ADVERTISEMENT

പ്രമുഖ വൃക്കരോഗ വിദഗ്ധനും വിപിഎസ് ലേഷോർ നെഫ്രോളജി & റെനാൾ ട്രാൻസ്പ്ലാന്‍റ് സെർവിസസ് തലവനുമായ Dr. അബി എബ്രഹാം എം. വിശദീകരിക്കുന്നു.

വീട്ടിലെ കുഞ്ഞു മക്കൾക്കു പതിവായി ജങ്ക് ഫുഡ് വാങ്ങിക്കൊടുക്കുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ഇനി തീർച്ചയായും ശ്രദ്ധിക്കണം: അപകടം പതിയിരിക്കുന്നുണ്ട്!

ADVERTISEMENT

പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപയോഗവും അമിത കൊഴുപ്പും ഉപ്പും പഞ്ചസാരയും കുട്ടികളിലെ കിഡ്നി രോഗങ്ങൾ വർധിപ്പിക്കാന്‍ പ്രധാന കാരണമാകുമെന്നാണ് ലോകമെമ്പാടും നടന്ന പഠനങ്ങളിലൂടെ വ്യക്തമാക്കുന്നത്.

നാഷണൽ കിഡ്നി ഫൗണ്ടേഷൻ 2020ൽ നടത്തിയ പഠനപ്രകാരം കിഡ്നി രോഗങ്ങൾക്ക് 24 ശതമാനം ഉയർന്ന റിസ്ക്കുകൾ അമിത പ്രോസസ്ഡ് ഫൂഡ് കഴിക്കുന്നവരിലാണ് കണ്ടെത്തിയിട്ടുള്ളത്.

ADVERTISEMENT

ജീവിതശൈലീ മാറ്റം, മാതാപിതാക്കളുടെ ജോലിത്തിരക്കുകൾ, പുതിയ ജോലികളുടെ സ്വഭാവം മുതലായവയെല്ലാം ജങ്ക് ഫൂഡ് സംസ്കാരത്തിനു വളമായി. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ, മധുരമുള്ള ശീതള പാനീയങ്ങൾ, ശീതീകരിച്ച മാംസങ്ങൾ, ജങ്ക് ഫൂഡിലെ ഉയർന്ന സോഡിയം എല്ലാം കിഡ്നിക്ക് ദോഷകരമാണ്.

ജങ്ക് ഫൂഡുകളിലടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ് വൃക്കകളെയും ഹൃദയത്തെയും ദോഷകരമായി ബാധിക്കും.

ADVERTISEMENT

അമിതമായ പഞ്ചസാര കഴിക്കുന്നത് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. അനിമൽ പ്രോട്ടീൻ ധാരാളമായി കഴിക്കുന്നതു രക്തത്തെ അസിഡിറ്റി ഉള്ളതാക്കുകയും വൃക്കകളെ തകരാറിലാക്കുകയും ചെയ്യും.

ജങ്ക് ഫുഡ് വൃക്കാരോഗ്യത്തെ ബാധിക്കുന്ന വിധം

പൊണ്ണത്തടി: ജങ്ക് ഫൂഡിൽ പലപ്പോഴും കലോറിയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലാണ്, ഇതു ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

ഹൈപ്പർടെൻഷൻ: ജങ്ക് ഫൂഡ് ഉയർന്ന രക്തസമ്മർദ്ദത്തിനു (ഹൈപ്പർടെൻഷൻ) കാരണമാകും. ഇതു വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു.

പ്രമേഹം: മധുര പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും അടങ്ങിയ ഭക്ഷണക്രമം വൃക്കരോഗത്തിന്റെ പ്രധാന കാരണമായ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

വൃക്കയിലെ കല്ല്: ജങ്ക് ഫൂഡ് ഡയറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന ജലാംശക്കുറവും നാരുകളുടെ അപര്യാപ്തതയും വൃക്കയിൽ കല്ലു രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശുദ്ധമായ ജലം കുടിക്കാത്തതും സ്വീറ്റെണ്ട് ബിവറേജസ് ശീലമാക്കുന്നതും കിഡ്നി രോഗങ്ങൾക്കൊപ്പം മൂത്രത്തിൽ കല്ലിന്റെ സാധ്യതയും വർദ്ധിപ്പിക്കും.

മൂത്രാശയ അണുബാധകൾ: സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതു മൂലമുണ്ടാകുന്ന മലബന്ധം, മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഇതു ചിലപ്പോൾ വൃക്കകളെയും ബാധിച്ചേക്കാം.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ

പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കാലുകൾ, മുഖം എന്നിവയുടെ വീക്കം, ഉയർന്ന രക്തസമ്മർദ്ദം, നുര പോലെയുള്ള മൂത്രം, മൂത്രത്തിന്റെ നിറവ്യത്യാസം, മൂത്രം തുള്ളികളായി ഒഴുകുന്നത്, മൂത്രത്തിന്റെ ഒഴുക്കു കുറയുന്നത് എന്നിവ ചില ലക്ഷണങ്ങൾ ആണ്.

രോഗനിർണയം

മെഡിക്കൽ ചരിത്രവും ശാരീരിക പരിശോധനകളും,

പ്രോട്ടീനിനും രക്തകോശങ്ങൾക്കും വേണ്ടിയുള്ള മൂത്ര പരിശോധനകൾ, വൃക്കകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള രക്തപരിശോധനകൾ,

അസാധാരണതകൾ തിരിച്ചറിയാൻ അൾട്രാസൗണ്ട് ഇമേജിങ്.

ചില സന്ദർഭങ്ങളിൽ ബയോപ്സിയും ആവശ്യമായി വന്നേക്കാം.

ചില സാഹചര്യങ്ങളിൽ ജനിതക പരിശോധനകൾ സഹായകരമാകും.

ചികിത്സ

നിർദ്ദിഷ്ട അവസ്ഥയും അതിന്റെ തീവ്രതയും അനുസരിച്ച്, വൃക്കരോഗമുള്ള കുട്ടികൾക്കു വ്യത്യസ്ത ചികിത്സകൾ ലഭ്യമാണ്. ലക്ഷണങ്ങൾ നിയന്ത്രിക്കുന്ന, അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ തകരാറുകളുടെ കാര്യത്തിൽ, രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്ന മരുന്നുകൾ ഉപയോഗിച്ചു അവസ്ഥകൾ കൈകാര്യം ചെയ്യാൻ കഴിയും.

മാറണം, ഭക്ഷണം

ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗത്തിന്റെ പുരോഗതി തടയുന്നതിനും സോഡിയം, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവയുടെ അളവു പരിമിതപ്പെടുത്തി ഒരു നിയന്ത്രിത ഭക്ഷണക്രമം തിരഞ്ഞെടുക്കാം.

ഡയാലിസിസ് : വൃക്കകൾക്കു ശരിയായി പ്രവർത്തിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഡയാലിസിസ് ആവശ്യമായി വന്നേക്കാം.

വൃക്ക മാറ്റിവയ്ക്കൽ : വൃക്കരോഗം മൂർച്ഛിച്ച യുവാക്കളിൽ വൃക്ക മാറ്റിവയ്ക്കുന്നതാണ് ഉചിതം.

നല്ല ഭക്ഷണം ശീലമാക്കുക : കുട്ടികളിൽ ആരോഗ്യകരമായ വൃക്കകളുടെ പ്രവർത്തനം നിലനിർത്തുന്നതിന് ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം അത്യാവശ്യമാണ്.

കിഡ്നി രോഗമുള്ള കുട്ടികളുടേ മാനസികവും ശാരീരീകവും ആയ ആരോഗ്യത്തിൽ മാതാപിതാക്കൾക്കു വലിയ പങ്കുണ്ട്. ലഘുവായ വ്യായാമങ്ങൾ, കളികൾ എന്നിവയിൽ കുഞ്ഞുങ്ങൾക്കൊപ്പം ചേരുക, പഞ്ചസാരയുടേ അളവ് കുറയ്ക്കുക, പാക്കറ്റ് പാനീയങ്ങൾക്കു പകരം കുട്ടികൾക്കു ശുദ്ധമായ ജലം നൽകുക. ഉപ്പിന്റെ അളവ് കുറയ്ക്കുക , അമിത ശരീര ഭാരം ശ്രദ്ധിക്കുക. കൃത്യമായ മരുന്നുകൾ, റെഗുലർ ചെക്കപ്പുകൾ എന്നിവ പാലിക്കുക.

തയാറാക്കിയത്: അഞ്ജലി അനിൽകുമാർ

ADVERTISEMENT