ജന്മനാടിന്റെ നന്മ ലോകത്തിനു മുന്പില്‍ പരിചയപ്പെടുത്തി മരുഭൂമിയിലെ ഇന്ത്യന്‍ സ്കൂള്‍. യുഎഇ അജ്മാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂളാണ് പഠനമികവിനോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചത്.

പഠനസൗകര്യങ്ങളില്ലാത്തവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനും, ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രയാസമനുഭവിക്കുന്ന കുട്ടികളെ ജീവിതത്തിലേക്കു ചേര്‍ത്തു പിടിക്കുന്നതിനുമായിട്ടായിരുന്നു ആര്‍ട്ട് ഓഫ് ഗിവിങ്ങ് എന്നു പേരിട്ട പരിപാടി. പുസ്തകങ്ങളില്‍ പഠിക്കുന്നതു മാത്രമല്ല, പകരം ലോകത്തിനു പകരുന്ന വെളിച്ചവും പ്രതീക്ഷയും കൂടിയാണെന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രപ്ര‍ദര്‍ശനത്തിലൂടെ ലഭിച്ച തുക റെഡ് ക്രെസന്റ് എന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി നല്‍കുകയായിരുന്നു.

ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വരച്ച 469 ചിത്രങ്ങളായിരുന്നു ആര്‍ട്ട് ഫോര്‍ ഗിവിങ്ങ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ചിത്രങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കി. ഇതിലൂടെ ലഭിച്ച തുകയാണ് റെഡ് ക്രെസന്റിനു കൈമാറിയത്. എണ്ണച്ഛായം, വാട്ടര്‍ കളര്‍, അക്രിലിക് എന്നീ മാധ്യമങ്ങളില്‍  വരച്ചിരുന്ന പെയിന്റിങ്ങുകള്‍ വിഷയവും സ്വഭാവവുമനുസരിച്ച് സജ്ജീകരിച്ചായിരുന്നു പ്രദര്‍ശനം. മദര്‍ തെരേസ, സമ്മിറ്റ് ഓഫ് ഒപ്റ്റിമിസം, ബുദ്ധ തുടങ്ങിയ വിദ്യാര്‍ഥികളുടെ ഒട്ടനേകം ചിത്രങ്ങള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.

indian_school2



പ്രദര്‍ശനത്തിലൂടെ കൈമാറിയ സംഭാവനയ്ക്കു പുറമേ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കാനായി കൂടുതല്‍ സ്കോളര്‍ഷിപ്പുകളും ഫീസിളവും നല്‍കുമെന്ന് സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ ഷംസുസമാന്‍ സി.ടി പറഞ്ഞു. റെഡ് ക്രെസന്റുമായി ചേര്‍ന്ന് 100 വാഗ്ദാന പത്രങ്ങള്‍ നല്‍കുമെന്നും അര്‍ഹമായ വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിലുടനീളം സഹായകരമായ രീതിയില്‍ ഇതുപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ് ഷംസുസമാന്‍ സി.ടി.

പ്രദര്‍ശനത്തിലൂടെ സ്വരുക്കൂട്ടിയതിനു പുറമെ ഹാബിറ്റാറ്റ് സ്കൂളിന്റെ സഹായ പദ്ധതിയായ ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പിന്റെ  പേരില്‍ 30000 ദിര്‍ഹംസും റെഡ് ക്രെസന്റിനു കൈമാറി.  മാനേജ്മെന്റും കുട്ടികളും അധ്യാപകരും അനധ്യാപകരുമെല്ലാം ചേര്‍ന്നാണ് ഈ പദ്ധതിക്കു രൂപം നല്‍കിയത്. കേരളത്തിലെ തണല്‍ പോലുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പ്.