Friday 27 July 2018 11:33 AM IST

ഇഷ്ടങ്ങൾക്ക് രണ്ട് തട്ട് വേണ്ടാത്ത സഹോദരിമാർ ഇവിടെ ബിസിനസ് ചെയ്ത് തകര്‍ക്കുകയാണ്; ഇതാ പകര്‍ത്താം നല്ല കിടിലന്‍ വിജയകഥകൾ

Unni Balachandran

Sub Editor

sisters_finance

കമ്പനിയായി സഹോദരങ്ങൾ കൂടെയുണ്ടെങ്കിൽ സുഹൃത്തുക്കൾക്ക് പോലും രണ്ടാം സ്ഥാനമേ കാണൂ. പിണക്കങ്ങളും വഴക്കുകളും സ്ഥിരം കലാപരിപാടികളായി ഉണ്ടാകാം. പക്ഷേ, പരസ്പരം മനസ്സിലാക്കുന്നതിൽ പിശുക്ക് തീരെയുണ്ടാകില്ല. അതാണ് സഹോദരങ്ങൾ തമ്മിലുള്ള കൂട്ടിന്റെ വിജയരഹസ്യം. ബിസിനസ്സിലായാലും വീട്ടുകാര്യത്തിലായാലും മനസ്സിന്റെ ഈ ഐക്യമാണ് സിസ്റ്റേഴ്സിന്റെ ബലം. ഇങ്ങനെ പല മന്ത്രക്കൂട്ടുകളും പ്രയോഗിച്ച് ബിസിനസ്സിൽ തിളങ്ങുന്ന സിസ്േറ്റഴ്സിന്റെ വിജയകഥകൾ കേൾക്കാം.

കോഴിക്കോട്ടുകാരി ഷെമായലും ശുറൂക്കും പറയുന്നത് കേക്കുകളുടെ മധുരിക്കുന്ന വിജയകഥ. അതേ നാട്ടിൽ ടെനാസ്–ഫിദാൻ സഹോദരികളുടെ ഇഷ്ടം ചെരിപ്പ് ബിസിനസ്. തിരുവനന്തപുരത്ത് പെയിന്റിങ്ങിൽ മായജാലം തീർത്ത് പണം നേടുന്നവരാണ്. ആശയും ബിന്ദുവും, എറണാകുളത്ത് ബുട്ടീക്കിലൂടെ നെയ്ത വിജയകഥ പങ്കുവയ്ക്കുന്നു ദിവ്യശ്രീയും വിജയശ്രീയും.

ഷുഗർ സിസ്േറ്റഴ്സ്

fin01 കേക്ക് രുചികളോടൊപ്പം ഷെമായലും ശുറൂക്കും , ഫോട്ടോ: അരുൺപയ്യടിമീത്തൽ

‘കാണാൻ ഭംഗിയുണ്ട്. കഴിച്ചാൽ രുചിയും’ പറയുന്നത് കോഴിക്കോട്ടെ ഷുഗർ സിസ്േറ്റഴ്സ് ഷെമായൽ– ശുറൂക്ക് സഹോദരങ്ങളാണ്. കേക്കിൽ മധുരം നിറച്ച് വിളമ്പാൻ തുടങ്ങിയപ്പോൾ കേട്ടവരിൽ പലരും പഞ്ചാര പെങ്ങന്മാരെന്നു വിളിച്ചു കളിയാക്കി. 2014ൽ ഫെയ്സ്ബുക് പേജ് തുടങ്ങിയപ്പോഴാണ് ഷുഗർ സിസ്റ്റേഴ്സിന്റെ കേക്ക് രുചികൾ ആളുകളറിഞ്ഞതും ഓർഡർ ചെയ്തുതുടങ്ങിയതും.

‘കോഴിക്കോട് പ്രൊവിഡൻസ് കോളജില്‍ ബി.ബി.എയ്ക്ക് ചേർന്ന വർഷം സീനിയേഴ്സ് എന്നോട് കേക്ക് ഉണ്ടാക്കികൊണ്ടുവരാൻ പറഞ്ഞു. കേക്ക് എല്ലാവർക്കും ഇഷ്ടായി, അതായിരുന്നു ആദ്യത്തെ അംഗീകാരം. സുഹൃത്തുക്കൾക്കിടയിൽ മാത്രം കച്ചവടം ചെയ്തുപോകുമ്പോഴാണ്, പലരും ഫെയ്സ്ബുക്കിൽ പേജ് തുടങ്ങാൻ പറഞ്ഞത്. എത്ര ലൈക്ക് കിട്ടുമെന്ന് അറിയാൻ തമാശയ്ക്ക് തുടങ്ങിയതാണ് പേജ്. ആളുകള്‍ കൂടുതൽ ഓർഡർ ചെയ്യാൻ വന്നപ്പോഴാണത് ബിസിനസ്സായി ചിന്തിച്ചുനോക്കിയത്.’ ചേച്ചി ഷെമായൽ പറഞ്ഞു.

കൊതി പറഞ്ഞ രുചി

കേക്ക് ഉണ്ടാക്കുന്നതിൽ രണ്ടാളുടേയും ഗുരു ഉമ്മ അമലാണെങ്കിലും ഇവരാദ്യമായി കേക്കുണ്ടാക്കിയ കഥയിൽ പ്രധാന വേഷം കൊതിക്കാണ്. ഉമ്മയുടെ ‘സ്പെഷൽ ചോക്‌ലേറ്റ് മഡ്’ കേക്കാണ് പണ്ട് രണ്ടാളും സ്ഥിരമായി അകത്താക്കിയിരുന്നത്. കേക്ക് തീറ്റ കൂടി തടിച്ചികളായപ്പോൾ ഉമ്മ പറഞ്ഞു, ഇനി കേക്കു വേണമെങ്കിൽ തന്നെയുണ്ടാക്കി കഴിച്ചോണമെന്ന്. അങ്ങനെ കൊതി സഹിക്കാൻ പറ്റാതെ രണ്ടു സഹോദരിമാരും ചേർന്ന് ആദ്യമായി കേക്ക് ഉണ്ടാക്കി.

ചേച്ചി ഒരു വശത്തിരുന്ന് ‘കേക്കിന്റെ ബേക്കിങ്’ പരീക്ഷിക്കുമ്പോഴാകും അപ്പുറത്ത് അനിയത്തി പുതിയ എന്തെങ്കിലും റെസിപ്പിയും തപ്പികൊണ്ട് വരുന്നത്. എന്തൊക്കെ വ്യത്യസ്തമായി ചിന്തിച്ചാലും രണ്ടാളുടേയും ഇഷ്ടങ്ങളും ചേർന്നേ ഒരു കേക്കുണ്ടാകൂ,അത് തന്നെയാണ് ഷുഗർ സിസ്േറ്റഴ്സിന്റെ വിജയത്തിന്റെ മാജിക് മന്ത്ര.

ഏഴ് തട്ടുകളും ഏഴു ഫ്ലേവ റുകളുമുള്ള റെയിൻബോ കേക്കുകൾ കോഴിക്കോട് അവതരിപ്പിച്ചാണ് ഷുഗർ സിസ്േറ്റഴ്സ് ടേസ്റ്റിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്.

ഇരുപത്തിമൂന്നുകാരിയായ ഷെമായലും ഇരുപത്തിയൊന്നുകാരി ശുറൂക്കും ബിസിന സിൽ തിളങ്ങുന്നതിനു പിന്നിലുള്ള ശക്തി ബാപ്പ സലീമാണ്. രണ്ടാളുടേയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്ന ജോലി ഉമ്മയുടേതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ അസ്മാലാണ് രുചിയുടെ ന്യായാധിപൻ. ഷുഗർ സിസ്റ്റേഴ്സിന്റെ ഔദ്യോഗിക കേക്ക് ടേസ്റ്റർ. ഡോറയും ഛോട്ടാഭീമും ബാർബിയും നിറച്ചാണ് കേ ക്കുകൾ കുട്ടികളുടെ ജന്മദിനങ്ങളിൽ ഡ്യൂട്ടിക്കിറങ്ങുന്നത്. പിന്നെ, സീസണൽ തീം കേക്കുകൾ. ത്രീ ടയർ കേക്കുകളിലും, ത്രീഡി ഇഫക്ടുള്ള കേക്കുകളിലുമാണ് ഷുഗർ സിസ്േറ്റഴ്സിന്റെ പുതിയ പരീക്ഷണങ്ങളെല്ലാം. 50000 രൂപയാണ് ഷുഗർ സിസ്േറ്റഴ്സിന്റെ ശരാശരി മാസവരുമാനം.

‘ജോലികൾ കൃത്യമായി വിഭജിച്ചാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഞങ്ങൾക്ക് പറഞ്ഞ സമയത്ത് തന്നെ ഓർഡർ ഡെലിവർ ചെയ്യാൻ കഴിയുന്നത്.’ ഫറൂക്ക് കോളജിൽ അവസാനവർഷ ഇക്കണോമിക്സ് വിദ്യാർഥിനിയായ ശൂറൂക് പറയുന്നു.

ഇതുവരെ ചെയ്ത കേക്കുകളിൽ ഇരുവർക്കും പ്രിയം ദുൽഖർ സൽമാന്റെ കടുത്ത ആരാധകനു വേണ്ടി ചെയ്ത കേക്കാണ്. ദുൽഖറിന്റെ കഥാപാത്രങ്ങൾ ആയിരുന്നു തീം. ദുൽഖറിനു കുഞ്ഞ് ജനിച്ച വാർത്ത അറിഞ്ഞതുതൊട്ട്, പുത്തൻ ഐഡിയകൾ നിറച്ചൊരു കേക്ക് നേരിട്ട് ദുൽഖറിന് കൊടുക്കാനുള്ള അവസരവും കാത്തിരിക്കുകയാണ് രണ്ടാളും. പിന്നെയുമുണ്ട് സ്വപ്നങ്ങൾ. മധുരം നിറയ്ക്കുന്ന ബിസിനസ്സായി വീടിനു പുറത്തേക്ക് ഷുഗർ സിസ്റ്റേഴിസിനു വളരണം.

 

പെയിന്റിങ് സിസ്േറ്റഴ്സ്

fin2 പെയിന്റിങ്ങുമായി ആശയും ബിന്ദുവും, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

മ്യൂറലുകൾ വരയ്ക്കാനിഷ്ടമുള്ള ചേച്ചിയും ഈജിപ്ഷ്യൻ പെയിന്റിങ്ങുകളോട് ഭ്രമമുള്ള അനിയത്തിയും. തിരുവനന്തപുരംകാരാണ് പെയിന്റിങ് സിസ്േറ്റഴ്സായ ആശയും ബിന്ദുവും. രണ്ടു വർഷം മുൻപ് ജോലി രാജിവച്ച് ചിത്രകലയിലേക്ക് കടന്നുവന്ന ഇരുവർക്കും, പറയാനുള്ളതോ വ്യത്യസ്തമായ രണ്ടു കഥകളും.

‘അമ്മ സാവിത്രി വലിയ ഭക്തയായിരുന്നു. അമ്മയോടൊപ്പം വ്യാഴാഴ്ച ദിവസങ്ങളിൽ പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് പോകുമ്പോഴെല്ലാം അവിടുത്തെ ചുവർ ചിത്രങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അവയുടെ കഥകൾ കേട്ടു മനസ്സിലാക്കുകയും പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചതെങ്ങനെയെന്നും ആലോചിക്കുമായിരുന്നു. അങ്ങനെയാണ് മ്യൂറൽ പെയിന്റിങ് പഠിച്ചത്. പഠിച്ചു കഴിഞ്ഞപ്പോൾ ഇതൊരു ബിസിനസ്സാക്കിയാലോ എന്നു തോ ന്നി.’ ചേച്ചി ആശ പറഞ്ഞവസാനിപ്പിച്ചതും അനിയത്തി ബിന്ദു കഥ തുടർന്നു.

ചിത്രരചനയിലുമുണ്ട് രണ്ടാൾക്കും ഇത്തരം സമാനതക ൾ. ചേച്ചി പെയിന്റിങ് ചെയ്യുമ്പോൾ അനിയത്തി വെറുതേ ഇരിക്കാറാണ് പതിവ്. ചിത്രം പൂർത്തിയായ ശേഷം അനിയത്തിയുടെ നിർദേശങ്ങൾ നോക്കി മാറ്റം വരുത്തിയാണ് പെയിന്റിങ് അവസാനിപ്പിക്കുന്നത്, തിരിച്ചും അങ്ങനെ തന്നെ.

‘സ്കൂളിലെ സാമൂഹൃശാസ്ത്രമാണ് എന്റെ ക ഥയിൽ ട്വിസ്റ്റുണ്ടാക്കുന്നത്. ഈജിപ്ഷ്യൻ സംസ്കാരത്തെ പറ്റി ടീച്ചർ പറയുന്നതൊക്കെ ഭയങ്കര ആകാംക്ഷയോടെ കേട്ടിരിക്കും. ഒട്ടും പരിചയമില്ലാത്ത കാര്യമായിരുന്നിട്ടും എല്ലാമെനിക്ക് മനസ്സിൽ കാണാൻ പറ്റുമായിരുന്നു. പിരമിഡുകളും അ തിലെ പലതരത്തിലുള്ള അറകളിൽ മമ്മികളെ അടക്കം ചെയ്യുന്നതും മമ്മിഫിക്കേഷനുമൊക്ക ഒരുപാട് കാഴ്ചകൾ കാട്ടി തന്നു. ഇന്റർനെറ്റ് വന്നപ്പോൾ പഠനം അതിൽ നോക്കിയായി, പടം വരയ്ക്കണമെന്ന മോഹം അങ്ങനെയാണ് ഉണ്ടായത്.

യഥാർഥ ഈജിപ്ഷ്യൻ പെയിന്റിങ്ങുകൾ ‘പാപിറസ്’ പേ പ്പറുകളിലാണ് വരയ്ക്കുന്നത്. കിട്ടാവുന്നിടത്തു നിന്നെല്ലാം പെയിന്റിങ്ങുകൾ സംഘടിപ്പിച്ചാണ് വര തുടങ്ങിയത്.

ഈജിപ്ഷ്യൻ പെയിന്റിങ്ങുകൾക്ക് ഗ്ലോസിയായ ചായങ്ങളാണുള്ള ത്, ആഭരണങ്ങൾ ധാരാളം വരുന്നതുകൊണ്ട് തിളങ്ങുന്ന ചായങ്ങളും വേണ്ടിവരും. നിറങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് കടയിൽ കാണിച്ചാണ് ചായങ്ങൾ നിർണയിച്ചത്. വരയിലേക്ക് കൂടുതൽ കടന്നപ്പോഴാണ് പാത്രത്തിന്റേയും വാളുകളുടേയും ചിത്രങ്ങളൊക്കെ ഈജിപ്ഷ്യൻ അക്ഷരങ്ങളാണെന്ന് പോലും മനസ്സിലായത്.’ കൗതുകങ്ങളുടെ ലോകത്ത് നിന്ന് അനിയത്തി ബിന്ദു.

കൗതുകം കാര്യമായ കഥ

ചെറുപ്പത്തിൽ ക്രിസ്മസ് കാർഡുക ൾ ഉണ്ടാക്കിയിരുന്ന കൗതുകത്തിലാ യിരുന്നു എല്ലാറ്റിന്റേയും തുടക്കം. ജോലിയുടെ സമയത്തും ഒഴിവുകിട്ടു മ്പോഴും സുഹൃത്തുകൾക്കായി ഇരുവ രും പലതരം വസ്തുക്കൾ ചെയ്തുകൊ ടുക്കുമായിരുന്നു. ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഇരുവരും ജോ ലിയിൽ നിന്നും പടിയിറങ്ങി.

ഐടി ജോലി ഉപേക്ഷിച്ച് ആശയും വനിതാ കമ്മിഷനിലെ ജോലി വേണ്ടെന്ന് വച്ച് ബിന്ദുവും ബിസിനസ് ചെയ്യാൻ തീരുമാനിച്ചത് പണം മാത്രം ലക്ഷ്യമിട്ടല്ല. കാൻവാസിൽ നിന്നു കിട്ടുന്ന സന്തോഷവും അവർക്ക് വലുതായിരുന്നു.

മാസം ഇരുപതിനായിരം രൂപയാണ് ഇരുവരും പെയിന്റിങ് വഴി സമ്പാദിക്കുന്നത്. സുഹൃത്തുക്കൾ വഴിയാണ് കച്ചവടം നടക്കുന്നതെങ്കിലും, അത് കടകളിലേക്കും ഓൺലൈൻ മാർക്കറ്റിലേക്കും ഡവലപ് ചെയ്യാനുള്ള ആലോചനയിലാണ് ഇരുവരും.

‘ദേവിയേയും ക‍ൃഷ്ണനേയും ഗണപതിയേയുമാണ് കൂടുതലായും വരച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ സ മർപ്പിച്ച ക‍ൃഷ്ണചിത്രമാണ് ഇതുവരെ വരച്ചതിൽ ഏറ്റവും പ്രിയപ്പെട്ടത്. ഭഗവാന്റെ ചിത്രങ്ങൾ കണ്ട് മ്യൂറൽ വരകളിഷ്ടപ്പെട്ട എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.’ ആശയുടെ കണ്ണിൽ ഇന്നും ആഹ്ലാദം നിറയുന്നു.

ജോലി രാജിവച്ചതിനും ബിസിനസ്സിലേക്ക് പൂർണമായി ഇറങ്ങിയതിലും രണ്ടാൾക്കും സന്തോഷം മാത്രമേ ഉള്ളൂ. ഇപ്പോൾ അവധി ദിവസങ്ങളിൽ ഇരുവരും വീട്ടിൽ തന്നെ പെയിന്റിങ് ക്ലാസ്സുകൾ നടത്താറുണ്ട്.

പുതിയ പരീക്ഷണങ്ങളും ഡിസൈനുകളും ലക്ഷ്യവയ്ക്കുന്ന സഹോദരിമാർ അടുത്തതായി സാരിയിലേക്ക് മ്യൂ റൽ–ഈജിപ്ഷ്യൻ പെയിന്റിങ്ങുകൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്.

ഡിസൈനർ സിസ്േറ്റഴ്സ്

fin3 ഡിസൈനർ വസ്ത്രങ്ങളുമായി ദിവ്യശ്രീയും വിജയശ്രീയും, ഫോട്ടോ: സരിൻ രാംദാസ്

ചേച്ചി ഡിസൈൻ ചെയ്യിക്ക്, ബാക്കി കാര്യം ഞാനേറ്റു?

എന്തേറ്റു? ‘അല്ല മോഡൽ ഞാനായിക്കോളാം. എന്റെ കുറച്ച് കണ്ടീഷൻസ് അംഗീകരിച്ചാൽ മതി....’

‘അയ്യടാാാാ....’

സ്വച്ഛാ ബുട്ടീക്കിന്റെ സ്വന്തം ചേച്ചിയും അനിയത്തിയുമാണ് ദിവ്യശ്രീയും വിജയശ്രീയും. ചേച്ചി ബുട്ടീക്കിൽ പുതിയ ഡിസൈനുകൾ കൊണ്ടു വരുമ്പോൾ അനിയത്തി അതൊക്കെയിട്ട് കടയുടെ മോഡലാകാൻ റെഡിയായിരിക്കും......

‘രാജഗിരിയിൽ എംബിഎ കഴിഞ്ഞപ്പോഴാണ് ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഞാൻ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു. എന്തായാലും ഒന്നു സ്‍റ്റാർട്ട് ചെയ്തു നോക്കാൻ അനിയത്തി ധൈര്യം തന്നു. കൈയിൽ കാശില്ലാത്തതുകൊണ്ട് രണ്ട് വർഷം ജോലി ചെയ്തു സമ്പാദിച്ചിട്ട് മതി ബിസിനസ് എന്ന് തീരുമാനിച്ചിരുന്നു. കല്യാണത്തിന് ശേഷം ജോലി രാജിവച്ചു, ഭർത്താവ് വ്യാസ്ദേവിന്റെ സപ്പോർട്ടും കൂടെയായപ്പോൾ രണ്ടും കൽപിച്ച് ബിസിനസ്സിൽ ഇറങ്ങി.

‘ചെറുപ്പം മുതലേ ഡിസൈനിങ് വലിയ ഇഷ്ടമായിരുന്നു, അതുകൊണ്ടാകാം ബിസിനസ് ആലോചിച്ചപ്പോൾ മനസ്സിൽ ബുട്ടീക്ക് തെളിഞ്ഞുവന്നത്. ഏഴ് സാരികളിൽ വർക്ക് ചെയ്തത്, ഒരു പരീക്ഷണത്തിന് ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തുനോക്കി. ഒരാഴ്ചയ്ക്കുള്ളിൽ നല്ല സെ യിൽ നടന്നപ്പോൾ ഞങ്ങൾക്കതൊരു പ്രചോദനമായി.’ വിജയശ്രീ പറയുന്നു.

രണ്ട് ഇഷ്ടങ്ങൾ, ഒരു മനസ്സ്

ക്ലാസ്സി കുർത്തികൾ, സിഗാർ പാന്റ്സ്,പലാസോ എന്നിവ യുമായി അനിയത്തിയുടെ ഇഷ്ടങ്ങൾ മോഡേണാണ്. എന്നാൽ ധാരാളം എംബ്രോയിഡറി വർക്കുകളോ കളറുകളോ ഇല്ലാത്ത ഡ്രസ്സുകൾക്കാണ് ചേച്ചി പ്രാധാന്യം കൊടുക്കുന്നത്. സ്വച്ഛായുടെ വസ്ത്രങ്ങളെല്ലാം നോർത്ത് ഇന്ത്യയിൽ നിന്നുള്ളതാണ്. ശരാശരി മാസവരുമാനം രണ്ട് ലക്ഷം.

‘ചേച്ചി ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ എനിക്കത് വലിയ എക്സൈറ്റ്മെന്റായിരുന്നു. ആദ്യം മോഡലാകാൻ എനിക്ക് ചോക്‌ലേറ്റ്സ് വാങ്ങിത്തരുമായിരുന്നു. ഷോപ്പ് തു ടങ്ങിയപ്പോൾ ഞാനും സീരിയസ്സായി, കൂട്ടുകാരുടെ ഡ്രസ്സിങ് രീതികളും പുതിയ ഡിസൈനുമൊക്കെ കണ്ടുപഠിച്ചു. മോ ഡലിങ് ക്രേസ് കൂടി ഇപ്പൊ യുട്യൂബ് റഫറൻസ് എടുത്തു തുടങ്ങി. ’ ചിന്മയാ വിദ്യാപീഠത്തിലെ ബികോം മൂന്നാം വർഷ വിദ്യാർഥിനിയാണ് അനിയത്തിക്കുട്ടി വിജയശ്രീ.മക്കളുടെ കൂ ട്ടുബിസിനസിനു ഫ‍ുൾ സപ്പോർട്ടാണ് മാതാപിതാക്കളായ വി നോദ് കുമാറും ജയശ്രീയും.

2014ൽ സ്വച്ഛാ തുടങ്ങുമ്പോഴും ഇരുവരുടേയും പ്രായ വ്യത്യാസം തന്നെയായിരുന്നു ബിസിനസ്സിന്റെ പ്രധാന ഇൻവെസ്റ്റ്മെന്റ്. കാരണം ചേച്ചിയുടെ ഡിസൈനിങ്ങും ഇഷ്ടങ്ങളും മുപ്പത് വയസ്സിനു മുകളിലുള്ളവരെ ലക്ഷ്യം വയ്ക്കുമ്പോൾ, യുവത്വത്തിന്റെ മാറിമറിയുന്ന രുചികൾ അനിയത്തി ചോർത്തിക്കൊടുക്കുമെന്നത് ഉറപ്പായിരുന്നു. ചേച്ചിയും അനിയത്തിയും തന്നെയാണ് സ്വച്ഛയുടെ പ്രധാന മോഡലുകൾ.

‘ഷോപ്പിൽ വരുന്ന കസ്റ്റമേഴ്സിനെ മാനേജ് ചെയ്യാൻ എന്നേക്കാളും മിടുക്ക് അനിയത്തിക്കാണ്. വിജുവിന് വരുന്നവരുടെ മനസ്സിലെ ഇഷ്ടം മനസ്സിലാക്കാൻ പ്രത്യേക കഴിവുണ്ട്. വരുന്ന ആളുടെ ഇഷ്ടം മനസ്സിലാക്കാൻ കഴിഞ്ഞാൽ പകുതി ജോലി പൂർത്തിയായി. കസ്റ്റമേഴ്സും ഹാപ്പിയായിരിക്കും.ഞാൻ ഇല്ലാത്ത സമയത്ത് ഷോപ്പിൽ വരുന്ന പലരും പിന്നീട് വിളിച്ച് പറയാറുണ്ട്. നിങ്ങളുടെ അനിയത്തി മിടുക്കിയാ കേട്ടോ എന്ന്. ഏപ്പോഴുമൊന്നും ഇവളോടു ഞാൻ അത് ഷെയർ ചെയ്യാറില്ലെന്ന് മാത്രം. സെയിൽസ് കമ്മിഷൻ വേണമെന്ന് പറഞ്ഞാലോ?’ ദിവ്യ ചിരിയോടെ പറയുന്നു.

അപ്പൊ ബിസിനസ് ഷെയറൊക്കെ എങ്ങനെയാ?

അതാണോ ആദ്യം പറഞ്ഞ കണ്ടീഷൻ ?

‘ഞാൻ പാവമാ, ചേച്ചി ബുട്ടീക്കിലേക്ക് പർച്ചേസിന് പോകുമ്പോൾ എനിക്കാവശ്യമുള്ള ഡ്രസ്സൊക്കെ മേ ടിക്കാൻ പറയും. അത്രേയുള്ളൂ.... ’

എത്ര ഡ്രസ്സൊക്കെ അടിച്ചുമാറ്റാറുണ്ട്?

‘ചിലപ്പോൾ പർച്ചേസിന് പോയത് മു ഴുവനും’ ഒരു കള്ളച്ചിരി ചിരിച്ചെങ്കിലും ചേ ച്ചി അനിയത്തിയെ ചേർത്തുപിടിച്ചു.

ഫാഷൻ സിസ്േറ്റഴ്സ്

fin4 ചെരിപ്പുകൾക്കൊപ്പം ടെനാസും ഫിദാനും, ഫോട്ടോ: അരുൺപയ്യടിമീത്തൽ

ഊദിന്റെ നറുമണം നിറഞ്ഞു നിന്ന സ്വീകരണ മുറിയുടെ അകത്തളങ്ങളിലേക്ക് ഗസൽ ഗാനങ്ങൾ ഒഴുകിയെത്തി. പുറത്തു മഴ തകര്‍ത്തുപെയ്യാൻ തുടങ്ങിയപ്പോഴേക്കും HOH സഹോദരങ്ങൾ വന്നു. അഞ്ച് വർഷം മുൻപാണ് കോഴിക്കോടിന്റെ മണ്ണിൽ ‘ HOH ചെരിപ്പുകൾ’ കാൽ കുത്തിയത്. ഇന്നിപ്പോൾ കോഴിക്കോടിന്റെ ഫാഷൻ ഐഡന്റിറ്റിയുടെ ഭാഗമാക്കി മാറ്റി ടെനാസ്– ഫിദാൻ സഹോദരങ്ങൾ.

ഒരു വയസ്സിന്റെ വ്യത്യാസമേ ചേച്ചിയും അനിയത്തിയും തമ്മിലുള്ളൂ. അതുകൊണ്ടു തന്നെ ഇരുവരും നല്ല കൂട്ടുകാരികളാണ്. ബിസിനസ് തുടങ്ങുമ്പോഴേ ഏറ്റെടുക്കുന്ന വെല്ലുവിളിയുടെ വലുപ്പം ഇരുവർക്കും അറിയാമായിരുന്നു. വാടക കുറഞ്ഞൊരിടത്ത് ഷോപ്പ് തുടങ്ങാനാണ് ആദ്യം ശ്രമിച്ചത്. അവസാനം കിട്ടിയതോ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു സ്െറ്റയർകേസിന്റെ താഴെയുള്ള സ്ഥലം. പുറംനാടുകളി ൽ കാണാറുള്ളതുപോലെ ചെരിപ്പുകൾ ഭിത്തിയിൽ തൂക്കിയിട്ടും, പിങ്ക് ഇന്റീരിയർ ഡിസൈനുകൾകൊണ്ട് പെണ്ണിന്റെ കണ്ണുടക്കിച്ചും, റഫീക്കിന്റെയും ടെസ്നിന്റെയും മക്കൾ HOH ഒരു ബ്രാ ൻഡാക്കി മാറ്റി.

ഐഡിയ വന്ന വഴി

‘ബെംഗളൂരൂ ക്രൈസ്റ്റിൽ ബി.കോമിന് പഠിക്കുമ്പോൾ, കോളജിലിടാനായി വിലക്കുറവിൽ നല്ല ചെരിപ്പുകൾ കിട്ടുമായിരുന്നു.പഠനം കഴിഞ്ഞ് എന്തെങ്കിലും ബിസിനസ് തുടങ്ങിയാലോ എന്നാലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ചെരുപ്പുകളായിരുന്നു. കോഴിക്കോട് ആ സമയത്ത് കോളജ് കുട്ടികൾക്കായി അങ്ങനെയൊരു കടയില്ലായിരുന്നു. ഞങ്ങളുടെ ഡൈനിങ്റൂം ആലോചനകളായിരുന്നു HOHന്റെ അടിത്തറ.’ ടെനാസ്– ഫിദാൻ സഹോദരങ്ങൾ പറയുന്നു.

‘ചർച്ച കയറി കൊഴുത്തൊരു രാത്രിയിൽ കുറച്ചു ചെരിപ്പു കളുടെ ചിത്രങ്ങളുമായി ഞങ്ങൾ ഫെയ്സ്ബുക്ക് പേജ് തുടങ്ങി. പ്രതീക്ഷിച്ചതിലും വലിയ താൽപര്യമാണ് പലരും HOH ചെരുപ്പുകളോട് കാണിച്ചത്. അങ്ങനെയിരിക്കെ ഒരു ദിവസം സ്വീഡനിലെ ഫെയ്സ്ബുക് ഹെഡ് ഓഫിസിൽ നിന്ന് മെയിൽ വന്നു. അധികം പ്രമോഷനുകളും പരസ്യങ്ങളുമില്ലാതെ പേജിന് അത്രയധികം ഫോളോവേഴ്സ് വന്നതിനുള്ള അഭിനന്ദനമായിരുന്നു മെയിലിൽ. ഞങ്ങളുടെ ഉൽപന്നങ്ങളെയോർത്ത് ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നത്.

ഫെയ്സ്ബുക് വഴിയായിരുന്നു HOH ഓ ൺലൈൻ വിൽപനകൾ നടന്നിരുന്നത്. റീച്ച് കൂടാൻ ഇപ്പോൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നുണ്ട്. HOHന്റെ പർച്ചേസുകൾക്കായി ഡൽഹി, മുംബൈ, ബെംഗളൂരൂ ഇവിടെയൊക്കെ രണ്ടാളുമൊരുമിച്ചാണ് പോകാറുള്ളത്. ഒരുമിച്ചുള്ള യാത്രകളിൽ അടികൂടുന്നത് പഴ്സനൽ പർച്ചേസ് നടത്തുമ്പോഴാണ്. രണ്ടാള്‍ക്കും ഇഷ്ടമാകുന്നത് ഒരേ ഡ്രസ്സുകളാകും. അതുകൊണ്ട് ഒത്തുതീർപ്പാകാൻ അതേ ഡിസൈനുള്ള മറ്റൊരു ഡ്രസ് തപ്പിയെടുക്കുക തന്നെ വേണം. ഒരുലക്ഷം രൂപയാണ് സഹോദരങ്ങളുടെ മാസ വരുമാനം. അല്ല, ഈ HOH എന്ന പേര് എങ്ങനെ വന്നു?

‘ഹെഡ് ഓവർ ഹീൽസ് എന്നാണ് ‘HOH’ ന്റെ പൂർണരൂപം. ഇംഗ്ലിഷിലെ ഒരു പ്രയോഗമാണ് ‘ഹെഡ് ഓവർ ഹീൽസ് ഇൻ ലവ് വിത്ത് യൂ’ എന്നത്. ‘നിന്നിൽ ഞാൻ മതിമറന്നിരിക്കുന്നു’ എന്ന് അർഥം വരുന്ന ഒരു റൊമാന്റിക് സംഭവം. യഥാർഥത്തിൽ ഫോൾ ഇൻ ലവ് എന്നു പറയുന്നതിലും കുറച്ചൂടെ ഇൻവോൾവ്മെന്റ് ഉള്ളത് ഈ പ്രയോഗത്തിനാണ്. പിന്നെ, ഹീൽസ് എന്നു കൂടി ഉള്ളത് കൊണ്ട് ഞങ്ങൾ അതുറപ്പിച്ചു.’ പേരിന്റെ ‘ഗുട്ടൻസ്’ ചാടിക്കയറി പറഞ്ഞു തന്നത് അനിയത്തി ഫി ദാനാണ്. കോഴിക്കോട് പ്രൊവിഡൻസിൽ നിന്ന് ബി.ബി.എ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ HOH ഉത്തരവാദിത്തങ്ങളുമായി നടപ്പാണ് കക്ഷി.

‘കോളജ് വിദ്യാർഥികൾക്ക് ഓരോ ഡ്രസ്സിനും മാറ്റിമാറ്റിയിടാൻ, ചെരിപ്പുകൾ കുറഞ്ഞ വിലയിൽ നൽകുക എന്നതായിരുന്ന ആദ്യത്തെ ആശയം. 250, 350 രൂപയുടെ ചെരിപ്പുകൾക്കൊപ്പം അത്ര തന്നെയോ അതിലും താഴ്ന്നതോ വിലയിൽ ബാഗുകളും കീചെയ്നുകളും വച്ചാൽ അതിലേക്കും നോട്ടം പോകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോൾ കടയ്ക്ക് ‘ഫാഷൻ അണ്ടർ 499’ എന്നൊരു ടാഗ‌‌്ലൈനും കിട്ടി.’ ഫിദാൻ പറയുന്നു.

ഇപ്പോൾ HOH സഹോദരങ്ങൾക്ക് കൊച്ചിയിലും കണ്ണൂരിലും കടകളുണ്ട്. ബാഗുകൾക്കും കീചെയ്നുകൾക്കുമായി ഒരു ഷോപ്പും ബുട്ടീക്കും HOH ബ്രാൻഡിന്റേതായുണ്ട്. അടുത്ത ബിസിനസ് പ്ലാൻ എന്തെന്ന് ചോദിച്ചപ്പോൾ രണ്ടുപേരും ഉത്തരം പറഞ്ഞത് സന്തോഷത്തിന്റെ വലിയ ചിരിയാൽ.

‘അതൊക്കെ ബിസിനസ് സീക്രട്ട് അല്ലേ, ഇപ്പോൾ പറയാൻ പറ്റൂല്ല’ എന്ന മറുപടിയും ഒരേ സ്വരത്തിൽ.