൊന്നര അനുഭവങ്ങൾ ഈ പേര് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരിക്കൽ കൊച്ചിയിലൂടെ ബൈക്ക് ഓടിച്ചു പോകവേ പൊലീസുകാർ കൈ കാണിച്ചു. ചെക്കിങ്ങിനു നിന്ന പൊലീസുകാരൻ കണ്ടപാടേ ചോദിച്ചു, നിന്റെ പേരെന്താടാ...ഞാൻ ‘വിനയ കുനയനായി’ പറഞ്ഞു സ്മിർനോഫ്! കേട്ടപാടെ പുള്ളിക്കാരൻ പുളിച്ച തെറിയാണ് എന്നെ വിളിച്ചത്. പൊലീസുകാരടുത്താണോടാ നിന്റെ തമാശ എന്നു പറഞ്ഞായിരുന്നു അരിശം. ഒടുവിൽ ഐഡി കാർഡ് കണ്ടതോടെ കൂളായ പൊലീസുകാരൻ എന്റെ ചങ്ങാതിയായി മാറിയത് ചരിത്രം.

പത്താം ക്ലാസൊക്കെ ആയപ്പോഴാണ് എന്റെ പേരിന്റെ വലുപ്പവും വെറൈറ്റിയും വന്ന വഴിയുമൊക്കെ എനിക്ക് കുറച്ചു കൂടി മനസിലായത്. അതു കൊണ്ടാണ് എന്റെ പേര് മാറ്റേണ്ട എന്ന് വാശി പിടിച്ചത്. കൂടാതെ കൂട്ടുകാർക്കിടയിൽ വേറിട്ട് നിർത്തിയിരുന്ന പേര് അത്രവേഗം കളയുന്നതെങ്ങനെ. പിന്നെ സോഷ്യൽ മീ‍ഡിയയുടെ പ്രധാന സംശയം...ഞാൻ മദ്യപാനിയാണോ എന്ന്? വല്ലപ്പോഴും കൂട്ടുകാർക്കൊപ്പം കൂടുമ്പോൾ കഴിക്കാറുണ്ട്. ബട്ട് നോട്ട് ദ പോയിന്റ്...ഇന്നു വരെ ഞാൻ സ്മിർനോഫ് എന്നു പറയുന്ന സാധനം ൈക കൊണ്ട് തൊട്ടിട്ടില്ല...എന്തോ അതങ്ങനെ സംഭവിച്ചു പോയതാണ്– സ്മിർനോഫ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി.

Tags:
  • Social Media Viral