ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള  കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ. 

കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ

അടുത്ത കഥ തുടങ്ങുന്നതും അടിമാലിയിലാണ്. റൈറ്റിലേക്ക്  ഇൻഡിക്കേറ്ററിട്ട് കിടിലൻ സൗണ്ടിൽ ഹോണടിച്ച് ബസ് കല്ലാർകുട്ടിക്ക് തിരിഞ്ഞതും കഥ തുടങ്ങി. അടിമാലിയിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് എറണാകുളം നോർത്ത് പറവൂരുകാരൻ ഉമേഷ് ആദ്യമായി ചിത്രയെ കാണുന്നത്. അച്ഛന്റെ സുഹൃത്തിന്റെ മകൾ. പലവട്ടം പരസ്പരം കണ്ടു, സംസാരിച്ചു. പക്ഷേ, ആ അടുപ്പം പ്രണയത്തിലേക്ക് തിരിയാതെ മുന്നോട്ടു പോയി. പഠനം പൂർത്തിയാക്കി ഉമേഷ് കെഎസ്ആർ‍ടിസിയിൽ കണ്ടക്ടറായി ജോലിക്ക് കയറി. രണ്ടു വർഷങ്ങൾക്കു ശേഷം മൂന്നാറിലേക്ക് ട്രാൻസ്ഫർ. 

മൂന്നാർ – കുയിലിമല റൂട്ടിൽ കണ്ടക്ടറായി കയറിയ ഉമേഷിനെ കാത്ത് ദാ, വരുന്നു സർപ്രൈസ്. രാവിലത്തെ ട്രിപ്പിൽ ചിന്നാറിൽ നിന്ന് പഴയ കൂട്ടുകാരി ബസിൽ കയറി, അടിമാലിക്ക് ടിക്കറ്റെടുത്തു. ‘‘ചിത്ര അടിമാലിയിൽ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ സന്തോഷം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. രണ്ടാളുടെയും ഉള്ളില്‍ ഇഷ്ടം നേരത്തേ തോന്നിയതാണെങ്കിലും പരസ്പരം പറഞ്ഞിരുന്നില്ല. കുറച്ച് വർഷം തമ്മിൽ കാണാതായപ്പോൾ എല്ലാം മറന്നു തുടങ്ങിയതാണ്. അപ്രതീക്ഷിതമായി സംഭവിച്ച കണ്ടുമുട്ടലിലൂടെ കഥ വീണ്ടും മാറി.’’

ബസിൽ വച്ചാണ് ഉമേഷ് തന്റെ ഇഷ്ടം ചിത്രയോട് പറഞ്ഞത്. മറുപടി എന്താകുമെന്ന് ഉമേഷിന് അറിയാമായിരുന്നു. രണ്ടു പേരുടെയും വീട്ടില്‍ വിഷയം അവതരിപ്പിച്ചപ്പോൾ നൂറുവട്ടം സമ്മതം. നിശ്ചയം കഴിഞ്ഞ് ഒരു വർഷമെടുത്തു, കല്യാണത്തിന്. ‘‘ഞങ്ങൾ രണ്ടുപേർക്കും കുറച്ചുകൂടി പ്രായമായിട്ട് മതി കല്യാണമെന്ന് വീട്ടുകാർക്ക് തോന്നിയതുകൊണ്ടാണ് ഒരു വർഷം നീട്ടി വച്ചത്. ഞാൻ ഇരുപത്തിയൊന്നാം വയസ്സിലാണ് ജോലിക്കു  കയറുന്നത്. ഇരുപത്തിയാറാം  വയസ്സിൽ കല്യാണം നടന്നു.’’

‘‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരുപക്ഷേ, ഞങ്ങൾ വീണ്ടും തമ്മിൽ കാണില്ലായിരുന്നു. ജീവിതം വേറെ രീതിയിൽ ആയേനെ. എന്നും ബസ്സിൽ വച്ച് തമ്മിൽ കാണും, സംസാരിക്കും. ഇന്നത്തെപ്പോലെ അന്ന് പരസ്പരം സംസാരിക്കാൻ മൊബൈൽ ഫോണൊന്നും ഇല്ലല്ലോ. നേരിട്ടുള്ള സംസാരം മാത്രമായിരുന്നു.’’

വർഷങ്ങൾ പലത് ഓടിമറഞ്ഞു. ഉമേഷ് ഇപ്പോഴും മൂന്നാർ ഡിപ്പോയിലെ കണ്ടക്ടറാണ്. ഇരുവർക്കും രണ്ടു മക്കൾ, മൂത്ത മകൻ ആദിത്യകൃഷ്ണ നോർത്ത് പറവൂർ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയയാൾ പ്രികെജി വിദ്യാർഥി ഭഗത് കൃഷ്ണ.

‘‘സ്ഥിരം യാത്രക്കാരായ കുട്ടികളുമായി ഞാൻ നല്ല കമ്പനിയാണ്. ചില വിരുതൻമാർക്ക് ബസിൽ വരുന്ന പെൺകുട്ടികളോട് ഇഷ്ടമുണ്ടെങ്കിലും പറയാൻ പേടിച്ചു നിൽക്കുന്നത് കാണാം. ചിലർ ചോദിക്കും, ‘ചേട്ടാ, എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അവളോട് ഒന്ന് പറയാമോ.’ എന്റെ തടി കേടാകാതെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കും. നമ്മളും ഈ അവസ്ഥയൊക്കെ കഴിഞ്ഞ് വന്നതല്ലേ.’’ കല്ലാർകുട്ടി കടന്ന് ബസ് കമ്പിളികണ്ടത്ത് എത്തിയതും  ഇറങ്ങിയതിന്റെ ഇരട്ടി ആളുകൾ കയറി. ലോഡ് കൂടിയതും വണ്ടിയുടെ പുള്ളിങ് അൽപം കുറഞ്ഞോന്നൊരു സംശയം.

റൂട്ട് തുടങ്ങിയ കഥ

2002 ൽ  മൂന്നാർ ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്ററായിരുന്ന ടി.എം.റസാഖ് ആണ് കുയിലിമല റൂട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. രാവിലെ ഏഴിന് മൂന്നാറിൽനിന്ന് പുറപ്പെടുന്ന ബസ് ആനച്ചാൽ, അടിമാലി, ചെറുതോണി, മുരിക്കാശ്ശേരി വഴി ഇടുക്കി കലക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന കുയിലിമലയിലെത്തും. കയറ്റങ്ങളും ഹെയർപിൻ വളവുകളും നിറഞ്ഞ റൂട്ടിൽ വലിയ ബസ് ഓടിക്കുക ബുദ്ധിമുട്ടാണ്.

ചുവപ്പുനിറത്തിൽ തലയെടുപ്പോടെ പാഞ്ഞ TN 831 നമ്പർ വണ്ടി പതിയെ ഷെഡ്ഡിൽ കയറി വിശ്രമജീവിതം നയിച്ചതോടെ RRC 178 നമ്പറിൽ പുതിയ ചുള്ളൻ വണ്ടിയെത്തി. സ്കൂൾ, കോളജ് വിദ്യാർഥികളും ജോലിക്കാരുമടക്കം ഒരുപാട് പേർക്ക് ആശ്രയമാണ് ഈ വണ്ടി. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ കല്യാണവണ്ടിയുടെ ഭാവി പ്രതിസദ്ധിയിലാകുന്ന മട്ടാണ്.

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി