Wednesday 07 August 2019 05:50 PM IST

കംഗാരുക്കളുടെ നാട്ടിൽ സ്വാതിതിരുന്നാളിന്റെ സംഗീതം! റെക്കോഡ് നേട്ടവുമായി മലയാളി വീട്ടമ്മ നാടിന്റെ അഭിമാനം

Binsha Muhammed

smitha-singer

നയതന്ത്ര വിദഗ്ധരും പൗരപ്രമുഖൻമാരും സമ്മേളിക്കുന്ന സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് വേദി. അവിടേക്കൊഴുകിയെത്തിയ സംഗീത പ്രേമികൾ ആ മധുര ശബ്ദത്തിൽ ലയിച്ചങ്ങനെയിരിക്കുകയാണ്. നിമിഷങ്ങള്‍ മിനിട്ടുകൾക്കും മണിക്കൂറിനും വഴിമാറിയിട്ടും ലവലേശം പോലും മടുപ്പിക്കാതെ നിറഞ്ഞൊഴുകി ആ നാദധാര.. രണ്ടു മണിക്കിനു ശേഷം ആ മധുരസ്വരത്തെ നിറഞ്ഞ കയ്യടികൾ മുറിക്കുമ്പോൾ അവിടെ പുതിയൊരു ചരിത്രം ജനിക്കുകയായിരുന്നു. സ്വാതി തിരുനാളിന്റെ ഉത്സവ പ്രബന്ധ കൃതികൾ അവതരിപ്പിച്ച് കർണാട്ടിക് സംഗീത ചരിത്രത്തിൽ പുതിയൊരദ്ധ്യായം തീർത്തു ആ പാട്ടുകാരി!

സംഗീതലോകം കാതോർത്ത റെക്കോഡ് പാട്ടുകാരിയുടെ പേര് സ്മിത ബാലു. തിരുവവന്തപുരത്തു നിന്നും സിഡ്നിയിലേക്ക് കുടിയേറിയ വീട്ടമ്മ. കർണാട്ടിക് സംഗീതത്തിൽ ഡോക്ടറേറ്റ്. പ്രശസ്ത സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടേയും പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റേയും പ്രിയപ്പെട്ട ശിഷ്യ. സ്മിതയിലെ പ്രതിഭയോട് ചേർത്തു വയ്ക്കാന്‍ ഈ മേൽവിലാസങ്ങളൊക്കെ തന്നെ ധാരാളം. ഓസ്ട്രേലിയൻ മണ്ണിൽ പിറന്ന ആ അപൂർവ റെക്കോർഡിന്റെ കഥയും അതു പിറന്ന വഴിയും തന്റെ സംഗീതജീവിതത്തെക്കുറിച്ചുമെല്ലാം സ്മിത ‘വനിത ഓൺലൈൻ’ വായനക്കാരോടു സംസാരിക്കുകയാണ്.

sm4

ഓസ്ട്രേലിയൻ മണ്ണിലെ ഉത്സവയാനം

പുതിയ ആകാശവും അതിരുകളും തേടി അന്യനാട്ടിലേക്ക് പോകുമ്പോഴും നമ്മൾ മലയാളികൾ കൈവിടാതെ സൂക്ഷിക്കുന്ന ഒന്നുണ്ട്. നമ്മുടെ പാരമ്പര്യം! സംഗീതത്തിന്റെ കാര്യം വന്നപ്പോഴും ഞാൻ കൈവിടാതെ ചേർത്തു പിടിച്ചതും അതാണ്. നമ്മുടെ പൂർവികർ നമുക്കായി ബാക്കിവച്ചു പോയ നമ്മുടെ നാടിന്റെ സംഗീത പാരമ്പര്യം. കർണാട്ടിക് സംഗീതത്തിനുള്ള വേദിയായി ഇന്ത്യൻ കോൺസുലേറ്റ് ഇതിനു മുമ്പ് എത്രയോ തവണ മാറിയിരിക്കുന്നു. പക്ഷേ നമ്മുടെ ട്രഡീഷനും സിഗ്നേച്ചറും അടയാളപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് കാഴ്ച വയ്ക്കണെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയ ഉത്സവയാനത്തിന് ഓസ്ട്രേലിയൻ മണ്ണിൽ കർണാട്ടിക് സംഗീതരൂപമായി മാറുന്നത് അങ്ങനെയാണ്– റെക്കോർഡിലേക്കുള്ള യാത്ര തുടങ്ങിയ വഴി സ്മിത പറഞ്ഞു തുടങ്ങി.

ത്യാഗരാജ സ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും കീർത്തനങ്ങളാണ് ഇവിടെ പലരും ഇവിടെ കർണാട്ടിക് സംഗീത പരിപാടികൾക്കായി തെരഞ്ഞെടുക്കുന്നത്. മലയാളിയായ ഞാൻ തമിഴ് തെലുങ്ക് ഭാഷ തേടി എന്തിന് പോകണം എന്ന് ചിന്തിച്ചു. സ്വാതി തിരുനാൾ എന്ന സംഗീത ചക്രവർത്തി നമുക്കു മുന്നിൽ വെട്ടിത്തുറന്നിട്ട വലിയൊരു പാത മുന്നിലുണ്ട്. അദ്ദേഹത്തിന്റെ ഉത്സവ പ്രബന്ധകൃതികൾക്ക്ക്ക് കർണാട്ടിക് സംഗീതഭാഷ്യം നൽകാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്.

sm3

വേറിട്ട പരീക്ഷണം

സാധാരണ ഒരു തീം അടിസ്ഥാനമാക്കിയാണ് പലരും കർണാട്ടിക് സംഗീതം അവതരിപ്പിക്കുന്നത്. ഒരു മൂർത്തിയെ പറ്റി മാത്രം പ്രതിപാദിക്കുന്ന കീർത്തനങ്ങൾ. മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബ, ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളും ഒക്കെ ആ പാറ്റേണിൽ ഉള്ളതാണ്. പക്ഷേ ഉത്സവ പ്രബന്ധ കൃതികൾ ഇവയില്‍ നിന്നെല്ലാം നേർവിഭിന്നമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടുവട്ടം നടക്കുന്ന പൈങ്കുനി–അൽപശി ആറാട്ടിനെ അടിസ്ഥാനമാക്കിയാണ് ഉത്സവ പ്രബന്ധം സ്വാതി തിരുനാൾ കമ്പോസ് ചെയ്തിരിക്കുന്നത്. കൊടിയേറ്റം മുതൽ ആറാട്ട് വരെ നടക്കുന്ന ഈ ഉത്സവത്തെ പറ്റിയാണ് ഉത്സവപ്രബന്ധത്തിൽ സ്വാതി തിരുനാൾ വർണിച്ചിരിക്കുന്നത്. അതിന് സംഗീത ഭാഷ്യം നൽകുക എന്നതായിരുന്നു മുന്നിലുള്ള ലക്ഷ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാൻ കണ്ട ആ സ്വപ്ന മുഹൂർത്തം സാക്ഷാത്കരിക്കപ്പെട്ടത്. അതു സാധ്യമായതോടെ മലയാളിയെന്ന നിലയിൽ വലിയൊരു നേട്ടമാണ് എനിക്കു കൈവന്നത്. ഉത്സവ പ്രബന്ധം അടിസ്ഥാനമാക്കി സാധാരണ ആരും കർണാട്ടിക് സംഗീതം അവതരിപ്പിച്ചിക്കാറില്ല. ആ കീഴ്‍വഴക്കത്തിന് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് സന്തോഷം നൽകുന്ന കാര്യം. മലയാളി എന്ന നിലയിൽ അഭിമാനിക്കാൻ ഇതിൽപ്പരം എന്ത് വേണം.

sm2

സർവം സംഗീത മയം

സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കടലു കടന്നിട്ടും എന്നെ ഈ മേഖലയിൽ ചേർത്തു നിർത്തുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്ത്യൻ സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത് തിരുവനന്തപുരം വിമൻസ് കോളേജിൽ ന നിന്നാണ്. കെ ഓമനക്കുട്ടി ടീച്ചർ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, മാവേലിക്കര പ്രഭാകര വർമ, ഉമാരാമു എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ കർണാട്ടിക് സിംഗേഴ്സിന്റെ കൂട്ടായ്മയായ സിഡ്നി മ്യൂസിക് സർക്കിളിന്റെ ഓർഗനൈസർ കൂടിയാണ് ഞാൻ. ഞങ്ങളുടെ കൂട്ടായ്മയ്ക്കു കീഴിൽ ഇവിടെയുള്ള കുട്ടികൾക്ക് മ്യൂസിക്കൽ ക്ലാസും സംഗീത സഭകളും സംഘടിപ്പിക്കാറുണ്ട്.

smith-5 ഉത്സവയാനത്തിൻറെ ആഖ്യാതാവ് എമി റോയിക്കും പക്കമേളക്കാർക്കും ഒപ്പം സ്മിത

വർഷങ്ങൾക്കു മുമ്പേ ഞങ്ങളുടെ ഫാമിലി ഇവിടെ സെറ്റിൽ ആയതാണ്. ഭർത്താവ് ബാലു ചാത്തനത്ത്. സിഡ്നി ട്രെയിൻസിൽ സീനിയർ പ്രോജക്ട് മാനേജറാണ്. മക്കൾ പ്രണവ് മേനോൻ, പ്രഭവ് മേനോൻ.