പുറത്തു നിന്നൊരാൾ നോക്കിയാൽ ശ്രീനാഥ് മുഴുവന്‍ നേരവും വാട്സാപ്പിലാണെന്നേ തോന്നൂ. ലോക്ഡൗൺ കാലത്ത് എന്തെങ്കിലും ക്രിയേറ്റീവായി ചിന്തിച്ചൂടെയെന്നും ചോദിച്ച് ശ്രീനാഥിനടുത്തെത്തിയാൽ മുന്നിലൊരു കലോത്സവം ലൈവായി ഓടുന്നത് കാണാൻ പറ്റും. ലോക്ഡൗൺ കാലത്ത്, കലോത്സങ്ങൾ നടത്താൻ കോളജുകൾ പാടുപെടുമ്പോൾ വാട്സാപ്പിലൂടെ കലോത്സവം നടത്തി കയ്യടി വാങ്ങിയിരിക്കുകയാണ് ശ്രീനാഥ്.

കലോത്സവങ്ങളോട് ഇഷ്ടക്കൂടുതലുണ്ടായിരുന്ന ഒരാൾക്കു മാത്രം ലോക് ഡൗൺ കാലത്ത് ചിന്തിക്കാൻ പറ്റുന്ന ഐഡിയ, ഓൺലൈൻ കലോത്സവം. അതും മറ്റു ജോലി തിരക്കുകകൾക്കിടയിൽ സൗജന്യ സേവനമായൊരു കോർഡിനേഷൻ, വിധികർത്താക്കളായി പ്രശസ്തർ. ശ്രീനാഥ് ഗോപിനാഥിന്റെ ലോക്ഡൗൺ ജീവിതം ഫുൾടൈം വാട്സാപ്പിൽ ആയിരുന്നെങ്കിലും, അദ്ദേഹമൊറ്റയ്ക്കു നടത്തിയത് 16 കലോത്സവങ്ങളാണ്.

‘‘എനിക്കു കലോത്സവ വേദികൾ നൽകിയ ഊർജം വലുതാണ്. ആ സമയം കുട്ടികൾക്ക് ലോക്ഡൗൺ കാരണം നഷ്ടമാകുന്നെന്ന് വിചാരിച്ചപ്പോൾ ഒരു വിഷമം തോന്നി. ചിലർ വാട്സാപ്പ് കൂട്ടായ്മ വഴി ഇത്തരത്തിലുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്നതിനെ പറ്റി വാർത്തകൾ കേട്ടിരുന്നു. പക്ഷേ, ബാക്കി എല്ലാത്തിലും ഉപരിയായി ഒരു നല്ല കോ- ഓർഡിനേറ്ററാണ് ഇങ്ങനെയൊരു കാര്യം നടക്കാനായി വേണ്ടതെന്ന എനിക്കു മനസിലായി. ആ സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ പഴയ കലോസ്തവ പരിചയക്കാരുടെ സഹായത്തോടെ യൂണിവേഴ്സിറ്റികളെ സമീപിച്ചു.

അങ്ങനെയാണ് കലോത്സവം നടത്തി തുടങ്ങുന്നത്. പത്ത് മണിക്കു നടക്കുന്ന പരിപാടിക്ക്, 9.45 ആകുമ്പോഴാകും വിഷയം കൊടുക്കുക. മൂന്ന് മണിക്കൂർ സമയം കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്, ഇന്റർനെറ്റിന്റെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്രയും നേരം. കുട്ടികൾ അയച്ചു തരുന്ന വിഡിയോകൾ ഗൂഗിൾ ഡ്രൈവിലാക്കി, ജഡ്ജസ്സിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ലിങ്കിട്ട് കൊടുക്കും. അവിടെ ഓരോ ജഡ്ജസ്സിന്റെയും അഭിപ്രായങ്ങൾക്കു ശേഷമാണ് മാർക്ക് നൽകുന്നത്. 

അപ്പീൽ പോകാനായി, ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഏപ്രിൽ എട്ട് മുതലാണ് കലോത്സവങ്ങൾ തുടങ്ങിയത്. വിജയികൾക്കായി ഡിജിറ്റൽ സർട്ടിഫിക്കറ്റിനൊപ്പം കേരള സാങ്കേതിക സർവകലാശാല നൽകുന്ന ആക്ടിവിറ്റി പോയന്റുകളും ലഭിക്കും. ഒരു രൂപ പോലും ചിലവാകാതെയാണ് വിദ്യാർഥികളും അതുപോലെ സാമ്പത്തിക ലാഭമില്ലാതെയാണ് വിധികർത്താക്കളും ഈ കലോത്സവത്തിന്റെ ഭാഗമായത്.’’- ശ്രീനാഥ് പറയുന്നു. 

പയ്യന്നൂർ സ്വദേശിയായ ശ്രീനാഥ് കൊച്ചിയിൽ സ്റ്റാർട്ട് അപ്പ്  കമ്പനി നടത്തുന്നതിനൊപ്പമാണ് ഓൺലൈൻ കലോത്സവത്തിന് മുന്നിട്ടിറങ്ങിയത്. കലോത്സവത്തിൽ നിന്നു കിട്ടിയ സ്നേഹം വിപുലീകരിക്കാനും അതോടൊപ്പം തന്നെ പണ്ടു മുതലേയുള്ള സ്വപ്നമായ സിനിമയിലേക്ക് എത്താനുമുള്ള തീവ്രപരിശ്രമത്തിലാണിപ്പോൾ ശ്രീനാഥ്.