Thursday 22 March 2018 04:17 PM IST

'എന്റെ പ്രണയം എന്റെ സ്വാതന്ത്ര്യമാണ്..'; വിവാഹ ശേഷമുള്ള പ്രണയത്തെക്കുറിച്ച് സ്ത്രീകൾ പറയുന്നത്!

Lakshmi Premkumar

Sub Editor

survey-w2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അന്നം  ലഭിക്കുന്ന സ്ഥലമാണ് ഓഫിസ്, അത് ചെലവാക്കുന്ന സ്ഥലമാണ് വീട്. വനിത സർവേയിൽ പങ്കെടുത്ത 60 ശതമാനത്തോളം സ്ത്രീകളും ജോലിക്കും വീടിനും അതതിന്റെ പ്രാധാന്യം നൽകുന്നവരായിരുന്നു. 20 ശതമാനം  മാത്രമാണ് ജോലിഭാരം കൂടുമ്പോൾ ജോലിക്ക് ശേഷം വീട് എന്ന ആശയം മുന്നോട്ട് വച്ചവർ.

ടീച്ചർമാർ സുഖിച്ച് ജീവിച്ച കാലമൊക്കെ കഴിഞ്ഞു ഇപ്പോൾ എല്ലാ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ട്. കോളജ് അധ്യാപികയായ സുമി പറയുന്നു. ‘‘ഇപ്പോള്‍ മിക്ക കോളജുകളും ഓട്ടണമസാണ്. അതുകൊണ്ടു തന്നെ ജോലിയുടെ കാര്യത്തിൽ ഒരു കുറവുമില്ല. ഒരു യൂണിവേഴ്സിറ്റി ചെയ്യുന്ന പോലുള്ള ജോലികൾ മുഴുവന്‍ ഇപ്പോൾ  ടീച്ചർമാര്‍ ചെയ്യണം. വീട്ടിലെ  മക്കൾക്ക് നൽ‌കുന്ന പ്രാധാന്യം തന്നെ വിദ്യാർഥികൾക്കും നൽകണമെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. അതുകൊണ്ട്  വീട് പോലെ തന്നെ നോക്കും, കോളജും’’

‘‘ജോലി ചെയ്യുന്നത് ജീവിതം എൻജോയ് ചെയ്യാൻ വേണ്ടിയല്ലേ. പക്ഷേ, നമ്മൾ ജീവിതത്തിന്റെ ഏറ്റവും പ്രധാന മണിക്കൂറുകൾ ചെലവഴിക്കുന്നത് ഓഫിസിലാണ്. അതുകൊണ്ട് ചെയ്യുന്ന ജോലി എന്തായാലും അത് എൻജോയ് ചെയ്ത് മാറ്റുകയാണ് ഞങ്ങളുടെ പോളിസി’’, ന്യൂജനറേഷനിലെ വർക്കിങ് വിമൻ ആയ പിഞ്ചുവിനും അനുവിനും ഒരേ അഭിപ്രായം.

‘‘രാവിലെ എഴുന്നേൽക്കുന്ന കാര്യം  മാത്രമേ  ബുദ്ധിമുട്ടുള്ളൂ. അതിനും ഒരു ഐഡിയയുണ്ട്. ഓഫിസിലെ സൗഹൃദങ്ങളും  ചുറ്റുപാടുകളും  ആകെ അടിപൊളിയാക്കുക. അപ്പോൾ ഓരോ ദിവസവും  ഓഫിസില്‍ പോകാൻ കൂടുതല്‍ ഇഷ്ടം തോന്നും.’’. ഓഫിസിലെ സൗഹൃദങ്ങളുടെ കാര്യത്തിലും  ‘നോ കോംപ്രമൈസ്’. ഇന്നത്തെ തലമുറയിൽ ആൺസൗഹൃദങ്ങളാണ് പെൺകുട്ടികൾക്ക് കൂടുതൽ കംഫർട്ട്. 62 ശതമാനം സ്ത്രീകളുടേയും ഭർത്താക്കൻമാര്‍, ഭാര്യമാരുടെ സൗഹൃദത്തിന് വിലക്കു കൽപിക്കാത്തവരാണ്. 22 ശതമാനം ഓഫിസ് സൗഹൃദങ്ങളും കുടുംബ സുഹൃത്തുക്കളെപ്പോലെയാണ്. എന്നാൽ  ഒരു ചെറിയ വിഭാഗം ഭർത്താക്കൻമാർക്ക് ഇതൊന്നും ഇഷ്ടമല്ല കേട്ടോ.

ws-4

ജീവിതത്തിന്റെ പ്രധാന ഭാഗം യാത്രയ്ക്കാണ്

ട്രെയിനിന്റെ വേഗപ്പാച്ചിലുകൾക്കിടയിൽ അസ്വസ്ഥമായാണ് ദീപ ഇരുന്നത്.  ഓരോ സ്‌റ്റേഷനിൽ  ട്രെയിൻ ചൂളം വിളിച്ച് നിർത്തുമ്പോഴും അവർ അസ്വസ്ഥതയോടെ കൈയിലെ വാച്ചിൽ നോക്കി. എറണാകുളത്തു നിന്നു  രാവിലെ ആറു മണി മുതൽ പുറപ്പെടുന്ന എല്ലാ ട്രെയ്നുകളുടേയും ലേഡീസ് കംപാർട്ട്മെന്റിലെ സ്ഥിരം കാഴ്ചയാണത്. ആവശ്യത്തിനും അനാവശ്യത്തിനും അരമണിക്കൂറും കാൽ മണിക്കൂറും വഴി നീളെ പിടിച്ചിട്ടാണ് പല ട്രെയ്നുകളും ലക്ഷ്യത്തിലേക്ക് എത്തുന്നത്.  അതും പറഞ്ഞ സമയത്തിനും മണിക്കൂറുകൾ വൈകി. ഇതിനിടയിൽ ഉരുകി തീരുന്ന സ്ത്രീ ജീവിതങ്ങൾ കാണാം.

‘‘ആറു മാസം പ്രായമായ കുഞ്ഞിനെ അമ്മയെ ഏൽപിച്ച് രാവിലെ ഏഴു മണിക്ക്  ജോലിക്കിറങ്ങിയതാണ്. കോട്ടയത്ത് ഒമ്പതരക്ക് എത്തേണ്ട ട്രെയിൻ വൈക്കം റോഡിലെത്തിയപ്പോൾ സമയം പത്ത് മണി. ഇനിയും കിടക്കുന്നു ഒരു മണിക്കൂറോളം. ഇനിയിപ്പോൾ നേരം വൈകിയതിന് ഓഫിസിൽ നിന്ന് കേൾക്കേണ്ട ശകാരം വേറേയും’’ ദീപ കരച്ചിലിന്റെ വക്കോളമെത്തി.

ബസ്, ട്രെയ്ൻ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളിൽ 60.7 ശതമാനത്തോളം നേരിടുന്ന പ്രധാന പ്രശ്നമാണ് കൃത്യസമയത്ത് എത്താൻ കഴിയാത്തത്. 27 ശതമാനം യാത്ര മൂലം ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. പൊതു വാഹനങ്ങളിലുണ്ടാകുന്ന  ശല്യപ്പെടുത്തലുകള്‍ പ്രശ്നമായി മാറുന്നത് 12.3 ശതമാനം പേർക്ക്. ശല്യപ്പെടുത്തല്‍ ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിച്ച് പ്രശ്നം തീർക്കുമെന്നു സ്ഥിരം ബസ് യാത്രക്കാരിയായ അഷിത പറയുന്നു.

ws-3

സുഹൃത്താകാം പക്ഷെ, പ്രണയമെന്തിന് ?

ഒരു പെണ്ണിന്റെ പ്രശ്നങ്ങൾ മറ്റൊരു പെണ്ണിനോട് ചെന്ന് പറയുമ്പോൾ പരിഹാരം ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് ആൺ സുഹൃത്തുക്കൾ ഓഫിസിൽ രക്ഷകൻമാരാകുന്നത്. സർവേയിൽ പങ്കെടുത്ത 57 ശതമാനം സ്ത്രീകളും  ഓഫിസില്‍ ആൺസുഹൃത്തുക്കളെ  തിരഞ്ഞെടുക്കാൻ കാരണം ഒരേ വേവ്‌ലങ്ത് എന്ന ഒറ്റ ഉത്തരമായിരുന്നു. എന്നാൽ സൗഹൃദത്തിന് കൃത്യമായ വേലിക്കെട്ടുകൾ തിരിച്ചവരാണ് ഇന്നത്തെ സ്ത്രീകൾ. ഓഫിസിൽ ലഭിക്കുന്ന സംരക്ഷണ വലയത്തിനപ്പുറത്തേക്ക് ആ സൗഹൃദത്തെ പ്രണയമായി വളർത്താൻ ആരും ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല, വിവാഹശേഷമുള്ള പ്രണയം തെറ്റാണെന്ന്  65.9 ശതമാനത്തോളം പേരും ഒരേ സ്വരത്തിൽ പറയുന്നു.

‘‘ഓഫിസിലെ സൗഹൃദങ്ങൾക്കിടയിൽ ചിലപ്പോഴൊക്കെ പ്രണയം കയറി വരാറുണ്ട്. അതൊരു തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. ആണുങ്ങൾക്ക് വിവാഹശേഷവും പല സ്ത്രീകളോടും പ്രണയം തോന്നാറില്ലേ? പിന്നെ, നമുക്കെന്താ പ്രത്യേകത.’’ മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന രേഷ്മയ്ക്ക് ഓഫിസിലെ നിരവധി പ്രണയകഥകൾ പറയാനുണ്ട്.

രേഷ്മയെ പോലെ തന്നെ എന്റെ പ്രണയം എന്റെ സ്വാതന്ത്ര്യമാണ് എന്ന് ചിന്തിക്കുന്നവരായിരുന്നു സർവേയിൽ പങ്കെടുത്ത 19.3 ശതമാനത്തോളം സ്ത്രീകളും. എന്നാൽ ഈ പ്രണയത്തിന്റെ ഭാവി എന്താകുമെന്ന് ചോദിച്ചപ്പോള്‍ ഒരു പെൺകുട്ടി വളരെ സിംപിളായി പറഞ്ഞു.‘‘രണ്ട് കൊല്ലം കഴിയുമ്പോള്‍ അവന് ട്രാൻസ്‌ഫറാകും, അതോടെ ആ പ്രണയവും ബ്രേക്അപ്പ് പട്ടികയിൽ.’’

ws-2

ഓഫിസിൽ ബോസൊരു വില്ലനാണോ?

ബോസിന്റെ മൂഡനുസരിച്ച് ഓരോ ദിനത്തെയും പാകപ്പെടുത്തുന്ന സ്ത്രീകളേയാണ് വനിത കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത 44.8 ശതമാനം സ്ത്രീകളും ഓഫിസിൽ വ്യത്യസ്തങ്ങളായ രീതിയിൽ മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. രാവിലെ ഓഫിസിലെത്തുന്ന ബോസ് നല്ല മൂഡിലാണെങ്കിൽ ആ ദിവസം ശകാരവും പ്രശ്നങ്ങളും കുറവാണ്. പകരം കലിപ്പ് മൂഡിലാണെങ്കിൽ തീർന്നു കഥ. രാവിലെ ഇറങ്ങുമ്പോള്‍ മുതൽ ഓഫിസ് എത്തുന്നതു വരെ പ്രാർഥിക്കും ബോസ് നല്ല മൂഡിലായിരിക്കാൻ. എന്നാൽ 43.8 ശതമാനം പേർ മേലധികാരി ജോലിയിൽ നൽകുന്ന പിന്തുണയും സംരക്ഷണവുമാണ് ജോലിയിൽ തുടരാൻ തോന്നിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

കൊഞ്ചുന്ന ശല്യങ്ങൾ

ഇപ്പോഴും കേരളത്തിലെ പല ഓഫിസുകളിലും സ്ത്രീകൾ ലൈംഗികമായ തിക്താനുഭവങ്ങൾക്ക് ഇരയാകുന്നു. ഓഫിസുകളിലെ ഇടനാഴികളിലേക്ക് വനിതയെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 10.2 ശതമാനം സ്ത്രീകളും അസ്വസ്ഥത തോന്നിപ്പിക്കുന്ന കൊച്ചുവർത്തമാനങ്ങൾക്കും ദ്വയാർഥ പ്രയോഗങ്ങൾക്കും ഇരയാകേണ്ടി വന്നവരാണ്. 7.3 ശതമാനം  പേർ അനാവശ്യ ചേഷ്ടകൾക്കും തുറിച്ചുനോട്ടത്തിനും ഇരയായവരാണ്. തട്ടലും മുട്ടലിനും ഇരയായവരും കുറവല്ല.

സീനിയർ സഹപ്രവർത്തകനായ ഉദ്യോഗസ്ഥൻ നിരന്തരം പീഡിപ്പിക്കുന്ന ഒരു സുഹൃത്തിന്റെ കഥയാണ് കവയത്രിയും സിനിമാ സംവിധായികയുമായ ഷിംനയ്ക്ക് പറയാനുള്ളത്. സംഭവം നടക്കുന്നത് സർക്കാർ ഓഫിസിലാണ്. പല തവണ പെൺകുട്ടി സഹപ്രവർത്തകന്റെ ലൈംഗിക ചേഷ്കടളിലും തലോടലുകളിൽ നിന്നും ഒഴിഞ്ഞു മാറി. ഒടുവിൽ ഗത്യന്തരമില്ലാതെ അയാൾക്കെതിരെ കേസ് കൊടുത്തു. കേസ് ഇപ്പോഴും നടക്കുന്നു. ഉദ്യോഗസ്ഥനാകട്ടെ ഓരോ വർഷം കഴിയും തോറും സ്ഥാനക്കയറ്റം ലഭിച്ച് മുന്നേറുന്നു.