Wednesday 20 June 2018 05:49 PM IST

‘സിനിമയിലേക്കാൾ കിടിലം ചേസും ട്വിസ്റ്റും’; മാലപൊട്ടിച്ച കള്ളനെ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ച സൗമ്യക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി

Lakshmi Premkumar

Sub Editor

sowmya ചിത്രങ്ങൾ: ബേസിൽ പൗലൊ

എന്റെ മാലയിങ്ങു താടാ...’എന്ന് അലറി വിളിച്ചു കൊണ്ട് ബ്രേക്കില്ലാത്ത ഒരു സ്കൂട്ടർ ഇപ്പോഴും സൗമ്യയുടെ ദു:സ്വപ്നങ്ങളിൽക്കൂടി ഇരച്ചാർത്ത് പോകാറുണ്ട്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ട് ചിരിച്ച സമയത്ത് ഒരിക്കൽ പോലും ഓർത്തിരുന്നില്ല അങ്ങനെയൊരു ദിനം തന്റെ ജീവിതത്തിലും വരാനിരിക്കുന്നുവെന്ന്.

സിനിമയിൽ കള്ളനാണ് താരമെങ്കിലും ജീവിതത്തിൽ ഈ ദൃക്സാക്ഷി തന്നെയാണ് സൂപ്പർ സ്റ്റാർ. കഴിഞ്ഞ ഫെബ്രുവരി 18 മുതൽ കരുനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ ബാബു എന്ന പെൺകുട്ടിയുടെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുടെ പരമ്പരയാണ്. കള്ളനും പൊലീസും ഇരുട്ടും എല്ലാത്തിനും സാക്ഷിയായി നീണ്ടു നിവർന്നു കിടക്കുന്ന റോഡുകളും... കള്ളനെ പുറകെ ചെന്ന് പിടിക്കാൻ മാത്രം ധൈര്യമുണ്ടോയെന്ന് ചോദിച്ചാൽ കണ്ണുകളിൽ ഒരു ചിരി ഒളിപ്പിച്ച് സൗമ്യ പറയും, ‘ചെറുപ്പത്തിൽ പൊലീസാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പത്താം ക്ലാസോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഇത് എനിക്ക് ദൈവം തന്ന അവസരമായിരിക്കും.’

ഓർമകളിലെ ആ ദിനം

‘‘സാധാരണ പോലെ ഒരു ദിവസമായിരുന്നു അത്. പക്ഷേ, ഇന്ന് ഓർക്കുമ്പോൾ തികച്ചും സാധാരണമായിരുന്നില്ല. വാക്കുകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും ആ ദിവസത്തിൽ കാത്തിരിക്കുന്ന അപകടത്തിന്റെ സൂചനകൾ പലപ്പോഴായി കിട്ടിയിരുന്നില്ലേ എന്നൊരു സംശയം.

പതിവ് പോെല രാവിലെ 11 മണിയായപ്പോൾ കരുനാഗപ്പള്ളി, തേവലക്കലിലെ വീടിനടുത്ത് ഞാൻ ജോലി ചെയ്യുന്ന കടയിലേക്ക് പുറപ്പെട്ടു. ഇറങ്ങാൻ നേരമാണ് ഓർത്തത് ഉച്ചയ്ക്ക് ഒരു കല്യാണത്തിന് പോകണം. എങ്കിൽ കുറച്ച് ഒരുങ്ങി തന്നെ പോയേക്കാം എന്ന് കരുതി. സാധാരണ മാലയും വളയും ഒന്നുമിടാതെയാണ് കടയിലേക്ക് പോകാറ്. ഒരുപാട് സ്വർണം വീട്ടിലില്ല എന്നത് വേറൊരു സത്യം.

വീട്ടില്‍ ആകെയുള്ള സ്വര്‍ണസമ്പാദ്യമായ അമ്മയുടെ മാലയിട്ട് പോകാം എന്ന് തീരുമാനിച്ചു. അമ്മയോട് മാല ചോദിച്ചു. ‘ഉച്ചക്കല്ലയോ കല്യാണം. നീ തിരിച്ചു വന്നിട്ട് മാലയൊക്കെ ഇട്ട് പോയാൽ പോരെ’ എന്ന് അമ്മ രണ്ടു വട്ടം ചോദിച്ചതാണ്. ചിലപ്പോൾ രാവിലെ തന്നെ കല്യാണത്തിന് പോകുമെന്ന് പറഞ്ഞ് അമ്മയുടെ മാലയും വാങ്ങി ഇറങ്ങി.

സ്കൂട്ടറിലാണ് കടയിലേക്ക് പോകുന്നത്. സെയിൽസ് ഗേൾ ആണെങ്കിലും കടയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്. സ്‌റ്റോക്ക് തീരുമ്പോഴാണ് കടയുടെ മുതലാളി വരിക. കണക്കും കാര്യങ്ങളും കൃത്യമായി ഏൽപ്പിക്കുന്നതു കൊണ്ട് അവർക്ക് എന്നെ വലിയ വിശ്വാസമാണ്. ഉച്ചക്ക് പന്ത്രണ്ട് കഴിഞ്ഞപ്പോൾ ഉടമസ്ഥൻ വന്നു. എന്റെ വേഷവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ അദ്ദേഹം എന്നോട് തമാശയ്ക്ക് പറഞ്ഞു. ‘ഇങ്ങനത്തെ മാലയൊന്നും ഇട്ട് കടയിൽ ഒറ്റക്ക് ഇരിക്കരുത്. കള്ളന്മാരൊക്കെ നിറയെയുള്ള കാലമാ. സൂക്ഷിക്കണം.’ ‘എന്റെ കഴുത്തേന്നൊക്കെ ആര് മാല പൊട്ടിക്കാനാ സാറേ’ എന്ന് ഞാൻ തിരിച്ചും ചോദിച്ചു. കല്യാണത്തിന് പോകാനുള്ളതു കൊണ്ട് വേഗം തന്നെ കട പൂട്ടി ഇറങ്ങുകയും ചെയ്തു. കല്യാണവിട്ടിൽ നിന്നും ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോന്നു. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് കട തുറന്നാൽ മതി. കുറച്ച് നേരം വിശ്രമിച്ച് പോകാൻ ഇറങ്ങുമ്പോൾ അമ്മ വീണ്ടും പറഞ്ഞു ‘ആ മാലയിങ്ങ് വച്ചിട്ട് പൊയ്ക്കോ... ’

എനിക്കിത്തിരി ദേഷ്യം വന്നു. ‘ഞാനീ മാലയും കൊണ്ട് നാടു വിട്ടു പോവുകയൊന്നുമില്ലല്ലോ... വൈകുന്നേരം വരുമ്പോൾ തരാം.’ എന്നു പറഞ്ഞ് സ്കൂട്ടറെടുത്ത് നേരെ കടയിലേക്ക് പറന്നു. ഏഴു മണിക്ക് കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഇരുട്ട് വീണ് തുടങ്ങുന്നതേയുള്ളൂ. വീട്ടിലേക്ക് രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ. വർഷങ്ങളായി ഞാൻ പോകാറുള്ള വഴി. പകലായാലും രാത്രിയായാലും കണ്ണുകെട്ടി വിട്ടാൽ പോലും കൃത്യമായി വീട്ടിലെത്തും.

വീട്ടിലേക്ക് തിരിയുന്ന ഇടവഴിയുടെ അടുത്തെത്താറായപ്പോള്‍ വണ്ടിയുടെ സ്പീഡ് അൽപം കുറച്ചു. നോക്കുമ്പോൾ തൊട്ടരികിൽ മറ്റൊരു ബൈക്ക്. അവരും സ്പീഡ് കുറച്ചു. പെട്ടെന്ന് ആ ബൈക്കിന്റെ പുറകിലിരുന്ന പയ്യൻ.

അവന്റെ കൈ എന്റെ നെഞ്ചിന് നേരെ നീട്ടി. ആദ്യം കരുതിയത് എന്റെ ശരീരത്തിൽ തൊടാനാണെന്നാണ്. രണ്ട് സെക്കൻഡ്, എന്റെ കഴുത്തിൽ നിന്ന് എന്തോ ഊർന്ന് താഴേക്ക് പോകുന്നതു പോലെ തോന്നി. ഹെൽമെറ്റിന്റെയും കഴുത്തിൽ ചുറ്റിയ ഷാളിന്റെയും ഇടയിലൂടെ എന്താണ് പോകുന്നതെന്ന് മനസ്സിലാകുന്നതിന് മുന്നേ അവർ ബൈക്കിന്റെ വേഗം ഇരട്ടിയാക്കി. പെട്ടെന്നാണ് എനിക്ക് മനസ്സിലായത്. അയ്യോ, എന്റെ മാലയല്ലേ അവൻമാർ കൊണ്ടുപോയത്.

sowmya1

എവിടുന്ന് കിട്ടി ആ ധൈര്യം

കൺമുന്നിലൂടെ രണ്ട് ചെറിയ പയ്യൻമാർ എന്റെ മാല കൊണ്ടു പോയി എന്ന് വിശ്വസിക്കാൻ എടുത്ത രണ്ട് മിനിറ്റ്, അതു മാത്രമേ അപ്പോൾ നഷ്ടപ്പെടുത്തിയുള്ളൂ. ഏതു വിധേനയും കള്ളൻമാരെ കീഴ്പ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിൽ. കൂരിരുട്ടിനെ വക വയ്ക്കാതെ സ്കൂട്ടർ ബൈക്കിന് പിന്നാലെ പറന്നു. തൊട്ടു മുന്നിൽ എനിക്ക് കാണുന്ന ദൂരത്തിൽ തന്നെ ബൈക്കുണ്ട്. സൂക്ഷിച്ച് നോക്കിയപ്പോൾ നമ്പർ പ്ലേറ്റി ൽ നമ്പറൊന്നുമില്ല. ഇപ്പോൾ വിട്ടു കളഞ്ഞാൽ പിന്നെ, ഈ ജന്മം ഇവരെ കിട്ടാൻ പോകുന്നില്ല. അമ്മയുടെ ആകെയുള്ള സമ്പാദ്യമാണ് അവരുടെ കൈയിൽ. വിട്ടുകൊടുത്തുകൂടാ. സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ കൈകൾ പിടി മുറുക്കി.

എതിർവശത്തുനിന്ന് നിരവധി വണ്ടികൾ വരുന്നുണ്ട്.ഞാൻ എനിക്ക് കഴിയുന്നതിന്റെ പരമാവധി ഉറക്കെ ‘അവര് കള്ളന്മാരാ പിടിക്കവരെ’ എന്ന് പറയുന്നുണ്ട്. പക്ഷേ, ഹെൽമെറ്റിനുള്ളിലൂടെ എന്റെ ശബ്ദം ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബൈക്കിൽ പായുന്ന രണ്ടു പേരും എന്നെ തിരിഞ്ഞ് നോക്കുന്നുണ്ട്. ഞാൻ ഉറക്കെ അവരോട് പറഞ്ഞു.‘എന്റെ മാല തന്നിട്ട് പൊയ്ക്കോ... ’

ഞങ്ങളുടെ ജംഗ്ഷൻ എത്താറായപ്പോൾ ഞാനെന്റെ ഹെൽമെറ്റ് ആളുകൾ കൂടി നിൽക്കുന്നതിനിടയിലേക്ക് വലിച്ചെറി ഞ്ഞു. കഴിയുന്നത്ര ഉറക്കെ പറഞ്ഞു. ‘എന്റെ മാല പൊട്ടിച്ച കള്ളന്മാരാ ബൈക്കിൽ പോകുന്നത്.’ അത് അവിടെ നിന്ന കുറച്ച് പേർ കേട്ടു. അവരും എന്ത് ചെയ്യണമെന്നുള്ള അങ്ക ലാപ്പിലായിരുന്നു. ഇതിനിടയിൽ ബൈക്കിന്റെ പുറകിലിരിക്കുന്നയാൾ തിരിഞ്ഞ് എന്നോട് ചോദിച്ചു ‘ ചേച്ചി എന്തിനാ ഞങ്ങളുടെ പുറകെ വരുന്നത്. ’ ഞാൻ പറഞ്ഞു, ‘ മര്യാദയ്ക്ക് മാല തന്നിട്ട് പോ, ഇല്ലേൽ നിങ്ങൾ എവിടെ പോയാലും ഞാ ൻ അവിടം വരെ പുറകെ വരും. ’ ‌

പെട്ടെന്നാണ് ഞങ്ങളുടെ രണ്ട് വണ്ടിക്കും എതിരായി ഒരു വെള്ള കാർ വരുന്നത്. അതോടെ അവർ ബൈക്കിന്റെ വേഗം കുറച്ചു. ഇതാണ് കിട്ടിയ അവസരം, എന്റെ മനസ് പറഞ്ഞു. സർവ ശക്തിയുമെടുത്ത് ആക്സിലേറ്ററിൽ ആഞ്ഞു പിടിച്ചു. വലിയൊരു ശബ്ദത്തോടെ എന്റെ വണ്ടി ബൈക്കിന്റെ പിറ കിൽ ഇടിച്ച് നിന്നു. ഇടിയുടെ ശക്തിയിൽ രണ്ട് വണ്ടികളും ഇരുവശങ്ങളിലേക്കും മറിഞ്ഞു വീണു. നിലത്ത് വീണയുടൻ പിടഞ്ഞെണീറ്റ് ഞാൻ ഒരാളുടെ ഷർട്ടിൽ പിടിച്ചു. അവന്റെ കാലിന് മുകളിലായിട്ടാണ് ബൈക്ക് കിടക്കുന്നത്. അതുകൊണ്ട് ഓടാൻ കഴിയില്ലെന്ന് മനസ്സിലായി. ഉടൻതന്നെ അടുത്തയാളെ പിടിക്കാൻ നോക്കിയെങ്കിലും അതിനിടയിൽ അയാൾമാലയുമായി ഓടി അടുത്ത പറമ്പിൽ കയറി. ആളുകൾ ഒാടിക്കൂടി ആ ചെറുപ്പക്കാരനെ വലിച്ചെണീപ്പിച്ചു. അരണ്ട സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ആ മുഖത്തേക്ക് നോക്കി. കൂടി പോയാൽ ഒരു ഇരുപത്തിയഞ്ച് വയസ്സ്.

ആളുകൾ കൂടി ആകെ ബഹളമായതോടെ ലിഫ്റ്റ് ചോദിച്ച് ഒപ്പം കയറിയ ആളാണ് കൂടെയുണ്ടായിരുന്നത് എന്നായി. ഈ സംഭവവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും അയാ ൾ പറഞ്ഞു. പുറകിലിരുന്ന ചെറുപ്പക്കാരൻ ഇരുട്ടിലേക്കോടി രക്ഷപ്പെടുകയും ചെയ്തു. അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. അഞ്ച് മിനിറ്റോളം നേരം ബൈക്കിന്റെ വേഗം കുറച്ച് എന്റെ വണ്ടിക്കൊപ്പം ഓടിച്ചതു കൊണ്ടാണ് അവർക്ക് മാല പൊട്ടിച്ചെടുക്കാൻ കഴിഞ്ഞത്. ഇയാൾ നിരപരാധിയാണെങ്കിൽ അത്രയും നേരം വണ്ടി സ്ലോ ചെയ്യുകയും പൊട്ടിച്ചയുടൻ സ്പീഡ് എടുത്ത് പോയതും എന്തിനാണ്?

ഞാൻ അവിടെ കൂടി നിന്നവരോട് പറഞ്ഞു ‘രണ്ടും ഒരു ടീമാണ്. മാത്രമല്ല വണ്ടിയുടെ നമ്പറും ഇട്ടിട്ടില്ല.’ പിന്നെ, നേരെ പൊലീസ് സ്‌റ്റേഷനിലേക്ക്. അമ്മ കഷ്ടപ്പെട്ട് വീട്ടു പണികൾ ചെയ്ത പണം കൂട്ടി വെച്ച് വാങ്ങിയ മാലയാണ്. സത്യമുള്ള സ്വർണമാണത്. തിരികെ കിട്ടാതിരിക്കില്ല. മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.

അപ്പോഴേക്കും വിവരം നാട്ടിലാകെ പടർന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ബാബുവിനെ സുഹൃത്തുക്കൾ വിളിച്ചറിയിച്ചു. അമ്മയോടും മക്കളോടും ഒന്നും പറയേണ്ടെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. അമ്മയെ സംബന്ധിച്ചിടത്തോളം മാല കള്ളൻമാർ കൊണ്ടു പോയി എന്നത് താങ്ങാൻ കഴിയുന്നതിലും വലിയ ഷോക്കാകുമെന്ന് തോന്നി.

അമ്പട കള്ളാ..

പൊലീസിന്റെ ചോദ്യങ്ങളിൽ അയാൾ സമ്മതിച്ചു അവർ ഒന്നിച്ചാണ് പദ്ധതിയിട്ടത്. അവസരം ഒത്തുവന്നപ്പോൾ പൊട്ടിക്കുകയായിരുന്നു. രണ്ടാമനെ പിടി കിട്ടിയാൽ അപ്പോൾ തന്നെ അറിയിക്കാമെന്ന ഉറപ്പിൽ പൊലീസ് എന്നോട് വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. ഇറങ്ങും നേരം ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി, അവൻ എന്നെ നോക്കി പെരുവിരൽ ഉയർത്തി തംസ് അപ് കാണിച്ചു. എന്നിട്ട് പറഞ്ഞു ‘എന്നാലും ചേച്ചി സൂപ്പറാ...’

ഞാൻ പറഞ്ഞു, ‘നിനക്കൊക്കെ ജോലി ചെയ്ത് ജീവിച്ചൂടെ. എന്നെപ്പോലെയുള്ള പാവങ്ങളെ പിടിച്ചു പറിക്കണോ?’ അതിനയാൾക്ക് മറുപടി ഇല്ല. പിറ്റേദിവസം തന്നെ രണ്ടാമനേയും കിട്ടി. മൂന്ന് കഷണങ്ങളായി എന്റെ മാലയും. മുറിഞ്ഞു പോയതിനൊപ്പം രണ്ടോ മൂന്നോ ഗ്രാം സ്വർണം നഷ്ടമായിട്ടുണ്ടായിരുന്നു. സാരമില്ല, കിട്ടിയല്ലോ. കേസ് തീർന്നെങ്കിലേ മാല കൈകളിൽ തിരികെ കിട്ടൂ.’’

അമ്മ സലോമിക്കും അഞ്ചാം ക്ലാസുകാരി സപന്യയ്ക്കും മൂന്നാം ക്ലാസുകാരി സോനയ്ക്കും സൗമ്യ ഇപ്പോൾ സൂപ്പർ സ്റ്റാറാണ്. കള്ളനെ തോൽപ്പിച്ച ധീര വനിത. നാട്ടിൽ സ്വീക രണം വരെ കിട്ടി.

‘‘സുഹൃത്തുക്കൾ അതിശയത്തോടെ ചോദിക്കാറുണ്ട്, നിനക്ക് എവിടുന്നാ ഇത്ര ധൈര്യം കിട്ടിയത് എന്ന്. ചിലയാ ളുകൾ ചോദിക്കും, ഒന്നും നോക്കാതെ എന്തിനാ ആ ചെറു ക്കൻമാരുടെ പിന്നാലെ പോയത്. അവർ ഉപദ്രവിച്ചിരുന്നെങ്കി ലോ? ശരിയാണ്. പക്ഷേ, ആ മാല അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കി യതാണ്. അതു പോയി എന്നു പറഞ്ഞിട്ട് എനിക്ക് വീട്ടിൽ കയറാൻ കഴിയില്ലായിരുന്നു. അമ്മയുടെ മുഖത്തു നോക്കാൻ കഴിയില്ലായിരുന്നു. അതിന് അമ്മയുടെ കഷ്ടപ്പാടിന്റെ വില യാണ് ദൈവവും നിശ്ചയിച്ചിരുന്നത്.’’

sowmya-2