Wednesday 15 March 2023 12:11 PM IST

‘ഞാൻ ഒറ്റപ്പെട്ടു പോയ അവസ്ഥയിൽ രമയുടെ ആ ആഗ്രഹമാകും ദൈവം നിറവേറ്റുന്നത്’: വികാരാധീനനായി ജഗദീഷ്

Vijeesh Gopinath

Senior Sub Editor

jagadeesh-rama

സ്ഥിരമായി നായക വേഷം ചെയ്ത ആൾ ഇപ്പോൾ പ്രായത്തിനൊത്ത കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നു. ഈ തീരുമാനം മനഃപൂർവം സ്വീകരിച്ചതാണോ?

അഞ്ജലി എം. പെരുമണ്ണ, കോഴിക്കോട്

എല്ലാ കാലത്തും ഞാൻ എന്നെ ഒരു നടനായാണു കണ്ടിരിക്കുന്നത്. നായകനായി കണ്ടിട്ടില്ല. നടൻ എന്ന രീതിയിൽ കിട്ടിയ നായക വേഷങ്ങൾ എല്ലാം പ്രേക്ഷകരുടെ സൗമനസ്യം എന്നോ ബോണസ് എന്നോ കാണാനാണ് ആഗ്രഹം. സ്ഥിരം നായക രൂപം ഒരിക്കലും ഞാ ൻ കൽപിച്ചു നൽകിയിട്ടില്ല. അപകർഷതാബോധം കൊണ്ടൊന്നുമല്ല ഇങ്ങനെ പറയുന്നത്. എന്നെപ്പോലുള്ള ഒരു നടൻ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ െചയ്യുന്നതായിരിക്കും നല്ലതെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്.

അധ്യാപകൻ, അഭിനേതാവ്, അവതാരകൻ കൂടുതൽ കംഫർട്ടബിൾ ഏതാണ്? ഒരിക്കൽ കൂടി ക്യാംപസിൽ അധ്യാപകനായി പോകാൻ തോന്നാറുണ്ടോ?

കുര്യൻ ജോർ‌ജ്, അതിരമ്പുഴ, കോട്ടയം

ക്യാംപസ് എന്റെ ദൗർബല്യമാണ്. കോ ളജുകളിലും സ്കൂളുകളിലും കുട്ടികളോടു സംസാരിക്കാൻ ഒരുപാടിഷ്ടമാണ്. അവരുമൊത്തിരിക്കുമ്പോൾ നടൻ മാത്രമല്ല, അധ്യാപകൻ കൂടിയാണ്. അ ഭിനയത്തിന്റെ കാര്യത്തിൽ ഞാൻ കുറച്ച് അത്യാഗ്രഹിയാണ്. പ്രേക്ഷകമനസ്സിൽ കയ്യൊപ്പിടുന്ന വേഷങ്ങൾ ചെയ്യ ണമെന്നുണ്ട്. അതിനായി സംവിധായകരോട് അവസരം ചോദിക്കാൻ ഇന്നും മടിയില്ല.

നാൽപതു വർഷം നാന്നൂറോളം സിനിമകൾ. എന്താണു വിജയ രഹസ്യം?

തോമസ് ഇമ്മാനുവൽ, ബെംഗളൂരു

നാൽപത് വർഷം. ജീവിതം ധന്യമായെന്നൊക്കെ പറയാൻ തോന്നുന്ന മുഹൂർത്തങ്ങൾ ഷൂട്ടിങ്ങിനു പോകുമ്പോൾ കിട്ടാറുണ്ട്. കാരവനൊന്നും ഇല്ലാത്ത കാലത്ത് ഒരിക്കൽ പെരുമ്പാവൂരിൽ ഒരു വീട്ടിന്റെ മുറ്റത്തു ഞാനിരിക്കുന്നു. സംസാരത്തിനിടയിൽ എപ്പോഴോ അരിയുണ്ട വലിയ ഇഷ്ടമാണെന്നു പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പോകുന്ന ദിവസം ഒരു പാക്കറ്റ് നിറയെ അരിയുണ്ട ആ വീട്ടിലെ അമ്മ കൊണ്ടുവന്നു തന്നു. എത്രയോ അമ്മമാർ തലയിൽ കൈ വച്ച് അനുഗ്രഹിച്ചിരിക്കുന്നു. ഈ സ്നേഹമാണ്, പ്രേക്ഷകർ മകനും ചേട്ടനായും അനുജനായും കാണുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം വിജയം.

ലീലയിലും റോഷാക്കിലും കാപ്പയിലും ഒക്കെ മറ്റൊരു ജഗദീഷിനെയാണു കാണുന്നത്. നെഗറ്റീവ് റോളുകൾ എന്ന ഇമേ ജ് ഭയപ്പെടുത്തുന്നുണ്ടോ? അപ്പുക്കുട്ടനെപ്പോലെ ഒരു റോൾ വന്നാൽ സ്വീക രിക്കുമോ?

അബ്ദുൾ ഫസിം, മുണ്ടക്കയം

യുവ തലമുറയിലെ സംവിധായകരൊക്കെ പണ്ട് അപ്പുക്കുട്ടനെയും മായിൻകുട്ടിയേയും കണ്ട് ആവേശത്തോടെ ചിരിച്ചിട്ടുണ്ട്. പക്ഷേ, അവർ എനിക്കു നൽകുന്നത് പ്രായത്തിനനുസരിച്ച വ്യത്യസ്തതയുള്ള വേഷങ്ങളാണ്. അപ്പുക്കുട്ടനെപ്പോലെയുള്ള ഹാസ്യം കലർന്ന വേഷങ്ങളുമായി ഞാൻ വീണ്ടും എത്തും. പക്ഷേ, അതിനു പ്രായത്തിന്റേതായ വ്യത്യാസങ്ങൾ ഉണ്ടാകും. ‌‌

‘ലീല’യിലെ അത്രയും നെഗറ്റീവ് ആയ റോൾ രഞ്ജിത് വിളിച്ചു പറഞ്ഞപ്പോൾ ഞാൻ രമയോടും കുട്ടികളോടും ചോദിച്ചു. മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു, ഒരു ആ ർട്ടിസ്റ്റ് തീർച്ചയായും അത്തരം റോളും ചെയ്യണം.

ഭാര്യയെക്കുറിച്ച് ഒന്നോ രണ്ടോ വരികളിൽ ഒതുക്കാനാകില്ലെന്നറിയാം. എങ്ങനെയാണീ സങ്കടങ്ങൾ മറികടക്കുന്നത്?

പ്രസീത മഹേഷ്, മാ‍ഞ്ഞൂർ, കോട്ടയം

ഏതു കാര്യവും കൃത്യമായി നടപ്പിലാക്കുന്ന പെർഫെക്‌ഷനിസ്റ്റ് ആയിരുന്നു എന്റെ ഭാര്യ. ഒരു ആയുസ്സിന്റെ മുഴുവൻ കാര്യങ്ങളും കൃത്യമായി വളരെ നേരത്തെ ചെയ്തതുകൊണ്ടാകാം ചിലപ്പോൾ ദൈവം രമയെ നേരത്തെ വിളിച്ചത്. റോഷാക്കിലെ‌യും കാപ്പയിലെയുമൊക്കെ എന്റെ അഭിനയം കണ്ട്, ആ സിനിമയുടെ വിജയം കണ്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതെനിക്കു നൂറു ശതമാനവും അറിയാം.

ഞാൻ ഒറ്റപ്പെട്ടു പോയ അവസ്ഥയിൽ രമയുടെ ആഗ്രഹമാകും നിറവേറ്റുന്നത്. ഒരുപാടു നല്ല വേഷങ്ങൾ എന്നെ തേടിയെത്തുന്നുണ്ട്. കൂടുതലും പുതുസംവിധായകർ. ഹിന്ദിയിൽ ഒരു പാട്ടുണ്ട്. ചിലതു നേടുമ്പോൾ ചിലതു നഷ്ടപ്പെടും. ചിലതു നഷ്ടപ്പെടുമ്പോൾ നമുക്കു ചിലതു നേടാ ൻ കഴിയും. ഒറ്റയ്ക്ക് ആക്കാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്തു കൊടുത്തേക്കാം എന്നു ദൈവം വിചാരിച്ചുകാണും. അതാകാം എനിക്കു കിട്ടുന്ന സിനിമകൾ.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: അരുൺ സോൾ