Saturday 17 August 2019 04:21 PM IST

‘ൈകവിട്ടു പോകുമെന്ന് പലരും പറഞ്ഞു, അവൾക്കതിന് ആകില്ലായിരുന്നു’; അറ്റുപോയത് കൈകളാണ് ഞങ്ങളുടെ സ്നേഹമല്ല

Binsha Muhammed

kanmani

പെടുന്നനെയുള്ള ശബ്ദം. ബോധം നഷ്ടപ്പെടുന്നതു വരെയുള്ള ഞരക്കം. ജീവിതത്തിന്റെ ബാല ൻസ് ഷീറ്റിൽ നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ച ആ ഇരുണ്ട രാത്രിയുടെ ഓർമകൾ നുള്ളിപ്പെറുക്കിയെടുത്താൽ കിരണിനു മുന്നിൽ തെളിയുന്ന ചിത്രങ്ങൾ അത്രമാത്രം.

‘‘അപകടം നടന്ന രാത്രിയെ പാഴ്ക്കിനാവെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. സ്വപ്നത്തിലെ സന്തോഷത്തിനും സങ്കടത്തിനും നഷ്ടപ്പെടലുകൾക്കുമെല്ലാം സെക്കൻഡിന്റെ ഒരംശം ആയുസ് മാത്രമല്ലേയുള്ളൂ. ആ ദുഃസ്വപ്നം അവിടെ കഴിഞ്ഞു. അതിന്റെ പേരിൽ ഇനിയും ഞാനെന്തിന് കരയണം.’’ കൃത്രിമ കയ്യിലേക്ക് നോക്കി കിരൺ ദീർഘനിശ്വാസമെടുത്തു.

‘‘ഇടയ്ക്കെപ്പോഴോ തികട്ടി വരുന്ന ആ ദുഃസ്വപ്നങ്ങൾ ചില ചിന്തകൾ മനസ്സിലേക്ക് ഇട്ടു തരാറുണ്ട്. മനസ്സിലാഗ്രഹിച്ച ജോലി, കുടുംബം, സ്വപ്നങ്ങൾ, എല്ലാത്തിനും മേലെ എ ന്നെ സ്നേഹിച്ച പെണ്ണ്... എന്തെങ്കിലും എനിക്ക് നഷ്ടപ്പെട്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. ഇല്ല, ഒന്നും നഷ്ടപ്പെട്ടില്ല. വിധി നൽകിയ പരിമിതിയും പേറി മുന്നോട്ടു പോകുമ്പോഴും ബാലൻസ് ഷീറ്റിൽ എല്ലാം കിറുകൃത്യം.

ജീവിതം മുൻപത്തെ പോലെ അല്ലായിരിക്കാം. പലരും എ ന്നെ സഹാതാപത്തോടെ നോക്കുന്നുണ്ടായിരിക്കാം. പക്ഷേ...ആതിര, അവൾ അങ്ങനെയല്ല. രണ്ടു കയ്യുള്ളപ്പോൾ അവൾക്ക് ഞാൻ ആരായിരുന്നോ അങ്ങനെ തന്നെയാണ് ഇന്നും. കരുതലാകേണ്ടവന്റെ കൈകൾ അപകടം കവർന്നപ്പോൾ കൈവിട്ടിട്ടു പോകുമെന്ന് പലരും പറഞ്ഞു. പക്ഷേ, അവൾക്ക് അതിനാകില്ലായിരുന്നു.’’ കണ്ണുനീരുറഞ്ഞു കിടക്കുന്ന പ്രണയകഥ യുടെ ഫ്ലാഷ്ബാക്കിലേക്ക് പാലക്കാട് യാക്കര സ്വദേശിയായ കിരണിന്റെ ഓർമകൾ പാഞ്ഞു.

ഇരുണ്ട രാത്രിയുടെ ഓർമയ്ക്ക്

‘‘ഈ ഫോട്ടോ കണ്ടോ? ഈ രൂപത്തിൽ നിന്നും എന്നെ ഇങ്ങനെയാക്കിയത് ആ നശിച്ച രാത്രിയാണ്. 2017 ഫെബ്രുവരി ആറ്! എന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട രാത്രി’’ പഴ്സിലെ പഴയ ഫോട്ടോ കാണിച്ചാണ് കിരൺ പറഞ്ഞു തുടങ്ങിയത്.

‘‘പോളിടെക്നിക്ക് പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സിസ്റ്റം എൻജിനീയറായി. ഇടയ്ക്ക് ജോലി സംബന്ധമായ യാത്രയ്ക്ക് മൈസൂരുവിലേക്ക് പോയതാണ്. പുലർച്ചെ മൂന്ന് മണി. വലിയൊരു ശബ്ദം കേട്ടു ഞെട്ടിയുണർന്നു.

എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നു മനസ്സിലായില്ല. പിന്നെ, തിരിച്ചറിഞ്ഞു, വണ്ടി തകിടം മറിയുകയാണെന്ന്. ശരീരം നുറുങ്ങുന്ന വേദനയുണ്ട്. ചോരയൊഴുകുന്നത് ആ ഇരുട്ടിലും മനസ്സിലായി. ബോധം നശിച്ചിട്ടില്ല. എങ്ങനെയെങ്കിലും വണ്ടിയുടെ അടിയിൽ നിന്നു പുറത്തു കടക്കണമെന്ന് തീരുമാനിച്ചു. കൈ കുത്താൻ ശ്രമിച്ചപ്പോൾ എന്തോ ഒരു ഭാരക്കുറവ്. വീണ്ടും ശ്രമിച്ചപ്പോഴാണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. കൈകൾ അറ്റുതൂങ്ങിയിരിക്കുകയാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ എണ്ണുന്നതിനിടെ എപ്പോഴോ ബോധം നഷ്ടമായി.’’ കിരണിന്റെ വാക്കുകൾ ഇടറി.

‘‘ബോധം തെളിയുമ്പോൾ ആശുപത്രിയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛനും കൂട്ടുകാരുമുണ്ട്. അറ്റു പോയ കൈ തുന്നിച്ചേർക്കാനാകുമെന്നും സാധാരണ ജീവി തത്തിലേക്കു മടങ്ങി വരാനാകുമെന്നും അവർ പറഞ്ഞു. എ ന്നാൽ അതിനു മുൻപേ ഡോക്ടർ എന്നോട് ആ സത്യം പറഞ്ഞിരുന്നു, ‘നിങ്ങളുടെ രണ്ടു കൈകളും നഷ്ടമായിരിക്കുന്നു. വൈകിയെത്തിയ ഈ സാഹചര്യത്തിൽ തുന്നിച്ചേർക്കൽ അസാധ്യമാണ്’. ആ ആശുപത്രി വരാന്തയിൽ അസ്തമിച്ചു എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം.

ജീവിതം തിരികെ തന്ന പ്രണയം

എന്റെ വേദനകളിലേക്ക് ആരെയും ബോധപൂർവം വലിച്ചിഴയ്ക്കുക എന്നത് എന്നെത്തന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു. പ്രണയം മറ്റൊരാൾക്ക് ബാധ്യത ആകരുതെന്നു നിർബന്ധമുണ്ടായിരുന്നു. പക്ഷേ, അങ്ങനെ ചിന്തിക്കാൻ ആതിര ഒരുക്കമല്ലായിരുന്നു.

IMG_20180213_182051_1

‘‘നാലു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. ഞാനും ആ ആശുപത്രിയിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്, എക്സ്റേ ടെക്നിഷ്യനായി. അപകടം എപ്പോഴാണ് വരുന്നതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇ ഷ്ടം മറക്കണമെന്ന് എന്നോട് പല തവണ പറഞ്ഞു. പക്ഷേ, അതെങ്ങനെയാ കഴിയുക? മനുഷ്യനല്ലേ, മനസ്സിൽ തോന്നിയത് അങ്ങനെ മാറ്റാൻ കഴിയുമോ?’’ ആതിര നിഷ്കളങ്കമായി ചോദിക്കുന്നു.

‘‘ഞാൻ പല തവണ അവളെ ബോധപൂർവം ഒഴിവാക്കാൻ ശ്രമിച്ചു. അത് അവളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല. ഇഷ്ടക്കൂടുതൽ കൊണ്ടാണ്. ‘രണ്ടു പേർ സ്നേഹിക്കുമ്പോൾ വരുന്നതെല്ലാം രണ്ടുപേരും ഒരുമിച്ച് നേരിടണ’മെന്നായിരുന്നു അവളുടെ ഉറച്ച മറുപടി. ആ വാക്കുകളുടെ ധൈര്യത്തിൽ ഞ ങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹത്തിനു മു ൻപാണ് കൃത്രിമ കൈ പിടിപ്പിക്കുന്നത്.

എന്റെ വിധിയിൽ എനിക്ക് സങ്കടമില്ല. പക്ഷേ, അവളുടെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും ഇടയ്ക്കൊക്കെ സങ്കടം തോന്നും. ‘തീരുമാനം തെറ്റായി പോയി എന്നു എപ്പോഴെങ്കിലും തോന്നാറുണ്ടോ?’ സ്നേഹം കൊണ്ടാണ് ചോദ്യമെങ്കിലും അത് അവൾക്ക് കൂടുതൽ സങ്കടമാകും. എങ്കിലും അതു പുറത്തു കാണിക്കാതെ ആശ്വസിപ്പിക്കും. പിന്നെ, പതിയെ ഞാൻ ചോദ്യം ഒഴിവാക്കി. അവൾ കൂടെ ഉള്ളപ്പോൾ എന്റെ ജീവിത ത്തിലെ ഏറ്റവും വലിയ ഭാഗ്യം, ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സു പറയുന്ന നിമിഷങ്ങളാണ്.

സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള പ്രചോദനവും അ വളാണ്. ഇപ്പോൾ പല പ്രമുഖ സ്ഥാപനങ്ങളിലും സിസ്റ്റം എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ക്ലാസ്സുകളും എടുക്കുന്നുണ്ട്. കൈകളില്ലാതെ എങ്ങനെ ബൈക്ക് ഓടിക്കും എന്ന് മാത്രം ആയിരുന്നു ടെൻഷൻ. ‘ഭർത്താവിന്റെ കൂടെ എനിക്കും ബൈക്കിൽ പോകേണ്ടെ?’ എന്ന് ആതിര ചോദിച്ചപ്പോൾ ആ വഴിക്കുള്ള ശ്രമം തുടങ്ങി.

അച്ഛന്റെ സ്കൂട്ടറിൽ ആദ്യ പരീക്ഷണം നടത്തി. അത് വിജയിച്ചപ്പോൾ എന്റെ ബൈക്കിലും ആക്സിലേറ്ററും ബ്രേക്കും കാലുകൾ കൊണ്ട് ഉപയോഗിക്കാവുന്ന തരത്തിലാക്കി. ഹാൻഡിൽ നിയന്ത്രിക്കാനുള്ള എക്സ്ട്രാ ഫിറ്റിങ്ങുകളും ആയപ്പോൾ ഞാനെന്റെ കുതിരയുമായി നിരത്തിലിറങ്ങി. പിന്നിൽ അവളും.’’