Saturday 23 November 2019 12:48 PM IST

‘ഉമ്മയുടെ ചക്ക കൊതിയാണോ കുട്ടിയുടെ ജീവനാണോ വലുത്?’; വാഹന പരിശോധനക്കിടെ നടക്കുന്നത് സിനിമയെ വെല്ലും സംഭവങ്ങൾ!

Lakshmi Premkumar

Sub Editor

police-story-spread-1 വര: ജയൻ

മോട്ടോർ വാഹന നിയമങ്ങളൊക്കെ ഠക ഠകേന്ന് മാറിയതോടെ പഴയ സീനൊന്നുമല്ല മച്ചാ. വല്ലപ്പോഴും ഇടവഴിയിലൊക്കെ ഒളിച്ചു നിന്ന് ചാടി വീഴുന്ന സാറുന്മാരൊന്നുമില്ല ഇപ്പോ. ഏതു റോഡിലിറങ്ങിയാലും എങ്ങട്ട് തിരിഞ്ഞാലും പരിശോധനകളാണ് ഭായ്. ഇതിനും മാത്രം സാറുന്മാരൊക്കെ ഇതുവരെ എവിട്യാരുന്നാവോ?

എങ്കിൽ പിന്നെ നമുക്ക് സാറുന്മാരോടു തന്നെ ചോദിച്ചു നോക്ക്യാലോ? ഫൈൻ ചുമത്തലുകൾ, തർക്കങ്ങൾ, ഒഴികഴിവുകൾ, നിർവികാരതകൾ, കരച്ചിലുകൾ... മൊത്തം സംഭവബഹുലമായ ഒരു ദിവസം അവസാനിക്കുമ്പോൾ അതിലും ഉണ്ടാകില്ലേ ചില കോമഡി സീൻസ്?. ഒരു വെബ് സീരീസ് തുടങ്ങാൻ മാത്രം ഉണ്ടെന്നു പറയുന്നു കേരളത്തിലെ പലയിടങ്ങളിൽ ഉള്ള ആർടിഒമാരും വെഹിക്കിൾ ഇൻസ്പെക്ടേഴ്സും.

പിന്നെ വല്യുമ്മാക്ക് ചക്ക കൊടുക്കണ്ടേ?

ഉച്ച കഴിഞ്ഞ സമയമാണ്, റോഡിൽ വലിയ തിരക്കൊന്നുമില്ലെങ്കിലും ഹെൽമറ്റ് ധരിക്കാതെയെത്തുന്നവരെ പിടിക്കാനാണ് നിൽക്കുന്നത്. വണ്ടികൾ വേഗത്തിലും പതുക്കെയും ഹോണടിച്ചും, ചീറി പാഞ്ഞെത്തി പൊലീസ് ജീപ്പ് കാണുമ്പോൾ ബ്രേക്കിൽ കാലുടക്കിയും ഒഴുകിക്കൊണ്ടിരിക്കുന്നു. സിഗ്‌ന ൽ കിട്ടിയിട്ടാണോ എന്തോ ബൈക്കുകാരെല്ലാം ഹെൽമറ്റ് വച്ച് സ്‌റ്റൈലായാണു പോകുന്നത്. അങ്ങനെ നിൽക്കുമ്പോൾ വണ്ടികൾക്കിടയിലൂടെ അതാ, ഉരുണ്ടുരുണ്ട് ഒരു കുഞ്ഞു സ്കൂട്ടർ വരുന്നു.

ഹാൻഡിലിന് തൊട്ടു മുകളിലായി ഒരു തല ഉണ്ട്. അതിനു മുകളിൽ ഹെൽമറ്റുമുണ്ട്. എന്നാലും എന്തോ ഒരു പന്തികേട്. വണ്ടി സൈഡാക്കാൻ പറഞ്ഞപ്പോൾ നല്ല അനുസരണയോടെ സൈഡാക്കി ഹെൽമറ്റ് ഊരി. അയ്യോടാ... ചക്കരേ...വെറും പത്തു വയസ്സേ ഉള്ളൂ. എങ്ങോട്ടേക്കാണാവോ എന്നു ചോദിച്ചപ്പോ  ഉടൻ വന്നു മറുപടി.‘ എന്റെ വല്യുമ്മാക്ക് ചക്ക പുഴുങ്ങിയത് കൊടുക്കാൻ.’

ചോദിച്ചു വന്നപ്പോൾ സംഭവം ഇങ്ങനെയാണ്. വല്യുമ്മാന്റെ വീടും കുട്ടിയുടെ വീടും ഏതാണ്ട് ആറ് ഏഴ് കിലോമീറ്റർ വ്യത്യാസമുണ്ട്. വീട്ടിൽ ചക്ക പുഴുങ്ങിയതറിഞ്ഞ് വല്യൂമ്മാക്ക് ഒരാഗ്രഹം നല്ല നൂറുള്ള ചക്കപ്പുഴുക്ക് കഴിക്കണം. കൊണ്ടെത്തിക്കാൻ യാതൊരു വഴിയുമില്ല. ഒടുവിൽ കുട്ടിയുടെ അമ്മ തന്നെ കണ്ടെത്തിയ വഴിയാണ് സൈക്കിളിൽ അല്ലറ ചില്ലറ അഭ്യാസങ്ങൾ കാണിക്കുന്ന അഞ്ചാം ക്ലാസ്സുകാരനെ അയയ്ക്കുക എന്നത്. സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയ അമ്മയോട് ആകെ ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ, ‘ ഉമ്മയുടെ ചക്കകൊതിയാണോ കുട്ടിയുടെ ജീവനാണോ വലുത്.’?

എങ്കിലും എന്റെ ഫ്രീക്കാ...

ചില ഫ്രീക്കൻമാരുടെ വരവ് ഒരൊന്നൊന്നര വരവായിരിക്കും. നീളൻ മുടിയൊക്കെ പറപ്പിച്ച്, വണ്ടി പാളിച്ച്.. ഇരിപ്പുകണ്ടാൽ ബാഹുബലി ബൈക്കുവാങ്ങിയോ എന്നു തോന്നും. പക്ഷേ, പൊലീസിനെ കണ്ടാൽ ഊതാൻ പോലും നിൽക്കാതെ നേരെ കാലിലേക്ക് വീഴും. പിന്നെ, പതം പറഞ്ഞ് കരഞ്ഞ്  ആകെ സെന്റി സീൻ.

ഇതുപോലൊരു ഫ്രീക്കനും പുതുപ്പെണ്ണും രാത്രിയിൽ ര ണ്ടു കറക്കം കറങ്ങി വീടെത്താറായപ്പോഴാണ് വഴിയിൽ ചെക്കിങ്. വണ്ടി നിർത്തിയതും ഊതാൻ പോലും നിൽക്കാതെ ഫ്രീക്കൻ ഉദ്യോഗസ്ഥരുടെ അരികിലേക്ക്. ഇപ്പോൾ  വരാമെന്ന് ഭാര്യയോട് രജനീകാന്ത് സ്റ്റൈലിൽ ആക്‌ഷൻ കാണിച്ചാണ് വരവ്.  

അടുത്തു വന്നപ്പോൾ എനിക്കൊന്നു പഴ്സനലായി സംസാരിക്കണം എന്നു ഗൗരവത്തിൽ.  ജീപ്പിന്റെ സൈഡിലേക്ക് മാറിയ സ്‌റ്റൈൽ മന്നൻ  ഇതാ  നിലത്തിരുന്ന് മാപ്പപേക്ഷിക്കുന്നു. അണ്ണൻ രണ്ടെണ്ണം അടിച്ച കാര്യം ഭാര്യ  അറിഞ്ഞിട്ടില്ല. വിവാഹം  കഴിഞ്ഞിട്ട്  ഒരാഴ്ച ആകുന്നതേയുള്ളൂ. മദ്യപാനികളെ കടുത്ത വെറുപ്പാണ് ഭാര്യക്ക്. താനൊരു കുടിയനാണെന്ന് തെളിഞ്ഞാൽ പിന്നെ ചാകുന്നതാ നല്ലത്. ഒടുവിൽ നിലത്തിരുന്നു തന്നെ ഫൈൻ അടച്ച് തടിയൂരി. ഒന്നും സംഭവിക്കാത്ത മട്ടിൽ മുഖത്തൊരു പുഞ്ചിരി  വിടർത്തി  ഉദ്യോഗസ്ഥർക്കു ടാറ്റ പറഞ്ഞ് ‘മനൈവി’യുടെ അരികിലേക്ക്.

പൊലീസോ? പോയി പണി നോക്കണം...

സ്ഥലം കൊല്ലമാണ്. ഒരു പയ്യൻ നൂറേ നൂറ് സ്പീഡിൽ വരുന്നത് ദൂരെ നിന്നു തന്നെ കണ്ടാണ് കൈ നീട്ടിയത്.  അടുത്തെത്തിയപ്പോൾ നിർത്താൻ പോകുന്നുവെന്ന് വെറുമൊരു ഷോ.  സ്പീഡ് കുറച്ചശേഷം രണ്ട് ഇരമ്പൽ ഇരമ്പി ആള് സ്ഥലം വിട്ടു. വണ്ടി നമ്പർ എടുത്തു നോക്കുമ്പോൾ പയ്യന്റെ അമ്മയുടെ പേരിലാണ് വണ്ടിയും ഫോൺ നമ്പറും.

നിങ്ങളുടെ മകൻ വണ്ടിക്ക് കൈ കാണിച്ച ഉദ്യോഗസ്ഥനെ ഇടിച്ച് പരുക്കേൽപ്പിച്ചു എന്ന മട്ടിലാണ് അമ്മയെ സംഭവം അറിയിച്ചത്. പറഞ്ഞു തീർന്നതും അമ്മയുടെ ചോദ്യം ‘എന്നിട്ടെന്റെ മോന് വല്ലതും പറ്റിയോ?.’ മോന് അപകടം ഒന്നുമില്ലെന്നും പക്ഷേ, വീട്ടിലെത്തിയാൽ ഉടൻ സ്‌റ്റേഷനിലേക്കു വിളിക്കണമെന്നും പറഞ്ഞേൽപിച്ചു  

ആദ്യത്തെ ദിവസം കഴിഞ്ഞു. നോ റെസ്പോൺസ്.  വീണ്ടും വിളിച്ചപ്പോൾ മകനോട് പറഞ്ഞതാണെന്നും ഇന്ന് ഉറപ്പായി വിളിക്കുമെന്നും പറഞ്ഞു. പക്ഷേ, അന്നും വിളിയൊന്നുമില്ല.

മൂന്നാമത്തെ ദിവസം രാവിലെ വിളിച്ചു. അമ്മ വീണ്ടും ഫോണെടുത്തു. ഇനിയും മകൻ വിളിച്ചില്ലെങ്കി ൽ പ്രശ്നം വഷളാകുമെന്ന് അമ്മയോട് വീണ്ടും പറഞ്ഞു. മകൻ എത്തിയാൽ ഉടൻ വിളിപ്പിക്കാമെന്ന വാക്കിൽ ഫോൺ വച്ചു. പിന്നെ ഫോണിൽ അമ്മയുമില്ല മകനുമില്ല. നിറുത്താതെ മുഴങ്ങുന്ന ബെല്ല് മാത്രം.  

പിന്നെ കൊറിയർ സർവിസിൽ നിന്നാണ് എന്നു പറഞ്ഞ് അവരെ വിളിച്ചു.

മകനൊരു കൊറിയർ ഉണ്ടെന്നു പറഞ്ഞപ്പോൾ അതാ അമ്മ മണി മണി പോലെ അഡ്രസ്സു പറയുന്നു.

നൂറു വട്ടം ചോദിച്ചിട്ടും ഒന്നും മിണ്ടാത്ത അമ്മയാണ് കൊറിയർ എന്നു കേട്ടപ്പോൾ കുടുംബ ചരിത്രം മുഴുവൻ പറയുന്നത്. വീടിനടുത്ത് എത്തിയപ്പോൾ ഒന്നുകൂടെ വിളിച്ചു. വഴിയിലേക്ക് ഇറങ്ങി നിൽക്കാമെന്നായി അവർ. പൊലീസ് സംഘം ചെല്ലുമ്പോൾ  വഴിയിൽ തന്നെ കാത്തുനിൽക്കുന്നു മകനും അമ്മയും. അങ്ങനെ മൂന്ന് തവണ താക്കീത് കൊടുത്തിട്ടും അനങ്ങാത്ത പൾസർ പയ്യൻ അതാ പൂച്ചക്കുഞ്ഞിനെപോലെ സ്‌റ്റേഷനിൽ .

യൂണിഫോം നല്ലതാണ് 

ബൈക്കുകൊണ്ട് അഭ്യാസം കാണിക്കുന്ന ഒരു പയ്യനെക്കുറിച്ച് നാട്ടുകാർ പരാതിപറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഓടിക്കുമ്പോൾ ഒരു ടയർ ഉയർത്തുക, കൈ വിട്ട് വണ്ടിയോടിക്കുക, ഓവർ സ്പീഡിൽ തീ പാറിക്കുക.... തുടങ്ങി എല്ലാവിധ കലാപരിപാടികളും ഉണ്ട്. പക്ഷേ, പരാതി നൽകുന്നവർക്കാർക്കും ബൈക്കിന്റെ നമ്പർ കൃത്യമായി കണ്ടുപിടിക്കാൻ പറ്റുന്നില്ല. ഇതെന്ത് സംഭവം?

 അങ്ങനെയിരിക്കെ ഒരു ദിവസം അവിചാരിതമായി  ചെക്കിങ് ടീമിന്റെ മുന്നിലും അഭ്യാസ പ്രകടനം നടന്നു. നമ്പർ നോക്കുമ്പോൾ ശരിയാണ്. നമ്പർ പ്ലേറ്റ് സാധാരണയിൽ നിന്നു വ്യത്യസ്തമായി അൽപം ഉയർത്തിയാണ് വച്ചിരിക്കുന്നത്. നമ്പർ കൃത്യമായി വായിക്കാൻ കഴിയില്ല. അൻപത് മീറ്റർ വ്യത്യാസത്തിൽ പൊലീസ് ടീം പിന്നാലെ വിട്ടു.  പെട്ടെന്നാണ് ട്രാഫിക് സിഗ്‌നൽ വന്നത്. മോട്ടോർ വാഹന വകുപ്പിന്റെ വണ്ടി തന്റെ വണ്ടിക്കു പിന്നിൽ നിർത്തിയിരിക്കുന്നത് കണ്ണാടിയിലൂടെ കണ്ണിൽപെട്ടതും കിളിപോയ പയ്യൻ  ഊടുവഴിയിലൂടെ പറന്നുപോയി.

പക്ഷേ, ഓരോ കേസിലും എന്തെങ്കിലും ഒരു തെളിവ് ബാക്കി വച്ചിട്ടാവും പ്രതി രക്ഷപ്പെടുക എന്ന് പണ്ട് സേതുരാമയ്യർ സിബിെഎ പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ടീമിന് അവന്റെ കോളജ് യൂണിഫോം മതിയായിരുന്നു.  

പിറ്റേ ദിവസം രാവിലെ നഗരത്തിലെ പ്രൈവറ്റ് കോളജ്. സെക്യൂരിറ്റിയോട് കുട്ടികളുടെ വണ്ടി പാർക് ചെയ്യുന്ന ഷെഡ്ഡ് ചോദിച്ചു. അവിടെ ദാ, കിടക്കുന്നു നമ്പർ പ്ലേറ്റ് ചെരിച്ചു വച്ച അതേ ബൈക്ക്.

നമ്പർ പ്ലേറ്റിന്റെ പുറകിൽ പയ്യൻസ് തന്നെ ഒരു വിജാഗിരി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആവശ്യാനുസരണം പൊക്കിയും താഴ്ത്തിയും ചെരിച്ചും മറിച്ചും വയ്ക്കാം.

പിറ്റേ ദിവസം പയ്യനും  അച്ഛനും കൂടി സ്‌റ്റേഷനിലെത്തി. ഇനിയൊരിക്കലും ജീവിതത്തിൽ വണ്ടി കൊണ്ട് ഷോ കാണിക്കില്ലെന്ന് അവൻ ആണയിട്ടു.  കൂലിപ്പണിയാണ് , കിട്ടുന്ന പൈസയിൽ നിന്നും സ്വരുക്കൂട്ടി വച്ച് വാങ്ങിയ ബൈക്കാണ്. പറഞ്ഞു തീരും മുൻപേ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

police-story-3

തല തിരഞ്ഞ ഹെൽമറ്റ് വേണ്ടേ വേണ്ട

ചെക്കിങ് സൂചന കിട്ടുമ്പോൾ മാത്രം ഹെൽമറ്റ് അണിയുന്ന ചിലരുണ്ട്. ഒരിക്കൽ ചെക്കിങ് നടക്കുന്നത് അറിയാതെ ഒരു ബൈക്ക് പറന്നു വന്നു. ചെക്കിങ്ങിന്റെ  ഏതാനും മീറ്റർ അകലെ എത്തിയപ്പോഴാണ് ഡ്രൈവർക്ക് പണി മണത്തത്.

വണ്ടി നിർത്തി ഹെൽമറ്റ് അണിയാൻ  ഒരു വഴിയുമില്ല. പുറകിലിരിക്കുന്ന പ്രിയതമയാണെങ്കിൽ ഇതൊന്നുമറിയാതെ ഹൈൽമറ്റും  തലയിൽ വെച്ചിരിക്കുന്നു. മുന്നിലിരിക്കുന്നയാൾ എന്തോ അലറിയതും പെൺകുട്ടി സ്വന്തം തലയിലെ ഹെൽമറ്റൂരി വണ്ടിയോടിക്കുന്ന ചേട്ടന്റെ തലയിലിട്ടു.  പക്ഷേ, വെപ്രാളത്തിൽ ഹെൽമറ്റ് തല തിരിച്ചാണ് പ്രിയപ്പെട്ടവൾ ഇട്ടു കൊടുത്തത്.

കണ്ണുകാണാൻ കാണാൻ കഴിയാത്ത യുവാവ് വണ്ടി നേരെ ചെക്കിങ് ഉദ്യോഗസ്ഥന്റെ മുന്നിൽ തന്നെ സഡൻ ബ്രേക്കിട്ട് നിർത്തി.  ചമ്മിയ മുഖത്തോടെ ഹെൽമറ്റൂരി ഒന്നു നോക്കി. ‘സാരമില്ല മോനേ.. ഇങ്ങുപോരേ..’ എന്നു പറഞ്ഞ് കൈകാട്ടി വിളിക്കുന്ന ഇൻസ്പെക്ടർ അതാ മുന്നിൽ.

ചെക്കിങ് കാണുമ്പോൾ പെട്ടെന്ന് ചവിട്ടിത്തിരിച്ചു പോകാൻ നോക്കുന്നവരുണ്ട്. ഒരിക്കൽ സ്പീഡിൽ വന്നു കൊണ്ടിരുന്ന ബൈക്ക് ചെക്കിങ് കണ്ടയുടനെ അതേ സ്പീഡിൽ തിരിച്ചു പോകാൻ ശ്രമിച്ചതാണ്.  രക്ഷപെടാനുള്ള പരാക്രമത്തിൽ ആക്സിലേറ്റർ കൂടി വണ്ടിയും പയ്യനും രണ്ട് സൈഡിലേക്ക് തെറിച്ചു.

ഫൈൻ പണം ലാഭിക്കാൻ നോക്കി അവസാനം ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവായി എന്നത് മറ്റൊരു സത്യം.  

സിനിമയിൽ ആണേൽ അവാർഡ്  കിട്ടും

ലൈസൻസ് ഇല്ലാതെ വരുന്നതും പിടിക്കപ്പെടുന്നതും കള്ളങ്ങൾ പറയുന്നതും അതു പൊളിയുന്നതും പിന്നെ കാലിൽ വീഴുന്നതും സ്ഥിരം കാഴ്ചയാണ്. കണ്ടാൽ സുന്ദരൻ, സൽസ്വഭാവി.  ബൈക്ക് കൈ കാണിച്ച് നിർത്തിയപ്പോൾ ലൈസൻസ് ചോദിച്ചു. അദ്ദേഹം വളരെ പക്വതയോടെ പോക്കറ്റിൽ തപ്പുന്നു, പഴ്സിൽ നോക്കുന്നു, വണ്ടിയുടെ ഉള്ളിൽ നോക്കുന്നുആകെ ബഹളം.

ഒടുവിൽ ഒരു വെള്ളരിപ്രാവിന്റെ സൗമ്യതയോടെ അടുത്തു വന്ന് പറയുന്നു, ‘ലൈസൻസ് വീട്ടിലായിപ്പോയി എന്ന് തോന്നുന്നു. അടുത്ത ദിവസം സ്‌റ്റേഷനിൽ എത്തിക്കാം.’ സാധാരണ ഗതിയിൽ ഇത്രയും വിശ്വാസ യോഗ്യമാകുമ്പോൾ വെറുതെ വിടാറാണ് പതിവ്.

 എങ്കിലും ഉദ്യോഗസ്ഥൻ ചോദിച്ചു. ‘ ലേണേഴ്സ്  എഴുതിയാരുന്നോ ? ’

 എഴുതിയാരുന്നു സാറെ...

‘എത്ര മാർക്കുണ്ടായിരുന്നു ?

 നൂറ് ചോദ്യങ്ങളിൽ തൊണ്ണൂറ്റിയഞ്ച് മാർക്ക്’

‘ഒാഹോ... ശരി, വണ്ടി നാളെ സ്‌റ്റേഷനിൽ വന്ന് എടുത്താൽ മതി കേട്ടോ.’

20 ചോദ്യമുള്ള പരീക്ഷയ്ക്കാണ് 95 മാർക്ക് കിട്ടിയെന്ന് തട്ടിവിട്ടത്.  പിറ്റേ ദിവസം സ്‌റ്റേഷനിൽ വന്ന് സാഷ്ടാംഗം വീണ് മാപ്പു പറഞ്ഞു. ഇനി  ലൈസൻസ് എടുത്തിട്ടേ വണ്ടി റോഡിലിറക്കൂ എന്ന് വാക്കും നൽകി.

എന്റ വല്യച്ഛന്റെ മ്യോൻ

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടരുതെന്ന് പ്രത്യേകം നിർദേശമുണ്ട്. ലോങ് ട്രിപ്പ് കഴിഞ്ഞു വന്ന ഒരു ഇന്നോവ വളരെ ഒതുക്കത്തോടെ ചെക്കിങ്ങിന് നിർത്തി. ഡ്രൈവർ ലൈസൻസും ബുക്കുമെല്ലാമായി ഡ്രൈവർ ഇറങ്ങി.

‘ആരാ വണ്ടിയിൽ?’

‘എന്റെ ചെറിയച്ഛന്റെ മകനാ സാറേ.’

 അവിശ്വസിക്കേണ്ടതായി ഒന്നുമില്ല. എങ്കിലും വണ്ടിയിലുള്ള ആളോടും ചോദിച്ചു ആരാ വണ്ടി ഓടിച്ചതെന്ന്. വളരെ കൃത്യമായ ഉത്തരം ‘എന്റെ വല്യച്ഛന്റെ മകനാ സാറെ.’

‘എന്നാ ആ വല്യഛന്റെ പേരൊന്ന് പറഞ്ഞേ.’

 യാത്രക്കാരൻ ‘ബബ്ബബ്ബ’. ചെക്കിങ് ഉണ്ടായാൽ വല്യച്ഛന്റെ മകനാണെന്ന് പറയാൻ പ്ലാൻ ചെയ്തു പോന്നു. പക്ഷേ, വല്യച്ഛന്റെ പേര് പഠിപ്പിക്കാൻ മറന്നുപോയി.

ഇനി വരുമ്പോൾ യാത്രക്കാരനെ കൂടി കൃത്യമായി കുടുംബ ചരിത്രം പഠിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ വക നല്ലപാഠം.

അച്ഛനറിയല്ലേ പൊന്ന് സാറേ...

‘ദാ തൊട്ടടുത്ത കട വരെ ഒന്ന് പോകാൻ ഇറങ്ങിയതാ’  ഹെൽമറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാചകമാണിത്. ഒരിക്കൽ ഒരു പത്താം ക്ലാസുകാരനെ ഹെൽമറ്റില്ലാതെ പിടിച്ചു. പോരാത്തതിന് ഓവർ സ്പീഡും.

സ്‌റ്റേഷനിൽ നിന്ന് രക്ഷിതാവിനെ വിളിപ്പിച്ചപ്പോൾനൈറ്റിയിട്ട് ഒരമ്മ ഒാടിപ്പാഞ്ഞു വരുന്നു. ‘‘എന്റെ സാറേ, കറി അടുപ്പിൽ വച്ചിട്ട് നോക്കുമ്പോൾ ഒരു തരി ഉപ്പില്ല. ഉടുത്തൊരുങ്ങി പോകണ്ടല്ലോ എന്ന് കരുതി. ഇവന് സ്റ്റഡി ലീവാരുന്നു. സൈക്കിളിലൊന്ന് കടേൽ പോയി വായെന്ന് പറഞ്ഞപ്പോൾ ബൈക്കാണെങ്കിൽ മാത്രമേ കടയിൽ പോകൂ എന്ന് അവന് വാശി. രക്ഷയില്ലാഞ്ഞിട്ടാണ് അച്ഛന്റെ ബൈക്ക് എടുത്തോളാൻ പറഞ്ഞത്.’’

അമ്മയുടെ കണ്ണിൽ നിന്ന് മറഞ്ഞെന്ന് ഉറപ്പു വരുത്തിയതോടെ സ്പീഡ് അങ്ങു കൂട്ടി. സ്റ്റഡി ലീവിന്റെ ക്ഷീണം തീർക്കാൻ ബൈക്കിലൊരു റൈഡ്. ആഹാ.. അടിപൊളി.

 ഇനിയിത് ആവർത്തിക്കരുതെന്ന് താക്കീത് കൊടുത്ത് വിടുമ്പോൾ അമ്മ ഒരിക്കൽ കൂടി പറഞ്ഞു, ഈ കാര്യം അച്ഛനറിയല്ലേ പൊന്ന് സാറേ... അങ്ങേര് പൊലീസിലാ...’ .

തയ്യാറാക്കിയത്: ലക്ഷ്മി പ്രേം കുമാർ, വര: ജയൻ

Tags:
  • Spotlight
  • Vanitha Exclusive