Tuesday 30 June 2020 05:02 PM IST

നിരോധിച്ചത് നന്നായേ ഉള്ളൂ; ടിക് ടോകിലെ കത്തിക്കയറൽ തീർന്നോ എന്ന് ചോദിക്കുന്നവർക്ക് ഡെവിൾ കുഞ്ചുവിന്റെ മറുപടി

Unni Balachandran

Sub Editor

devil-kunju112

നിരോധനമെന്ന് കേട്ടപാടെ സോഷ്യൽ മീഡിയയിൽ ടിക് ടോക് വിരോധികൾ മുഴുവൻ വാളും പരിചയുമെടുത്ത് പ്രമുഖൻമാരുടെ പിന്നാലെ വച്ചു പിടിച്ചിട്ടുണ്ട്. ‘ഇപ്പോ എന്തായി’ എന്ന മട്ടിൽ കളിയാക്കലുകളും കമകമന്റടിയും... ടിക് പ്രേമികളും വിരുദ്ധരും പരസ്പരം കൊമ്പുകോർത്തതോടെ സോഷ്യൽ മീഡിയയാകെ ബഹളമയം. . ടിക്ടോക്കിലൂടെ പ്രശസ്തയായ അനഘ എന്ന ഡെവിൾ കുഞ്ചുവിനു നേരെയുമെത്തി അല്ലറ ചില്ലറ വിമർശന ശരങ്ങൾ. ഒരുമാസം മുൻപേ ടിക്ടോകിനോട് താൻ ഗുഡ്ബൈ പറഞ്ഞിരുന്നു എന്ന് പറഞ്ഞിട്ടും കളിയാക്കലുകൾക്ക് മാത്രം സ്റ്റോപ്പില്ല. തന്നെ സ്റ്റാറാക്കിയ ടിക് ടോക്കിന്റേയും സോഷ്യൽ മീഡിയ പ്രതികരണങ്ങളുടേയും പശ്ചാത്തലത്തില്‍ ഡെവിൾ കുഞ്ചു മറുപടി പറയുകയാണ്.

ഞാൻ അര മണിക്കൂർ മുമ്പേ പുറപ്പെട്ടു’

ഡെവിൾ കുഞ്ചു എന്ന പേര് ഹിറ്റായതും, അനഘ എന്ന പേര് പോലും പലരും മറന്നതും ടിക് ടോക്കിന്റെ വരവോടെയാണ്. എന്നെ നാലളറിയുന്ന താരമാക്കിയതും ടിക് ടോക് തന്നെ, എല്ലാം സമ്മതിക്കുന്നു. പക്ഷേ, ടിക് ടോക് ബാൻ വന്നപ്പോൾ കത്തികയറൽ നിർത്തിയോ എന്നൊക്കെ ചോദിക്കുന്ന ചേട്ടൻമാർ ആരും, ഞാൻ ഒരു മാസം മുൻപ് ടിക്ടോക് നിർത്തിയ കാര്യം അറിഞ്ഞിട്ടില്ലെ എന്നതാണ് വലിയ തമാശ.

‘ബോയ്കോട്ട് ചൈനീസ് പ്രോഡക്ട്’ എന്ന ക്യാമ്പയിൻ വന്നപ്പോൾ തന്നെ ഞാൻ ടിക്ടോക്ക് നിർത്താൻ തീരുമാനിച്ചിരുന്നു. എയർഫോഴ്സിലായിരുന്ന അച്ഛന്റെ വാക്കുകൾ കൂടെ കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. കണ്ണുംപൂട്ടി അൺഇൻസ്റ്റാൾ!

ഫോളോ’ ചെയ്യേണ്ടത് രാജ്യത്തെ

ടിക് ടോക് പോയത് വല്യ പ്രശ്നമായി എനിക്ക് തോന്നുന്നില്ല. നമ്മുടെ രാജ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്ന ഒരു സാധനവും നമ്മൾ ഉപയോഗിക്കേണ്ട കാര്യമില്ലെന്നത് വളരെ വ്യക്തമായ കാര്യമാണല്ലോ . പിന്നെ, എന്റർടെയ്ൻമെന്റിന്റെ കാര്യം പറയുകയാണെങ്കിൽ അതൊക്കെ വളരെ നിസ്സാരമായെ എനിക്ക് തോന്നുന്നുള്ളു. അടിച്ചുപൊളിക്കാനുള്ള മൂഡ് ഉണ്ടെങ്കിൽ എന്തായാലും അതിന് പറ്റുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് ഇനി ടിക് ടോക് തന്നെ വേണമെന്നില്ല.

ഹേറ്റേഴ്സ് സ്റ്റെപ് ബാക്ക്

ടിക് ടോക് എല്ലാവർക്കും ചിരിക്കാനും സന്തോഷിക്കാനുമുള്ള മീഡിയം ആയിരുന്നു. എന്നാലിപ്പൊ , ടിക് ടോക്ക് കണ്ട് കുറ്റം പറയാനും കളിയാക്കാനുമാണ് തിടുക്കം. ഈ റോസ്റ്റിങ്ങും പരാതികളുമൊക്കെ ടിക് ടോക്കിന്റെ ഉപയോഗത്തെ നശിപ്പിച്ചു. മടുത്തുതുടങ്ങിയ സമയത്ത് ഇത് പോയത് നന്നായെന്നാണ് എന്റെ തോന്നൽ. പണ്ടാണെങ്കിൽ ടിക് ടോക്കിന്റെ ഭാഗത്ത് നിന്നുള്ള മോണിറ്ററിങ്ങുണ്ടായിരുന്നു. ഇപ്പൊ, അത് കൂടെ നിർത്തിയ സ്ഥിതിക്ക് വരുമാന മാർഗം പ്രമോഷനിലേക്ക് മാത്രമായി ചുരുങ്ങി. പ്രോമോഷന് വേണ്ടിയാണെങ്കിലും അല്ലാതെ വിഡിയോ ചെയ്യാനാണെങ്കിലും വേറെ ഇന്ത്യൻ ആപ്ലിക്കേഷനുകളുള്ള സാഹചര്യത്തിൽ വെറുതേ ടിക് ടോക്കിന് വേണ്ടി ബഹളമുണ്ടാക്കുകയേ വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. – അനഘ പറഞ്ഞു നിർത്തി.

ഡെവിൾ കുഞ്ചു എന്ന പേര് ഉപയോഗിച്ച് തന്നെ ഇനി യൂട്യൂബിലും ഫുഡ് വ്ലോഗും വിഡിയോയുമിടാനുള്ള പ്ലാനിലാണ് അനഘ. ചാലക്കുടി സേക്രട് ഹാർട്സ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ് അനഘ.