Thursday 04 April 2019 04:36 PM IST

കിണറിനെ ഉരുളിയാക്കാൻ പോയി, മതിലിനെ ട്രെയിനാക്കി തിരിച്ചു പോന്നു

Binsha Muhammed

train-

കോയിക്കോട്ടെ പാലങ്ങാട്ടുള്ള മുഹമ്മദ്ക്കാന്റെ വീട്ടിൽ കിണറിനെ ഉരുളി മോഡലാക്കാൻ പോയതാണ് ഷാജി. സൊറ പറഞ്ഞിരിക്കുന്നതിനിടെ റെയിൽവേയിലെ തന്റെ ജോലിയെക്കുറിച്ച് വാചാലനായത് മാത്രം മുഹമ്മദിന് ഓർമയുണ്ട്. പക്ഷേ കേട്ടപാടെ നമ്മുടെ ഷാജിയുടെ തലയിൽ ഹൈ വോൾട്ടേജിൽ ബൾബ് കത്തി!

t1
t3

ഇക്കാ ജോലി എവിടാന്നാ പറഞ്ഞേ....?റെയിൽവേയിൽ– മുഹമ്മദിന്റെ മറുപടി. സംഭവം കൺഫോം ചെയ്ത ശേഷം മനസിലെ ഐഡിയ ആ സൊറക്കൂട്ടത്തിനിടയിൽ വിളമ്പി. ഇക്കാ നമുക്ക് ആ കോം പൗണ്ട് വാളിനെ ഒരു ട്രെയിനാക്കിയാലോ....ഷാജിയുടെ അഡാർ ഐഡിയ ആദ്യം നമ്മുടെ വീട്ടുകാരന് കത്തിയില്ല. അല്ലറ ചില്ലറ ജോബ് നൊസ്റ്റാൾജിയ മനസിൽ സൂക്ഷിക്കുന്ന മുഹമ്മദ് ഒന്നിരുത്തി ചിന്തിച്ചു. വീടിന്റെ മതിലിനു മുന്നിൽ ട്രെയിൻ...റെയിൽവേ ഉദ്യോഗം ഉയിർ പോലെ കൊണ്ടു നടക്കുന് തനിക്ക് ആനന്ദ ലബ്ദിക്കു വേറെന്തു വേണം എന്ന മട്ടിലായി. സോഷ്യൽ മീഡിയ അത്ഭുതംകൂറിയ ട്രെയിൻ മതിലിന്റെ ഉദയം അവിടെ തുടങ്ങുകയായിരുന്നു. വൈറലായ ട്രെയിൻ മതിലിന്റെ ശിൽപിയെ വനിത ഓൺലൈൻ അന്വേഷിച്ചിറങ്ങുമ്പോൾ കക്ഷി മറ്റൊരു കരവിരുതിന്റെ പണിപ്പുരയിലായിരുന്നു. ജോലിത്തിരക്കിനിടയിൽ ഷാജി മനസു തുറക്കുകയാണ്. ആ വൈറൽ ‘ട്രെയിൻ മതിൽ’ പിറന്ന വഴി.

t6
t7

സംഗതി പറഞ്ഞ പോലെ തന്നെയാണ്. പാലങ്ങാട്ടെ മുഹമ്മദിക്കാന്റെ വീടിലെ കിണറിനെ ഉരുളിയുടെ മോഡലാക്കാനാണ് ക്ഷണിക്കുന്നത്. അവിടെ ചെല്ലുമ്പോൾ അവിടുത്തെ കോമ്പൗണ്ട് വാളിന്റെ പണി ഏകദേശം പൂർത്തിയായിരുന്നു. അതിനിടയിലാണ് വീട്ടുടമ റെയിൽവേ ജോലിയെക്കുറിച്ച് പറയുന്നതും ഇങ്ങനെയൊരു ഐഡിയ തലയിൽ കയറുന്നതും. സംഗതി അവതരിപ്പിച്ചപ്പോൾ പുള്ളിയും ഡബിൾ ഹാപ്പി. റെയിൽവേ ജോലിക്കാരനായ മുഹമ്മദിക്കാക്ക് വീട്ടിൽ ഇങ്ങനെയൊരു പരീക്ഷണം അവതരിപ്പിക്കുന്നതിൽ പെരുത്തിഷ്ടം. മതിലിന്റെ പണി പൂർത്തിയായെങ്കിലും നമ്മുടെ വർക്കിനു വേണ്ടി ചില സ്ഥലങ്ങൾ പൊളിച്ചു. എന്റെ ഇഷ്ടാനുസരണം മതിൽ പെയിന്റിംഗ് പൂർത്തിയാക്കാനുള്ള പൂർണ സ്വാതന്ത്ര്യം തന്നു. ആ വൈറൽ ട്രെയിൻ മതിൽ ഉദയമെടുക്കുന്നത് അങ്ങനെയാണ്– ഷാജി പറയുന്നു.

t2

മതിലിന്റെ ചിത്രം എന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അവിടുന്നാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ സംഭവം പ്രചരിക്കുന്നത്. ചിത്രം കണ്ട് നിരവധി പേർ വിളിച്ചിരുന്നു. മനസു നിറഞ്ഞ് അഭിനന്ദിച്ചു. ഇതിനു മുമ്പും ഇത്തരം വർക്കുകൾ ചെയ്തിട്ടുണ്ട്. ഷോപ്പിംഗ് മോളുകൾക്ക് വേണ്ടിയും കച്ചവട സ്ഥാപനങ്ങൾക്കു വേണ്ടിയും വരച്ചിട്ടുണ്ട്. പക്ഷേ ഇത്രയും വലിയ അംഗീകാരം കിട്ടുന്നത് ഇതാദ്യം.– ഷാജിയുടെ മുഖത്ത് നിറഞ്ഞ ചാരിതാർത്ഥ്യം.

t4

കോഴിക്കോട് ആരാമ്പ്രം സ്വദേശയായ ഷാജി പത്തു വർഷമായി ഈ ഫീൽഡിലുണ്ട്. ഷിജിനയാണ് ഭാര്യ. മക്കൾ ഷാഹി, ഷാബിൽ.

t3