കടുംചുവപ്പു സാരിയിൽ ആറ്റിറ്റ്യൂഡ് വാരി വിതറി ഒരു ചിത്രമെടുത്തപ്പോൾ പിങ്കി കൗതുകത്തിനു വേണ്ടിയാണ് അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ലൈക്കുകളും കമന്റുകളും വായിച്ചു രസിച്ചിരിക്കുമ്പോള് പെട്ടെന്നാണ് ഇൻബോക്സിൽ ഒരു മെസേജ് എത്തിയത്. ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആരോ ഒരാളാണ്. മെസേജ് ഇങ്ങനെ– ഹായ് ഐ ആം എ മല്ലു ബോയ്, ഇന്ററസ്റ്റഡ് ഇൻ മല്ലു ഗേൾസ്! മുഖം അടച്ചൊരു ആട്ടു കൊടുക്കാനാണ്  പിങ്കിക്ക് തോന്നിയത്. അവൾ ഉടൻ റിപ്ലൈ കൊടുത്തു... ഇയാളുടെ അമ്മയും ഒരു മല്ലു ഗേളല്ലേ? അവരോടു പോയി താൽപ്പര്യം അറിയിക്കൂ... അവിടെ നിന്നു ആ ചാറ്റ്. ഒറ്റപ്പെട്ട സംഭവമല്ല പിങ്കിയുടേത്. വേഷത്തിൽ മാത്രമല്ല, ചിന്തയിലും പ്രവർത്തിയിലുമെല്ലാം പെണ്ണിന് ചിലർ അതിർവരമ്പുകൾ വച്ചിട്ടുണ്ട്. അത് ലംഘിച്ചാൽ ഉടൻ എത്തും സൈബർ ബുള്ളിയിങ്.

അൽപം ചിന്തിക്കുന്നവളും ഏതു വിഷയത്തിലും സ്വന്തമായി അഭിപ്രായം ഉള്ളവളും അതു പോസ്റ്റുകളിലൂടെയും മറ്റും തുറന്നടിക്കാൻ മടിയില്ലാത്തവളുമാണ് പെണ്ണെങ്കിൽ പിന്നെ പറയേണ്ട. മനക്കരുത്തും ആത്മാഭിമാനവുമുള്ള പെണ്ണുങ്ങളെ താറടിച്ച്, കരിതേച്ച് നഗ്നയായി തെരുവിലൂടെ നടത്താനാണ് അവർ ആഗ്രഹിക്കുന്നത്. അത് സാധിക്കാത്തതുകൊണ്ടു മാത്രം തൽക്കാലം വെല്ലുവിളികളിലും കൊലവിളികളിലും ഒതുക്കുന്നുവെന്നു മാത്രം. ഏതായാലും  സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത മാനസിക രോഗികളെ പേടിച്ച് മാറിപ്പോയവരും പൊതുമാപ്പ് ചോദിച്ചവരുമൊക്കെ പണ്ടായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ നല്ല ബോൾഡ് ആയി, ബ്യൂട്ടിഫുൾ ആയി പ്രതികരിച്ചുകൊണ്ട് നമ്മുടെ പെൺകുട്ടികൾ സൈബർ ഗുണ്ടകളെ വിരട്ടിയോടിക്കുന്നു. നല്ല ചൂടുള്ള മറുപടികൾ സ്ക്രീൻ ഷോട്ട് സഹിതം  മുഖത്തടിയായി കൊടുക്കുന്നു.  

കേരളത്തിൽ അടുത്തിടെ നടന്ന നിരവധി സംഭവങ്ങൾ ഇത്തരം സൈബർ ഗുണ്ടായിസത്തിന്റെ വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ നമ്മുടെ പെൺകുട്ടികൾ  മികച്ച മറുപടികളിലൂടെ ഉറച്ച തീരുമാനങ്ങളിലൂടെ ഈ മുഖംമൂടികൾ എടുത്തെറിഞ്ഞ കാഴ്ചയാണ് കണ്ടത്.  യഥാർഥത്തിൽ ഇത്തരം മാനസിക രോഗികളോട് നമ്മുടെ സ്ത്രീകൾക്ക് എന്താണ് പറയാനുള്ളത്. ലൈംഗിക അവയവങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ നാണിച്ച് ഓടിപ്പോയിരുന്ന, വീട്ടുകാരെ ചീത്ത വിളിക്കുമ്പോൾ പേടിച്ച് ഓടിപ്പോയിരുന്ന പെണ്ണിന്റെ കാലമൊക്കെ കഴിഞ്ഞിട്ട് കാലമേറെയായി.  ഇന്നത്തെ സ്ത്രീകളുടെ കയ്യിൽ മറുപടി ഇതാ ചൂടപ്പം പോലെ റെഡിയാണ്. ഇനിയും ചൊറിയാൻ വന്നാൽ നീട്ടിയൊരു ആട്ടിൽ തെറിച്ചു പോകുന്ന മുഖം മൂടികളൊക്കെയേ ഉള്ളൂ ഈ മാനസിക രോഗികൾക്ക്. ഇത്തരം സ്ലട്ട് ഷെയിമിങിന് ഇരയായ ചിലരുടെ അനുഭവമാണ് ഈ ലക്കം വനിതയിൽ പങ്കുവച്ചിരിക്കുന്നത്. കരഞ്ഞുകൊണ്ട് അവർ ഓടിയൊളിച്ചില്ല. തന്റേടത്തോടെ നേരിട്ടു. സൈബർ ഞരമ്പുരോഗികളെ ആട്ടിപ്പായിച്ചു.

നിങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. അടുത്ത സുഹൃത്തായിരുന്ന മാന്യൻ ഏതെങ്കിലും ഒരു രാത്രിയിൽ യഥാർത്ഥ മുഖവുമായി ഇൻബോക്സിൽ എത്തിയിട്ടുണ്ടോ ? നിങ്ങൾ സത്യസന്ധമായി പറഞ്ഞ അഭിപ്രായത്തിനു ചുവടെ തെറിവിളികൾ നടത്തിയിട്ടുണ്ടോ?  എങ്കിൽ ചുവടെയുള്ള കമന്റ് ബോക്സിലൂടെ പ്രതികരിക്കാം. സ്ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്യാം. ഇനിയൊരു പെണ്ണിനു നേർക്ക് കമന്റിലൂടെയും ഇൻബോക്സിലൂടെയും ആക്രമണം അഴിച്ചു വിടാൻ ആർക്കും ധൈര്യം വരരുത്. #BhaaPoyiPaniNokkoo എന്ന ഹാഷ്ടാഗിൽ നിങ്ങൾക്കും അനുഭവം പങ്കുവയ്ക്കാം. സ്വന്തം പ്രഫൈലിൽ ആണ് കുറിപ്പ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ ഹാഷ് ടാഗ് മറക്കരുത്. പങ്കുവയ്ക്കേണ്ടതെന്നു തോന്നുന്ന അനുഭവം വനിത ഓൺലൈനിൽ പ്രസിദ്ധീകരിക്കും.