കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ജയിലുകളിൽ ഉള്ള ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ഞാനായിരിക്കും. അടുത്ത മാസം എനിക്ക് എഴുപത്തിരണ്ടു വയസ്സാവും. കണ്ണ് തീരെ കാണാൻ പാടില്ല. കേൾവിയും കമ്മിയാണ്. എപ്പോഴും ശരീരത്തിൽ പല സ്ഥലത്തായി വേദനയാണ്. അല്ലെങ്കിലും വേദന ഒഴിഞ്ഞൊരു ദിനം എന്റെ ജീവിതത്തിൽ എന്നെങ്കിലും ഉണ്ടായിരുന്നോ എന്ന് ഓർത്തെടുക്കുക പ്രയാസം തന്നെ.
മനോഹരമായ മലയോര പ്രദേശത്തായിരുന്നു എന്‍റെ തറവാട്. പെണ്ണാണെങ്കിൽ കുറെ വേദനയൊക്കെ സഹിക്കണം എന്നൊരു വിചിത്ര ചിന്താഗതി കുടുംബത്തിൽ മുതിർന്നവർക്കുണ്ടായിരുന്നു. ആൺകുട്ടികൾ ഞങ്ങൾ പെൺപിള്ളേരെ ശാരീരികമായി നോവിച്ചാലും ഉപദ്രവിച്ചാലും ഞങ്ങൾ കരഞ്ഞാലും മുതിർന്നവർ തല്ലുക പെൺകുട്ടികളെ തന്നെ.
അങ്ങനെ ഞാനും വളർന്നൊരു യുവതിയായി. വിവാഹം നടന്നു. െപണ്‍കുട്ടിയുെട ഇഷ്ടവും അഭിപ്രായവും േചാദിക്കുന്ന പതിവൊന്നും അവിടെ ഇല്ലായിരുന്നു. വരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നേ അറിഞ്ഞിരുന്നുള്ളൂ. ആദ്യ രാത്രിയിൽ ഒത്ത ശരീരവും, കപ്പട മീശയും ഉള്ളയാളെ കണ്ടപ്പോൾ ദൈവമേ ഇയാൾ പൊലീസ് ആണോ എന്ന് തോന്നിയത് ശരിയായിരുന്നു. അതോെട െനഞ്ചിലെ തീ ആളിക്കത്തി. എന്തിനാണ് വീട്ടുകാർ എന്നോടീ ക്രൂരത കാട്ടിയെതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. കാരണം ഞാൻ കുട്ടിക്കാലം മുതൽ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് പൊലീസിനെ ആയിരുന്നു!
കാലം കടന്നുപോകെ ഞാൻ അദ്ദേഹത്തിന്റെ പല ദുഃസ്വഭാവങ്ങളും നിശ്ശബ്ദമായി സഹിക്കേണ്ടി വന്നു. എന്റെ പേടിയും പരിഭ്രമവും കാരണം പലതും ചെയ്യുമ്പോൾ അദ്ദേഹത്തിന് ഇഷ്ടക്കുറവും പിന്നെ ദേഷ്യവും ഒക്കെ വരും. പലപ്പോഴും തല്ലും, ഇടീം, ചവിട്ടും ഒക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഡ്യൂട്ടിക്കായി അദ്ദേഹം ദൂരെ പോകുന്നത് എനിക്ക് വളരെ സന്തോഷം ആയിരുന്നു. ആ സമയം ഞാൻ വീട്ടുകാരും സുഹൃത്തുക്കളുമായി പുറത്തുപോവുകയും സന്തോഷിക്കുകയും ചെയ്തു പോന്നു.
ഒരു മകൻ ആണ് ഞങ്ങൾക്കുണ്ടായത്. അതും എനിക്ക് ഏറെ സന്തോഷം നൽകിയ കാര്യമാണ്. അവൻ മിടുക്കനായിരുന്നു, എല്ലാത്തിനും. അദ്ദേഹത്തിന് അവനോടും അങ്ങനെ സ്നേഹം കാണിക്കാൻ അറിയില്ലായിരുന്നു. എങ്കിലും എന്നെ തല്ലുന്നത് പോലെ കുഞ്ഞിനെ ഉപദ്രവിക്കുകയൊന്നുമില്ല. കാലം കഴിയും തോറും അദ്ദേഹം കൂടുതൽ മൊശടനായി വന്നു. മദ്യപാനവും തുടങ്ങി.
പിന്നീട് പലരിൽ നിന്നും ഭർത്താവിന്റെ തനി സ്വഭാവത്തെകുറിച്ച് അറിയാനിടയായി. പലയിടത്തും കുടുംബങ്ങൾ ഉള്ളയാളാണെന്നും പൊലീസ് വകുപ്പിൽ വളരെ മോശം പേരുള്ള ആളാണെന്നും ഒക്കെ കേട്ടു. ഒപ്പം ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ ചെന്നു വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നു കൂടെ കേട്ടതോടെ ഞാൻ തളർന്നു പോയി.
മോന് പതിനഞ്ച് വയസ്സാകുമ്പോഴാണ് പിന്നെ, വീണ്ടും ഒന്നിച്ചു താമസിക്കാൻ ഇടയായത്. പഴയ സ്വഭാവത്തിന് ഒരു മാറ്റവും അദ്ദേഹത്തിനുണ്ടായില്ല. എന്റെ പേടിയില്ലായ്മ കൂടുതൽ ക്രൂരനാക്കിയെന്ന മട്ടിൽ എന്നോടുള്ള ഉപദ്രവത്തിനു ആക്കം കൂട്ടിത്തുടങ്ങി. എന്റെ നിലവിളിയും കരഞ്ഞു കലങ്ങിയ കണ്ണും ശാരീരിക അസ്വസ്ഥതകളും ഒക്കെ അറിയാവുന്ന പ്രായമായിത്തുടങ്ങി മകന് എന്ന് പലപ്പോഴും അയാൾ ഓർത്തിരുന്നില്ല.
ഒരിക്കൽ സന്ധ്യക്ക് മൂക്കറ്റം കുടിച്ചു വന്ന അയാൾ ഭക്ഷണത്തിനു രുചിയില്ലെന്നു പറഞ്ഞു പ്ലേറ്റ് ഒരേറു തന്നു എന്റെ മുഖത്തേക്ക്! അത് വന്നു കൊണ്ടത് എന്റെ മൂക്കിൽ ആയിരുന്നു. അവിടെ നിന്ന് നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട മോൻ രാത്രി ദേഷ്യത്തോടെ മുറുമുറുക്കുന്നുണ്ടായിരുന്നു, ‘കൊല്ലും ഞാനവനെ’, എന്ന്! ഭർത്താവു പെൻഷൻ പറ്റി ദിവസം മുഴുവൻ വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെയാണ് ഇത്ര നാൾ അനുഭവിച്ചതൊന്നും യാതനയേ ആയിരുന്നില്ല എന്ന് തോന്നിയത്.
മുപ്പത്തിരണ്ടു വർഷത്തെ വിവാഹ ജീവിതത്തിൽ എപ്പോഴാണ് സ്നേഹം ഒരു തുള്ളി കിട്ടിയതെന്ന് ഓർത്തെടുക്കാൻ പറ്റില്ല. ഒരിക്കൽ പോലും ഒരു സമ്മാനം നൽകിയിട്ടില്ല. പിറന്നാളോ, വിവാഹ വാർഷികമോ ഓർത്തിട്ടില്ല. അസുഖം വന്നാൽ എന്നെയോ മോനെയോ ആശുപത്രിയിൽ കൊണ്ട് പോവുകയോ, ഡോക്ടറെ കാണിക്കുകയോ, മരുന്ന് വാങ്ങി തരികയോ... ങേ..ഹേ, ഒന്നും ചെയ്യില്ല.
മോൻ വളർന്നു വലുതായി ജോലിയും കല്യാണവും ഒക്കെയായി കുറെ നാൾ പുറത്തായിരുന്നു. പിന്നെ, എന്നെ ഓർത്തു വീട്ടിൽ അവന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി വന്നു താമസമായി. എനിക്ക് ഇടയ്ക്കിടെ ആ സമയം അസുഖങ്ങൾ വരുമായിരുന്നു. സംഭവം നടന്ന അന്ന് എനിക്ക് വീണ്ടും സുഖമില്ലായിരുന്നു. പനി ബാധിച്ചു കിടപ്പായിരുന്നു. എങ്കിലും കാലത്തേ തന്നെ എഴുന്നേറ്റ് എല്ലാ വീട്ടുജോലിയും ചെയ്തു. പ്രാതൽ കഴിച്ചിട്ട് മൂപ്പര്‍ എങ്ങോട്ടോ ഇറങ്ങിപ്പോയി. ക്ഷീണം കാരണം അത്താഴം ഉണ്ടാക്കാനോ അയാൾ തിരികെ വീട്ടിൽ വന്നപ്പോൾ ഉണർന്നിരിക്കാനോ സാധിച്ചില്ല. ആ ദേഷ്യത്തിലാണ് രാത്രിയില്‍ വഴക്കു തുടങ്ങിയത്. ഉച്ചയൂണ് ബാക്കി വന്നത് ഞാൻ ചൂടാക്കി കഴിക്കാൻ നൽകിയത് ഇഷ്ടപ്പെടാതെ മുടിക്കുത്തിൽ പിടിച്ചു തല ചുമരിൽ ഇടിച്ചു.
നിലത്തു വീണ എന്നെ അയാൾ വീണ്ടും പൊക്കിയെടുത്തു തല്ലാൻ തുടങ്ങിയപ്പോഴാണ് ഞാൻ കണ്ടത്, മോൻ പുറകിൽ വന്നു നിൽക്കുന്നു, കൈയിൽ വെട്ടുകത്തി! പിന്നെ അവൻ സ്വന്തം അച്ഛനെ തലങ്ങും വിലങ്ങും ആക്രമിച്ചു. എനിക്ക് അവനെ തടയാൻ പോലുമുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. എത്ര നേരം എടുത്തുകാണും ആ ബഹളം എന്ന് എനിക്കോരോർമയും ഇല്ല. പക്ഷേ, അയാൾ മരിച്ചു എന്നറിഞ്ഞു മോൻ പകച്ചു പോയി. നിലത്തിരുന്നു കുഞ്ഞുങ്ങളെ പോലെ നെഞ്ചുപൊട്ടി കരയാനും തുടങ്ങി. അവന്റെ ഭാര്യയും മക്കളും അവരുടെ നാട്ടിൽ ഒരു ഉത്സവത്തിനു പോയിരിക്കുകയായിരുന്നു.
രാത്രി സമയം ഏറെ വൈകിയപ്പോൾ ഞാൻ അവനെ നിർബന്ധിച്ചു കൂടെ കൂട്ടി മൃതശരീരം പൊക്കിയെടുത്തു ഡ്രൈനേജിൽ ഒളിപ്പിച്ചു. വീട്ടിലും വഴിയിലും വീണ രക്തക്കറകൾ എല്ലാം തുടച്ചു നീക്കി. മൂന്നു നാല് ദിവസം മോന് വല്ലാത്ത വിഷമവും പേടിയും ഒക്കെ ഉണ്ടായിരുന്നു. അമ്പത്തിനാലുകാരിയായ ഞാൻ മുപ്പതുകാരനായ മോന് ധൈര്യം നൽകി ആശ്വസിപ്പിച്ചു.
ചോദിച്ചവരോടൊക്കെ ഭർത്താവു എവിടേക്കോ പോയതാണ്, എനിക്കറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ നാട്ടിൽ നിന്നു കുറച്ചു പേര് അന്വേഷിച്ചു വന്നു. ആളെ കാണാനില്ല എന്ന് പറഞ്ഞ എന്നോട് പൊലീ സിൽ പരാതി നൽകാൻ പറഞ്ഞു. വരുമ്പോൾ വരട്ടെ, ആൾ ഇവിടെ ഇല്ലാത്തതാണ് എനിക്ക് സുഖം എന്ന മറുപടിയും ഞാൻ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞാണ് ഡ്രൈനേജിൽ നിന്നും ദുർഗന്ധം വന്നതും പരിസരത്തുള്ള ചിലർ അത് തുറന്നു പരിശോധിച്ചതും. അഴുകിയ നിലയിൽ ഉള്ള മൃതശരീരം തിരിച്ചറിയാൻ എന്നെയാണ് പൊലീസുകാർ കൊണ്ടുപോയത്. മൃതദേഹം കണ്ടപ്പോൾ തന്നെ പൊലീസിനോട് ഞാൻ പറഞ്ഞു, ഞാനാണാ കൃത്യം ചെയ്തത് എന്ന്. സന്ധ്യക്ക് മദ്യപിച്ചു വീട്ടിൽ വന്ന ഭർത്താവ് നന്നായി ഉപദ്രവിച്ചപ്പോൾ വെട്ടുകത്തി എടുത്തു വെട്ടിയതാണെന്നു പറഞ്ഞു. മകനും കുടുംബവും ഉത്സവത്തിനു പോയിരുന്നതിനാൽ ഞാൻ ഒറ്റയ്ക്ക് മൃതശരീരം വലിച്ചിഴച്ചു ഡ്രൈനേജിനുള്ളിൽ തള്ളിയെന്നും കുറ്റസമ്മതം നടത്തി.
വെട്ടാൻ ഉപയോഗിച്ച കത്തിയും മൃതദേഹം പൊതിഞ്ഞ ഷീറ്റും കാട്ടി കൊടുത്തു. എന്നെ അവർ ഉടനെ തന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. പാവം മകൻ, അവൻ അറിഞ്ഞു വന്നപ്പോൾ കരഞ്ഞു. പക്ഷേ, ഞാൻ പറഞ്ഞതൊന്നും ഒരിടത്തും അവൻ എതിർത്തില്ല. കോടതിയിലും ഞാനീ കുറ്റസമ്മതം ആവർത്തിച്ചു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും എന്നെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്റെ മോനാണ് സ്വന്തം അച്ഛനെ കൊന്നതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അവനൊരു ജോലിയുണ്ട്, കുടുംബമുണ്ട്, ജീവിതമുണ്ട്. എനിക്കിനി മരണമല്ലാതെ എന്താണുള്ളത്?
പതിനെട്ടു വർഷമായി ഈ ജയിലാണെന്റെ വീട്. അവന്റെ ഭാര്യ എതിർക്കുമെങ്കിലും മോൻ വല്ലപ്പോഴും എന്നെ പരോളിൽ കൊണ്ടുപോകാറുണ്ട്. ഏതെങ്കിലും ഹോട്ടലിലോ, ലോഡ്ജിലോ താമസിപ്പിക്കും. അവന്റെ മക്കളെ എന്നെ കാണിക്കാൻ മരുമകൾ സമ്മതിക്കാറില്ല. ഞാൻ വാങ്ങിക്കൊണ്ടു പോകുന്ന പലഹാരങ്ങൾ മോൻ അവർക്കു കൊടുത്തു എന്ന് പറയാറുണ്ട്.
ജയിലിൽ ഞാൻ തുന്നാനും, ബാഗുണ്ടാക്കാനും പഠിച്ചു. അ പ്പീൽ ഒന്നും ഇതേ വരെ കൊടുത്തിട്ടില്ല. എനിക്ക് ശിക്ഷ ഇളവും വേണ്ട. പുറത്തിറങ്ങി എവിടെ പോകാൻ? എനിക്കിനി ഇവിടം വിട്ടൊരു ജീവിതമില്ല. ഇവിടെ കിടന്നു മരിക്കണം എന്ന ഒറ്റ ആഗ്രഹമേയുള്ളു.