‘ഇന്ദ്രനീല ശോഭയിൽ മിന്നിത്തിളങ്ങുന്ന അഴകിന്റെ കിരീടം. അതു കാണെക്കാണെ ശ്രുതിയുടെ കൺനിറയുകയാണ്. അഴകിന്റെ വേദിയിൽ അവൾ ഒന്നാമതെത്തുന്നതു കാണാൻ മറ്റാരേക്കാളും മോഹിച്ച രണ്ടു പേർ. ശ്രുതി സിത്താരയുടെ അമ്മയും, ചങ്കുപോലെ ചേർന്നിരുന്ന ചങ്ങാതി അനന്യ അലക്സു. രണ്ടു പേരും ഇന്ന് ശ്രുതിയുടെ കൂടെയില്ല. മഴപോലെ പെയ്തിറങ്ങുന്ന സന്തോഷച്ചിരികള്ക്കു മീതെ സങ്കടത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതും അവരെ ഓർത്താകണം.’
‘എനിക്കറിയാം, അവരെ ഞാൻ കാണുന്നില്ലന്നേയുള്ളൂ. എന്റെയീ വിജയം സ്വർഗത്തിലിരുന്ന് അവർ കാണുന്നുണ്ട്. എന്നെ മനസു നിറഞ്ഞ് അനുഗ്രഹിക്കുന്നുണ്ട്.’– ശ്രുതിയുടെ വാക്കുകളെ ഒരുനിമിഷം കണ്ണീർ മുറിച്ചു.
ആണുടലിൽ നിന്ന് പെണ്ണുടടിലേക്കുള്ള യാത്ര. അതായിരുന്നു ജീവിതം കണ്ട ആദ്യത്തെ കയ്പുനീരോളം പോന്ന തീരുമാനം. അന്ന് സ്വത്വത്തിനു വേണ്ടി ഒത്തിരി പോരാടിയവളാണ് ശ്രുതി. പക്ഷേ അന്ന് വേദനിപ്പിച്ച വിധി കാലങ്ങൾക്കിപ്പുറം വലിയൊരു സന്തോഷം തിരികെ നൽകി അവളുടെ വേദനകളോട് കണക്ക് തീർത്തു. മിസ് ട്രാൻസ് ഗ്ലോബലെന്ന അഴകിന്റെ കിരീടം നെറുകയിലണിഞ്ഞ് അവളെത്തുമ്പോൾ നാളിതുവരെ കേട്ട പരിഹാസങ്ങളും കുത്തുവാക്കുകളും വേദനിപ്പിച്ച വിധിയുമൊക്കെ അകലെയെവിടെയോ നാണിച്ചു മറഞ്ഞു നിൽപ്പാണ്. ഹൃദയംനിറയ്ക്കുന്ന ആ വിജയകഥ, ശ്രുതിയെ അഴകിന്റെ റാണിയാക്കിയ കഥ അവളുടെ തന്നെ വാക്കുകളിലൂടെ ‘വനിത ഓൺലൈൻ’ വായനക്കാരുടെ മുന്നിലേക്ക്.
‘ഒരു പഴയ രംഗം ഓർത്തു പോകുകയാണ്. നാളുകൾക്ക് മുമ്പ് എന്നെയും അനന്യയെയും ഒരു സൗന്ദര്യ മത്സര വേദിയിൽ പങ്കെടുക്കാൻ അതിന്റെ സംഘാടകർ ക്ഷണിച്ചു. ഞങ്ങള് അങ്ങോട്ട് അവസരം ചോദിച്ചു പോയതല്ല എന്നോർക്കണം. ഞങ്ങളെ കണ്ടപ്പോൾ ആ ഷോയുടെ കൊറിയോ ഗ്രാഫർക്ക് എന്തോ ഒരു പുച്ഛം. ട്രാൻസ്ജെൻഡറുകളായ ഞങ്ങൾ മത്സരിച്ചാൽ ശരിയാകില്ല എന്നൊരു തോന്നൽ. അന്ന് വല്ലാതെ വേദനിച്ചു. കുറേ പേരുടെ മുന്നിൽ നാണംകെട്ടു. അതു പോലെ എത്രയോ സംഭവങ്ങൾ. അന്നത്തെ ദിവസം എന്നെയും എന്റെ അനന്യയേയും അവഗണിച്ചവർക്കുള്ള മറുപടിയാണിത്. ഈ വിജയം എന്റെ അനന്യയ്ക്കു വേണ്ടി.’– ശ്രുതി സിത്താര പറഞ്ഞു തുടങ്ങുന്നു.
മിസ് ട്രാൻസ് ഗ്ലോബൽ 2021 എന്ന സ്വപ്ന വേദിയിലെത്താൻ ഒത്തിരി പരിശ്രമിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക സുന്ദരിമാർ മത്സരിക്കുന്ന ആ റാംപിൽ ചുവടു വയ്ക്കാനാകുന്നു എന്നത് തന്നെ അഭിമാനമല്ലേ. കോവിഡ് പശ്ചാത്തലത്തിൽ ലണ്ടൻ കേന്ദ്രമാക്കി വെർച്വലായിട്ടായിരുന്നു മത്സരം. അവസാന റൗണ്ട് വരെ എത്താൻ മുന്നിൽ കടമ്പകൾ ഒത്തിരിയുണ്ടായിരുന്നു. എട്ടു മാസത്തോളമാണ് മത്സരം നീണ്ടു നിന്നത്. ഇൻട്രൊഡക്ഷൻ, ഗൗൺ റൗണ്ട്, ബീച്ച് വെയർ, ടാലന്റ് റൗണ്ട്, സ്പീച്ച് റൗണ്ട്, ക്വസ്റ്റ്യൻ ആൻസർ സെഷൻ എന്നിങ്ങനെ വിവിധ റൗണ്ടുകൾ. എല്ലാത്തിലും ആത്മവിശ്വാസത്തോടെ പങ്കെടുത്തു. വിവിധ മത്സരഘട്ടങ്ങളിലേക്കുള്ള ഫൊട്ടോസും വിഡിയോയും അയച്ചു നൽകി. ഓരോ ഘട്ടവും ഓരോ അനുഭവങ്ങളായിരുന്നു. എല്ലാത്തിലും മികവോടെ പെർഫോം ചെയ്തു. ഒടുവില് കാത്തിരുന്ന നിമിഷം. വിജയിയായി എന്റെ പേര് അനൗൻസ് ചെയ്ത നിമിഷം സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.

എന്നെ ഈ വേദിയിലെത്തിച്ച എന്റെ അമ്മ രഞ്ജു രഞ്ജിമാരോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. എന്റെ മെന്ററും വഴികാട്ടിയും പരിശീലകയുമൊക്കെയായ നമിത മാരിമുത്തു, കൂട്ടുകാരി അംന എന്നിവരോടും ഒത്തിരി സ്നേഹം. എന്നെ വിട്ടുപിരിഞ്ഞ എന്റെ അമ്മ രാധ പവിത്രനും കൂട്ടുകാരി അനന്യക്കും സമർപ്പിക്കുന്നു.
പ്രതിസന്ധികൾ താണ്ടിയ ജീവിതം
വൈക്കം ഉദയനാപുരത്ത് പ്രവീൺ എന്ന ആൺകുട്ടി ജനിച്ചപ്പോൾ അഛ്ഛനുമമ്മയും ഏറെ സന്തോഷിച്ചു. പഠിത്തത്തിലും കലയിലും മിടുക്കനായി ആ കുട്ടി വളർന്നു വന്നു. ചുറ്റും സന്തോഷം പടർത്താനുള്ള എന്തോ ഒരു കഴിവ് തനിക്കുണ്ടെന്ന് പ്രവീൺ തിരിച്ചറിഞ്ഞു, ഒപ്പം മറ്റൊരു കാര്യവും. പെൺകുട്ടികളുടെ വസ്ത്രം ഇടാനും അവരെപ്പോലെ നടക്കാനുമാണ് തനിക്ക് ഇഷ്ടമെന്ന്. എന്നാൽ, മറ്റുള്ളവരുടെ കളിയാക്കൽ ഭയന്ന് അവൻ ആൺകുട്ടിയായി അഭിനയിച്ചു. ബി.കോം പഠനത്തിനായി കൊച്ചിയിലെ സെന്റ് ആൽബർട്സ് കോളജിലെത്തിയപ്പോഴാണ് ആദ്യമായി ട്രാൻസ് സ്ത്രീകളെയും പുരുഷന്മാരെയും കാണുന്നതും പരിചയപ്പെടുന്നതും. അവിടെവച്ച് പ്രവീൺ, ജാസ്മിനെ പരിചയപ്പെട്ടു. ജാസ്മിൻ എന്ന ട്രാൻസ് സ്ത്രീ ജീവിതത്തിൽ വന്ന ശേഷം പ്രവീൺ സ്വയം തിരിച്ചറിഞ്ഞു.. ശ്രുതി സിത്താരയെന്ന് പേരു മാറ്റി. ജോലി നേടി സ്ത്രീയായി ജീവിതം തുടങ്ങി.
മറ്റു ട്രാൻസ് സ്ത്രീകളെ അപേക്ഷിച്ച് ശ്രുതി ഭാഗ്യവതിയായിരുന്നു. കുടുംബവും കൂട്ടുകാരും അവളെയും അവളുടെ താൽപര്യങ്ങളെയും എന്നും പിന്തുണച്ചു. ഈ പിന്തുണയാണ് ശ്രുതിയുടെ ചുവടുകളിടറാതെ പിടിച്ചു നിർത്തുന്നതും. സർക്കാരിന്റെ സാമൂഹികവികസന വകുപ്പിൽ ജോലി നേടി ശ്രുതി തിരുവനന്തപുരത്തെത്തി. ജോലിയിൽ അധികനാൾ തുടർന്നില്ല. സമ്പാദ്യവുമായി ശ്രുതി വീണ്ടും കൊച്ചിയിലെത്തി. ശസ്ത്രക്രിയയിലൂടെ സ്വപ്നം കണ്ടശരീരം സ്വന്തമാക്കി.
അഭിനയവും ഫാഷനും സൗന്ദര്യമത്സരവുമൊക്കെയായിരുന്നു ശ്രുതിയുടെ സ്വപ്നങ്ങൾ. ഒരു സ്വപ്നത്തിലെന്ന പോലെയുള്ള നേട്ടങ്ങളാണ് ശ്രുതിയെ പിന്നീട് തേടിയെത്തിയത്. 2018ലെ ക്യൂൻ ഓഫ് ദയാഹ് എന്ന സൗന്ദര്യപ്പട്ടം നേടി.