Wednesday 19 September 2018 03:41 PM IST

വണ്ണം കുറയ്‌ക്കാൻ മാത്രമല്ല, കുറച്ച ഭാരം പിന്നെ കൂടാതിരിക്കാനും വെയ്റ്റ്‍ലോസ് ഹിപ്നോസിസ്!

Santhosh Sisupal

Senior Sub Editor

Theparist performing reiki treatment on woman

അമിത വണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? പരസ്യമായും രഹസ്യമായും പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അമിതവണ്ണമുള്ളവരിൽ മിക്കവരും. കഠിനശ്രമങ്ങൾ നടത്തി ഭാരംകുറച്ചാലും സാധാരണ ഭക്ഷണം, ജീവിതരീതിയിലേക്കു തിരിച്ചു വരുമ്പോൾ പോയതിനേക്കാൾ വേഗം വണ്ണം തിരിച്ചു വരുന്നതും കാണാം. അതിനൊക്കെ പരിഹാരമായ ഒരു കുറുക്കുവഴിയാണ് വെയ്റ്റ്‍ലോസ് ഹിപ്നോസിസ്. വണ്ണം എന്തുകൊണ്ടുകൂടുന്നുവെന്നതിനു സാർവലൗകികമായ ഉത്തരമുണ്ട്. ശരീരത്തിലേക്ക് ഭക്ഷണ രൂപത്തിലെത്തുന്ന ഊർജത്തിന്റെ അളവിനേക്കാൾ കുറവാണ് ശരീരം ചെലവാക്കുന്നതെങ്ക‍ിൽ, വണ്ണം കൂടും.

കുറയ്ക്കാനുള്ള വഴിയെന്താണ്? ശരീരത്തിലെത്തുന്ന ഊർജത്തേക്കാൾ കൂടുതൽ ഊർജം ശരീരം ചെലവഴിക്കുക. ഇതു മാത്രമാണ് മാർഗം. ഇതിനു രണ്ടുവഴികളേയുള്ളൂ. ശരീരത്തെ കൂടുതൽ പ്രവർത്തിച്ച് (അധ്വാനം, വ്യായാമം) ഊർജം കൂടുതൽ ചെലവാക്കുക. മറ്റൊന്ന് ഉള്ളിലെത്തുന്ന ഊർജം കുറയ്ക്കുക. ഹോർമോൺ തകരാറുമൂലം വണ്ണം കൂടുന്ന കുറച്ചു പേരുടെ കാര്യമൊഴിച്ചാൽ ഇതു തന്നെയാണ് 95 ശതമാനം പേർക്കും വണ്ണം കുറയ്ക്കാനുള്ള മാർഗം. പക്ഷേ പ്രശ്നം അവിടെ തുടങ്ങുകയാണ്.

ഭക്ഷണത്തിലെ കൊഴുപ്പും മധുരവും കുറച്ചാൽ ഊർജം കുറയ്ക്കാം. പതിവായി നിശ്ചിതസമയം നടത്തം, ജോഗിങ് തുടങ്ങി മറ്റു വ‍്യായാമങ്ങളിൽ ഏർപ്പെടുകയും വേണം. ഇതൊക്കെ പറയുന്നത്ര എളുപ്പമല്ലെന്നാകും നിങ്ങൾ ആലോചിക്കുന്നത്. ശരിയാണ് എളുപ്പമല്ല, പക്ഷേ അവ എളുപ്പമാക്കുക മാത്രമല്ല ഭാരം കുറയ്ക്കാനും കുറച്ച ഭാരം പിന്നെ കൂടാതിരിക്കാനും ആവശ്യമായ ഒരു ലളിത വിദ്യയാണ് ഹിപ്നോസിസ‍ിലൂടെ ഭാരം കുറയ്ക്കൽ രീതി.

വെയ്റ്റ്ലോസ് ഹിപ്നോസിസ്

ജീവിതത്തിന്റെ വിവിധമേഖലകളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ടൂൾ ആണ് ഹിപ്നോസിസ് അഥവാ ഹിപ്നോട്ടിസം എന്ന മോഹനിദ്ര. അമിതവണ്ണം കുറയ്ക്കുന്നതിൽ ലോകത്ത് ലക്ഷണക്കണക്കിനു പേർ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്ത മാർഗമാണു വെയ്റ്റ‍്‍ലോസ് ഹിപ്നോസിസ്. പ്രഫഷനലായ ഒരു ഹിപിനോട്ടിസ്റ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന ഈ പ്രക്രിയ സെൽഫ് ഹിപ്നോസിസ് ആയി സ്വയം ചെയ്യാം. നിങ്ങൾക്കുതന്നെ സ്വയം നിർദേശങ്ങളിലൂടെ (സജഷൻസ് നൽകി) വണ്ണം കുറയ്ക്കാനുള്ള ഒരു പാക്കേജ് ആയി അവതരിപ്പിക്കുകയാണിവിടെ. വണ്ണം കുറയ്ക്കാനുള്ള മറ്റു മാർഗങ്ങളെല്ലാം പരാജയപ്പെ‌ട്ടു പോയവർക്കുപോലും ഫലപ്രദമായി പ്രയോഗ‍ിച്ചു വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ മാർഗത്തിന്റെ പ്രത്യേകത.

കുറച്ചു സമയത്തേക്കു പുറത്തുനിന്നുള്ള പ്രതികരണങ്ങൾ ബോധമനസ്സിലേക്കു കടന്നുവരാതെ സൂക്ഷിക്കുകയും ഈ സമയം മറ്റൊരാളിൽനിന്നോ സ്വയം നൽകുന്നതോ ആയ നിർദേശങ്ങൾ (സജഷൻസ്) സ്വീകരിക്കുകയും ചെയ്യുന്ന മാനസിക അവസ്ഥയാണു ഹിപ്നോസ്സ് എന്നു പറയാം. ബോധമനസ്സിനെ അൽപനേരത്തേക്കു നിരുത്സാഹപ്പെടുത്തുകയും ഈ സമയം സബ്കോൺഷ്യസ് മൈൻഡ് എന്ന ഉപബോധമനസ്സിനോടു സംവദിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന രീതിയാണിത്. ഇതു സ്വയം ചെയ്യുന്ന പ്രക്രിയയാണു സെൽഫ് ഹിപ്നോസിസ്. വെയ്റ്റ്‍ലോസ് ഹിപ്നോസിസ് സെൽഫ് ഹിപ്നോസിസ് ആയി ചെയ്യുന്നതെങ്ങനെയാണ് ഘട്ടം ഘട്ടമായി മനസ്സിലാക്കാം.

ഘട്ടം 1. സ്വസ്ഥമായി ഇരിക്കാം, സെൽഫ് ഹിപ്നോസിസിനായി തയാറെടുക്കാം

യാതൊരു ഇടപെടലുമില്ലാത്ത അര മണിക്കൂർ സമയമാണ് ആദ്യം കണ്ടെത്തേണ്ടത്. ഫോണും ടിവിയും സുഹൃത്തുക്കളും മറ്റാരും ശല്യം ചെയ്യാത്ത സ്ഥലം. വീട്ടിൽത്തന്നെ കണ്ടെത്തുന്നതാകും ഉചിതം.

∙ മുറുകിയ വസ്ത്രങ്ങൾ അയച്ചിടുക. പാദരക്ഷകൾ മാറ്റിവയ്ക്കുക. മൊബൈൽ ഫോൺ മാറ്റിവയ്ക്കുക. അതു നിശ്ശബ്ദമാക്കാൻ മറക്കരുത്.

∙ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. കിടക്കുകയാണെങ്കിൽ നീണ്ടു നിവർന്നു മലർന്നു കിടക്കണം. തലയിണയിൽ തല സുഖപ്രദമായിട്ടിരിക്കണം. ഉറങ്ങിപ്പോകാൻ സാധ്യതയുള്ളവർ ഇരുന്നു ചെയ്യുന്നതാണ് നല്ലത്.

∙ സ്വസ്ഥമായിരിക്കുക. പാദങ്ങൾ തറയിൽ ഷോൾഡർ അകലത്തിൽ അകറ്റിവയ്ക്കുക. കൈകൾ മടിയിൽ വയ്ക്കാം. ഇത്രയുമായാൽ അടുത്ത ഘട്ടത്തിലേക്കു കടക്കാം.

ഘട്ടം 2. നിർദേശങ്ങൾ (സജഷൻസ്) തയാറാക്കാം

ഇവിടെ ചില കാര്യങ്ങൾ മനസ്സിനോട് നിർദേശിക്കാനുണ്ട് അത് ഭാവനയിലൂടെ ചെയ്യാം. എന്തുതരം മാറ്റങ്ങളാണു വേണ്ടത്, എന്തൊക്കെയാണു ഭാവനയിൽ കാണേണ്ടത് എന്ന് ആലോചിക്കാം. ശരിക്കും നമ്മൾ നമ്മളെ എങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്? ആ രൂപത്തെ മനസ്സിൽ കുറിച്ചിടുക.

∙ വയറില്ലാതെ നല്ല ഒതുങ്ങിയ അരക്കെട്ട്

∙ കൂടുതൽ ആരോഗ്യവാൻ

∙ നല്ല ചുറുചുറുക്ക്

∙ കൂടുതൽ ചെറുപ്പം

∙ ഉറച്ച ശരീരം

ഇങ്ങനെ നിങ്ങളുടെ ശരീരത്തിൽ എന്തു മാറ്റങ്ങളാണോ ആഗ്രഹിക്കുന്നത് അതൊക്കെ മനസ്സിൽ കുറിച്ചിടുക.

ഇനി വണ്ണം കുറയ്ക്കുന്നതിൽ തടസ്സമായി മാറുന്ന കാര്യങ്ങൾ എ‍ന്തൊക്കെയെന്ന് ആലോചിക്കുക. അതിനുശേഷം അവയ്ക്കു പകരം മനസ്സിലുറയ്ക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു മനസ്സിൽ തിട്ടപ്പെടുത്തുക.

∙ ദിവസവും വ്യായാമം ചെയ്യാൻ മടിക്കില്ല.

∙ എനിക്ക് ആവശ്യമുള്ള ഭക്ഷണമേ കഴിക്കൂ.

∙ ഭക്ഷണത്തിൽ ഞാൻ സംതൃപ്തനാണ്.

∙ മധുരം കുറഞ്ഞ ഭക്ഷണം നല്ലത്.

∙ പച്ചക്കറികൾ കൂടുതൽ കഴിക്കും

∙ വേണ്ടത്ര വെള്ളം കുടിക്ക‍ും

∙ ഇടവേള സ്നാക്കുകൾ വേണ്ട

∙ വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കും

∙ വയറു നിറഞ്ഞാൽ കഴിക്കുന്നതു നിർത്തും

∙ അരവയർ ഭക്ഷണത്തിൽ തൃപ്തനാകും

∙ കഴിക്കുന്ന ഭക്ഷണമെല്ലാം രുചികരമാണ്

∙ നിർബന്ധിച്ചാലും ആവശ്യത്തിനേ കഴിക്ക‍ൂ

ഇങ്ങനെ നിങ്ങൾക്കു യോജിച്ച കാര്യങ്ങൾ മനസ്സിൽ തയാറാക്കുക. ശരീ‍രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഭാവനയും ആഗ്രഹിക്കുന്ന ശീലങ്ങളും മനസ്സിൽ തയാറായി കഴിഞ്ഞാൽ ഹിപ്നോസിസിലേക്കു കടക്കാം. ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം ഉപയോഗിക്കാനുള്ളതാണ്.

weight-loss-hypnosis

ഘട്ടം 3. ശ്വസനത്തിൽ ശ്രദ്ധിക്കാം

കണ്ണുകളടച്ചു സാവധാനം ദീർഘമായി ശ്വസിക്കുക. രണ്ടു നിമിഷം ശ്വ‍ാസം ഉള്ളിൽ നിർത്തി പുറത്തേക്കു വിടുക. ശ്വാസം എടുക്കുമ്പോൾ വയർ പുറത്തേക്കു തള്ളുന്നതും ശ്വാസംവിടുമ്പോൾ വയർ താഴുന്നതും ശ്രദ്ധിക്കുക. (പകരംനെഞ്ചാണു വികസിക്കുന്നതെങ്കിൽ ശ്വസന രീതി തെറ്റാണ്). വീണ്ടും ദീർഘമായി ശ്വസിക്കുക. രണ്ടു സെക്കൻഡ് നിർത്തുക. സാവധാനം പുറത്തേക്കു വിടുക. ശ്രദ്ധ ശ്വസനത്തിൽ കേന്ദ്രീകരിക്കുക. ഇങ്ങനെ മൂന്നു നാലു ദീർഘനിശ്വാസം കഴിഞ്ഞാൽ, ശ്വസനം സാധാരണമട്ടിലാക്കുക.

തുടർന്ന് ശ്വസനഗതി സാധാരണമട്ടിൽ തുടർന്നുകൊണ്ട് ശ്വസനപ്രക്രിയ നിരീക്ഷിക്കുക. ശ്വാസനിശ്വാസങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുക. ഉള്ളിലേക്കു പോകുന്നതു വളരെ ശുദ്ധമായ വായുവാണെന്നു വിചാരിക്കുക. പുറത്തേക്കു വിടുന്ന നിശ്വാസവായുവിനൊപ്പം നിങ്ങളുടെ ടെൻഷനുകളും ഉത്കണ്ഠകളും നെഗറ്റീവ് വിചാരങ്ങളും എല്ലാം പുറത്തു പോകുന്നതായി സങ്കൽപിക്കാം. വായു ഉള്ളിലേക്കു കയറുമ്പോൾ മൂക്കിന്റെ അഗ്രത്ത് ചെറിയൊരു തണുപ്പും പുറത്തേക്കു പോകുമ്പോൾ നേരിയ ചൂടും അനുഭവിച്ചറിയുക. ഒാരോ ശ്വാസമെടുക്കുമ്പോഴും നിങ്ങളുടെ ശരീരത്തിലേക്ക് ഊർജവും റില‍ാക്സേഷനും വായുവിനൊപ്പം പ്രവേശിക്കുന്നതായി കരുതുക. പുറത്തേക്കുള്ള വായുവിലൂടെ പോകുന്ന പിരിമുറുക്കങ്ങളും അസ്വസ്ഥതകളും നി‍ങ്ങളെ കൂട‍ുതൽ വി‍ശ്രാന്തി (റില‍ാക്സ്ഡ്) യിലേക്കു നയിക്കും മനസ്സിലേക്കു വരുന്ന മറ്റു ചിന്തകളെ പ്ര‍തിരോധിക്കാൻ ശ്രമിക്കേണ്ട, വെറുതേ നിരീക്ഷിക്കുക. ശ്വസനത്തിലേക്കു ശ്രദ്ധതിരിച്ചു കൊണ്ടുവരിക. വിശ്രാന്തി അനുഭവപ്പെട്ടു തുടങ്ങും.

ഘട്ടം 4. ശരീരം പൂർണമായി റിലാക്സ് ചെയ്യാം


കണ്ണടച്ചിരുന്നുകൊണ്ട് നിങ്ങൾക്ക് ശ്വാസനത്തിൽ നിന്നു ശ്രദ്ധ മാറ്റാം. ഇനി കാൽപാദങ്ങളെ മനസ്സിൽ കാണുക. വിരലുകളോടും പാദങ്ങളോടും റ‍ിലാക്സാവ‍ാൻ മനസ്സുകൊണ്ടു നിർദേശിക്കൂ. പാദങ്ങളിൽ നൽകിയിരിക്കുന്ന മുഴുവൻ ബലവും പിൻവലിക്കുക. വെറുതെ പാദങ്ങൾ ഇരിക്കുന്നതു ഫീൽ ചെയ്യുക. തുടർന്നു കാലുകൾ, വയർ, നെഞ്ച്, ചുമലുകൾ, കൈകൾ, കഴുത്ത് ഒാരോന്നായി ഭാവനയിൽ കണ്ട് വിശ്രാന്തിയിലേക്കു നയിക്കുക. ഒാരോ ഭാഗത്തും ഏതെങ്കിലും വിധത്തിൽ ബലമോ സമ്മർദമോ നൽകിയിട്ടുണ്ടെങ്കിൽ അവ നീക്കുക. തുടർന്ന് താടിയെല്ലുകൾ റിലാക്സ് ആവുക.

ഇത്രയും ആയിക്കഴിഞ്ഞാൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നി‍ങ്ങൾ മോഹനിദ്രയുടെ നിലയിലേക്കു കടന്നു കഴിഞ്ഞു. ബോധമനസ്സിന്റെ നിർദേശങ്ങൾ സ്വീകരിക്കാൻ ഉപബോധമനസ്സു തയാറായിക്കഴിഞ്ഞു.

ഘട്ടം 5. ഹിപ്നോസിസിന്റെ പടികൾ കയറാം

ഇനി പൂർണ ഹിപ്നോട്ടിക് അവസ്ഥയിലേക്കു നിങ്ങൾ പോകുകയാണ്. സ്വയം നിർദേശങ്ങൾ (ബോധമനസ്സ്) നൽകുകയും അവ സ്വയം സ്വീകരിക്കുകയും (ഉപബോധമനസ്സ്) ചെയ്യുന്ന സ്വയം മോഹനിദ്ര (സെൽഫ്ഹിപ്നോസിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌) യാണിത്. അതിനാൽ സാധാരണ ഹിപ്നോ‌ട്ടിക് നിദ്രയിൽ ബോധമനസ്സ് മയങ്ങുന്ന അത്രയും ആഴത്തിൽ ഇവിടെ എത്തേണ്ടതില്ല. പാതിമയങ്ങ‍ിയ ബോധമനസ്സുകൊണ്ട് ഉപബോധമനസ്സിനുള്ള നിർദേശങ്ങൾ നൽകാം. അതിന‍ായി ബോധപൂർവമായ ഒരു സ്വിച്ചിങ് നടത്തണം. പത്തു മുതൽ ഒന്നുവരെ മനസ്സിൽ എണ്ണുക 10.....9....8.... ഒാരോ സംഖ്യ മനസ്സിൽ പറയുമ്പോഴും റ‍ിലാക്സേഷന്റെ ആഴത്തിലേക്കുള്ള ഒാരോ പടി ഇറങ്ങുകയാണെന്നു കരുതുക. 3....2....1. അതെ, ഇപ്പോൾ ഈ ഹിപ്നോട്ടിക് നിദ്രയിൽ... യു ആർ റെഡി.

നമ്മുടെ ഭാവനാശേഷി പ്രായോഗിക്കേണ്ടത് ഇനിയാണ്. ഇവിടെയാണ്. നി‍ങ്ങളുടെ ശരീരം ഏതൊക്കെ തരത്തിലാകണമെന്നാണോ രണ്ട‍ാം ഘട്ടത്തിൽ തീരുമാനമെടുത്തത് ആ രൂപത്തിൽ ഭാവനയിൽ കാണുക.

വയർ തീരെ കുറഞ്ഞ്, നന്നായി മെലിഞ്ഞ്, കൂടുതൽ സൗന്ദര്യത്തോടെ ആരോഗ്യത്തോടെ, ച‍ുറു ചുറുക്കോടെ, ഊർജത്തോടെ നിൽക്കുന്ന നിങ്ങളെ കാണുക. ആ അവസ്ഥയിലെത്തുമ്പോൾ നിങ്ങളുടെ മനസ്സ് അനുഭവിക്കുന്ന സന്തോഷം ഈ നിമിഷം അനുഭവിച്ചറിയാൻ ശ്രമിക്കുക. സുഹൃത്തുക്കൾ അഭിനന്ദിക്കുന്നതും സുന്ദരികളോ സുന്ദരന്മാരോ നിങ്ങളെ ശ്രദ്ധിക്കുന്നതും ആകൃഷ്ടരാകുന്നതുമൊക്കെ ഭാവനയിൽ കാണാം. സങ്കൽപങ്ങൾക്കും ഭാവനയ്ക്കും പരിധിയില്ല. ആ അവസ്ഥയിലെത്തുമ്പോഴുള്ള മനസ്സിന്റെ സന്തോഷം ഇപ്പോൾ അനുഭവിക്കുന്നതായി കരുതണം.

ഘട്ടം 6. ഭാവനയും നിർദേശങ്ങളും പ്രയോഗിക്കാം

ഈ ഘട്ടം ആവശ്യമുള്ള സമയമെടുത്തു പൂർത്തിയാക്കി കഴിഞ്ഞാൽ ഘട്ടം രണ്ടിൽ തയാറാക്കി വച്ചിര‍‍ിക്കുന്ന നിർദേശങ്ങളിലേക്കു കടക്കാം. നി‍ങ്ങൾ ഉപബോധമനസ്സിന് ആ നിർദേശങ്ങൾ ഒന്നൊന്നായി കൊടുക്കുക.

∙ കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണു നല്ലത്

∙ പഴങ്ങളും പച്ചക്കറികളും നല്ലത്

∙ വേണ്ടത്ര വെള്ളം കുടിക്കണം

∙ കുറച്ചു മധുരം കൊണ്ടുതന്നെ തൃപ്തനാകും

∙ വ്യായാമം സുഖകരമായ കാര്യമാണ്. അതു ദിവസവും ചെയ്യും.

ഇങ്ങനെ നിങ്ങൾ എന്തൊക്കെ മാറ്റമാണോ വരുത്താൻ ആഗ്രഹിക്കുന്നത് അവ നിർദേശമായി നൽകുക. ആവർത്തിച്ചു മനസ്സിൽ നിർദേശിക്കുക. എന്ത‍ാ ഈ ഉപബോധമനസ്സ്, അത് എവിടെ എന്നൊന്നും അന്വേഷിച്ചു നടക്കേണ്ട... നിങ്ങൾ നിങ്ങളോടു നടത്തുന്ന നിർദേശമാണ്. അതും പ്രയാസമെന്നു കരുതുന്ന അപൂർവ ചിലരുണ്ടാകും. അങ്ങനെയുള്ളവർ നിങ്ങളുടെ സ്വന്തം രൂപം ഭാവനയിൽ കണ്ടി‌ട്ട്. ആ രൂപത്തോട് നിർദേശിക്കുക.

ഒരു നിർദേശം പല തവണ ആവർത്തിക്കാം. ശക്തമായ ആജ്ഞാപദങ്ങളും ഉപയോഗിക്കാം. അമിതമ‍ായി ചോക്ലേറ്റ് കഴിക്കുന്ന ഒരാൾക്ക്, അത് അമിതവണ്ണത്തിന്റെ കാരണമാണ്. അയാൾക്ക്... ചോക്ലേറ്റ്, എനിക്കിഷ്ടമില്ല, ചോക്ലേറ്റിന് അരുചിയാണ്, ചോക്ലേറ്റ് കഴിക്കരുത് ഇങ്ങനെയുള്ള ചെറു വാക്യങ്ങൾ സജഷനായി നിർദേശിക്കാം.

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് അമിതവണ്ണം ഉണ്ടാകും. അ‍ങ്ങനെയുള്ളൊരാൾ എന്തു നിർദേശം നൽകണം? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം നന്നായി ആസ്വദിച്ചു കഴിക്കണം തുടങ്ങിയ നിർദേശങ്ങൾ നൽകാം.

ഘട്ടം 7. ഉണരാം, തിരിച്ചുവരാം..


നിർദേശങ്ങളെല്ലാം കൊടുത്ത് ആറാം ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ സെൽഫ് ഹിപ്നോസിസിൽനിന്നു മടങ്ങിവരാം. അതിനായി വീണ്ടും ശ്വാസഗതിയിൽ ശ്രദ്ധിക്കാം. ശ്വസന ശബ്ദം കേൾക്കാം. ക്രമേണ ശരീരത്തിലെ അവയവങ്ങളിൽ ശ്രദ്ധിക്കാം. എവിടെ ഇരിക്കുന്നു എന്നു ചിന്തിക്കാം. കൈകാലുകൾ അവയുടെ സ്ഥാനം ശ്രദ്ധിക്കാം1...2...3... എന്നു മനസ്സിൽ എണ്ണി സാവാധാനം കണ്ണുകൾ തുറക്കാം.

നവോൻമേഷം നിറഞ്ഞ മനോഹരമായ അനുഭവം ഈ സമയം നിങ്ങൾക്ക് അനുഭവിച്ചറിയാനാകും. വണ്ണം കുറയുമെന്ന ആത്മവിശ്വാസം നിങ്ങളിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു. അനായാസം അതു സാധ്യമാകുമെന്നു നിങ്ങൾ ഉറച്ചു വ‍ിശ്വസിക്കുകയാണിപ്പോൾ.

എപ്പോഴൊക്കെ ചെയ്യണം?

ദിവസം ഒരു നേരം വീതം ആദ്യ ആഴ്ച എല്ലാ ദിവസവും ഈ സെൽഫ് ഹിപ്നോസിസ് ചെയ്യണം. തുടർന്നുള്ള രണ്ടാഴ്ച ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താലും മതി. ഈ മൂന്നാഴ്ചയും (21 ദിവസം) എല്ലാ ദിവസവും ചെയ്യാൻ കഴിയുന്നവർ അതു ചെയ്യട്ടെ.. തുടർന്ന് ആഴ്ചയിലൊരിക്കൽ ചെയ്താലും മതി. അദ്ഭുതകരമായ ഫലമായിരിക്കും നിങ്ങളെ കാത്തിരിക്കുക. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണക്കൊതിയും അമി‍ത വിശപ്പുമൊക്കെ വിട്ടൊഴിഞ്ഞിരിക്കും. നിങ്ങൾ മനസ്സിൽ കണ്ട രൂപത്തിലേക്കു ശരീരം എത്തുന്നതും മനസ്സിൽ കുടിയേറിയ വർധിച്ച ആത്മവിശ്വാസവും അനുഭവിച്ചറിയാം. വണ്ണം കുറയ്ക്കൽ പദ്ധതിയിലെ ഒരു മാജിക് ടൂളാണ് വെയിറ്റ്‍ലോസ് ഹിപ‍്നോസിസ്.

ആഗ്രഹം, വിശ്വാസം

വെയ്റ്റ് ലോസ് ഹിപ്നോസിസ് എന്ന സെൽഫ് ഹിപ്നോസിസ് നടപ്പിലാക്കും മുൻപ് രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം. അതിനുശേഷമേ ഇതു വിജയകരമായി ചെയ്യാനും വിജയിപ്പിക്കാനും കഴിയ‍ൂ. ∙ ഒന്ന് ആഗ്രഹം ∙ രണ്ട് വി‍ശ്വാസം ആഗ്രഹം എന്നൽ വണ്ണം കുറയ്ക്കാനുള്ള തീവ്രമായ ആഗ്രഹം. വിശ‍്വാസമെന്നാൽ വെയ്റ്റ്‍ലോസ് ഹിപ്നോസിസ് ഫലപ്രദമാകുമെന്ന വിശ്വാസം സ്വയം ഹിപ്നോസിസ് ചെയ്യാൻ കഴിയുമെന്ന വിശ്വാസം. സംശയത്തോടെയല്ല 100 ശതമാനം വിശ്വാസത്തോടെയാണ് ഇതിനെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്താൽ വിജയം ഉറപ്പാണ്.