കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുെട ആനന്ദനിർവൃതിക്കു പകരം വയ്ക്കാൻ എന്തുണ്ട് ഈ ലോകത്ത്? പക്ഷേ, ഇക്കാര്യം പറയുമ്പോഴും കേ ൾക്കുമ്പോഴുമുള്ള സുഖം കുഞ്ഞിനെ പാലൂട്ടിയുറക്കുമ്പോൾ അമ്മയുടെ മനസ്സിൽ നിറയാറുണ്ടോ? പാലൂട്ടലിലുണ്ടാകുന്ന പ്രശ്നങ്ങൾ അമ്മമാർക്ക് പിരിമുറുക്കം ഉണ്ടാക്കാറുണ്ട്. അത് ആസ്വാദ്യതയ്ക്ക് മങ്ങലുണ്ടാക്കും. മുലയൂട്ടൽ കൂടുതൽ കാ ലം തുടരാൻ ചില അമ്മമാർ മടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ആശങ്കകളും പ്രശ്നങ്ങളുമില്ലാതെ പാലൂട്ടലിന്റെ അനുഭൂതി നിറയ്ക്കാൻ ഒരിത്തിരി കരുതൽ മതി. ഇതാ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ.

∙ പ്രസവം കഴിഞ്ഞ് നാലാമത്തെയോ അഞ്ചാമത്തെയോ ദിവസമാകുമ്പോൾ മിക്ക സ്ത്രീകൾക്കും സ്തനത്തിൽ നീർക്കെട്ടോ വേദനയോ ഉണ്ടാകാറുണ്ട്. ഇതു തടയാനായി ധാരാളം വെള്ളം കുടിക്കണം. മുലഞെട്ട് മാത്രമല്ല ചുറ്റുമുള്ള ഏരിയോളയും കുഞ്ഞിന്റെ വായ്ക്കുള്ളിൽ ആണെന്നും പാൽ നല്ലപോലെ വലിച്ചു കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

∙ മുലഞെട്ട് വരളുന്നതും ചിലർക്ക് പ്രശ്നമാകാറുണ്ട്. മുലപ്പാൽ കുറച്ചെടുത്ത് ഞെട്ടിൽ പുരട്ടിയാൽ ആശ്വാസമാകും.

∙ തുടക്കത്തിൽ കുഞ്ഞ് പാലു കുടിക്കാൻ മടി കാണിക്കുന്നത് സ്വാഭാവികമാണ്. കുഞ്ഞിന് ബുദ്ധിമുട്ടില്ലാതെ ശ്വാസം വിടാൻ പറ്റുന്നുണ്ടോ എന്നും സ്തനങ്ങൾ കുഞ്ഞിന്റെ മൂക്കിനെ അടയ്ക്കുന്നുണ്ടോ എന്നും നോക്കുക. പാൽ വല്ലാതെ നിറഞ്ഞിരിക്കുന്നുണ്ടെങ്കിൽ പാലൂട്ടും മുമ്പ് കുറച്ചു പാൽ പിഴിഞ്ഞുകളയണം. കുഞ്ഞിന് വലിച്ചു കുടിക്കാൻ എളുപ്പമാകും.

∙ പാലു കുടിക്കാതെ ചില കുസൃതികൾ മുഖത്തേക്കു നോക്കി കളിപ്പിക്കാറുണ്ട്. പാലു കുടിക്കാൻ നിർബന്ധിക്കാതെ കുറച്ചു നേരം മറ്റെന്തിലേക്കെങ്കിലും കുട്ടിയുടെ ശ്രദ്ധ തിരിച്ചു വിടുക. അല്ലെങ്കിൽ കുഞ്ഞിനെ ചേർത്തു പിടിച്ച് അൽപനേരം നടക്കുക.

∙ ഇൻക്യുബേറ്ററിൽ കിടത്തേണ്ടി വരുന്ന കുഞ്ഞുങ്ങൾക്ക് ആ സമയത്ത് കുപ്പിപ്പാലു നൽകിയിട്ടുണ്ടെങ്കിൽ പിന്നെ മുലപ്പാൽ കുടിക്കാൻ മടിക്കും. കുപ്പിപോലെ തോന്നിപ്പിക്കാൻ നിപ്പിൾ ഷീൽഡ് വച്ച് മുലയൂട്ടൽ തുടങ്ങി സാവധാനത്തിൽ മാറ്റിയാൽ മതി.

∙ കുപ്പിപ്പാലു പോലെ അളന്ന് കൊടുക്കാനാകാത്തതുകൊണ്ട് കുഞ്ഞിന് വേണ്ടത്ര പാൽ കിട്ടിയോ എന്ന് അമ്മയ്ക്ക് ആശങ്ക തോന്നാം. പ്രകൃതി തന്നെ അതിനു വേണ്ട സംവിധാനമൊരുക്കിയിട്ടുണ്ട്. കുഞ്ഞിന്റെ ആവശ്യമനുസരിച്ചാണ് മുലപ്പാലുണ്ടാകുന്നത്. കൂടുതൽ തവണ പാലു കുടിച്ചാൽ കൂടുതൽ പാലുണ്ടായിക്കൊണ്ടിരിക്കും. കുഞ്ഞിന്റെ ഭാരം കൂടുന്നുണ്ടോ എന്നും ദിവസത്തിൽ ആറു തവണ നാപ്പി മാറ്റേണ്ടി വരുന്നുണ്ടോ എന്നും നോക്കുക. ഉണ്ടെങ്കിൽ കുഞ്ഞിന് വേണ്ട പോഷകങ്ങൾ മുലപ്പാലിലൂടെ കിട്ടുന്നുണ്ടെന്നു മനസ്സിലാക്കാം.

∙ കുഞ്ഞിന് സുഖമില്ലാത്തപ്പോഴും പതിവു പോലെ പാലൂട്ടാം. മൂക്കടപ്പോ ജലദോഷമോ ഉണ്ടെങ്കിൽ നേർത്ത തുണി കൊണ്ട് മൂക്ക് വൃത്തിയാക്കിയ ശേഷം പാലു കൊടുത്തോളൂ. ഇടയ്ക്കിടയ്ക്ക് ഇടവേളകൾ നൽകി പാൽ കൊടുക്കാം. വയറിളക്കമോ ഛർദ്ദിയോ ഉണ്ടെങ്കിലും കുറച്ചു നേരം വീതം കൂടുതൽ തവണ പാലൂട്ടാം.

∙ ഇനി അമ്മയ്ക്കാണ് അസുഖമെങ്കിലും മടി വിചാരിക്കേണ്ട. ഡോക്ടറോട് പാലൂട്ടുന്ന കാര്യം സൂചിപ്പിച്ച് കുഞ്ഞിനുദോഷകരമല്ലാത്ത മരുന്നുകൾ കഴിക്കാം. മുലഞെട്ടിൽ അണുബാധയുണ്ടെങ്കിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ കൊടുക്കാം.

∙ ആദ്യത്തെ ഒന്നോ രണ്ടോ മാസം കുഞ്ഞിന് ആവശ്യമെന്നു തോന്നുമ്പോഴെല്ലാം പാൽ കൊടുത്തോളൂ. നാലോ അഞ്ചോ മാസമായാൽ ഇക്കാര്യത്തിൽ സമയനിഷ്ട ഉള്ളതാണ് നല്ലത്. പാലൂട്ടിത്തീർന്ന സമയമല്ല, തുടങ്ങിയ സമയം മുതലാണ് കണക്കാക്കേണ്ടത്. ഉണരുമ്പോൾ ആദ്യം കൊടുക്കാം. കളികളിലൂടെയും പാട്ടുകേൾപ്പിച്ചും കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് പാലൂട്ടലിന്റെ ഇടവേളകളുടെ സമയം കൂട്ടാം. ∙