വെർജിൻ വെളിച്ചെണ്ണ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവു കൂട്ടില്ല. എളുപ്പം ദഹിക്കുന്ന മധ്യശൃംഖല കൊഴുപ്പമ്ലങ്ങളാണ് വെർജിൻ വെളിച്ചെണ്ണയിലെ പ്രധാന ഘടകം. അതായത് മൊത്തം 90 ശതമാനം പൂരിതം. അതിൽ ഭൂരിഭാഗവും മധ്യശൃംഖല പൂരിത കൊഴുപ്പുമാണ് എന്ന സത്യം നാം മനസ്സിലാക്കണം. അതായത് വെർജിൻ വെളിച്ചെണ്ണയിൽ മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുന്ന മധ്യശൃംഖല കൊഴുപ്പമ്ലങ്ങളാണ്. ഇവയെ പൊതുവേ നല്ല കൊഴുപ്പമ്ലങ്ങൾ എന്നാണു പറയുന്നത്.

അതിനാൽ ദഹിക്കപ്പെടാതെ രക്തക്കുഴലുകളിൽ അടിയുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. കാരണം ഇവ മനുഷ്യശരീരത്തിൽ ഏകദേശം പൂർണമായും ദഹിക്കപ്പെടും. വിവിധതരം സസ്യ എണ്ണകളിൽ അടങ്ങിയിരിക്കുന്ന മധ്യശൃംഖല കൊഴുപ്പമ്ലങ്ങളുടെ അളവ് ഗ്രാഫിൽ.

വെർജിൻ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പമ്ലങ്ങളിൽ 55 ശതമാനവും ലോറിക് ആസിഡാണ്. ഇതു ശരീരത്തിൽ മോണോലോറിൻ ആയി രൂപാന്തരപ്പെടുന്നു. ബാക്ടീരിയ, കുമിൾ മുതലായ ഇനങ്ങളിലുള്ള രോഗാണുക്കളെ നശിപ്പിക്കുന്നു. ഇവയുടെ കൊഴുപ്പു നിറഞ്ഞ ആവരണത്തെ മോണോലോറിൻ അലിയിക്കുന്നതിനാൽ രോഗാണുക്കൾ നശിക്കുന്നു. വെർജിൻ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പമ്ലങ്ങളുടെ തോത് താഴെ കൊടുക്കുന്നു.

വെർജിൻ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ലാറിക് അമ്ലമാണെന്ന് നാം കണ്ടുവല്ലോ. ഇതു രോഗസാധ്യത കുറയ്ക്കുന്നു. മധ്യശൃംഖല കൊഴുപ്പമ്ലങ്ങളാൽ സമ്പുഷ്ടമായ വി.സി.ഒ. അഥവാ പരിശുദ്ധ വെളിച്ചെണ്ണയ്ക്ക് മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും മനുഷ്യരിൽ കണ്ടുവരുന്ന മറവിരോഗം അഥവാ അൽഷിമേഴ്സ് രോഗം കുറയ്ക്കാനും കഴിവുണ്ട് എന്നു പ്രശസ്ത ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

VCO Article.indd

തേങ്ങയിൽ നിന്നു ലഭിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളിൽ ഏറ്റവും മൂല്യമുള്ള ഉൽപന്നമായി വെർജിൻ വെളിച്ചെണ്ണ മാറിയിരിക്കുന്നു. ഇന്ന് 300 മി.ലീ. വെർജിൻ വെളിച്ചെണ്ണയുടെ ആഭ്യന്തര വില 295 രൂപയാണ്. ഇത്രയും എണ്ണ ഉൽപാദിപ്പിക്കുന്നതിന് 5 തേങ്ങ വേണ്ടിവരും. തേങ്ങയുടെ ഇന്നത്തെ വിലയ്ക്ക് 100 രൂപ തേങ്ങ വില വരുന്നു. വെർജിൻ വെളിച്ചെണ്ണയായി വിപണിയിൽ എത്തുന്ന തേങ്ങയുടെ മൂല്യം 300 ശതമാനം അഥവാ മൂന്നിരട്ടിയായി വർധിക്കുന്നു. ഒരു കിലോഗ്രാം വെർജിൻ വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ ഉദ്ദേശം 400Ð450 രൂപ ചെലവു വരും. ആഭ്യന്തര വിപണിയിൽ ഒരു കിലോഗ്രാം വെർജിൻ വെളിച്ചെണ്ണയ്ക്ക് 1000 രൂപ മുതൽ 1200 രൂപ വരെ വില കിട്ടും.

മനുഷ്യന് ആരോഗ്യപ്രദവും പല രോഗങ്ങളെയും പടിപ്പുറത്ത് നിർത്തുവാൻ ശേഷിയുമുള്ള വെർജിൻ വെളിച്ചെണ്ണയെ ഇന്നു പലരും ഒരു ഫങ്ക്ഷണൽ ഫൂഡ് ആയി അംഗീകരിച്ചിട്ടുണ്ട്. വർധിച്ചു വരുന്ന വെർജിൻ വെളിച്ചെണ്ണയുടെ ആവശ്യകത കണക്കിലെടുത്ത് ഇതിന്റെ ഉൽപാദനം വർധിപ്പിക്കാൻ നാളികേര വികസന ബോർഡ് കൂടുതൽ ഊന്നൽ നൽകി വരുന്നു. 

നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതിയിൽ വ്യാവസായികാടിസ്ഥാനത്തിൽ വെർജിൻ വെളിച്ചെണ്ണ യൂണിറ്റുകൾ തുടങ്ങുന്നതിന് 50 ലക്ഷം രൂപ വരെ സബ്സിഡി നൽകി വരുന്നു. കൂടാതെ പരിശുദ്ധ വെളിച്ചെണ്ണ തയാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ബോർഡ് നൽകുന്നു. ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സെൻട്രൽ ഫൂഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ലോകനിലവാരം പുലർത്തുന്നതാണ്.