‘കേരളത്തിലുള്ളത് പോരാഞ്ഞിട്ട് ഇതിപ്പോ ശ്രീലങ്കേന്ന് വന്ന് ഇജ്ജാതി പടം പിടിച്ചിരിക്കുവാണോ? കലികാലം അല്ലാതെന്ത് പറയാൻ. ഇതൊക്കെ കുടുംബത്തോടൊപ്പമിരുന്ന് എങ്ങനാ കാണുന്നേ.’
ആറിത്തണുത്തിരുന്ന സദാചാരക്കാർക്ക് മേലെ തീകോരിയൊഴിക്കും വിധമായിരുന്നു ഈ വൈറൽ വെഡ്ഡിംഗ് ഷൂട്ട്. മുത്ത് ചിതറുന്ന അതിരപ്പിള്ളിയുടെ ചാരത്തു നിന്ന് ഒന്നാന്തരം പ്രണയനിമിഷങ്ങൾ. നനഞ്ഞൊട്ടി നിൽക്കുന്ന വസ്ത്രങ്ങളും പ്രണയം പെയ്തിറങ്ങുന്ന നിമിഷങ്ങളും ന്യൂജനറേഷനെ കോരിത്തരിപ്പിച്ചു. സിനിമ തോൽക്കുന്ന സുന്ദര പ്രണയ നിമിഷമെന്ന് കമന്റും പാസാക്കി. പക്ഷേ സദാചാരക്കാർക്കു മാത്രം ദഹിച്ചില്ല. കഥയും കഥാനായകനും അന്യനാട്ടുകാരാണെന്ന് അറിഞ്ഞപ്പോഴേക്കും സംഭവം അശ്ലീലമെന്ന് ഉറപ്പിച്ചു. കൂടെ ഇങ്ങനെയൊരു കമന്റും ‘അവർക്കൊക്കെ പിന്നെ എന്തും ആവാല്ലോ?’


ഡെസ്റ്റിനേഷൻ വെഡ്ഡിംഗും, വെഡ്ഡിംഗ് ഷൂട്ടും കിനാക്കണ്ട് കേരളത്തിലേക്ക് അതിരപ്പള്ളിയിലേക്കും വണ്ടി പിടിച്ച ആ വൈറൽ ദമ്പതിമാരുടെ പേര്, നേഷാന്ത്–പ്രെറ്റ. അവരുടെ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്തത് ലെ വെഡ്. ഫ്രെയിമിലൊതുക്കിയ പ്രണയ ചിത്രങ്ങളെ സോഷ്യൽ മീഡിയ തല്ലിയും തലോടിയും വൈറലാക്കുമ്പോൾ മറുപടി പറയുന്നത് മുജീബ് റഹ്മാനാണ്. ശ്രീലങ്കൻ പ്രണയത്തിന് കേരളക്കരയിൽ ലൊക്കേഷനൊരുക്കിയ ക്യാമറാമാൻ. സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രങ്ങൾ പിറന്ന കഥ മുജീബ് പറയുന്നു, വനിത ഓൺലൈനോട്.


അക്കരെ നിന്നൊരു കല്യാണം
കേരളത്തിലെ വെഡ്ഡിംഗ് ഷൂട്ടുകൾക്ക് സദാചാരക്കാർ കാരണം കലികാലമാണ്. പക്ഷേ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ തേടി കേരളത്തിലേക്ക് വണ്ടി പിടിച്ചെത്തിയ ആ നവദമ്പതികൾ എന്തു പിഴച്ചു. ഞങ്ങളുടെ ചിത്രങ്ങളെ സോഷ്യൽ മീഡിയ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ പാവം അവർ ഇതൊന്നുമറിയാതെ അവരുടെ നാട്ടിലാണ്– മുജീബ് പറയുന്നു.


കേരളത്തിൽ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹവുമായാണ് നേഷാന്തും പ്രെറ്റയും കേരളത്തിലെത്തുന്നത്. അവരുടെ ബന്ധുക്കൾ അടക്കം 30 പേരാണ് കേരളത്തിലേക്ക് വരാൻ ഒരുങ്ങി നിന്നത്. ഞങ്ങളുടെ തന്നെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് കുമരകത്ത് അവരുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ അറേഞ്ച് ചെയ്തു. ശേഷം അതിരപ്പിള്ളിയിൽ വച്ച് വെഡ്ഡിംഗ് ഷൂട്ടിനു വേണ്ട കാര്യങ്ങളും ക്രമീകരിച്ചു. ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഞങ്ങളുടെ വെഡ്ഡിംഗ് ഫൊട്ടോസ് കണ്ടാണ് അവർ ഞങ്ങളെ സമീപിക്കുന്നത്. അന്യനാട്ടിൽ നിന്ന് ഒരു വിവാഹ ഷൂട്ട് വരിക എന്നത് ഞങ്ങൾക്ക് ഏറ്റവും അഭിമാനം നൽകുന്ന ഒന്നായി. അതുകൊണ്ട് തന്നെ അത് മനോഹരവും മറക്കാനാകാത്തതും ആക്കി മാറ്റുക എന്നതും ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.



അതിരപ്പിള്ളിയിലെ പ്രണയം
അതിരപ്പിള്ളിയെ പശ്ചാത്തലമാക്കി ഇതിനു മുമ്പും ഒരുപാട് വിവാഹ ഷൂട്ടുകൾ വന്നിട്ടുണ്ട്. ഒരേ സമയം അതിരപ്പിള്ളിയുടെ ഭംഗിയും നേഷാന്ത്–പ്രെറ്റ പ്രണയവും സമന്വയിക്കുന്ന ചിത്രങ്ങളും വേണമെന്ന് തോന്നി. എന്നിലെ ക്യാമറാമാൻ എന്താണോ ആഗ്രഹിച്ചത് അതിനൊപ്പം അവരും സഹകരിച്ചു. ഇന്റിമേറ്റ് സീനുകൾ ഒട്ടും വൾഗാരിറ്റിയില്ലാതെ പോസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴും നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞു. അത് ഞങ്ങൾ എടുത്ത എഫർട്ടിനുള്ള അംഗീകാരമായിരുന്നു. പക്ഷേ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പിച്ച് കുറേ പേർ സദാചാരം പഠിപ്പിക്കാനെത്തി. ഈ രംഗങ്ങളൊക്കെ കണ്ട് ‘ക്യാമറാമാൻ എങ്ങനെ കടിച്ചു പിടിച്ചു നിന്നു’ എന്നായിരുന്നു ഒരു ചേട്ടന്റെ കമന്റ്. എന്റെ പൊന്നു സദാചാരക്കാരേ, ഒരു ചിത്രം മനോഹരമാകുക എന്നതിനപ്പുറം മറ്റൊരു കാര്യവും ഒരു ഫൊട്ടോഗ്രാഫർ ചിന്തിക്കാറില്ല. ഓരോ ഫൊട്ടോഷൂട്ടിലും മനസു കൂടി അർപ്പിച്ചാണ് ഞങ്ങൾ ഇറങ്ങിത്തിരിക്കുന്നത്. ഫ്രെയിമിന്റെ ഭംഗി, പശ്ചാത്തലം, പോസിങ് എന്നതിനപ്പുറം കടിച്ചു പിടിച്ചു നോക്കി നിൽക്കാനൊന്നും ആത്മാർത്ഥതയുള്ള ഒരു ഫൊട്ടോഗ്രാഫറേയും കിട്ടില്ല. പിന്നെ മനസിൽ ആ ദുഷിപ്പുള്ളവരാണ് ആ ഫൊട്ടോയുടെ ഭംഗിക്കപ്പുറം വൾഗാരിറ്റിയും പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നത്– മുജീബ് പറഞ്ഞു നിർത്തി.
ചിത്രങ്ങൾക്ക് കടപ്പാട്; ലേ വെഡ്
