Tuesday 30 June 2020 05:06 PM IST

‘ഡാൻസ് അറിയാത്ത എന്നെ നർത്തകിയാക്കിയ ടിക് ടോക്; വിട്ടുപോകുന്നതിൽ സങ്കടമുണ്ട്’; ടിക് ടോക് പ്രിയതാരം മീനു ലക്ഷ്മി പറയുന്നു

Unni Balachandran

Sub Editor

meenuhbhbvg

"ഇന്നലെയായിരുന്നു എന്റെ ബെർത്ത് ഡേ സെലിബ്രേഷൻ. ആ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരുന്നു ടിക് ടോക് ബാൻ ചെയ്ത വാർത്ത കേട്ടത്. എപ്പോൾ വേണമെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് കരുതിയിരുന്നു. പക്ഷെ..."- സംസാരത്തിലും മീനുവിന് സങ്കടം. ഡാൻസർ പോലുമല്ലാതിരുന്ന മീനു ലക്ഷ്മിയെ ഇത്രയ്ക്ക് പോപ്പുലറാക്കിയ മീഡിയത്തോടുള്ള നന്ദി സൂചിപ്പിച്ചുകൊണ്ടാണ് ടിക് ടോക് ഓർമകൾ വനിത ഓൺലൈനുമായി പങ്കുവച്ചത്.

"എനിക്കു പരിചയം പോലുമില്ലാത്ത എന്റെ ഒരുപാട് നല്ല ഫ്രണ്ട്സ് പോകുന്നതിൽ സങ്കടമുണ്ട്. അതാണ് പ്രധാനം. സിനിമാനടൻമാർക്കൊക്കെ കിട്ടുന്ന പോലെ പ്രശസ്തി കിട്ടുക, നാലാൾ അറിയുക എന്നൊക്കെ പറയുന്നത് വല്യകാര്യമല്ലേ. അതുപോലെ വല്യ കമ്പനികളൊക്കെ നമ്മളുടെയടുത്ത് പ്രമോഷനുവേണ്ടി കോൺടാക്ട് ചെയ്യുക എന്നൊക്കെ പറയുന്നത് ഞാൻ സ്വപ്നം പോലും കാണാത്ത സംഭവമാണ്. അതൊക്കെ തന്ന ടിക് ടോക് പോകുമ്പോൾ നല്ല വിഷമമുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ വല്യ കാര്യമാണ് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സർക്കാരിന്റെ തീരുമാനങ്ങളും. തൽക്കാലം അതാലോചിച്ച് വിഷമം മറക്കാമെന്ന് കരുതുകയാണിപ്പോൾ."

ടിക് ടോക് തുടക്കം

കഴിഞ്ഞ പ്രളയത്തിന് കസിൻസെല്ലാം വീട്ടിൽ വന്നപ്പോൾ ഒരു തമാശയ്ക്ക് ചെയ്തു നോക്കിയ വിഡിയോ വഴിയാണ് ഞാൻ ടിക് ടോക്കിലേക്ക് എത്തിയത്. അതുവരെ സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ, ആ വിഡിയോയ്ക്കു കിട്ടിയ നല്ല കമന്റുകൾ കണ്ടാണ് കൂടുതൽ വിഡിയോസ് ചെയ്തത്. അതുകഴിഞ്ഞ് ചേട്ടൻ മിത്രയുടെ സഹായം കൊണ്ടായിരുന്നു വിഡിയോ ഷൂട്ടിങ്ങൊക്കെ. 

ഒരിക്കൽ അച്ഛൻ എനിക്കുവേണ്ടി ഒരു വിഡിയോ ഷൂട്ട് ചെയ്തു തരാനായി വന്നു. മോഹമുന്തിരി എന്ന പാട്ടിന്റെ വിഡിയോ ആയിരുന്നു. അത് ഭയങ്കരമായി ഹിറ്റായി. അച്ഛന്റെ രാശിയാണ് വിഡിയോ ഹിറ്റാകാൻ കാരണമെന്ന് ചേട്ടനും കളിയാക്കി പറഞ്ഞു. സംഭവം സത്യമായി, ആ വിഡിയോയോടെ നല്ല രീതിയിൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ടിക്ടോക്കിലൂടെ പ്രമോഷൻസെക്കെ ചെയ്യാൻ വരുകയും, ഒരു വരുമാന മാർഗം ഉണ്ടാവുകയും ചെയ്തു. എന്തായാലും  ടിക്ടോക്ക് പോകുമ്പോൾ യൂട്യൂബും ഇൻസ്റ്റഗ്രാമും വഴി പ്രമോഷൻ  വിഡിയോസും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസിങ്ങുമൊക്കെ ചെയ്യാമെന്നാണ് വിചാരിക്കുന്നത്. 

ടിക് ടോക് റോസ്റ്റിങ്

ഞാൻ ആദ്യമായി യൂട്യൂബിലേക്ക് ചാനൽ ലോഞ്ച് ചെയ്ത സമയത്താണ് ടിക് ടോക്കും യൂട്യൂബുമായി പ്രശ്നം ഉണ്ടായത്. എല്ലാവർക്കും അതൊരു വലിയ സംഭവമായി തോന്നിയിരുന്നു. പക്ഷേ, ഞാൻ അത് മൈൻഡ് ചെയ്തില്ല. വിഡിയോ എഡിറ്റിങ്ങും ഷൂട്ടിങ്ങും പഠിത്തവുമൊക്കെയായി ഫുൾ തിരക്കാണ്. അതുകൊണ്ട് തന്നെ ബാക്കിയാളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഞാനൊട്ടും അഫെക്ടഡ് ആകാറില്ല. എന്റെ കാര്യം നോക്കും. അതുകൊണ്ട് റോസ്റ്റിങ് വന്നപ്പോഴും ഞാനതിലൊട്ടും ശ്രദ്ധിച്ചില്ല. പിന്നെ, അർജുന്റെ വിഡിയോയിൽ, അർജുനിഷ്ടപ്പെട്ട ടിക് ടോക്കേഴ്സിലൊരാൾ ഞാനാണെന്ന് കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു. പൊതുവേ കളിയാക്കലും വഴക്കുകളും റോസ്റ്റിങ്ങുമൊന്നു കേട്ട് വിഷമിക്കാൻ താൽപര്യമില്ലാത്തയാളാണ് ഞാൻ.

എന്റെ പത്താം ക്ലാസ് വരെ ഞങ്ങൾ ഗുജറാത്തിലായിരുന്നു. പിന്നീടാണ് നാട്ടിലേക്കെത്തി, ചങ്ങനാശ്ശേരിയിൽ സെറ്റിലാകുന്നത്. ഞങ്ങളുടേത് ഒരു മാത്‍സ് കുടുബമാണ്. അമ്മ വിജയലക്ഷ്മി മാക്സ് ടീച്ചറായിരുന്നു, ഇപ്പോൾ നാട്ടിൽ ട്യൂഷനെടുക്കുന്നു. അച്ഛൻ ഹരിബാബു ജ്യോത്സ്യനാണ്. ചേട്ടൻ മിത്രഹരിബാബു ബാങ്കിൽ ജോലി ചെയ്യുന്നു. ഞാനും എംഎസ്‌സി മാത്‌സ് പഠനം കഴിഞ്ഞ് പിഎച്ച്ഡിയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എത്ര ഡാൻസ് വിഡിയോ ചെയ്താലും മുൻഗണന പഠനത്തിന് തന്നെ. 

Tags:
  • Spotlight