Monday 29 June 2020 03:49 PM IST

ആ വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം, സൗഹൃദങ്ങൾ തുടർന്നത് എതിർത്തപ്പോൾ ക്രൂരമായി ആക്രമിച്ചു! ബിഗ് ബോസ് താരത്തിന് മറുപടിയുമായി ശ്രീയ അയ്യർ

Binsha Muhammed

sreeya-cover

പ്രതിസന്ധികളും അതിജീവനവും ഇപ്പോൾ ശ്രീയ അയ്യർക്ക് ശീലമായി കഴിഞ്ഞു. ആദ്യം ചാനൽ അവതാരകയും പിന്നീട് ബോഡി ബിൽഡറുമായി നേട്ടങ്ങൾ കൊയ്ത ശ്രീയ ഇപ്പോൾ പുതിയ വിവാദങ്ങളുടെ തീച്ചുളയിലാണ്. ബിഗ് ബോസ് താരവുമായുള്ള പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കൊണ്ടുപിടിച്ച ചർച്ച. ഒരു യൂട്യൂബ് ചാനലിന് ശ്രീയ നൽകിയ അഭിമുഖമാണ് വിവാദത്തിന് തിരികൊളുത്തിയത്. ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും ഓർത്തെടുക്കുന്നതിനിടെയായിരുന്നു ശ്രീയ പോയകാല പ്രണയത്തെക്കുറിച്ച് മനസുതുറന്നത്.

ജീവിതത്തിലെ ഇരുണ്ട കാലവും ഓർക്കാൻ ആഗ്രഹിക്കാത്ത പ്രണയവും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചപ്പോൾ മറുവശത്തുണ്ടായിരുന്ന ബിഗ് ബോസ് താരവും രൂക്ഷമായ പ്രതികരണവുമായെത്തി. ശ്രീയയുടേയും ബിഗ്ബോസ് താരത്തിന്റേയും പ്രതികരണങ്ങളെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയ ഭാവനകളിൽ നിന്ന് കഥമെനഞ്ഞപ്പോൾ ചില ചോദ്യങ്ങൾ ബാക്കിയായി. വിവാദം സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ മറുവശത്ത് കടുത്ത മാനസിക സംഘർഷത്തിലാണ് ശ്രീയ. തന്നെ വ്യക്തിഹത്യ ചെയ്തു, പരപുരുഷ ബന്ധം ആരോപിച്ചുമുള്ള ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ ഉണ്ടാക്കിയ മുറിവുകളുടെ വേദനയിൽ ‘വനിത ഓൺലൈനുമായി’ സംസാരിക്കുമ്പോൾ പലപ്പോഴും വിതുമ്പിപ്പോയി ശ്രീയ.

‘തടി കൂടുതലാണ് ഫ്രെയിമിൽ കൊള്ളില്ല’; തടിച്ചിയെന്ന് പരിഹസിച്ചവർ ‘തടിതപ്പി’; ഇത് തീർഥയുടെ പ്രതികാരം

അത് തകർന്ന പ്രണയം, അടഞ്ഞ അധ്യായം

sreeya-3

വിവാഹത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പലവുരു എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ഉൾവലിഞ്ഞു നിന്നത്, ഞാനായിട്ട് അറിയാത്തവരെ കൂടി അറിയിക്കേണ്ട എന്നു കരുതിയാണ്. പക്ഷേ അയാൾ ബിഗ് ബോസിൽ എത്തുകയും അദ്ദേഹത്തിന്റെ കുടുംബ ജീവിതം ചർച്ചയാകുകയും ചെയ്തപ്പോൾ എന്നെ ഒരിക്കൽ കൂടി ഇത്തരം ഗോസിപ്പ് ചർച്ചകളിലേക്ക് വലിച്ചിട്ടു. അയാൾ രണ്ടു പേരെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളോ എന്നായിരുന്നു പലരുടേയും ചോദ്യം. അപ്പോഴും ഞാൻ വേദനയോടെ ഉൾവലിഞ്ഞു തന്നെ നിന്നു. ഇപ്പോൾ യൂട്യൂബ് ചാനൽ അഭിമുഖത്തിൽ ഞാന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും തകർ‌ന്നു പോയ പ്രണയത്തെക്കുറിച്ചും സംസാരിച്ചു. അപ്പോഴും ഞാനാരുടേയും പേര് വലിച്ചിഴച്ചില്ല. പക്ഷേ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു. അയാളുടെ തനിസ്വരൂപം പുറത്താകും എന്നു കണ്ടപ്പോൾ എനിക്കെതിരെ തിരിഞ്ഞു. ഞാന്‍ പറഞ്ഞതിനെയെല്ലാം നിഷേധിച്ചു എന്നു മാത്രമല്ല എനിക്കെതിരെ കടുത്ത ആരോപണങ്ങൾ തൊടുത്തു വിട്ടു. അതിലൊന്നാണ് എന്നെ വിവാഹം കഴിച്ചിട്ടില്ലാ എന്ന നുണ. വീടുവിട്ടിറങ്ങി വരേണ്ടി വന്ന ഞാനുമായി കക്ഷിക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ സത്യം അതല്ല. സൗഹൃദത്തിനും അപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം.– ശ്രീയ വെളിപ്പെടുത്തുന്നു.

നല്ലപിള്ള ചമയരുത്

sreeya-1

എല്ലാവർക്കും അറിയേണ്ടത് രണ്ടു കാര്യങ്ങളാണ്. ഞാനും ബിഗ് ബോസ് താരവുമായി പ്രണയത്തിലായിരുന്നോ എന്നും ഞങ്ങളുടെ വിവാഹം കഴിഞ്ഞോ എന്നുമാണ്? രണ്ടിനും അതേ എന്നാണ് ഉത്തരം. അയാളുടെ കുടുംബത്തെ മാനിച്ച് കൂടുതൽ പറഞ്ഞ് വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാനുമായി വെറുമൊരു സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് എന്നെ മോശക്കാരിയാക്കി ഇമേജ് സേഫാക്കി വയ്ക്കുന്നുണ്ട്. എനിക്ക് മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നു എന്നും ഞാൻ സൈക്കോയും സാഡിസ്റ്റും ആണെന്നും വരെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ വെറുമൊരു ഫ്രണ്ടാക്കി നല്ലപിള്ള ചമയുന്ന ആളോട് എനിക്കു ചോദിക്കാനുള്ളത് ‘നമ്മൾ തമ്മിൽ നടന്ന വിവാഹത്തിന്റെ രേഖ മതിയോ തെളിവായി’ എന്നാണ്.

മൂക്കും കാലും തല്ലിയൊടിച്ചു

വിവാഹശേഷം അയാളുടെ സ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടായില്ല. മറ്റു സൗഹൃദങ്ങളും തുടർന്ന്. എതിർത്തപ്പോൾ ശാരീരകമായി ആക്രമിച്ച് എന്നെ നിശബ്ദയാക്കാനാണ് ശ്രമിച്ചത്. ഒരിക്കൽ അയാളുടെ ഉപദ്രവത്തിൽ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. മറ്റൊരിക്കൽ കാലിനാണ് പരുക്കേറ്റത്. ഒരുപാട് സഹിച്ചു. ഒരു കാര്യം മാത്രം പറയാം, ആ പ്രണയത്തകർച്ചയ്ക്ക് ശേഷം ഞാൻ‌ അനുഭവിച്ച വേദന ചില്ലറയൊന്നുമല്ല. യാഥാസ്ഥിതിക കുടുംബാംഗമാണ് ഞാൻ. പ്രണയം തകർന്ന് പോകാനൊരിടമില്ലാതെ വന്നപ്പോൾ ഒരുഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു. എന്നിട്ടും എല്ലാത്തിൽ നിന്നും കരകയറി വന്നവളാണ് ഞാൻ. എല്ലാം മറക്കാൻ ശ്രമിക്കുകയാണ്. ഹോം ജിമ്മും പരീശീലനങ്ങളുമായി ഞാന്‍ വീണ്ടും ബോഡി ബിൾഡിങ്ങ് മേഖലയിൽ നിങ്ങൾക്ക് വീണ്ടും എന്നെക്കാണാം. ഐ ആം ഹാപ്പി...ഇനിയും ഒന്നും ഓർമ്മിപ്പിക്കരുത്. മുന്നറിയിപ്പെന്നോണം ശ്രീയ പറഞ്ഞു നിർത്തി.