Wednesday 17 January 2018 11:23 AM IST

ദൈവത്തിന്റെ പരീക്ഷണങ്ങളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച ദമ്പതികൾ!

Lakshmi Premkumar

Sub Editor

betti-sunny2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദൈവത്തിന്റെ അനുഗ്രഹം ഒരു കുഞ്ഞു ജീവന്റെ തുടിപ്പായി സ്പന്ദിച്ചു തുടങ്ങിയെന്ന് അറിഞ്ഞതു മുതൽ സണ്ണിയുടേയും ബെറ്റിയുടേയും വീട്ടിൽ സന്തോഷം ആർത്തിരമ്പി. കുഞ്ഞിക്കാലു കാണാനായി കാത്തിരുന്ന ആ ഒമ്പത് മാസം ഒരുപാട് സ്വപ്നങ്ങൾ നെയ്തു. ഒരു ഡിസംബർ മാസം  രാത്രി അച്ഛന്റേയും അമ്മയുടേയും സ്നേഹത്തൊട്ടിലിലേക്ക് പ്രതീക് വന്നു. കുഞ്ഞിക്കൈകളും കാലുകളും ഇളക്കി അവന്റെ ചിരിയും കളിയും നിരീക്ഷിച്ച് നിഴലുപോലെ അച്ഛനും അമ്മയും പ്രതീകിന് ചുറ്റും നിരന്നു. ഒപ്പം വല്യപ്പച്ചനും അമ്മച്ചിയും. ‘‘ആദ്യ കുഞ്ഞ് മകനായതിൽ ഏറെ സന്തോഷിച്ചു. എന്നാൽ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു.’’ ബെറ്റി ഒാർമിക്കുന്നു.

കുട്ടി ശബ്ദങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞത് അടുത്ത വീട്ടിലെ സുഹൃത്താണ്. എത്ര വലിയ ശബ്ദം കേൾക്കുമ്പോഴും അവൻ  ഒന്ന് ഞെട്ടുക പോലും ചെയ്യാതെ യാതൊരു ഭാവമാറ്റവുമില്ലാതെ ചിരിക്കുന്നു. എന്നാൽ അമ്മയുടെ മനസ്സ് അത് അംഗീകരിക്കാൻ തയാറല്ലായിരുന്നു. പരീക്ഷിക്കാനായി പല ശബ്ദങ്ങളും അവന്റെ പു റകിൽ നിന്ന് കേൾപ്പിച്ചു. പക്ഷേ, പ്രതീക് ആ സമയമെല്ലാം തിരിഞ്ഞു നോക്കി. അത് സന്തോഷത്തിന്റെ തിരിനാളമായിരുന്നു. മകന് കുഴപ്പമൊന്നുമില്ലെന്ന് അമ്മ മനസ്സിൽ ആണയിട്ട് ഉറപ്പിക്കുകയായിരുന്നു.

വീടിന്റെ വെളിച്ചമണഞ്ഞ ദിനം

ഒരാശ്വാസത്തിനാണ് ബെംഗളൂരുവിലെ ഇഎൻടി സ്പെഷലിസ്റ്റിന്റെ അടുത്തെത്തിയത്. അന്ന് ഡോക്ടർ നടത്തിയ ടെസ്റ്റുകളിലൊന്നും കുഴപ്പമുണ്ടായിരുന്നില്ല. ചെവിക്കായ കൂടുതലുള്ളതു കൊണ്ടാകാം ചിലപ്പോൾ കേൾക്കാത്തത് എന്നു പറഞ്ഞ് ഡോക്ടർ അതിനുള്ള മരുന്ന് കുറിച്ച് തന്നു. മൈസൂരിലെ പ്രമുഖനായ ഒരു സ്പീച് ആൻഡ് ഹിയറിങ് സ്പെഷലിസ്റ്റിന്റെ അടുത്ത് പോകുമ്പോൾ ഇത് അവസാനത്തെ പരീക്ഷണമാണെന്ന് ബെറ്റിയും സണ്ണിയും ഉറപ്പിച്ചിരുന്നു. എന്നാൽ അന്നാണ് ദൈവത്തിന്റെ യഥാർത്ഥ വിധി വന്നത്.  

ടെസ്റ്റുകളുടെയെല്ലാം ഫലം വന്നപ്പോള്‍ കുഞ്ഞു പ്രതീകിന് കേൾവിശക്തി അഞ്ചുശതമാനം മാത്രം. കാതടപ്പിക്കുന്ന ശബ്ദങ്ങളോട് അവൻ പ്രതികരിക്കുന്നില്ല. ഏതോ  ഒരു ഫ്രീക്വൻസിയിൽ മാത്രമേ ശബ്ദം കാതിൽ എത്തുന്നുള്ളൂ. അപ്പച്ചന്റേയും അമ്മച്ചിയുടേയും കൺമണി അമ്മ പാടിയ താരാട്ടുകളൊന്നും ഇതുവരെ കേട്ടിട്ടില്ല. പുറകിൽ നിന്നും ശബ്ദമുണ്ടാക്കുമ്പോൾ ആ ശബ്ദം കേട്ടിട്ടല്ല, മറിച്ച് അമ്മയെ കാണാനാണ് അവൻ പുറകോട്ട് നോക്കി ചിരിച്ചത്. ഇനിയെന്ത് ചെയ്യണം? ബെറ്റിക്കും സണ്ണിക്കും മുന്നിൽ ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുഖത്തോടു മുഖം നോക്കി നിന്നു.

‘‘കേൾവിശക്തിയില്ലാത്ത എത്രയോ കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ, സ്വന്തം ജീവിതത്തിലുണ്ടാകുമ്പോഴേ ആ വേദന മനസ്സിലാകൂ. എന്തു തെറ്റ് ചെയ്തിട്ടാണ് ദൈവം ഇങ്ങനെയൊരു ശിക്ഷ കരുതി വച്ചതെന്ന് അറിയാതെ പല നാളുകൾ.’’ പക്ഷേ, വിധിക്കു മുന്നിൽ പകച്ചു നിൽക്കാൻ ആ അച്ഛൻ ഒരുക്കമല്ലായിരുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസവും ഏറ്റവും നല്ല കരുതലും മകന് നല്‍കണമെന്നത് ഉറച്ച തീ രുമാനമായിരുന്നു.

‘‘സാധാരണ നമ്മുടെ നാട്ടിൽ എല്ലാവരും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ സ്പെഷൽ സ്കൂളിൽ വിടുകയാണ് പതിവ്. അവരിൽ കേൾവിക്ക് വൈകല്യമുള്ളവരും, സംസാരവൈകല്യമുള്ളവരും ഉൾപ്പെടും. യഥാർഥത്തിൽ കേൾവിയില്ലാത്ത കുട്ടികൾക്ക് സംസാരിക്കാൻ പ്രശ്നമുണ്ടാകില്ല. പ്രതീക് കേൾവി തകരാറ് മാത്രമുള്ള കുട്ടിയായിരുന്നു.’’ മകൻ ആംഗ്യഭാഷയുടെ ലോകത്തേക്ക് പോകരുതെന്ന് അച്ഛൻ നിർബന്ധം പിടിച്ചു. പ്രയോജനപ്രദമായ വിദ്യാഭ്യാസം നൽകാൻ ഉചിതമായ സ്ഥലമേതാണെന്നുള്ള തിരച്ചിലായിരുന്നു പിന്നീട്. അങ്ങനെയാണ് ചെന്നൈ അഡയാറിലുള്ള ബാല വിദ്യാലയത്തെ കുറിച്ച് അറിഞ്ഞത്.

betti-sunny3 പ്രതീകും ഭാര്യ ലിസയും.

മദ്രാസിലെ അഞ്ചു വർഷം

കേൾവിശക്തിയില്ലാത്ത കുഞ്ഞുങ്ങളുടെ ലോകമാണ് ബാല വിദ്യാലയം. ആറ് മാസം മുതൽ അഡ്മിഷൻ തുടങ്ങും. അഞ്ച് കൊല്ലമാണ് ട്രെയിനിങ്. കുഞ്ഞുങ്ങളുടെ സംസാരശേഷി രൂപീകരിക്കുന്ന ഈ സമയത്ത് അവർ നേടുന്ന ട്രെയിനിങ്ങാണ് അവരെ ‘സ്പെഷൽ ചിൽഡ്രൻ’ എന്ന മുദ്രയിൽ നിന്നും മാറ്റുന്നത്. പിന്നെ, കൂടുതൽ ചിന്തിക്കാനില്ലായിരുന്നു. കുടുംബം ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടി കയറി.  

ഒന്നേമുക്കാൽ വയസ്സുള്ള പ്രതീകുമായി അമ്മ നിത്യവും രാവിലെ ക്ലാസിലെത്തും. കുഞ്ഞിനേക്കാൾ കൂടുതൽ അമ്മയ്ക്കാണ് ക്ലാസ്സുകൾ. അമ്മയുടെ മടിയിലിരുന്ന് കുഞ്ഞും അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വച്ച് തുടങ്ങും. കഠിനമായ ക്ലാസുകളാണ് പലപ്പോഴും. അമ്മയുടെ ചുണ്ടിന്റെ അനക്കത്തിലൂടെയാണ് കുഞ്ഞ് അവന്റെ ലോകം കണ്ടെത്തുന്നത്. ഏതെങ്കിലും ഒരു ഭാഷ മാത്രമേ ഉപയോഗിക്കാവൂ. എപ്പോഴും ഉപയോഗപ്രദമായതു കൊണ്ട് ഇംഗ്ലിഷാണ് പ്രതീക്കിനായി തിരഞ്ഞെടുത്തത്.  

ഒന്നര വയസ്സുള്ള കുഞ്ഞിനെ ക്ലാസിലിരുത്തുകയെന്നത് ശ്രമകരമായുള്ള ജോലിയായിരുന്നു. അന്നത്തെ പാഠങ്ങൾ വീട്ടിൽ വന്നും കുഞ്ഞിനെ പഠിപ്പിക്കണം. പഠനം കഴിഞ്ഞാൽ മറ്റുകുട്ടികൾക്കൊപ്പം സാധാരണ സ്കൂളിൽ പഠിക്കാമെന്നതാണ് എല്ലാത്തിനും ശക്തി നൽകിയത്. പക്ഷേ, അ‍ഞ്ചു വർഷങ്ങ ൾക്കു ശേഷം തിരികെ ബെംഗളൂരുവിൽ എത്തിയ പ്രതീകിനെ ഏറ്റെടുക്കാൻ ഒരു സ്കൂളും തയാറായില്ല. ഈ കുട്ടി എങ്ങനെ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച് മുന്നേറും എന്ന സ്കൂൾ മാനേജ്മെന്റിന്റെ ചോദ്യത്തിന് ‘നിങ്ങൾ എൻട്രൻസ് പരീക്ഷ നടത്തി നോക്കൂ’ എന്നാണ് അച്ഛൻ മറുപടി പറഞ്ഞത്. ഒന്നാം ക്ലാസ്സിലേക്ക് നടത്തിയ എൻട്രൻസ് പരീക്ഷയിൽ പ്രതീകിന് ഉന്നത വിജയം. ദൈവം വിരൽ തൊട്ട നിമിഷങ്ങൾ.  

വിജയക്കുതിപ്പിലേക്കുള്ള പടവുകൾ

എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് വാങ്ങി അദ്ഭുത കുട്ടിയായിട്ടാണ് പ്രതീക് സെന്റ് ആന്റണീസ് സ്കൂളിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ ചേർന്നത്. പിന്നീടൊരിക്കൽ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പഠന വിഷയങ്ങളിലെ പ്രതീകിന്റെ മികവ് കണ്ട് സണ്ണിയുടെ ബന്ധുവാണ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. പ്ലസ്ടൂ പഠനം അമേരിക്കയിലായിരുന്നു. ഔട്ട് സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡും സ്വന്തമാക്കിയാണ്  പ്രതീക് പന്ത്രണ്ടാം ക്ലാസ്സിന്റെ പടിയിറങ്ങിയത്.

‘‘ഇനിയുള്ള പഠനവും ജീവിതവും അമേരിക്കയിൽ തന്നെ മതിയെന്നുള്ളത് മകന്റെ തീരുമാനമാണ്. അവനിപ്പോൾ അമേരിക്കയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ സീനിയർ ഐടി ഓഫിസറാണ്. വിവാഹം കഴിച്ചതും അമേരിക്കൻ പൗരത്വമുള്ള മലയാളി പെൺകുട്ടിയെ. മോനെ പോലെ തന്നെയാണ് മരുമകളും. അവരുടെ ലോകത്ത് ശബ്ദങ്ങളില്ലെങ്കിലും സ്നേഹം കുന്നോളമുണ്ട്.’’

ദൈവത്തിന്റെ രണ്ടാമത്തെ തീരുമാനം

പ്രതീകിന് എട്ടു വയസ്സുള്ളപ്പോഴാണ് രണ്ടാമതും അച്ഛനും അമ്മയുമാകാൻ പോകുന്ന വിവരം അറിഞ്ഞത്. വീടിന്റെ ഐശ്വര്യമായി ഇരട്ട പെൺകുട്ടികൾ അവരുടെ ജീവിതത്തിലേക്കെത്തി. ഒരു തവണ ദൈവം പരീക്ഷിച്ചതിനാൽ വീണ്ടും അതാവർത്തിക്കില്ലെന്ന് അവർ മനസ്സ് കൊണ്ട് ഉറപ്പിച്ചു. എങ്കിലും ഒരു സമാധാനത്തിന്, കുട്ടികൾ പിറന്നയുടൻ തന്നെ ടെസ്റ്റുകളെല്ലാം നടത്തി. ഒന്നിലും കുഴപ്പങ്ങളുണ്ടായില്ല. വീട്ടിൽ എത്തിയ ശേഷവും പാത്രങ്ങൾ നിലത്തിട്ടും മണി മുഴക്കിയും കുഞ്ഞുങ്ങളുടെ ചെവിക്ക് കുഴപ്പമൊന്നുമില്ലെന്ന് ആവർത്തിച്ച് ഉറപ്പിച്ചു. എന്നാൽ ദൈവം വരച്ചത് മറ്റൊന്നായിരുന്നു.

പ്രതീകിനെ പോലെ തന്നെ രണ്ടാമത്തെ ഇരട്ട കുഞ്ഞുങ്ങള്‍ക്കും ശബ്ദത്തിന്റെ ലോകമില്ല എന്ന് വൈകാതെ അറിഞ്ഞു. പത്തു ശതമാനം മാത്രമാണ് ശ്രവണശക്തി. ആ അമ്മയ്ക്ക് ഭൂമി മുഴുവൻ തനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി. ഇനി മുന്നോട്ട് എന്ത് ചെയ്യണം. മുന്നിലെ ഇരുട്ടിൽ ആ രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ മുഖം മങ്ങിപ്പോയത് വരെയേ ഓർമയുള്ളൂ.
‘‘അന്ന് വൈകുന്നേരം തന്റെ ഇയർ എയ്ഡ് ഈരി വച്ച് കുളിക്കാൻ പോയതാണ് പ്രതീക്. തിരിച്ച് വരുമ്പോള്‍ കാണുന്ന കാഴ്ച അനിയത്തിമാർ രണ്ടു പേരും കൂടി ഇയർ എയ്ഡ് എടുത്തു കളിക്കുന്നു. അവൻ  ഓടിച്ചെന്ന് അതു വാങ്ങി വച്ചു. എന്നിട്ട് ആംഗ്യരൂപത്തിൽ അവരോട് പറഞ്ഞു, ‘ഇത് ചേട്ടന്റെ മാത്രമാണ്. നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ഇതൊരിക്കലും തൊടരുത്.’

അനിയത്തിമാരും അവനെപ്പോലെ തന്നെയാണെന്ന് ആ കുഞ്ഞു മനസ്സിനോട് എങ്ങനെ പറയുമെന്നോർത്ത് ഞാൻ ആർത്ത് കരഞ്ഞു. ദൈവം എന്തിനാണ് ഇത്രയേറെ വേദനകൾക്കായ് മാത്രം ജീവിപ്പിച്ചത് എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ, സണ്ണിച്ചായൻ പറഞ്ഞു. എല്ലാവരുടേയും മുന്നിൽ മക്കളെ വളർത്തി മിടുക്കരാക്കി കാണിക്കുകയാണ് വേണ്ടത്. ഒരു വാതിൽ അടയ്ക്കുമ്പോള്‍ ദൈവം ധൈര്യത്തിന്റെ അദൃശ്യമായൊരു വാതിൽ തുറക്കുകയായിരുന്നു. ’’

യാതൊരു പരിഗണനകളും നൽകാതെ സാധാരണ കുട്ടികളെപ്പോലെ അവരെ വളർത്തി. ഡാൻസ് പഠിപ്പിച്ചു, ചിത്രം വരക്കാൻ പഠിപ്പിച്ചു. കോളജിൽ കലാതിലകങ്ങളായിരുന്നു രണ്ടു പേരും. ടീച്ചർമാരും കുട്ടികളുമെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്. കോളജ് ഫെയർവെൽ ദിവസം മക്കൾ എഴുതിക്കൊടുത്ത ഒരു നന്ദി പ്രസംഗം അവരുടെ ബെസ്റ്റ് ഫ്രണ്ട് വായിച്ചു. ടീച്ചർമാരും കുട്ടികളുമടക്കം എല്ലാവരും നിറകണ്ണുകളോടെയാണ് അ ത് കേട്ടത്. നല്ല മാർക്കോടു കൂടി മക്കൾ ഡിഗ്രി പാസായപ്പോൾ പ്രിൻസിപ്പൽ വിളിച്ചിട്ട് പറഞ്ഞു, ഇങ്ങനെ രണ്ട് മക്കളെ കിട്ടിയത് ബെറ്റിയുടെ ഭാഗ്യമാണെന്ന്. ഇത്രയും മതി.’’

bettisunny1