Thursday 11 June 2020 04:19 PM IST

വീട്ടുജോലി മുതല്‍ പച്ചക്കറിക്കൃഷി വരെ എന്തിനും തയാര്‍ ; മാതൃകയാക്കാം ഈ കുഞ്ഞുമിടുക്കരെ

V N Rakhi

Sub Editor

children

ലോക്ഡൗണില്‍ വീട്ടിലെ ചെറുജോലികളിലൂടെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുത്ത് സ്വയം പര്യാപ്തരായിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പരിചയപ്പെടാം

കാശിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ ഇപ്പോള്‍ വലിയ ഉത്സാഹമാണ്. എഴുന്നേറ്റ് നേരെ അടുക്കളയില്‍ ചെല്ലും. ഭക്ഷണമുണ്ടാക്കാനും വിളമ്പാനും അമ്മയെ സഹായിക്കും. കഴുകിയ തുണികള്‍ അയയില്‍ വിരിച്ചിടും. വെയ്‌സ്റ്റ് കളഞ്ഞ് ബിന്‍ തിരികെ കൊണ്ടുവയ്ക്കും. പിന്നെയിത്തിരി നേരം മൈക്രോ ഗ്രീന്‍ വളര്‍ത്തലിന്. ലോക്ഡൗണ്‍ ആയപ്പോള്‍ ആകെ തിരക്കോടു തിരക്ക്.

എട്ടുവയസ്സുള്ള ഒരു കുട്ടി ഇത്രയും ചെയ്യുന്നതില്‍ അദ്ഭുതമുണ്ടോ? എന്നാല്‍ കേട്ടോളൂ, കാശിനാഥ് എന്ന ഈ മിടുക്കന്‍ അല്‍പം സ്‌പെഷലാണ്. കൊച്ചി പാലാരിവട്ടത്തെ നവജീവന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സിലെ അവന്റെ കൂട്ടുകാരായ സാന്ദ്രയും ആന്‍മേരിയും അന്നയുമൊക്കെ പ്രത്യേക കഴിവുകളോടെ ഈശ്വരന്‍ ഭൂമിയിലേക്കയച്ച കുട്ടികളാണ്. ചിലപ്പോഴൊക്കെ ഇവര്‍ കുഞ്ഞു കാര്യങ്ങള്‍ക്ക് വാശിപിടിച്ചും ഉറക്കെ കരഞ്ഞും ദേഷ്യപ്പെട്ടുമൊക്കെ അച്ഛനമ്മമാരുടെ മനസ്സില്‍ വേദനയാകാറുണ്ടായിരുന്നു. പക്ഷെ ലോക്ഡൗണ്‍ കാലത്ത് കൃഷി ചെയ്തും വീട്ടുജോലികളില്‍ സഹായിച്ചും പാട്ടുപാടിയും മടി കാണിക്കാതെ പാഠങ്ങള്‍ പഠിച്ചുമൊക്കെ അമ്മയ്ക്കും അച്ഛനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഇവര്‍ സമ്മാനിച്ചു. മിടുക്കന്‍മാരെയും മിടുക്കികളെയും കണ്ടെത്തി മാര്‍ക്കിട്ടും പ്രോത്സാഹിപ്പിച്ചും അവരുടെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ ഒ. എ. റോസി എന്ന ഷൈനി ടീച്ചറും കൂടെത്തന്നെയുണ്ടായി. കൊറോണക്കാലം ഭീതിയുടെയല്ല, മറിച്ച് സന്തോഷത്തിന്റെ, പ്രതീക്ഷയുടെ നാളുകളാണിവര്‍ക്ക്.

ലോക്ഡൗണില്‍ സ്‌കൂളില്‍ പോകാനാവാതായപ്പോള്‍ കാശിയുടെയും കൂട്ടുകാരുടെയും അച്ഛനമ്മമാര്‍ക്ക് ആധിയായി. ഇതുവരെ പഠിച്ചതും ശീലിച്ചതുമെല്ലാം മറന്ന് കുട്ടികള്‍ മടി പിടിച്ചു പോകുമോ, ഭാവിയില്‍ ഒന്നിനും കഴിയാതെ ഒറ്റപ്പെട്ടു പോകുമോ എന്നൊക്കെ ആ മനസ്സുകള്‍ നീറി. നീറ്റല്‍ അറിഞ്ഞ ഷൈനിടീച്ചര്‍ ഒരു ദിവസം വാട്‌സ് ആപ് ഗ്രൂപ്പില്‍ മെസേജ് അയച്ചു-' ഓരോ ദിവസവും ഓരോരുത്തരും എന്തെങ്കിലും ആക്ടിവിറ്റികള്‍ ചെയ്യുക. അത് വിഡിയോ ആക്കി ടീച്ചര്‍ക്ക് അയച്ചു തരിക. വിഡിയോ കണ്ട് മടിയില്ലാതെ ടാസ്‌കുകള്‍ ചെയ്യുന്നവര്‍ക്കെല്ലാം മാര്‍ക്കിടും. ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുക എന്ന് നോക്കട്ടെ...'

ഒന്നാമതാകാന്‍ എന്തും ചെയ്യാന്‍ അവര്‍ തയാറായി. ചിലര്‍ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും തിരക്കിട്ട് പണിയെടുത്തു. ചിലര്‍ക്ക് മൈക്രോഗ്രീന്‍ വളര്‍ത്തലിനോടാണു താല്‍പര്യം. അമ്മയെ വീട്ടുജോലികളില്‍ സഹായിക്കാന്‍ ഇഷ്ടമുള്ളവര്‍ അടുക്കളയില്‍ ബിസി... അങ്ങനെ ദിവസവും രാവിലെ ഉണരുമ്പോള്‍ ടീച്ചറുടെ വാട്‌സ് ആപ് ഇന്‍ബോക്‌സില്‍ വിഡിയോകളുടെ ബഹളം. മാര്‍ക്ക് അറിയാന്‍ അതിലേറെ ബഹളവും ധൃതിയും. വിഡിയോകള്‍ക്ക് മാര്‍ക്ക് ഇട്ടു കഴിഞ്ഞേ ടീച്ചര്‍ക്ക് വീട്ടുജോലി തുടങ്ങാനാകൂ എന്നായി. ഇടിയപ്പം പിഴിഞ്ഞും വീട്ടുജോലികള്‍ ചെയ്തും വിഡിയോകളിലെല്ലാം സ്മാര്‍ട്ടായി തിളങ്ങിയ കാശിയാണിപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുമായി ഒന്നാമതെത്തിയത്. അങ്ങനെ എല്ലാത്തില്‍ നിന്നും പിന്തിരിപ്പിച്ചിരുന്ന ഓട്ടിസത്തെ അവന്‍ ഈസിയായി തോല്‍പിച്ചു. നടക്കാനും അല്‍പം ബുദ്ധിമുട്ടുള്ള മുപ്പതുകാരി അന്ന പോള്‍ കാശിക്കു തൊട്ടുപുറകെയുണ്ട്. സ്‌നേഹത്തോടെ ഒന്നു പറഞ്ഞാല്‍ മതി അന്ന പാല്‍ കാച്ചി, ചായയിട്ടു തരും, പാത്രങ്ങളൊക്കെ വൃത്തിയായി കഴുകി വയ്ക്കും. ഭക്ഷണം വിളമ്പും, തോട്ടത്തിലെ ചെടികളില്‍ നിന്ന് പഴങ്ങളും പച്ചക്കറിയും പറിച്ചുകൊണ്ടു വരും... മടിയും സങ്കോചവുമൊക്കെ എവിടെയോ പോയൊളിച്ചു. അങ്ങനെ ഓരോരുത്തരിലും വന്നു ചെറുതല്ലാത്ത മാറ്റങ്ങള്‍.

കുട്ടികളുടെ അതിരില്ലാത്ത താല്‍പര്യവും ഈ മാറ്റങ്ങളും കണ്ട് സന്തോഷിക്കുകയാണ് വീട്ടുകാരും. മക്കളെക്കുറിച്ചോര്‍ത്തുള്ള പേടിയെല്ലാം മാറിയതിന്റെ സന്തോഷം. വിഡിയോകളും അച്ഛനമ്മമാരുടെ സന്തോഷവും കണ്ട് ഉള്ളു നിറഞ്ഞിരിക്കുകയാണ് ഷൈനി ടീച്ചറും. ' 56 കുട്ടികളാണ് ആകെയുള്ളത്. അതില്‍ തീരെ വയ്യാത്ത കുട്ടികള്‍ മാത്രമേ പങ്കെടുക്കാതെയുള്ളൂ. ബാക്കിയെല്ലാവരും മത്സരിച്ചു തന്നെ ടാസ്‌കുകള്‍ നന്നായി ചെയ്തു.കുട്ടികളെ ഒന്നിനും നിര്‍ബന്ധിക്കാറില്ല. സ്‌കൂളിലും വീടുകളിലും അങ്ങനെത്തന്നെ. കഴിവിനനുസരിച്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്ത് വിഡിയോ ഇടാനാണ് പറഞ്ഞത്. ലൈഫ്‌സ്‌കില്ലുകള്‍ പരിശീലിപ്പിച്ച് അവരെ സ്വയം പര്യാപ്തരാക്കുകയായിരുന്നു ലക്ഷ്യം. അതിലവര്‍ വിജയിച്ചിരിക്കുന്നു. സ്‌കൂളില്‍ വന്നിരുന്നപ്പോള്‍ മടി പിടിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ ഉഷാറായി ഓരോ കാര്യങ്ങളും ആത്മവിശ്വാസത്തോടെ ചെയ്യുന്നു. ഈ മക്കള്‍ ശരിക്കും ഞങ്ങളെ അദ്ഭുതപ്പെടുത്തി!' മക്കള്‍ക്ക് കൈവരിച്ച നേട്ടത്തെക്കുറിച്ചു പറയാന്‍ ഷൈനി ടീച്ചര്‍ക്ക് നൂറുനാവ്.

Tags:
  • Spotlight