Friday 08 November 2019 05:54 PM IST

‘ആണായി മാറിയെങ്കിലും എനിക്ക് ഗർഭം ധരിക്കാമായിരുന്നു, അങ്ങനെ സംഭവിച്ചാൽ ഇവിടെ നടക്കുന്നത് മറ്റൊരു ഭൂകമ്പം’

Binsha Muhammed

ish ഫോട്ടോ: അജിത് കൃഷ്ണൻ പ്രയാഗ്

ഇഷാന്റെ മിഴികളിലുണ്ട്, സൂര്യയിൽ അലിഞ്ഞു ചേരാനുള്ള പ്രണയം. നോട്ടത്തിലും ഭാവത്തിലുമെല്ലാം തുളുമ്പുന്ന അനുരാഗം. തിരുവനന്തപുരം കിള്ളിപ്പാലത്തെ വീട്ടിലിരുന്നു സംസാരിക്കുമ്പോൾ അവരുടെ വാക്കുകൾ നിറയെ പ്രതീക്ഷ ആയിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ ഇഷാനും സൂര്യയും മനസ്സിൽ താലോലിക്കുകയാണ് ഒരു കുഞ്ഞെന്ന സ്വപ്നം. ദുഷ്കരം എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുമ്പോഴും പ്രകാശത്തിന്റെ ചെറുകിരണമെങ്കിലും വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

വൈദ്യശാസ്ത്രവും ഈശ്വരനും ഒരുപോലെ കനിഞ്ഞാൽ ഒരു കുഞ്ഞിന്റെ ചെറുപുഞ്ചിരി മുന്നിൽ വിടരുമെന്ന് തന്നെയാണ് അവരുടെ ഉറച്ച വിശ്വാസം. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് സുഹൃത്തുക്കൾ പോലും അടക്കം പറഞ്ഞപ്പോഴും പിന്മാറാൻ അവർ ഒരുക്കമല്ല. കാരണം അവരുടെ ഉള്ളിലെ മോഹം അത്രമേൽ തീവ്രവും ലക്ഷ്യബോധം അതിനേക്കാൾ ശക്തവുമാണ്.

ലോകം മാറി ചിന്തിക്കട്ടെ

‘ഈ ലോകം മാറി ചിന്തിക്കുന്നിടത്താണ് എന്റെയും ഇവളുടെയും സ്വപ്നങ്ങൾ പൂവണിയുന്നത്. എനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. ആണായി മാറിയിട്ടും ഞാൻ ഗർഭം ധരിക്കാൻ ഒരുമ്പെട്ടിരുന്നെങ്കിൽ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണനകൾ പിന്നേയും കൂടുകയേ ഉള്ളൂ. എന്നെ ശിഖണ്ഡിയെന്നു വിളിക്കുന്നവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും. എന്നെ ശിഖണ്ഡ‍ിയെന്നും സൂര്യയെ ഹിജഡയെന്നും അഭിസംബോധന ചെയ്യുന്ന സമൂഹത്തിനിടയില്‍ എങ്ങനെയാണ് ഞാനത് ചെയ്യുന്നത്. ’ ഇഷാൻ ചോദിക്കുന്നു.

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി. എല്ലാ അ ർഥത്തിലും ഭർത്താവെന്ന പിന്തുണ ഇഷാൻ എനിക്ക് നൽകുന്നുണ്ട്. പക്ഷേ, പല വീടുകളിലെയും പോലെ ഭർത്താവ് ഉടമ, ഭാര്യ അടിമ എന്ന രീതി ഞങ്ങൾക്കിടയിൽ ഇല്ല. എല്ലാ ജോലി കളും ‍ഞങ്ങൾ പങ്കിട്ടാണ് ചെയ്യുന്നത്.

വീട്ടിൽ ഞങ്ങൾ‌ രണ്ടു പേരും അത്യാവശ്യം ടോം ആൻഡ് ജെറിയാണ്. തല്ലു കൂടലിനൊന്നും ഒരു കുറവുമില്ല. അതൊക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതു പോലെ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞ ങ്ങൾ ഒരുപോലെ പറഞ്ഞു തുടങ്ങിയതാണ് ഒരു കുഞ്ഞെന്ന സ്വപ്നം. എന്തൊക്കെ പ്രതിബന്ധം ഉണ്ടായാലും ഞങ്ങൾക്ക് അവിടെ എത്താൻ കഴിയും. കാരണം വെറുതെ ആഗ്രഹിച്ചു മറക്കുന്നവരല്ല ഞങ്ങൾ. അതിനു തെളിവു ഞങ്ങളുടെ ജീവിതം തന്നെയാണ്. ഒരു കുഞ്ഞ് പിറക്കാനുള്ള സ്വപ്നം നേടാൻ ഞങ്ങൾക്ക് ഒരുപാട് പേരുടെ പിന്തുണയും സഹായവും വേണ്ടി വരും. അതിനൊന്നും കഴിയാത്തവരോട് ഞങ്ങൾക്ക് ഒന്നേ അപേക്ഷിക്കാനുളളൂ.

നിങ്ങളുടെ പ്രാർഥനയുടെ ഒരു നിമിഷം ഞങ്ങൾക്കു വേണ്ടി. പരിഹസിക്കുന്നവരോട് ഒരു വാക്ക്. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപോലെ തന്നെ ഈ ഭൂമിയിൽ പിറന്നവർ.’

ചിത്രത്തിന് കടപ്പാട്; ഫെയ്‌സ്ബുക്ക്