കുത്തുന്ന വേദനയുമായി നേരവും കാലവും നോക്കാതെ വന്നെത്തുന്ന ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍. ഈ വില്ലനെ മെരുക്കാന്‍ ചില്ലറയൊന്നുമല്ല പാട്. പല ഡോക്ടര്‍മാരെയും കാണിച്ച് കുറവില്ലാതെ അവസാനപരീക്ഷണമെന്ന നിലയ്ക്ക് ഒറ്റമൂലി പരീക്ഷിക്കാന്‍ വരെ തയാറാകാറുണ്ട് പലരും. ഈ പരീക്ഷണം ശരിയായ ചികിത്സാരീതിയല്ല. ശരീരബലവും ദോഷഭേദങ്ങളും അനുസരിച്ചേ ചെന്നിക്കുത്ത് ചികിത്സിക്കാവൂ എന്നാണ് ആയുര്‍വേദം പറയുന്നത്.

തലയുടെ പകുതി ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്ന തലവേദനയെ അര്‍ധാവഭേദകം എന്നു വിളിക്കുന്നു ആയുര്‍വേദം. മൈഗ്രേന്‍ വേദനകള്‍ തന്നെ പലവിധമാണ്. ശൂലം കൊണ്ട് കുത്തുന്നതു പോലെ, ശക്തമായ മിടിപ്പു പോലെ അങ്ങനെ പലതരത്തിലാണ് ഓരോരുത്തരിലും ചെന്നിക്കുത്ത് അനുഭവപ്പെടുക. കണ്ണുകളില്‍ പ്രകാശം(aura) പോലെ കണ്ടതിനു ശേഷം വേദന തുടങ്ങുന്ന തരം മൈഗ്രേനും ഉണ്ട്. പ്രത്യേക സൂചനകളൊന്നുമില്ലാതെയും വേദന വരാം.

നിശ്ചിതകാലയളവിനുള്ളില്‍ അഞ്ചുതവണയോ അതില്‍ കൂടുതലോ തലവേദന ആവര്‍ത്തിച്ചു വന്നിട്ടുണ്ടെങ്കില്‍ മാത്രമേ അത് മൈഗ്രേന്‍ ആയി കണക്കാക്കേണ്ടതുള്ളൂ എന്നാണ് ഇന്റര്‍നാഷണല്‍ ഹെഡ്-എയ്ക് സൊസൈറ്റി പറയുന്നത്. വെയില്‍, ശബ്ദം, വെളിച്ചം, പൊടി, പുക, ഉറക്കമില്ലായ്മ, ദഹനക്കുറവ്, ശരിയായ ശോധനയില്ലായ്മ, അസിഡിറ്റി, ഗ്യാസ്, പിരിമുറുക്കം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പാരമ്പര്യം...അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ കൊണ്ടാകാം തലവേദന വരുന്നത്. ഇലക്ട്രോണിക് മീഡിയകളുടെ അമിതോപയോഗം കണ്ണുകള്‍ക്ക് അമിതജോലി നല്‍കുകയും അതുവഴി മൈഗ്രേനിനും കാരണമാകാറുണ്ട്. നാല് മുതല്‍ 72 വരെ മണിക്കൂര്‍ നീണ്ടു നില്‍ക്കാം ഇതിന്റെ വേദനയും കാഠിന്യവും.ലക്ഷണങ്ങളും ഉദ്ദീപനത്തിനു കാരണമായ വസ്തുവും ഏതെന്നു നോക്കിയാണ് ആയുര്‍വേദം മൈഗ്രേനിന് മരുന്ന് നിര്‍ദേശിക്കുന്നത്. സമയത്ത് ചികിത്സിക്കുക എന്നതും പ്രധാനമാണ്. പത്ഥ്യാക്ഷധാത്ര്യാദി കഷായം, സുവര്‍ണ മുക്താദി ഗുളിക, ക്ഷീരബല(101)ആവര്‍ത്തി, ബലാഹഠാദി എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ, കദളീഫലാദി തൈലം, ബ്രഹ്മീതൈലം,ചെറിയ നാരായണതൈലം എന്നിവ രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയ്ക്കനുസരിച്ച് നിര്‍ദേശിക്കാറുണ്ട്.

ഇഷ്ടം പോലെ കഴിക്കാം

പച്ചമുളക്, ചെറുനാരങ്ങ, തക്കാളി, ചെറുപയര്‍, കുടമ്പുളി, ഇഞ്ചി, കുരുമുളക്, മോര്, നെല്ലിക്ക, മാതളനാരങ്ങ, മുന്തിരി, നാളികേരം, പാവക്ക, പടവലങ്ങ, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലക്കറികള്‍, ഓട്‌സ്, ബദാം, നിലക്കടല, വാഴപ്പഴം, എള്ള്, എള്ളെണ്ണ എന്നിവ ഇത്തരക്കാര്‍ക്ക് കഴിക്കാവുന്ന ആഹാരസാധനങ്ങളാണ്.

നല്ല ശീലങ്ങള്‍ തിരിച്ചു വരട്ടെ

ഭൂരിഭാഗം പേരിലും ലൈഫ് സ്റ്റൈലിലെ മാറ്റങ്ങളാണ് മൈഗ്രേനിന് കാരണം. ജീവിതരീതികള്‍ ക്രമീകരിക്കുന്നതിലൂടെ അത്തരം മൈഗ്രേനിനെ മെരുക്കിയെടുക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ഭക്ഷണവും ഇത്തരക്കാര്‍ക്ക് നല്ലതല്ല. മിതവും ഹിതവുമായ ഭക്ഷണം അതായത് മിതമായ അളവില്‍ ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ചേരുന്ന, ദഹനവ്യവസ്ഥയ്ക്ക് അനുകൂലമായ ഭക്ഷണമാണ് കഴിക്കേണ്ടത്. അതും പാതിവയറ്. ചൂടുവെള്ളം മാത്രം കുടിക്കുക. വെള്ളം ധാരാളം കുടിക്കുകയും വേണം.

ജോലിത്തിരക്കു കാരണം വിശപ്പും ദാഹവും മലമൂത്ര വിസര്‍ജനവും തടഞ്ഞു വയ്ക്കരുത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ തുടര്‍ച്ചയായി ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങണം. ജോലിയുടെ ടെന്‍ഷന്‍ മാറ്റിവച്ച് മനസ്സിനെ ശാന്തമാക്കാനുള്ള അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കുക.

അല്‍പം നേരത്തേ ഉറങ്ങി നേരത്തേ എഴുന്നേല്‍ക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുന്നത് ഗുണം ചെയ്യും. ഉറങ്ങാനും ഉണരാനും കൃത്യമായ സമയം തീരുമാനിക്കുകയും പാലിക്കുകയും ചെയ്യുക. രാത്രി കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. കൃത്യസമയത്ത് ഭക്ഷണം മുടക്കരുത്. സൂര്യപ്രകാശത്തെ നഷ്ടപ്പെടുത്താതെ നേരത്തേ എഴുന്നേറ്റ് പൊടിപടലങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടില്ലാത്ത നല്ല വായുവും കിളികളും പ്രകൃതിയും ആസ്വദിച്ചോളൂ. പ്രസന്നമായി ദിവസം തുടങ്ങാം. മനസ്സ് ശാന്തമാക്കാന്‍ പ്രാണായാമം പതിവാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. ബി. ഹേമചന്ദ്രന്‍

സീനിയര്‍ ഫിസിഷ്യന്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

സിഎംഎസ് കോളജ് റോഡ്

കോട്ടയം