‘‘എനിക്ക് ഓവറിയിൽ ഡെർമോയിഡ് സിസ്റ്റ് ഉണ്ട്. കീ ഹോൾ സർജറിയിലൂടെ നീക്കം ചെയ്യാമെന്നാണ് ഡോക്ടർ നിർദേശിച്ചത്. കീ ഹോൾ സർജറി ചെയ്താൽ പിന്നീടു വായുസംബന്ധമായ പ്രശ്നങ്ങൾ അലട്ടും എന്നു പറയുന്നതു ശരിയാണോ?’’: ശ്രീചിത്ര, കൊട്ടാരക്കര
ഡെർമോയിഡ് സിസ്റ്റ് തനിയെ ചുരുങ്ങിപ്പോകുന്ന തരം സിസ്റ്റ് അല്ല. സർജറിയിലൂടെ നീക്കം ചെയ്യാനേ കഴിയൂ. കീ ഹോൾ സർജറി അഥവാ ലാപ്രോസ്കോപിക് സർജറിയാണ് ഇതിന് ഏറ്റവും യോജിച്ചത്.
രോഗിക്കു ഏറെ ഗുണങ്ങളുള്ള ചികിത്സാമാർഗമാണിത്. വലിയ മുറിവ് ഉണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ വേദനയും ബ്ലീഡിങ്ങും കുറവാണ്. സർജറിയുടെ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യും. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം ജോലിയിൽ പ്രവേശിക്കാനും പതിവു ജീവിതചര്യകളിലേക്കും മടങ്ങിപ്പോകാനും സാധിക്കും.
കീ ഹോൾ സർജറിയിൽ ഒരു ചെറിയ സുഷിരത്തിലൂടെ കാർബൺഡൈഓക്സൈഡ് (CO2) കടത്തി വയറു വീർപ്പിച്ചു വച്ചശേഷം സമാനമായ ദ്വാരങ്ങളിലൂടെ ലാപ്രോസ്കോപി സ്പെഷൽ ഇൻസ്ട്രമന്റ് കടത്തി സിസ്റ്റ് നീക്കം ചെയ്യും. സർജറിയുടെ അവസാനം ഈ CO2 ദ്വാരങ്ങളിലൂടെ തന്നെ പുറത്തേക്കു കളയും. എന്നിരുന്നാലും അൽപം CO2 വയറ്റിൽ കെട്ടിക്കിടക്കാനും നേരിയ അസ്വസ്ഥതകൾ മൂന്നു – നാലു ദിവസം നിലനിൽക്കാനും സാധ്യതയുണ്ട്. തോൾ വേദന, വയർ കമ്പിച്ചിരിക്കുന്നതായി അനുഭവപ്പെടുക, വായു ഉരുണ്ടു കയറുന്നപോലുള്ള വേദന എന്നിവ വരാം. ദിവസങ്ങൾക്കുള്ളിൽ CO2 സ്വാഭാവികമായി തന്നെ ആഗിരണം ചെയ്തു പ്രയാസങ്ങൾ മാറും.
അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും വഴികളുണ്ട്. കീ ഹോള്‍ സർജറിക്ക് ശേഷം വലിയ വിശ്രമം ആവശ്യമില്ല. പിറ്റേന്നു മുതൽ ക്ഷീണം വരാത്ത രീതിയിൽ മെല്ലെ നടക്കാം. ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന പയറുവർഗങ്ങൾ, കാബേജ്, ബ്രോക്ക്‌ലി തുടങ്ങിവ ഒഴിവാക്കുക. കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കാം. വയറിൽ ചൂടു പിടിക്കാം.