Monday 22 June 2020 12:47 PM IST

പ്രതീക്ഷിച്ചത് 300 പേരെ, ഒഴിപ്പിക്കാനുണ്ടായിരുന്നവർ 650! ജീവൻ അപകടത്തിലാകും എന്നറിഞ്ഞു ചെന്ന വുഹാൻ ദൗത്യം

Sruthy Sreekumar

Sub Editor, Manorama Arogyam

wuhan-mission

കൊറോണ എന്ന് ലോകം ശ്രദ്ധിച്ചുതുടങ്ങിയ സമയം. നിമിഷം തോറും പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയിൽ മുങ്ങിയ ചൈനയിലെ വുഹാനിൽ നിന്ന് ഇരുനൂറോളം ഇന്ത്യാക്കാരെ വിമാനമാർഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആ രക്ഷാദൗത്യത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിലെ നഴ്സായ അജോ ജോസ്. ജനിച്ചതും വളർന്നതും ഡൽഹിയിലാണെങ്കിലും തൃശൂരാണ് അജോയുെട സ്വദേശം.

രക്ഷാദൗത്യത്തിലേക്ക്

ജനുവരി 28നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഫോൺ വരുന്നത്. ചൈനയിലെ വുഹാനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യാക്കാരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടോ എന്ന് േചാദിച്ചുകൊണ്ട്. ഇതിനു മുൻപ് നേപ്പാളിലും ഇന്തോനേഷ്യയിലും ഭൂകമ്പം ഉണ്ടായ സമയത്തും േകരളത്തിൽ പ്രളയമുണ്ടായപ്പോഴും സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. വുഹാൻ ദൗത്യത്തിൽ നല്ല റിസ്ക് ഉണ്ട്, വീട്ടുകാ‍രെ േപാലും ഒന്നും അറിയിക്കരുത് എന്ന് പ്രത്യേകം അറിയിച്ചിരുന്നു. സമ്മതം അറിയിച്ചപ്പോൾ തന്നെ ഒരു ടീം രൂപപ്പെടുത്തിയശേഷം അറിയിക്കാം എന്നു പറഞ്ഞു.

അഞ്ച് പേരടങ്ങിയ മെഡിക്കൽ ടീമാണ് സർക്കാർ രൂപീകരിച്ചത്. ഡോ. പുലിൻ ഗുപ്ത (ഇന്റേണൽ മെ‍ഡിസിൻ), സഞ്ജിത് പനേസർ (കമ്മ്യൂണിറ്റി മെ‍ഡിസിൻ), ഡോ. ആനന്ദ് വിശാൽ (ഇന്റേണൽ മെഡിസിൻ), ശരത് പ്രേം (നഴ്സിങ് ഒാഫിസർ) പിന്നെ ഞാൻ. ഇതായിരുന്നു ടീം. അടുത്ത ദിവസം തന്നെ ആേരാഗ്യമന്ത്രാലയത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു. ദൗത്യം പൂർത്തിയാക്കിയാലും ഒരു വിവരവും പുറത്തുപറയരുതെന്നും പിടിഐയുടെ റിലീസിലൂടെ വിവരങ്ങള്‍ പുറത്ത് എത്തിക്കുമെന്ന് അറിയിച്ചു. ആശുപത്രി ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം പായ്ക്ക് ചെയ്തു തയാറാകാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. തിരികെ ആശുപത്രിയിൽ എത്തിയശേഷം ആവശ്യമുള്ള സാധനങ്ങളുടെ, മാസ്ക് ഉൾപ്പെടെയുള്ളവയുടെ ലിസ്റ്റ് തയാറാക്കി. അതിൻപ്രകാരമുള്ള എല്ലാം ശേഖരിച്ചു. ഞങ്ങൾ അഞ്ച് പേർ കൂടാതെ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവും സർക്കാർ പ്രതിനിധികളും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. ഏകദേശം 300 ഇന്ത്യക്കാരെയാണ് ഇവാക്ക്വേറ്റ് െചയ്യേണ്ടത്. അത്രയും പേർക്കുള്ള എൻ 95 മാസ്ക്, ഗ്ലൗസുകൾ എല്ലാം തയാറാക്കി. പിപിഇ കിറ്റ് 25ഒാളമേ ലഭിച്ചുള്ളൂ. അതു ഞങ്ങളും ദൗത്യത്തിന്റെ ഭാഗമായ ബാക്കിയുള്ളവര്‍ക്കും വേണ്ടി മാറ്റിവച്ചു. പിന്നെ സാനിറ്റൈസർ, ബ്ലീച്ചിങ് ലിക്വിഡ് എന്നിവയും സംഘടിപ്പിച്ചു. ഇൻഫ്രാറെഡ് തെർമോമീറ്റർ, പൾസ് ഒാക്സീമീറ്റർ എന്നിവയും കയ്യിൽ കരുതി.

യാത്രക്കാർ മാസ്ക് ധരിച്ചാവും എയർപോർട്ടിൽ ഉണ്ടാവുക. അതു ധരിച്ചു െകാണ്ട് അവരെ വിമാനത്തിൽ കയറ്റാൻ പറ്റില്ല. മാത്രമല്ല വുഹാനിൽ ഇറങ്ങിയശേഷം ഞങ്ങൾ ധരിക്കുന്ന പിപിഇ കിറ്റ് ഇട്ടുകൊണ്ട് വിമാനത്തിൽ തിരികെ കയറാനും കഴിയില്ല. അതുകൊണ്ട് ഈ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം െചയ്യണമെന്നും ധാരണയുണ്ടാക്കി. നാല് ദിവസത്തെ മിഷനായിരിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആദ്യം ചൈനീസ് സർക്കാർ ഈ മിഷന് അനുമതി നൽകിയില്ല. നിരന്തരമായ ശ്രമഫലമായിട്ടാണ് ജനുവരി 31–ാം തീയതി ചൈനീസ് സർക്കാരിൽ നിന്നു അനുമതി ലഭിച്ചു. രാവിലെ ഞങ്ങൾ വുഹാനിലേക്കു തിരിച്ചു. ആറ് മണിക്കൂർ യാത്ര. വൈകിട്ടോടെ അവിടെ എത്തി.

പ്രേതനഗരം പോലെ വുഹാൻ

വളരെ െചറിയ നഗരമായിരിക്കും വുഹാൻ എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഡൽഹിയോളം േപാന്ന വലിയ നഗരം തന്നെയാണ് അത്. എന്നാൽ ഒരു മനുഷ്യൻ േപാലും തെരുവുകളിൽ ഇല്ല. ഇടയ്ക്ക് പൊലീസ് വാഹനമോ ആംബുലൻസോ േപാകുന്നത് കാണാം. ശരിക്കും ഒരു പ്രേതനഗരം എന്നു തന്നെ പറയാം. അവിടെ വിമാനം ഇറങ്ങിയപ്പോഴാണ് അറിയിപ്പ് കിട്ടുന്നത് ഒരു ദിവസം െകാണ്ട് എല്ലാവരെയും പരിശോധിച്ച് വിമാനത്തിൽ കയറ്റിയിരിക്കണം എന്ന്. കൂടുതൽ ഇന്ത്യാക്കാർ ഉണ്ട് എന്ന് നേരത്തെ അറിയിപ്പു ലഭിച്ചിരുന്നതിനാൽ ഞങ്ങളെ കൂടാതെ മറ്റൊരു വിമാനവും ടീമും കൂടി സർക്കാർ ‍ഡൽഹിയിൽ തയാറാക്കി നിർത്തിയിരുന്നു. ഒരു ദിവസം െകാണ്ട് മിഷൻ പൂർത്തിയാക്കണം എന്ന് അറിയിപ്പു ലഭിച്ചപ്പോൾ തന്നെ മറ്റേ ടീമിനെ പുറപ്പെടാൻ തയാറാക്കാൻ ഞങ്ങൾ ഡൽഹിയിൽ അറിയിച്ചു.

വിമാനയാത്രയ്ക്കിടെ തന്നെ യാത്രക്കാരെ ഇരുത്തേണ്ട വിധം ചർച്ച െചയ്തിരുന്നു. ആദ്യത്തെ മൂന്നു വരി ഒഴിച്ചിട്ടശേഷം ബാക്കിയുള്ള സീറ്റുകൾ മുതൽ യാത്രക്കാരെ ഇരുത്താൻ തീരുമാനിച്ചു. അവർക്കു വേണ്ട ഭക്ഷണം െപാതികളാക്കി സീറ്റുകളിൽ ആദ്യമെ വച്ചു. ക്രൂ അംഗങ്ങൾക്ക് പിപിഇ കിറ്റ് ധരിക്കാൻ പരിശീലനം നൽകി. വിമാനത്തിൽ ലഭ്യമായ വോമിറ്റിങ് ബാഗുകൾ സീറ്റുകളിൽ വച്ചു. രണ്ട് നിലകളുള്ള വിമാനമായിരുന്നു. മുകളിലത്തെ നില മുഴുവൻ എയർ ഇന്ത്യാ ജീവനക്കാർക്കും മറ്റു ഉദ്യോഗസ്ഥർക്കും വേണ്ടി മാറ്റിവച്ചു. താഴെത്തെ നിലയിൽ ആദ്യ സീറ്റുകളിൽ ഞങ്ങളും. വിമാനത്തിലെ മുൻവശത്തെ വാഷ്റൂം ഞങ്ങൾക്കും പുറകിലത്തെ അ​ഞ്ച് വാഷ്റൂമുകൾ യാത്രക്കാർക്കും ഉപയോഗിക്കാനായി തീരുമാനിച്ചു. ഏറ്റവും പുറകിലെ ഒരു ബാത്ത്റും മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള ഇടമാക്കി. അങ്ങനെ മുഴുവൻ തയാറെടുപ്പുകളോടു കൂടിയാണ് വുഹാനിൽ ഇറങ്ങിയത്.

wuhan-1

അവിടെ എത്തിയപ്പോഴാണ് 300 അല്ല മറിച്ച് 650ഒാളം പേരെ ഒഴിപ്പിക്കാനുണ്ട് എന്ന് മനസ്സിലാകുന്നത്. 300 േപരെ ഈ വിമാനത്തിലും ബാക്കിയുള്ളവരെ ഡൽഹിയിൽ തയാറായി നിൽക്കുന്ന അടുത്ത വിമാനത്തിലും ഉൾപ്പെടുത്താം എന്നു തീരുമാനിച്ചു. 300 പേരെ ഒരു ദിവസം െകാണ്ട് എങ്ങനെ സ്ക്രീൻ െചയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ ചൈനീസ് സർക്കാർ സഹായിച്ചു. അവരുടെ നാല് സ്റ്റേജ് സ്ക്രീനിങ് കഴിയുന്നവരെ മാത്രം എയർപോർട്ടിനുള്ളിലേക്കു കയറ്റിവിട്ടുള്ളൂ. അങ്ങനെ വരുന്നവരെ മാത്രം ഞങ്ങൾ പരിശോധിച്ചാൽ മതി. വുഹാനിൽ ആ സമയം 2 ഡിഗ്രി തണുപ്പാണ്. പിപിഇ കിറ്റ് ധരിച്ച് ഞങ്ങൾ പുറത്തിറങ്ങി. ഇമിഗ്രേഷൻ വിഭാഗം വരെ മാത്രമെ ഞങ്ങൾക്ക് അനുമതി ഉള്ളൂ. ചൈനീസ് സർക്കാരിന്റെ പരിശോധന കഴിഞ്ഞു വരുന്നവരുടെ മാസ്കും ഗ്ലൗസും ഒരു ബാഗിൽ ഇടാൻ പറഞ്ഞു. അതുകഴിഞ്ഞ് സാനിറ്റൈസർ െകാടുത്തു. പിന്നെ െതർമോമീറ്റർ െകാണ്ട് താപനില പരിശോധിച്ചു. ചെറിയ ലക്ഷണങ്ങൾ കാണിച്ചവരെ മാറ്റിനിർത്തി. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഗ്ലൗസും മാസ്കും നൽകി. സാനിറ്റൈസറും െകാടുത്തു. 324 യാത്രക്കാരായിരുന്നു ചൈനീസ് സർക്കാരിന്റെ സ്ക്രീനിങ് കഴിഞ്ഞ് പുറപ്പെടാൻ തയാറായത്. ഞങ്ങളുടെ പരിശോധനയിൽ ആറ് േപരെ മാറ്റിനിർത്തേണ്ടിവന്നു. മൊത്തം 14 മണിക്കൂർ എടുത്തു. യാത്രക്കാർ ധരിച്ചിരുന്നു മാസ്കുകളും മറ്റും അടങ്ങിയ ബാഗ് വിമാനത്തിൽ കയറ്റണമായിരുന്നു. ശരത് ആദ്യം ധരിച്ചിരുന്ന പിപിഇ കിറ്റ് മാറ്റി, പുതിയത് ധരിച്ച് വിമാനത്തിൽ കയറി. തുടർന്ന് ഞാൻ മാലിന്യം അടങ്ങിയ ബാഗ് കൈമാറി. ഞാനും പുതിയ പിപിഇ കിറ്റ് ധരിച്ച് വിമാനത്തിൽ കയറി.

അടുത്ത ദിവസം രാവിലെ ഡൽഹിയിൽ എത്തി. തിരികെ എത്തിയാൽ 14 ദിവസം വീട്ടിൽ തന്നെ ഐസോലേഷനിൽ കഴിയണമെന്ന് ആദ്യമെ നിർദേശമുണ്ടായിരുന്നു. അതു കർശനമായി പാലിച്ചു. ഐസോലെഷൻ കാലാവധി കഴിഞ്ഞപ്പോൾ ഡ്യൂട്ടിക്കു ജോയിൻ െചയ്തു.

നേപ്പാളിലെ അനുഭവം

എന്റെ ആദ്യത്തെ രക്ഷാദൗത്യം നേപ്പാളിൽ ഭൂകമ്പം ഉണ്ടായ സമയത്താണ്. അന്തർദേശീയ വിമാനത്താവളത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ബസ് സ്റ്റാന്റ് േപാലെ. എല്ലായിടത്തും ജനങ്ങൾ ഇരിക്കുന്നു. കൈകാൽ അറ്റുപോയവർ, ഒടിവും ചതവും സംഭവിച്ചവർ അങ്ങനെ ധാരാളം പേരെ നോക്കി. തുടർചലനങ്ങൾ ഉണ്ടാകുന്നുണ്ടായിരുന്നതിനാൽ ഞങ്ങളും ജാഗ്രതയോ ടെയാണ് കഴിഞ്ഞത്. കിടക്കയുെട സമീപം ഗ്ലാസ് വയ്ക്കും. ഭൂകമ്പം ഉണ്ടാകുന്നോ എന്നറിയാൻ. 15 ദിവസം അവിടെ ഉണ്ടായിരുന്നു.

കോഴിക്കോട് നിപ്പ വന്ന സമയത്തും ഞങ്ങൾ തയാറായി ഇരുന്നു. എന്നാൽ അപ്പോഴേക്കും സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ഞങ്ങൾക്കു വരേണ്ടിവന്നില്ല. എന്നാൽ 2018ലെ പ്രളയം കഴിഞ്ഞ് സെപ്റ്റംബറിൽ കേരളത്തിൽ വന്നു. ഞങ്ങളുെട ടീമിന് (ഡോ. അരുൺ ഗോപിനാഥ്, ഡോ. അനന്തകൃഷ്ണൻ, ഞാൻ, മറ്റൊരു നഴ്സായ നെഫി എബ്രഹാം) പറമ്പിക്കുളം ടൈഗർ റിസർവ് പ്രദേശമാണ് കിട്ടിയത്. ആ പ്രദേശത്തുള്ള 12 ആദിവാസി കോളനികളിൽ േനരിട്ട് പോയി. മരുന്നും ഒപ്പം കരുതുമായിരുന്നു. എലിപ്പനി പടർന്നുപിടിക്കുമെന്ന് ഭയമുള്ള സമയമായിരുന്നു. എല്ലാവർക്കും പ്രതിരോധ മരുന്നുകളും നൽകി.

ജീവൻ അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഒാരോ ദൗത്യത്തിലും പങ്കാളിയാകുന്നത്. സ്വന്തം ജീവൻ പ്രിയപ്പെട്ടതാണെങ്കിലും മറ്റുള്ളവരുെട യാതനകളും ദുരിതങ്ങളും ഞങ്ങൾ നഴ്സുമാർക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.. ഒരിക്കലും.