ADVERTISEMENT

പകൽ മുഴുവനും ഓഫിസിൽ പല ചുവടുകളും പയറ്റിത്തളർന്നാണ് വീട്ടിലേക്കു ചെല്ലുന്നത്. പക്ഷേ, ഓഫിസിന്റെ പടി ഇറങ്ങുമ്പോഴേ സമ്മർദങ്ങളെ ലോക്കറിലിട്ടു പൂട്ടിയേക്കണം. അതും ചുമന്നു വീട്ടിലേക്കു പോകരുത്. അങ്ങനെ ചെയ്താൽ വീട്ടിൽ നിന്നു ലഭിക്കേണ്ട സന്തോഷവും ആശ്വാസവും കൂടി നഷ്ടമാകും.

1. സന്തോഷത്തിന്റെ കുടുംബനേരം 

ADVERTISEMENT

പങ്കാളിക്കും കുട്ടികൾക്കും നിശ്ചിത സമയം നൽകുക. ആ സമയം അവർക്കു മാത്രമുള്ളതാകണം. വീട്ടിൽ വച്ച് കഴിയുന്നതും ഒാഫിസ് കാര്യങ്ങൾ മൊബൈലിൽ സംസാരിക്കാതിരിക്കുക. സോഷ്യൽമീഡിയ ഉപയോഗം പരമാവധി കുറയ്ക്കുക. റീൽസ് കണ്ടിരുന്നു സമയം പോകുമ്പോൾ കണ്ണിന് ഉണ്ടാകുന്ന ക്ഷീണം ചെറുതല്ല. 

2. ചിരിക്കാൻ മടിക്കല്ലേ

ADVERTISEMENT

ഓഫിസിലുള്ളവരെ കാണുമ്പോഴും സംസാരിക്കുമ്പോഴും നിറഞ്ഞ ചിരി. പക്ഷേ, ഫാമിലി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ പോലും ചിരിക്കാത്ത കട്ടഗൗരവം. ആ രീതിയുണ്ടെങ്കിൽ ഈ നിമിഷം തന്നെ അതുപേക്ഷിക്കണം. ഓഫിസ് ചിരി വ്യാജവും ഗൗരവം റിയലും ആണെന്ന വാദമൊന്നും വേണ്ട. ഗൗരവമുഖഭാവത്തോടെ നടന്നാലേ നിങ്ങളൊരു സംഭവം ആണെന്നു വീട്ടുകാർ കരുതൂ എന്ന ധാരണയും വേണ്ട. അതുകൊണ്ടു കുടുംബാംഗങ്ങളോടു തമാശ പറയാനും ചിരിയോടെ സംസാരിക്കാനും ശീലിക്കുക. അതിന്റെ സന്തോഷം കുടുംബജീവിതത്തിന്റെ എല്ലാ തലങ്ങളിലും ലഭിക്കും. 

3. വാക് പയറ്റ് ഒഴിവാക്കാം

ADVERTISEMENT

പങ്കെടുക്കുന്ന രണ്ടുപേരും തോൽക്കുന്ന യുദ്ധമാണു ദമ്പതികൾ തമ്മിലുള്ള വാക് പയറ്റ്. ഒന്നും രണ്ടും പറഞ്ഞു തുടങ്ങും. പിന്നെ, പറഞ്ഞു ജയിക്കാനുള്ള വാശിയിൽ സങ്കൽപിക്കാൻ പോലും കഴിയാത്ത ആരോപണങ്ങൾ ഉറയൂരി വീശും. അടിപടലം മുറിപ്പെടും. രണ്ടുപേരും ഒരേ വോൾട്ടേജിൽ തർക്കബുദ്ധി ഉളളവരെങ്കിൽ കുടുംബബന്ധം തവിടുപൊടിയാകും. കാര്യങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്യാം. വാക്പയറ്റ് പൂർണമായി ഒഴിവാക്കാൻ കഴിയണമെന്നില്ല. പക്ഷേ, അതൊരു യുദ്ധമാകാൻ അനുവദിക്കരുത്. 

4. കുട്ടിത്തം കൈവിടരുത്

കുടുംബത്തിനു മുന്നിൽ ഒരു കുട്ടിയാകുക. കുട്ടികളോടു കുട്ടിമനസ്സോടെ പെരുമാറുക. പങ്കാളിയുടെ മുൻപിൽ പോലും കുറച്ചു സമയം ഒരു കുട്ടിയാകുന്നതു കുസൃതി നിറയ്ക്കും. ഏതു പ്രായത്തിലും ജീവിതം കൂടുതൽ ഊഷ്മളമാകട്ടെ. 

5. തോൽവിയുടെ പടവു കടക്കാം

ജീവിതത്തിലൊരിക്കലും തോൽക്കാൻ പാടില്ലെന്ന ബോധമാണു കുട്ടിക്കാലം മുതൽക്കേ മനസ്സിൽ അടിച്ചേൽപ്പിരുന്നത്. പക്ഷേ, ഒന്നോർക്കുക സിക്സ് പാക് മനസ്സുള്ളപലരും ഒരിക്കൽ ആഴത്തിൽ പരാജയവും തിരസ്കാരവും അനുഭവിച്ചവരാണ്. അതു തിരിച്ചറിഞ്ഞു ധീരമായി മുന്നോട്ടു പോകൂ.

6. ഫ്ലാഷ്ബാക് ഒഴിവാക്കാം

കുടുംബബന്ധത്തിലെ തെറ്റുകൾ മറക്കുക. കഴിഞ്ഞ കാലം കഴിഞ്ഞതു തന്നെയാണ്. അത് ഓർമിപ്പിച്ച് കലഹമുണ്ടാക്കുന്നതു നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കൂടി നശിപ്പിക്കും.   

7. ‘പോലെ’ എന്ന വാക്ക് 

നിങ്ങളുടെ കുടുംബജീവിതം അയൽപക്കത്തെ ജീവിതവുമായി താരതമ്യം ചെയ്യരുത്. താരതമ്യം പലപ്പോഴും ഒറ്റ വീക്ഷണത്തിലാണ്. ഇതു നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി നിറയ്ക്കുകയേയുള്ളൂ. നിങ്ങളുടെ വീട് നിങ്ങളുടേതു മാത്രമാണ്, അതു മറ്റുള്ളവർ ജീവിക്കുന്നതുപോലെ മാറ്റുകയല്ല വേണ്ടത്.

8. സ്വന്തം സമയം

2370679087

സദാ മറ്റുള്ളവർക്കു വേണ്ടി പ്രകാശം പൊഴിച്ചങ്ങനെ നിൽക്കാൻ മാത്രം വലിയ സംഭവം ആണെന്നു സ്വയം കരുതേണ്ട. ഞാനില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന മട്ടിലുള്ള ഇമേജുകൾ സ്വയം സൃഷ്ടിച്ച് അതിൽ കുടുങ്ങി പോകരുത്. കാരണം സൂര്യനെ പോലൊരു എനർജി സോഴ്സ് നിങ്ങൾക്കില്ല. നന്നായി പ്രവർത്തിക്കണമെങ്കിൽ  ഇടയ്ക്ക് ഒന്നു ഷട് ഡൗൺ ചെയ്യണം. അവനവനു വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. പിന്നെ, സന്തോഷത്തോടെ ജീവിതത്തിലേക്കു റീസ്റ്റാർട് ആകാം. 

9. കാഴ്ച വിശാലമാക്കുക

ജീവിതത്തിലേക്കു ദുഃഖം നിറയുമ്പോൾ നിങ്ങളേക്കാൾ ദുഃഖം അനുഭവിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചോർക്കുക. അതിനേക്കാൾ ഭേദമാണ് ഇപ്പോഴുള്ള അവസ്ഥയെന്നു സ്വയം തിരിച്ചറിയുക. മനസ്സ് ഒന്നു ശാന്തമാകുമ്പോൾ ജീവിതപുരോഗതിക്കു വേണ്ടിയുള്ള പദ്ധതി തയാറാക്കി മുന്നോട്ടു പോകുക.    

10. സിംപിളാണ് കാര്യങ്ങൾ

ലോകത്തു രണ്ടുതരം പ്രശ്നങ്ങളേയുള്ളൂ. ഒന്നു പരിഹരിക്കാൻ കഴിയുന്നതും. പിന്നൊന്ന് നമ്മുടെ പരിധിക്കപ്പുറമുള്ളതും. അത് ഏതൊക്കെ എന്നതു വ്യക്തിപരമായി വ്യത്യാസപ്പെടും. ഇതിൽ ആദ്യത്തേതു മാത്രം പരിഗണിക്കുക. പ്രശ്നത്തെ അംഗീകരിക്കുക. പരിഹാരത്തെ കുറിച്ചു മാത്രം ചിന്തിച്ചു തല പുകയ്ക്കുക. അല്ലാത്ത പക്ഷം അതു കീറാമുട്ടിയായി അവിടെ കിടക്കും. പിന്നെ, നമ്മൾ തന്നെ അതിൽ തട്ടിവീഴും. അത് ഒഴിവാക്കാം. 

സന്തോഷത്തിന്റെ ലിപികൾ

∙ ഏതൊരു കാര്യവും എഴുതുമ്പോഴാണ് അതിനു കൂടുതൽ തെളിച്ചം കിട്ടുക. മനസ്സിൽ വരുന്ന ഐഡിയകൾ എഴുതി വയ്ക്കാൻ ഒരു ബുക് സൂക്ഷിക്കാം. കുടുംബ ബജറ്റ് തീരുമാനിക്കുന്നതു മുതൽ ഗൃഹോപകരണം വാങ്ങാനുള്ള വഴി കണ്ടെത്തുന്നതു വരെ എന്തും ഇതിൽ എഴുതാം.അതോടെ ക്ലാരിറ്റി ലഭിക്കും.

∙ ദുഃഖവും ദേഷ്യവുമൊക്കെ മനസ്സിൽ അ ടക്കി വച്ചാൽ സങ്കടം കൂടുകയേയുള്ളൂ. വിശദമായി എല്ലാ കാര്യവും എഴുതി നിങ്ങൾ തന്നെ വായിച്ചു നോക്കുക. ഇതോടെ  പരിഹാര വഴികൾ നിങ്ങളിൽ നിന്നു തന്നെ ഉണർന്നു വരും

∙ ദിവസത്തിന്റെ  അവസാനം ഡയറി എഴുതുന്നതു ശീലമാക്കുക. പൊസിറ്റീവ് കാര്യങ്ങൾ എഴുതി സൂക്ഷിക്കുക.   

കടപ്പാട് - ഡോ. തോമസ് ജോർജ്.കെ, മാനേജ്മെന്റ് വിദഗ്ധൻ, ഇൻർനാഷനൽ ട്രെയിനർ,  ഡയറക്ടർ ലീഡ് കോളജ് ഓഫ് മാനേജ്മെന്റ്, പാലക്കാട്

ADVERTISEMENT