Wednesday 15 April 2020 04:19 PM IST

തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇങ്ങനെ ടെൻഷനടിച്ചാലെങ്ങനാ...! ഉല്‍കണ്ഠയകറ്റി മനസ്സിനെ ശാന്തമാക്കാനും കൈപ്പിടിയിലൊതുക്കാനും ഒരു വഴിയുണ്ട്

V N Rakhi

Sub Editor

tension

വേദിയില്‍ കയറിയപ്പോള്‍ ഭീകരമായ പേടിയും വിറയലും. മനസ്സില്‍ കണക്കുകൂട്ടിയതു പോലെ പ്രസംഗിക്കാനായില്ലെന്നോ നൃത്തം ചെയ്യാനോ പാട്ടു പാടാനോ കഴിഞ്ഞില്ലെന്നോ നിരാശപ്പെടാറുണ്ടോ ? സദസ്സിനെ അഭിസംബോധന ചെയ്യാന്‍ പോകുന്നതിനു മുമ്പ് അല്‍പനേരം ശ്വാസഗതി കൂട്ടുന്ന ഏതെങ്കിലും എയ്റോബിക് വ്യായാമം ചെയ്തു നോക്കൂ. പേടിയും ഉല്‍കണ്ഠയുമെല്ലാം എവിടെയോ പോയ് മറയുന്ന മാജിക് കാണാം. പരീക്ഷയ്ക്ക് പോകുമ്പോഴുള്ള ടെന്‍ഷന്‍ അനുഭവിക്കാത്തവരില്ല. എന്നാല്‍ നിത്യജീവിതത്തില്‍ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ടെന്‍ഷനും ഉല്‍കണ്ഠയുമായാല്‍ കാര്യങ്ങളുടെ പോക്ക് അത്ര ശരിയാകില്ലല്ലോ.

സാഹചര്യങ്ങളെയോ മാറ്റങ്ങളെയോ അഭിമുഖീകരിക്കാനുള്ള പേടിയാണ് ഉല്‍കണ്ഠയുടെ രൂപത്തില്‍ പുറത്തുവരുന്നത്. ഉല്‍കണ്ഠയകറ്റി മനസ്സിനെ ശാന്തമാക്കാനും കൈപ്പിടിയിലൊതുക്കാനും വഴിയുണ്ട്. വ്യായാമം എന്ന വഴി. വ്യായാമം ഹൃദയത്തിനും ശരീരത്തിന്റെയാകെ ആരോഗ്യത്തിനും മാത്രമല്ല മാനസിക ആരോഗ്യത്തിനും വളരെ ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഉല്‍കണ്ഠ കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നായി വ്യായാമത്തെ പല ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നതും അതുകൊണ്ടു തന്നെ. ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. ശരീരം മുഴുവനായി വിയര്‍ത്തൊഴുകി കിതയ്ക്കുന്ന തരത്തിലുള്ള കഠിനമായ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ഏയ്‌റോബിക് എക്‌സര്‍സൈസുകള്‍ അതായത് ശ്വസനവ്യായാമങ്ങള്‍ ഏതും കുറച്ചേറെ നേരം ചെയ്യണം. കയര്‍ ചാട്ടം, നീന്തല്‍, ജംപിങ്, ഓട്ടം, വേഗത്തിലുള്ള നടത്തം തുടങ്ങി കായികാധ്വാനമുള്ള വ്യായാമങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. വ്യായാമം ചെയ്യാന്‍ മടിയാണെങ്കില്‍ സൂംബ പോലുള്ള മോഡേണ്‍ നൃത്തങ്ങളോ ക്ലാസിക്കല്‍ നൃത്തങ്ങളില്‍ ഏതെങ്കിലുമോ പഠിക്കാം.

കഠിനമായി വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടും, കൂടിയ അളവില്‍ ശ്വാസമെടുക്കും, നല്ലപോലെ ദാഹിക്കുകയും ചെയ്യും. അപ്പോള്‍ തലച്ചോറില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടും. ഇതു തന്നെയാണ് ആങ്‌സൈറ്റിയുണ്ടാകുമ്പോഴും സംഭവിക്കുന്നത്. ഉത്കണ്ഠയുണ്ടാകുമ്പോള്‍ ഈ ഹോര്‍മോണ്‍ ഏറെ നേരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അത് ശരീരത്തിന് മറ്റ് പല രീതിയിലും ദോഷമായിത്തീരുകയും ചെയ്യും. എന്നാല്‍ വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഈ ഹോര്‍മോണ്‍ താനേ അടങ്ങി മനസ്സും ശരീരവും തണുക്കും. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിക്കും. പുതിയ നെറ്റ്വര്‍ക്കുകള്‍ വികസിക്കുകയും തലച്ചോറിന് ഉണര്‍വുണ്ടാകും, പുതിയ ആശയങ്ങള്‍ രൂപപ്പെടുകയും ചെയ്യും. ഇനി വൈകേണ്ട, ഉല്‍കണ്ഠയെ പിടിച്ചുകെട്ടാന്‍ ഈ വ്യായാമങ്ങളിലേതെങ്കിലും മുടങ്ങാതെ ശീലിച്ചു തുടങ്ങിക്കോളൂ.

വിവരങ്ങള്‍ക്ക് കടപ്പാട്;

ഡോ. കെ. അനില്‍കുമാര്‍
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
അന്‍സാര്‍ ഹോസ്പിറ്റല്‍, പെരുമ്പിലാവ്, തൃശൂര്‍.