സ്ത്രീകൾ, പുരുഷൻമാർ, ബ്രാഹ്മിൻസ്...
മൂന്നു ശൗചാലയങ്ങൾ. അവയുടെ മുകളിൽ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ:
തൃശൂർ കുറ്റൂർ മഹാദേവ ക്ഷേത്രത്തിലെ ശൗചാല/ ബോർഡുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ക്ഷേത്രം. ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്ന കേരളത്തിൽ ഇത്തരമൊരു ബോർഡ് വച്ചതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ വിശദീകരണം തേടിയാണ് ‘വനിത ഓൺലൈൻ’ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടത്. സംഭവം ജാതീമായി കാണേണ്ടെന്നും വിവാദം അനാവശ്യമാണെന്നും കുറ്റൂർ മഹാദേവ ക്ഷേത്ര സെക്രട്ടറി പ്രേംകുമാർ ‘വനിത ഓൺലൈനോട്’ പറഞ്ഞു. സിപിഎം നേതാവായ അദ്ദേഹം തൃശൂർ മുനിസിപ്പൽ കൗൺസിലര്‍ കൂടിയാണ്.
സംഭവത്തെക്കുറിച്ച് പ്രേംകുമാർ പറയുന്നത് – കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം എല്ലാ ജാതി ചിന്തകൾക്കും അതീതമാണ്. കുലമഹിമയുടേയും ജാതിയുടേയും പേരിൽ ഇവിടെ വിശ്വാസികളെ വേർതിരിച്ചു കാണാറില്ല. മറ്റു പല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രസാദം പൂജാരിമാർ ഇവിടെ വിശ്വാസികളുടെ കൈകളിൽ വച്ചു കൊടുക്കുകയാണ് പതിവ്. എത്ര അമ്പലങ്ങളിൽ ഇങ്ങനെയൊരു രീതിയുണ്ട് എന്നതും ചിന്തിക്കണം. മതേതരമായി ചിന്തിക്കുന്ന ഞങ്ങളെ പോലുള്ള ഭാരവാഹികൾ ഉള്ള ഈ ക്ഷേത്രത്തിൽ അത്തരം ചിന്തകൾക്കും സ്ഥാനമില്ല. ശൗചാലയത്തിന്റെ കാര്യത്തിൽ സോഷ്യൽ മീഡിയ ആരോപിക്കുന്ന വേർതിരിവ് ബോധപൂർവം ഉള്ളതല്ല. ക്ഷേത്ര ജീവനക്കാരും മേൽശാന്തിയടക്കമുള്ളവരും ഉപയോഗിക്കുന്ന ടോയ്‌ലറ്റാണ് അത്. ജാതിയൊന്നും നോക്കാതെ എല്ലാ ക്ഷേത്ര ജീവനക്കാരും ഇത് ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൽ നിന്ന് അകലെയായതിനാൽ ഞങ്ങളുടെ ആരുടെയും ശ്രദ്ധയിൽപ്പെടാത്തതാണ്.”– പ്രേംകുമാർ പറയുന്നു.

25 കൊല്ലം മുമ്പ് ഇവിടെ ക്ഷേത്ര ഗോപുരം നിർമിച്ചതിനു പിന്നാലെയാണ് ശൗചാലയവും സജ്ജീകരിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശൗചാലയത്തിന് അത്രയും പഴക്കമുണ്ടെന്ന് സാരം. അത് പണികഴിപ്പിച്ച ക്ഷേത്ര ഭാരവാഹികളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇത്രയും കാലം ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽ ഈയൊരു പ്രശ്നം പതിഞ്ഞിട്ടുമില്ല. അന്നും ഇന്നും ജീവനക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ശൗചാലയം എന്ന് തന്നെയാണ് അതിനെ കരുതിയിട്ടുള്ളത്. പുതിയ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ആ പേര് മാറ്റി ക്ഷേത്രം ജീവനക്കാർ എന്നാക്കി മാറ്റും. ബാക്കിയുള്ള ചർച്ചകളും വാഗ്വാദങ്ങളും അനാവശ്യമാണ്.

ക്ഷേത്ര സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട ഭാരവാഹികളെ അറിയിച്ച് അതിന് പരിഹാരം കാണുന്നതാണ് നാട്ടു നടപ്പ്. പക്ഷേ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. ഈ പറയുന്ന ശൗചാലയത്തിന്റെ ചിത്രം ക്യാമറയിൽ പകർത്തി നേരിട്ട് സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തത് ദുരുദ്ദേശ്യപരമാണ്. അങ്ങനെ ചെയ്തത് ഉചിതമായി തോന്നുന്നില്ല.– പ്രേം കുമാർ പറഞ്ഞു നിർത്തി.
സംഭവം വിവാദമായതിനെ തുടർന്ന് ബോർഡ് പെയിന്റ് അടിച്ച് മറച്ചിട്ടുണ്ട്.