Monday 29 June 2020 05:00 PM IST

‘തടി കൂടുതലാണ് ഫ്രെയിമിൽ കൊള്ളില്ല’; തടിച്ചിയെന്ന് പരിഹസിച്ചവർ ‘തടിതപ്പി’; ഇത് തീർഥയുടെ പ്രതികാരം

Binsha Muhammed

theertha-cover

മെലിഞ്ഞുണങ്ങിയ സുന്ദരിമാർക്കേ മോഡലിംഗിൽ സ്ഥാനമുള്ളൂ എന്ന അലിഖിത നിയമം പണ്ടേക്ക് പണ്ടേ ഉണ്ട്. മോഡലിംഗ് രംഗത്ത് ട്രെൻഡുകളും പരീക്ഷണങ്ങളും മാറി മറിയുമ്പോഴും അത്തരം അബദ്ധ ധാരണകളിൽ ജീവിക്കുന്നവർ അനേകം. ബോഡിഷെയ്മിങ്ങിൽ ചാലിച്ച പരിഹാസങ്ങള്‍ക്കൊടുവിൽ എല്ലാം തികഞ്ഞവരെന്നു ഭാവിക്കുന്ന മോഡലിംഗ് മുതലാളിമാർ ഇങ്ങനെ പറഞ്ഞു വയ്ക്കും. ‘തടി കുറച്ചിട്ട് വാ... അപ്പോ നോക്കാം.’

പക്ഷേ ആ ഡയലോഗും കേട്ട് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോരാൻ ഒരുക്കമല്ലായിരുന്നു തീർഥ അനില്‍കുമാർ. തടിയുടെ പേരിൽ ഗെറ്റ് ഔട്ട് അടിച്ചവരോട് മധുര പ്രതികാരം ചെയ്ത ആ പെണ്ണിന്റെ കഥയാണ് തടിയെ നോക്കി നെടുവീർപ്പിടുന്നവർക്ക് ആത്മവിശ്വാസം പകരുന്നത്. പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിൽ നായികയുടെ പുറകിൽ ആരു കാണാതെ ഒളിപ്പിച്ചു നിർത്തിയ തലശ്ശേരിക്കാരി മുൻനിരയിലേക്ക് നിശ്ചയദാർഢ്യം കൊണ്ട് നടന്നു കയറിയ കഥയാണിത്. ‘ഭൂതം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പോസ്റ്റ് െചയ്താൽ തടിച്ചിയെന്നു കൂവിയെത്തുന്ന ഫേക് ഐഡികളെ വക വയ്ക്കാതെ തീർഥ മുന്നേറുകയാണ്. അഭിനയവും മോഡലിങ്ങും ആങ്കറിങ്ങുമൊന്നും അൽപം തടിച്ച പെണ്‍‍കുട്ടികൾക്കു കൈവയ്ക്കാനാവാത്ത മേഖലയല്ലെന്നു തെളിയിക്കുന്നു ഈ യുവ സൈക്കോളജിസ്റ്റ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത വൈറൽ കഥ വനിത ഓൺലൈനോടു പങ്കുവയ്ക്കുമ്പോൾ നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു തീർഥയുടെ മുഖത്ത്...

theertha-1

‘തടി കൂടിയവർ മോഡലിങ്ങിനിറങ്ങിയാൽ കൊടുംപാതകം ചെയ്തു എന്ന മുൻവിധിയായിരുന്നു പലര്‍ക്കും. തടിയുള്ളവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഇന്നും പലരുടേയും ചവറ്റു കൊട്ടയിലാണ്. പക്ഷേ അവഗണനകളിൽ നിന്നും ഞാനെന്റെ ലക്ഷ്യത്തിലേക്ക് നടന്നു കയറി. ഒരു ആഡ് ഷൂട്ടിനായി ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അന്നു കൂടെ ഉണ്ടായിരുന്ന എല്ലാവരും സീറോ സൈസ് മോഡലുകൾ. എനിക്ക് തടി ഉണ്ട് എന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിർത്തി. ഒടുവിൽ പരസ്യം പുറത്തു വന്നപ്പോൾ അതിൽ ഞാനില്ല. പലവിധ മാഗസിനുകളിലും ട്രൈ ചെയ്തു, അപ്പോഴും കേട്ടു ഇതേ ഡയലോഗ്. പോയി ‘തടി കുറച്ചിട്ടു വാ...’

theertha-4

ആ വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം, സൗഹൃദങ്ങൾ തുടർന്നത് എതിർത്തപ്പോൾ ക്രൂരമായി ആക്രമിച്ചു! ബിഗ് ബോസ് താരത്തിന് മറുപടിയുമായി ശ്രീയ അയ്യർ

theertha-2

ഗുണ്ടു, ഉണ്ട എന്നിങ്ങനെ പല വട്ടപ്പേരുകളും വിളിക്കും. ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പക്ഷേ എല്ലാം പോസിറ്റീവായി എടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. തടിയുള്ളവർക്കും സ്വപ്നങ്ങളുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ലക്ഷ്യം. ഭൂതം എന്ന എന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മോഡലിംഗ് ഫൊട്ടോസുമായി സജീവമാണ്. എന്നെങ്കിലും ഒരു നാൾ ഒരു മാഗസിന്റെ കവർ ഗേളാകണം എന്നതാണ് എന്റെ വലിയ സ്വപ്നം. സിനിമ സ്വപ്നവും മനസിലുണ്ട്. വീട്ടുകാരും സുഹൃത്തുക്കളുമാണ് എന്റെ ആ സ്വപ്നത്തിനുള്ള വലിയ പ്രചോദനം. പ്രധാനമായും മോഡലിങ് കരിയറാക്കി മാറ്റണമെന്നാണ് ആഗ്രഹം

സിനിമയിലും ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഓൺലൈൻ ചാനലുകളിൽ ആങ്കറായും ഞാൻ തിളങ്ങിയിട്ടുണ്ട്. ഒടുവിൽ ചെയ്ത ഫോട്ടോഷൂട്ടോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പല മുൻനിര പേജുകളിലും ഫോട്ടോസെത്തി. തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വപ്നങ്ങളെ പിൻതുടരുന്നതിനു നിങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നത് തടസ്സമാകരുത്.– തീർത്ഥ പറഞ്ഞു നിർത്തി.