ചൂട് കാലത്ത് എന്താണു കഴിക്കുന്നതെന്നു അറിഞ്ഞു കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ആഹാരം കഴിക്കുന്നതിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കഴിക്കുന്ന ആഹാരം ‘വിഷം’ ആയി മാറാം. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും റസ്റ്ററന്റ് രംഗത്തു പ്രവർത്തിക്കുന്നവരും ഭക്ഷണം കഴിക്കുന്നവരും ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെ ഭക്ഷണം സുരക്ഷിതമാകു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഭക്ഷ്യവിഷബാധ ഏൽക്കുന്നത്, വീട്ടിലെ അടുക്കളയിലും പ്രത്യേക ശ്രദ്ധ വേണം.
ഭക്ഷണം ഉണ്ടാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
ഭക്ഷ്യ വിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം നൽകണം. പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പച്ചക്കറികൾ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. സാധാരണയായി 5 ഡിഗ്രി സെൽഷ്യസിനു താഴെ സൂക്ഷിക്കുന്ന ഭക്ഷണത്തിൽ ബാക്ടീരിയകളുടെ വളർച്ചയും പെരുകലും പൂർണമായും തടസ്സപ്പെടും. 70 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചൂടിൽ പാകം ചെയ്ത ഭക്ഷണത്തിൽ ബാക്ടീരിയകൾ നശിക്കുകയും അവ സുരക്ഷിതമായിരിക്കുകയും ചെയ്യും. ആഹാര സാധനങ്ങൾ ശീതികരിച്ചോ നന്നായി വേവിച്ചോ മാത്രം ഉപയോഗിക്കുക.
പഠിക്കണം ഫ്രിജ് ഉപയോഗം
പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് സൂക്ഷിക്കരുത്. പാകം ചെയ്യാത്ത ഭക്ഷണങ്ങളിൽ ഉള്ള അണുക്കൾ പാകം ചെയ്ത ഭക്ഷണത്തിലേക്കു കലരാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കാം. പാകം ചെയ്യാത്ത മത്സ്യം, മാംസം തുടങ്ങിയവ ഫ്രിജിൽ വയ്ക്കുമ്പോൾ മറ്റു ഭക്ഷണവുമായി സമ്പർക്കം വരാത്ത രീതിയിൽ അടച്ചു വേണം സൂക്ഷിക്കാൻ. പാകം ചെയ്ത എല്ലാ ആഹാരവും അടച്ചു മാത്രമേ സൂക്ഷിക്കാവു. മത്സ്യം, മാംസം, പച്ചക്കറികൾ, പാകം ചെയ്ത ആഹാരം എന്നിവ ഫ്രിജിന്റെ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കണം.
ഇതിനാൽ പാകം ചെയ്ത ഭക്ഷണത്തിൽ നിന്ന് അപ്പോൾ ഭക്ഷിക്കാൻ ആവശ്യമായത് മാറ്റി വയ്ക്കുകയും സൂക്ഷിച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്ന അളവ് ഭക്ഷണം ചൂടാറിയ ഉടനെ (2 മണിക്കൂറിനുള്ളിൽ തന്നെ) ഫ്രിജിലേക്കു മാറ്റണം. രാവിലെ ഉണ്ടാക്കിയ ആഹാരം രാത്രി ഫ്രിജിലേക്കു മാറ്റുന്ന രീതി പാടില്ല.
ഫ്രീസറിൽ ഉള്ള മാംസം, മത്സ്യം തുടങ്ങിയവ പാകം ചെയ്യാൻ ആയി പുറത്ത് എടുക്കുമ്പോൾ തണുപ്പ് പൂർണമായി മാറിയ ശേഷം മാത്രം പാകം ചെയ്യുക. മണിക്കൂറുകൾ ഇവ പുറത്ത് വച്ചാലും വേഗത്തിൽ ബാക്ടീരിയകൾ പെരുകുന്നതിനു കാരണമാകും. ഫ്രീസറിൽ നിന്നുള്ള ഭക്ഷണം ആദ്യം ഫ്രിജിന്റെ താഴെയുള്ള ഭാഗത്ത് നേരത്തെ ഇറക്കി വച്ച് തണുപ്പ് കുറഞ്ഞ ശേഷം പുറത്ത് എടുക്കുന്നതാണ് ഉചിതം.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ഭക്ഷണം കഴിച്ച ശേഷമുണ്ടാകുന്ന ഓക്കാനം, ഛർദി, മനംപുരട്ടൽ, ശരീരവേദന, ശരീരത്തിൽ തരിപ്പ്, വയറിളക്കം, വയറുവേദന, പനി എന്നിവയാണ് ഭക്ഷ്യ വിഷബാധയുടെ പ്രധാന ലക്ഷണം. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസം വരെ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്കു ശേഷമോ രോഗ ലക്ഷണങ്ങൾ പ്രകടമാകാം.
നിർജലീകരണം തടയുന്ന പാനീയങ്ങൾ, ഒആർഎസ് എന്നിവ കഴിക്കുക. നിർജലീകരണം കൂടുതലായി അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടണം. ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടാകുന്ന നിർജലീകരണം മരണത്തിനു വരെ ഇടയാക്കാം.
ആഹാരം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
∙ ഹോട്ടലിൽ നിന്ന് വാങ്ങുന്ന ആഹാരം 2 മണിക്കൂറിനുള്ളിൽ കഴിക്കുക
∙ യാത്രകൾ ചെയ്യുമ്പോൾ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കാം
∙ ജ്യൂസുകൾ വാങ്ങുമ്പോൾ ഐസ് സുരക്ഷിതമല്ലെന്നു തോന്നിയാൽ ഒഴിവാക്കുക
∙ പഴയതും പൂപ്പൽ വന്നതുമായ അച്ചാറുകൾ കഴിക്കരുത്
∙ മയണൈസിൽ പച്ച മുട്ട ചേർക്കരുത്. പാഴ്സലായി ആഹാരം വാങ്ങുമ്പോൾ കൂടെ കിട്ടുന്ന മയണൈസ് ഉപയോഗിക്കരുത്
∙ ഭക്ഷണം പഴകിയതാണെന്നു തോന്നിയാൽ കഴിക്കാതെ ഇരിക്കുക
എല്ലാത്തിനും ഒരു കത്തി വേണ്ട
∙ മത്സ്യവും മാംസവും മുറിക്കുന്ന കത്തി, കട്ടിങ് ബോർഡ് കൊണ്ട് പച്ചക്കറികൾ മുറിക്കരുത്.
∙ ഉപയോഗശേഷം കത്തിയും കട്ടിങ് ബോർഡും സോപ്പുപയോഗിച്ചു വൃത്തിയായി കഴുകി വയ്ക്കണം
∙ പാത്രങ്ങൾ കൂട്ടിയിട്ട് കഴുകുന്ന ശീലം ഒഴിവാക്കാം.
∙ അടുക്കളെയും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കണം
വിവരങ്ങൾക്ക് കടപ്പാട്: സി.ആർ. രൺദീപ്, അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യ സുരക്ഷാവകുപ്പ്, ഡോ. സി.എസ്. നന്ദിനി, ഡെപ്യൂട്ടി ഡിഎംഒ