എട്ടു മക്കളുമായി ജീവിതം മുന്നോട്ടു തുഴയേണ്ട വഴിയറിയാതെ കുഴങ്ങുകയാണ് സുജ. ഇന്നുവരെ ഒരു കുറവും അറിയാതെ കുടുംബം പോറ്റിയ പ്രിയപ്പെട്ടവൻ സനിലിനെ മരണം ടിപ്പർ ലോറിയുടെ രൂപത്തിലെത്തി തട്ടിയെടുത്തു. പുലർച്ചെ നടന്ന അപകടം ആയതിനാല്‍ ഇടിച്ചിട്ട വണ്ടി പോലും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അമിത വേഗതയിലെത്തിയ ആ വണ്ടി ഇടിച്ചിട്ടത് ഒരമ്മയും എട്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നു. ഈ ലക്കം ‘വനിത’യിൽ പ്രസിദ്ധീകരിച്ച ലേഖനം അക്ഷരാർഥത്തിൽ കരളുരുക്കുന്നതാണ്.
കോട്ടയം അമയന്നൂരിലാണ് സുജയുടെ മക്കളും കഴിയുന്നത്. എട്ടു മക്കളിൽ ഏറ്റവും ഇളയവന്‍ സനൂപിന് വയസ്സ് മൂന്ന് ആയതേയുള്ളൂ. എന്നും തന്നെ തോളിൽ ചായ്ച്ചുറക്കുന്ന അച്ഛൻ ഇനി വരില്ലെന്നു പോലും അവന്‍ മനസ്സിലാക്കിയിട്ടില്ല. മൂത്തവൻ കൃഷ്ണദാസ് പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കൂന്നു. അമ്മയെയും ഇളയ സഹോദരങ്ങളെയും നോക്കേണ്ട ചുമതല തന്നിലാണെന്ന് അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പതിനെട്ടു വർഷങ്ങൾക്കു മുൻപാണ് സനിലിന്റെ ജീവിതത്തിലേക്ക് സുജ എത്തുന്നത്. വടവാതൂരു നിന്ന് അമയന്നൂരിൽ പണിക്ക് വന്നപ്പോഴാണ് സനൽ സുജയെ ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. സുജ ക്രിസ്ത്യാനിയാണ്, സനിൽ ഹിന്ദുവും. അതുകൊണ്ട് കല്യാണത്തിന് വീട്ടുകാർ സമ്മതിച്ചില്ല. എല്ലാവരെയും എതിർത്തുകൊണ്ടായിരുന്നു കല്യാണം. തടിപ്പണി ചെയ്താണ് സനിൽ കുടുംബം പോറ്റിയിരുന്നത്. തെങ്ങു കയറാനും പോകും. ഭാര്യ ജോലിക്കു പോകുന്നത് സനിലിന് ഇഷ്ടമുണ്ടായിരുന്നില്ല. പണി മുടക്കി ഒരിക്കൽ പോലും വീട്ടിൽ ഇരിക്കില്ല. മക്കൾക്ക് എല്ലാവർക്കും മുത്തം കൊടുത്തും അവരിൽ നിന്നു വാങ്ങിയും ആയിരുന്നു എന്നും ഇറങ്ങുക. മരണ ദിവസം ഒഴിച്ച്.
വടവാതൂരിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ കല്യാണത്തിന് വെളുപ്പിന് പോയതാണ് സനിൽ. സ്കൂട്ടറെടുത്ത് ഇറങ്ങാൻ നേരത്ത് ഹെൽമറ്റ് മറന്നു. സുജ അത് ശ്രദ്ധിച്ചപ്പോഴേക്കും വണ്ടിയെടുത്ത് പോയിരുന്നു. അവസാനമായി പോകാനിറങ്ങുമ്പോൾ മക്കൾക്കാർക്കും അച്ഛനെ ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല. പിന്നെ, കാണുന്നത് മെഡിക്കൽ കോളജിൽ ബോധമില്ലാതെ കിടക്കുന്ന സനിലിനെ. എപ്രിൽ 21ാം തീയതി പുലർച്ചെ ഏഴു മണിയോടു കൂടി കോട്ടയം കളത്തിപ്പടിയിൽവച്ചാണ് സനിൽ അപകടത്തിൽ പെടുന്നത്. എതിര്‍ദിശയിൽ വളവു തിരിഞ്ഞ് പാഞ്ഞു വ ന്ന ടിപ്പർ ലോറി ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനിലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കിടന്ന സനിൽ 27ാം തീയതി പ്രിയപ്പെട്ടവരുടെയെല്ലാം പ്രാർഥനകളും കാത്തിരിപ്പും വിഫലമാക്കി, ഭാര്യയെയും എട്ടു മക്കളെയും അനാഥരാക്കി ദൂരെ മറഞ്ഞു.

ളാക്കാട്ടൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹ്യൂമാനിറ്റിസ് വിദ്യാർഥിയാണ് കൃഷ്ണദാസ് പഠിക്കുന്നത്. മികച്ച ചിത്രകാരൻ കൂടിയാണ്. പെൻസിൽ ഡ്രോയിങ് മൽസരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പഠിച്ച് സർക്കാർ ജോലി നേടുകയായിരുന്നു ലക്ഷ്യം. എന്നാലിന്ന്, ഈ കൗമാരക്കാരന്റെ മനസ്സിൽ പെട്ടെന്ന് എന്തെങ്കിലുമൊരു ജോലി നേടണമെന്ന ചിന്ത മാത്രമേ ഉള്ളൂ. സഹോദരങ്ങളിൽ ആറു പേരും അമയന്നൂർ ഹൈസ്കൂളിലെ വിദ്യാർഥികളാണ്. കൃഷ്ണപ്രിയ പത്താം ക്ലാസ് പരീക്ഷ എഴുതി നിൽക്കുന്നു. യദുവും ജ്യോതിയും ഈ വർഷം പത്തിലാണ്. സബിത എട്ടിലേക്കും അതുൽ ആറിലേക്കും സനിത നാലിലേക്കും. ഏറ്റവും ഇളയവനായ സനൂപിന് മൂന്നു വയസ്സേ ആയിട്ടുള്ളൂ. അച്ഛൻ ഇനി വരില്ലെന്ന് അറിയാതെ, കൈയിലൊരു കാറ്റാടിയും പിടിച്ച് മുറ്റത്തെല്ലാം ഓടിനടക്കുന്ന സനൂപിനോട് പറയാന്‍ സുജയ്ക്ക് കഥകളൊന്നും അറിയില്ല.
സനിലിന്റെ അപ്രതീക്ഷിതമായ മരണം ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം അക്ഷരാർഥത്തിൽ ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്. ആകെയുള്ള മൂന്നു സെന്റിൽ രണ്ടു മുറികൾ മാത്രമുള്ള പണി തീരാത്ത വീട്ടിലാണ് അമ്മയും എട്ടു മക്കളും കഴിയുന്നത്. അടച്ചുറപ്പുള്ള വാതിൽ പോലുമില്ലാത്ത കൊച്ചു കൂര. സനില്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനമാർഗം. എതിരെ വന്ന വാഹനമോടിച്ചയാളുടെ ഒരു നിമിഷത്തെ അശ്രദ്ധയ്ക്കു കൊടുക്കേണ്ടി വന്ന വില ഇവരുടെ അത്താണിയായിരുന്നു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക