Thursday 05 August 2021 10:21 AM IST

ഭീമമായ ആശുപത്രി ചെലവില്ല, വീട്ടിൽ തന്നെ ചികിത്സിക്കാം: കുറഞ്ഞ ചെലവിൽ കോവിഡിന് വെർച്വൽ ഐപി: കേരളത്തിൽ നിന്നൊരു മാതൃക

Santhosh Sisupal

Senior Sub Editor

virtual-ip

വെർച്വൽ ഐപി സംസ്ഥാന സർക്കാരിനു പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതിയുടെ സമ്പൂർണ മാർഗരേഖ ഡോക്ടർ ജ്യോതിദേവ് കേശവദേവ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറി.

വെർച്വൽ ഇൻപേഷ്യന്റ് ഒറ്റനോട്ടത്തിൽ

∙ കോവിഡ് കിടത്തി ചികിത്സയിലെ പരിമിതികളെ മറികടക്കുന്നു.

∙ പരിശീലനം നേടിയ കുറച്ചു ആരോഗ്യവിദഗ്ധർക്ക് ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കാം

∙ ആരോഗ്യരംഗത്തുള്ളവരും സുരക്ഷിതരാവും

∙ കോവിഡ് സങ്കീർണതകളെ തടയാം.

∙ ഓക്സിജൻ, വെന്റിലേറ്റർ ഉപയോഗം പരമാവധി കുറയ്ക്കാം

∙ ചികിത്സാ ചെലവ് നാമമാത്രം

കോവിഡ് രോഗികളെയും ബന്ധുക്കളെയും ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നതാണ്ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയും രോഗത്തിന്റ സങ്കീർണതകളും. ഒപ്പംഭീമമായ ചികിത്സാ ചെലവും മിക്കവർക്കും താങ്ങാവുന്നതിനപ്പുറമാണ്. ഇതിനൊരു പരിഹാരമാണ് വെർച്വൽ ഐപി.

കുറയാൻ കൂട്ടാക്കാതെ നിൽക്കുന്ന കോവിഡിനെ മെരുക്കാൻ ഒരു കേരളാ മോഡൽ. കോവിഡ് രോഗികളുടെ ആശുപത്രിയിൽ കിടത്തിയുള്ള(ഐപി) ചികിത്സയ്ക്ക് തുല്യമായ ചികിത്സ വീടുകളിൽ തന്നെ ലഭ്യമാക്കി ലോകത്തിന്റെ പ്രശംസ നേടുകയാണ് കേരളത്തിൽ നിന്നുള്ള ചികിത്സാ സംഘം. തിരുവനന്തപുരത്തെ ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള വെർച്വൽ കോവിഡ് ഇൻപേഷ്യന്റ് (VCIP) സംവിധാനത്തിന്റെ ചികിത്സാ വിജയം കോവിഡ് ചികിത്സയിലെ വലിയ മുന്നേറ്റമായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.

‘രോഗി ഏത് സ്ഥലത്ത് ആയിരുന്നാലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുമെങ്കിൽ ഈ വെർച്വൽ ഐപി യിൽ രോഗിയെ അഡ്മിറ്റ് ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. നാട്ടിൽ കോവിഡ് ബാധിച്ച പ്രിയപ്പെട്ടവരെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രവാസികൾക്കും ദൂരദേശങ്ങളിൽ കഴിയുന്നവർക്കും സമാധാനവും പ്രതീക്ഷയും പകരാനായി എന്നതുമാണ് ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ ലഭിച്ച അപ്രതീക്ഷിത സന്തോഷം’, പ്രമേഹവിഗദ്ധനും ഗവേഷകനുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.

എന്താണ് വെർച്വൽ ഇൻപേഷ്യന്റ് (VCIP)?

വെർച്വൽ ഐപിയിൽ പ്രവേശിപ്പിക്കപ്പെട്ട്, വീട്ടിൽ തന്നെ കഴിക്കുന്ന കോവിഡ് രോഗിയുടെ ആരോഗ്യനില വാട്ട്സ്ആപ്പ്, സൂം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചികിത്സാ സംഘം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കും. ഗ്ലൂക്കോമീറ്റർ, ബിപി മീറ്റർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവയുടെയും, വീട്ടിലെത്തി പരിശോധന നടത്താനുള്ള ലബോറട്ടറി സൗകര്യങ്ങളുടെയും സഹായത്തോടെയാണ് ഈ കർശന നിരീക്ഷണം തുടരുക. രോഗാവസ്ഥയിൽ വരുന്ന മാറ്റമനുസരിച്ച് മരുന്നുകളോ കുത്തിവയ്പ്പുകളോ മറ്റു ചികിത്സാ രീതികളോ ആവശ്യമായി വരുന്ന ഘട്ടത്തിൽ അവ യഥാസമയം വീട്ടിൽ തന്നെ ലഭ്യമാക്കുക എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും പ്രധാന ഘട്ടം. ചികിത്സ വൈകിപ്പോകുന്ന അവസ്ഥ ഇതിലൂടെ ഇല്ലാതാകും. മാത്രമല്ല രോഗിക്ക് ഓക്സിജൻ കൊടുക്കേണ്ടിവരുന്ന ഘട്ടമോ വെൻറിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കേണ്ട ആവശ്യകതയോഏതാണ്ട് വലിയ തോതിൽ ഒഴിവാക്കാനുമാകും.

കോവിഡ് ചികിത്സയിൽ ഇപ്പോഴുള്ള പരിമിതികളെ മറികടക്കാൻ സഹായിക്കും എന്നുള്ളതാണ് വിസിഐപി സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചം. പരിശീലനം നേടിയ ഒരു ചെറിയ ചികിത്സാ സംഘത്തിനു പോലും ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാം എന്നതാണ് ഇതിന്റെ നേട്ടം.

ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ കോവിഡ് വെർച്വൽ ഐപി ചികിത്സയുടെവിശദാംശങ്ങളടങ്ങിയ പഠനറിപ്പോർട്ട് “ഡയബറ്റിസ് ആൻഡ് മെറ്റബോളിക്സിൻഡ്രോം-ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസ് “ എന്ന രാജ്യാന്തര മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഇതോടെയാണ് ഈ ചികിത്സാരീതി ലോകശ്രദ്ധ നേടിയത്. വിവിധ രാജ്യങ്ങളിലെ കോവിഡ് ചികിത്സാവിദഗ്ധർ ഈ മാതൃക നടപ്പിലാക്കുന്നതിനായി കേരളത്തിലെ ചികിത്സാസംഘത്തെ ബന്ധപ്പെടുന്നു എന്നത് കോവിഡ് ചികിത്സയിലെ പുതിയ മുന്നേറ്റമായി VCIP-നെ ലോകം പരിഗണിക്കുന്നു എന്നതിനു സാക്ഷ്യം.

വെർച്വൽ ഇൻപേഷ്യന്റ് (VCIP)

വീട്ടിൽ കിടത്തി കോവിഡ് രേഗികളെ ചികിത്സിക്കുന്ന വെർച്വൽ ഇൻപേഷ്യന്റ് (VCIP) ലോകശ്രദ്ധ നേടുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ ഒരു കൂട്ടം വിദഗ്ധർക്ക് വലിയൊരു സംഘം രോഗികളെ പരിചരിക്കാം എന്നതാണ് ഈ രീതിയുടെ മികവ്. തിരുവനന്തപുരത്തെ ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള വെർച്വൽ കോവിഡ് ഇൻപേഷ്യന്റ് (VCIP) സംവിധാനത്തിന്റെ ചികിത്സാ വിജയം കോവിഡ് ചികിത്സയിലെ വലിയ മുന്നേറ്റമായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. കോവിഡ് വെർച്വൽ ഐപിയുടെ കൂടുതൽ വിശദാംശങ്ങൾ ഡോ.ജ്യോതിദേവ് കേശവദേവ് വനിതാ ഓൺലൈനു നൽകിയ അഭിമുഖത്തിൽ കാണാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജ്യോതിദേവ് കേശവദേവ്

Dr.JOTHYDEV KESAVADEV

Chairman & Managing Director, Jothydev's Diabetes Research Centres