ADVERTISEMENT

സാധാരണ മത്തങ്ങയുടെ തൊലി ചെത്തി, കുരുവും കളഞ്ഞ് നുറുക്കി കറി വയ്ക്കുകയാണ് പതിവ്. എന്നാൽ നമ്മള്‍ വലിച്ചെറിയുന്ന മത്തങ്ങാക്കുരുവിൽ ഒരുപാട് ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും ദഹനം എളുപ്പമാക്കാനുമെല്ലാം മത്തങ്ങാക്കുരു വളരെ നല്ലതാണ്.

ഹൃദയത്തിന്

ADVERTISEMENT

മത്തങ്ങാക്കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ ഇവയുണ്ട്. ഇവ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്തസമ്മർദവും ഉയർന്ന കൊളസ്ട്രോളും കുറയ്ക്കാൻ മത്തങ്ങാക്കുരുവിൽ നിന്നുള്ള എണ്ണയ്ക്ക് കഴിയും.

നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനം കൂട്ടാനും മത്തങ്ങയ്ക്കു കഴിവുണ്ട്. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുകയും ഇത് രക്തപ്രവാഹം കൂട്ടുകയും ധമനികളിൽ പ്ലേക്ക് അടിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതും ഹൃദയാരോഗ്യം കൂട്ടുന്നു. 

ADVERTISEMENT

മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. പലപ്പോഴും ഭക്ഷണത്തിലൂടെ ഇത് ലഭിക്കാറില്ല. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം മഗ്നീഷ്യം ആവശ്യമാണ്.

പ്രമേഹത്തിന്

ADVERTISEMENT

മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് ഏറെ നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാലാണ് പ്രമേഹത്തിന് ഇത് ഫലപ്രദമാകുന്നത്. മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണം പ്രമേഹസാധ്യത 33 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദഹനത്തിന് 

ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ ദഹനത്തിനു നല്ലത്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. 

ഉറക്കം 

ഉറങ്ങാൻ കിടക്കും മുൻപ് കുറച്ച് മത്തങ്ങാക്കുരു കഴിക്കൂ. ഇതിൽ ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ദിവസം ഏതാണ്ട് 1 ഗ്രാം ട്രിപ്റ്റോഫാൻ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. മത്തങ്ങാക്കുരുവിലെ സിങ്ക്, ട്രിപ്റ്റോഫാനെ സെറാടോണിൻ ആയും പിന്നീട് മെലാടോണിൻ ആയും മാറ്റുന്നു. ഈ ഹോർമോൺ ആണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്.

പുരുഷന്മാർക്ക് 

മത്തങ്ങാക്കുരുവിൽ സിങ്ക് ധാരാളം അടങ്ങിയതിനാൽ പുരുഷന്മാരിൽ ബീജത്തിന്റെ ഗുണം വർധിപ്പിക്കുന്നു. കൂടാതെ കീമോതെറാപ്പി, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഇവ മൂലം ബീജത്തിന് നാശം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തങ്ങാക്കുരുവിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ടെക്സ്റ്റോസ്റ്റീറോണിന്റെ അളവും മെച്ചപ്പെടുത്തുന്നു. പുരുഷന്മാരിലെ പ്രത്യുൽപാദന ക്ഷമതയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ഈ ഘടകങ്ങൾ സഹായിക്കും.

പ്രോസ്റ്റേറ്റ് വീക്കം

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയായ Prostatic Hyper Plasia (BPH) യുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ മത്തങ്ങാക്കുരു സഹായിക്കും. യൂറിനറി ബ്ലാഡറിന് ഉണ്ടാകുന്ന രോഗാവസ്ഥകളെ കുറയ്ക്കാനും മത്തങ്ങാക്കുരു സഹായിക്കും. ആന്റി ഓക്സിഡന്റുകളായ കരോട്ടിനോയ്ഡ്, ജീവകം ഇ എന്നിവയും മത്തൻ കുരുവിലുണ്ട്. ഇൻഫ്ലമേഷന്‍ കുറയ്ക്കാനും നിരവധി രോഗങ്ങളിൽനിന്നു സംരക്ഷണമേകാനും ഇത് സഹായിക്കും. ഏതാണ്ട് 28 ഗ്രാം മത്തങ്ങാക്കുരുവിൽ 151 കാലറിയുണ്ട്. 

നാരുകൾ, അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകം കെ, ഫോസ്ഫറസ്, മാംഗനീസ്, ഇരുമ്പ്, സിങ്ക്, കോപ്പർ എന്നിവയും നിരവധി ആന്റി ഓക്സിഡന്റുകളും പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, ജീവകം ബി 2 (റൈബോ ഫ്ലേവിൻ) ഫോളേറ്റ് ഇവയും മത്തൻ കുരുവിൽ ഉണ്ട്. മത്തന്‍ കുരുവും അതിന്റെ എണ്ണയും നിരവധി പോഷകങ്ങളും സസ്യ സംയുക്തങ്ങളും അടങ്ങിയതാണ്. ഇവയാണ് ആരോഗ്യഗുണങ്ങൾ ഏകുന്നത്.

ADVERTISEMENT