പാടാനിപ്പോഴും ആഗ്രഹമുണ്ടെങ്കിലും പണ്ട് കോളജിലും സ്‌കൂളിലുമൊക്കെ പാട്ടുപാടി നടന്ന കാലമോര്‍ത്ത് ആ ആഗ്രഹം നെടുവീര്‍പ്പിലൊതുക്കുന്നവരും വീടിനകത്തും ബാത്‌റൂമിലുമൊക്കെ മൂളിപ്പാട്ടും പാടി തൃപ്തിയടയുന്നവരും മടിച്ചിരിക്കേണ്ട. പാട്ടൊക്കെയൊന്നു പൊടിതട്ടിയെടുത്തോളൂ... പാടാനും കൊറോണയെ പ്രതിരോധിക്കാനുമുള്ള സംരംഭത്തിന്റെ ഭാഗമാകാന്‍ തയാറായിക്കോളൂ. സംഗീതത്തോട് ഇഷ്ടവും ക്യാമറയുള്ള മൊബൈലും ഡേറ്റയുമുള്ള ആര്‍ക്കും എവിടെയുമിരുന്ന് 'ലെറ്റ്‌സ് സിങ് ലെറ്റ്‌സ് ഫൈറ്റ്' കൊറോണ പ്രതിരോധ ക്യാംപെയ്‌നിന്റെ ഭാഗമാകാം. വീടിനകത്ത് അടച്ചിരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനായി കലയെ കൂട്ടുപിടിച്ചിരിക്കുന്നത് ആലുവ യുസി കോളജില്‍ പഠിച്ചിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്. ലോകത്തെവിടെയുമുള്ള പല ഭാഷകള്‍ സംസാരിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരൊറ്റ ഭാഷയേയുള്ളൂ. അത് സംഗീതമാണ്. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഉണര്‍വുമേകി സംഗീതത്തിലൂടെ ആളുകളെ പൊസിറ്റീവ് ആക്കുക എന്ന വലിയൊരു ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ജര്‍മനി, യുഎഇ, ഖത്തര്‍ തുടങ്ങി ചെന്നൈ, മുംബൈ, ലുധിയാന തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഏറെപ്പേര്‍ ലെറ്റ്‌സ് സിങ് ലെറ്റ്‌സ് ഫൈറ്റില്‍ പാടിക്കഴിഞ്ഞു. പ്രൊഫഷണല്‍ സിങര്‍ ആകണമെന്നില്ല, ആര്‍ക്കും പാടാം എന്നതാണ് ഇതുപോലുള്ള മറ്റു സംരംഭങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പാടുന്നതിലൂടെയുള്ള ആനന്ദം, പാട്ടു കേള്‍ക്കുന്നതിലൂടെയുള്ള ആനന്ദം, അതിലൂടെ കിട്ടുന്ന ആശ്വാസം. അത്രയേ ഇവര്‍ ലക്ഷ്യമിടുന്നുള്ളൂ. വായ്പാട്ട് മാത്രമല്ല, ഉപകരണസംഗീതമറിയുന്നവര്‍ക്കും ഇതില്‍ പങ്കാളികളാകാം.

2018ലെ പ്രളയസമയത്ത് ആലുവ യുസി കോളജില്‍ 2007 മുതല്‍ 2013 വരെ പഠിച്ചവരും പല രാഷ്ട്രീയച്ചായ്വുകളുള്ളവരുമായ സുഹൃത്തുക്കള്‍ ലോകത്തിന്റെ പലഭാഗത്തിരുന്ന് തുടക്കമിട്ടതാണ് യുസി ഫൈറ്റിങ് ഫ്‌ളഡ് എന്ന ഫെയ്‌സ്ബുക്ക് മെസന്‍ജര്‍ ഗ്രൂപ്പ്. റിസെര്‍ച് ചെയ്യുന്നവരും പഠിക്കുന്നവരും ചെറിയ വരുമാനമുള്ളവരുമാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായമെത്തിച്ച് അന്ന് സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ ഏറെപ്പേര്‍ക്ക് താങ്ങായി. 2019ലെ പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമ്പോഴേക്കും ഇത് വലിയൊരു സൗഹൃദഗ്രൂപ്പായി വളര്‍ന്നു. 2019ല്‍ വയനാട്ടിലെ ഒരു സ്‌കൂള്‍ ദത്തെടുക്കുകയും ചെയ്തു. ജര്‍മനി, പൂനെ, സിംഗപ്പൂര്‍, യുഎഇ എന്നിങ്ങനെ ലോകത്തിന്റെ പലയിടങ്ങളിലിരിക്കുന്ന ഇതിലെ അംഗങ്ങള്‍ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മറ്റ് രാജ്യങ്ങളിലെ കൊറോണ അവസ്ഥകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

'പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അന്ന് സഹായമെത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. ലോക്ഡൗണ്‍ സമയത്ത് ആരുടെയും അടുത്ത് നേരിട്ടെത്താനാവില്ല. സെയ്ഫ് അറ്റ് ഹോം എന്ന ഒരൊറ്റ സാധ്യത മാത്രമുള്ള ഈ സമയത്ത് ജനങ്ങള്‍ക്കു വേണ്ടി എന്തുചെയ്യാം എന്ന ചിന്തയിലൂടെയാണ് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന കല എന്ന നിലയില്‍ സംഗീതത്തിലൂടെ പരമാവധി ആളുകള്‍ക്ക് ആശ്വാസമായെത്താം എന്ന ആശയം ജനിച്ചത്.' യുസി ഫൈറ്റിങ് ഫഌഡിലെ അംഗങ്ങള്‍ പറഞ്ഞു. പാട്ടിനൊടുവില്‍ കൊറോണാ പ്രതിരോധ സന്ദേശങ്ങളുമടങ്ങിയ വിഡിയോ ആണ് തയാറാക്കേണ്ടത്. പാടാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ലെറ്റ്‌സ് സിങ് ലെറ്റ്‌സ് ഫൈറ്റ് എന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം് പേജുകളിലേക്ക് മെസേജ് അയച്ചശേഷം 8891277182 എന്ന നമ്പറിലേക്ക് വിഡിയോ അയച്ചുകൊടുക്കാം. അവരുടെ പേജുകളില്‍ അപ് ലോഡ് ചെയ്ത ശേഷം വിഡിയോയും സന്ദേശവും നിങ്ങളുടെ എഫ് ബി, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പരമാവധി ആളുകളിലേക്ക് എത്തിച്ച് അവരെയും പങ്കാളികളാക്കുകയാണ് വേണ്ടത്.