മാനാഞ്ചിറ മൈതാനം പോലയാണ് കോഴിക്കോടുകാർക്ക് കലാകാരന്മാർ. ചെന്നിരിക്കുമ്പോൾ സ്വന്തമെന്ന് കരുതുന്ന അടുപ്പം.
മാനാഞ്ചിറ മൈതാനത്തു കൂടി വൈകിട്ടൊന്നു നടന്നാൽ മതി. പുൽമെത്തയിൽ ആകാശം നോക്കി കിടക്കുന്നവരുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ടാകും, കിടക്കുന്ന ആറടി മണ്ണ് അവർക്ക് പതിച്ചു കൊടുത്തതാണെന്ന്... ഏതു കലാകാരനോടു മിണ്ടുമ്പോഴും ഇതേ ഭാവമാണ്. ‘സ്വന്തം ആളാണെന്ന’ മട്ടിൽ തോളിൽ കയ്യിട്ട് ചോദിക്കും: ‘എന്ത്ണ്ട് ഏട്ടാ, ഒരു കാലിച്ചായ കുടിച്ചിട്ട് പോവാന്ന്...’ അത്രയ്ക്ക് അടുപ്പം.
കല തൊട്ട മനസ്സുണ്ടെങ്കിൽ കോഴിക്കോട് എന്നും ചേർത്തു നിർത്തും. ആ സ്നേഹമണ്ണിലാണ് അച്ഛനും മകനും വളരാൻ തുടങ്ങിയത് – സുധാകരനും സുധീഷും.
നഗരത്തിനു നടുവിലെ സെന്റ് ജോസഫ് സ്കൂളിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസ്സിൽ വച്ചാണ് അച്ഛൻ ആദ്യമായി തട്ടിൽ കയറിയത്. മകൻ പക്ഷേ, അതേ സ്കൂളിലെ അതേ തട്ടിൽ നാടകവുമായി ഒന്നാം ക്ലാസ്സിലേ കയറി. സ്കൂൾ മുറ്റവും കടന്ന് ടാഗോർ ഹാളിലെയും ടൗൺഹാളിലെയും വേദികളിലേക്ക് അച്ഛന്റെ കയ്യും പിടിച്ച് മകനും നടന്നു ചെന്നു. നാടകത്തട്ടിലെ ആത്മാവും ശരീരവുമായി. പിന്നെ, അച്ഛൻ ആഗ്രഹിച്ചതു പോലെ മകൻ സിനിമയിൽ കയ്യൊപ്പിട്ടു.
‘പടവെട്ടിലും’ ‘ലളിതം സുന്ദര’ത്തിലും ‘കോളജ് പയ്യന്റെ’ ലുക്ക് വിട്ട് താടിവച്ച് പുതിയ ഭാവത്തിൽ സുധീഷ് എത്തി. ജീവിതം പറയാനിരുന്നപ്പോൾ കോഴിക്കോടിനും അച്ഛനും ചുറ്റും സുധീഷ് കറങ്ങികൊണ്ടിരുന്നു.
കോഴിക്കോട്ടെ മൂന്നു വേദികൾ
‘‘അച്ഛൻ ശ്വസിക്കുന്നതു പോലും നാടകവും സിനിമയും അഭിനയവുമൊക്കെയായിരുന്നു. കുട്ടികളെ നാടകം പരിശീലിപ്പിക്കാൻ അച്ഛന് ഇഷ്ടമായിരുന്നു. സെന്റ് ജോസഫ് സ്കൂളിൽ ഞാൻ പഠിക്കുമ്പോൾ മറ്റു കുട്ടികൾക്കൊപ്പം എനിക്കും നാടകപാഠങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്.
കോഴിക്കോട്ടെ മൂന്നു നാടകവേദികൾ ഇപ്പോഴും മനസ്സിലുണ്ട്. സ്കൂൾ സ്റ്റേജിൽ ഞാൻ ആദ്യമായി അവതരിപ്പിച്ചത് മുടന്തുള്ള കഥാപാത്രത്തെയാണ്. ‘വല്യേട്ടൻ’ സിനിമയിൽ കാലിന് സ്വാധീനക്കുറവുള്ള റോൾ ചെയ്തപ്പോൾ ഒന്നാം ക്ലാസ്സും ആ നാടകവുമാണ് മനസ്സിലേക്ക് വന്നത്.
നാലാം ക്ലാസ്സിൽ വച്ച് സ്കൂളിനു പുറത്തുള്ള സ്റ്റേജിലേക്ക് ‘പ്രമോഷൻ’ കിട്ടി. വേദി കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ. നാടകം ജയപ്രകാശ് കൂളൂരിന്റെ ‘വർത്തമാനം’. അതിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് അച്ഛനു ലഭിച്ചു, മികച്ച ബാല നടൻ ഞാനും. ഒരേ നാടകത്തിലെ കഥാപാത്രങ്ങൾക്ക് അച്ഛനും മകനും സംസ്ഥാന പുരസ്കാരം.
കോഴിക്കോട്ടെ ടാഗോര്‍ ഹാളിലെ വേദി മറക്കാനാകില്ല. ഒാർക്കുമ്പോൾ മരണത്തിന്റെ തണുപ്പ് മനസ്സിലേക്ക് അരിച്ചെത്തും. ‘നിയന്ത്രണം’ എന്ന നാടകം. ഞാനും അച്ഛനും വേണുഏട്ടനും (വേണു പാലാഴി) ശിവരാമേട്ടനും ഉണ്ട്.
നടുക്കടലിൽപ്പെട്ട കപ്പൽ ജീവനക്കാരാണ് ഞങ്ങൾ. ക്രൂരനായ കഥാപാത്രത്തെയാണ് അച്ഛൻ അവതരിപ്പിക്കുന്നത്. ക്ലൈമാക്സിൽ എന്നെ കൊല്ലാനായി അച്ഛന്റെ കഥാപാത്രം വരുമ്പോൾ വേണുഏട്ടൻ എന്നെ തോളി ൽ കിടത്തി കപ്പലിന്റെ മുകൾ തട്ടിലേക്ക് വലിഞ്ഞു കയറും.
വലിയ സെറ്റാണ്. വേണു ഏട്ടൻ കയറിൽ തൂങ്ങി മുകളിലേക്കു വലിഞ്ഞു കയറുന്നതെല്ലാം പരിശീലിച്ചു. ഞാനൊരു കൊച്ചു കുട്ടിയല്ലേ, ‘ഒാനെ ഞാൻ അപ്പോ തോളിൽ ഇട്ടോളാം’ എന്ന് പറഞ്ഞു. നാടകം തുടങ്ങി. ക്ലൈമാക്സ് സീൻ ആയി. തോർത്ത് തോളത്തിടും പോലെ അദ്ദേഹം എന്നെ തോളത്തിട്ടു. വലിഞ്ഞു കയറാൻ തുടങ്ങി.
നാടകമല്ലേ, വിയർപ്പിൽ കുളിച്ചിരിക്കുകയാണ് ഞാനും വേണു ഏട്ടനും. കയറാൻ തുടങ്ങിയതും എനിക്ക് ശരീരത്തിൽ പിടുത്തം കിട്ടാതായി ഞാൻ തലകുത്തി പിന്നോട്ടു ഊർന്നു തുടങ്ങി. താഴെ സ്റ്റേജിന്റെ തറ കാണാം അവിടെ അച്ഛൻ സദസ്സിലേക്കു നോക്കി അഭിനയിക്കുന്നു. എ നിക്ക് ഉണ്ടാകാൻ പോവുന്ന അപകടം അച്ഛനറിയില്ല.‘അച്ഛാ’ എന്നു വിളിക്കണമെന്നും ഉണ്ട്. ശബ്ദം കിട്ടുന്നില്ല. കാൽപാദങ്ങൾ പിണച്ച് വേണുഏട്ടന്റെ കഴുത്തിൽ മുറുക്കി പിടിച്ചു. പന്ത്രണ്ടടി പൊക്കത്തിൽ നിന്ന് താഴേക്ക് വീഴാതെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
വെള്ളിമാടുകുന്നിലെ സി ക്ലാസ് കൊട്ടക
വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സിലായിരുന്നു അ ന്ന് താമസം. അടുത്ത് ലീലാ തിയറ്ററുണ്ട്. ഒാല മേഞ്ഞ സി ക്ലാസ് തിയറ്റർ. എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമയെത്തും. അമ്മ പ്രേംനസീർ ആരാധിക ആയിരുന്നു. അ ച്ഛൻ എല്ലാ സിനിമയ്ക്കും കൊണ്ടുപോകും.
അന്ന് ഇംഗ്ലിഷ് സിനിമകൾ വരുന്നത് നഗരത്തിലെ ക്രൗൺ തിയറ്ററിലായിരുന്നു. ആ സിനിമയ്ക്കും അച്ഛന്‍ എന്നെ കൊണ്ടുപോകും. ഇംഗ്ലിഷ് സിനിമകളിൽ ‘കുട്ടികൾ കാണേണ്ടതല്ലാത്ത’ ചില രംഗങ്ങൾ ഉണ്ടാകുമല്ലോ. അതെല്ലാം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കുട്ടികളത് കണ്ടെന്നു വച്ച് കുഴപ്പമില്ലെന്നും ആയിരുന്നു അച്ഛന്റെ പക്ഷം. എങ്കിലും അതിർത്തി ലംഘിക്കുന്നെന്നു തോന്നിയാൽ അച്ഛനൊരു നമ്പരിടും. പോക്കറ്റിൽ നിന്ന് പേന എടുത്ത് താഴേക്കിടും. എന്നിട്ട് എടുത്തു തരാൻ പറയും. ഇരുട്ടത്ത് പേന തപ്പിയെടുത്ത് ഞാൻ എണീക്കുമ്പോഴേക്കും ആ സീൻ കഴിഞ്ഞിട്ടുണ്ടാകും. കുറച്ചു കൂടി മുതിർന്നപ്പോഴാണ് അച്ഛന്റെ ‘നമ്പർ’ എനിക്ക് മനസ്സിലായത്. അതോടെ ഇരുട്ടത്തുള്ള പേന തപ്പൽ ഞാൻ നിർത്തി.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
ആദ്യ സിനിമയിൽ അഭിനയിക്കാൻ കോഴിക്കോടു റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കു പോയത് ഇന്നും ഒാർമയുണ്ട്. സംവിധാനം എം.ടി സാർ. സിനിമ ‘വാരിക്കുഴി’. ആ ക്യാമറയ്ക്കു മുന്നിലായിരുന്നു എന്റെ ആദ്യ ഡയലോഗ്. ചേച്ചി കഥാപാത്രത്തോട് ‘പോടീ അസത്തെ’ എ ന്നു പറയണം. ഡയലോഗ് പറഞ്ഞതും ചുറ്റും നിൽക്കുന്ന ചിലർ കയ്യടിച്ചു. എനിക്ക് സന്തോഷമായി.
ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തി. ‘വാരിക്കുഴി’ തിയറ്ററിലെത്തുന്ന ദിവസവും നോക്കി ഞാനിരുന്നു. ലീലാ ടാക്കീസിൽ വരുന്നതു വരെ കാത്തിരിക്കാൻ വയ്യ. ടൗണിൽ പോയി കാണാമെന്ന് അച്ഛനോടു ആദ്യമേ പറഞ്ഞിരുന്നു.
പക്ഷേ, റിലീസ് ദിവസം അച്ഛനെത്തിയപ്പോൾ രാത്രിയായി. മുഖത്ത് നിരാശ. സിനിമയ്ക്കു പോയാലോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, ‘‘ ഞാനതു കണ്ടു. നീ കാണണ്ടെടാ...’’ ഞാൻ ഞെട്ടിപ്പോയി. അച്ഛൻ കാര്യം പറഞ്ഞു. ‘‘നമ്മൾ പോന്ന ശേഷം കഥയിൽ മാറ്റം വന്നു. അതോടെ അഭിനയിച്ച പല ഭാഗങ്ങളും മുറിച്ചു മാറ്റേണ്ടി വന്നു. ഒരു പാസിങ് ഷോട്ടിലേ നീയുള്ളൂ.’’
വിഷമമായോന്നു ചോദിച്ചാൽ നാലാം ക്ലാസ്സുകാരനുണ്ടാകുന്ന കുഞ്ഞു സങ്കടം. അത് പെട്ടെന്നു മാറി. ആദ്യ സിനിമ ഇന്നും കണ്ടിട്ടില്ല. ഈയിടെ യൂട്യൂബിലൊക്കെ തിരഞ്ഞു നോക്കിയെങ്കിലും കാണാൻ പറ്റിയിട്ടില്ല.
സംഗം തിയറ്ററിലെ ഫസ്റ്റ് ഷോ
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സിനിമയ്ക്കു വേണ്ടി അടുത്ത ടിക്കറ്റ് എടുക്കുന്നത്. അത് കൊല്ലത്തേക്കായിരുന്നു. ജനറൽ പിക്ചേഴ്സിന്റെ ഒരു പരസ്യം – ‘അശോകന്റെ കുട്ടിക്കാലം അഭിനയിക്കാനുള്ള അവസരം.’
പണ്ടത്തെ നിരാശ മനസ്സിലുള്ളത് കൊണ്ടാകാം പ്രതീക്ഷയില്ലാതെയാണ് യാത്ര. ചെന്നപ്പോഴാണ് അടൂർ സാറിന്റെ സിനിമയാണെന്ന് അറിഞ്ഞത്. അറുപതിലധികം കുട്ടികൾ കാത്തിരിക്കുന്നു. അശോകന്റെ അതേ ഛായയുള്ളവരും ഉണ്ട്. മടക്ക ട്രെയിൻ പിടിച്ചാലോ എന്ന് അപ്പോഴേ അച്ഛനോട് ചോദിച്ചു. ആദ്യ അഭിമുഖം കഴിഞ്ഞതോടെ അറുപതു പേർ പതിനഞ്ചായി. അതിൽ നിന്ന് രണ്ടായി. ഒടുവിൽ അശോകന്റെ കുട്ടിക്കാലത്തിലേക്ക് ഞാനും എത്തി.
‘അനന്തരം’ എന്ന ആ സിനിമയുടെ ഷൂട്ടു തുടങ്ങി. മമ്മൂക്കയും ശോഭനയുമുണ്ട്. അവരെ കണ്ടു സംസാരിക്കാൻ പറ്റിയെന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. ഞാനഭിനയിക്കുന്ന ഭാഗങ്ങൾ ഇനി സിനിമയിൽ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നായി.
കോഴിക്കോട് സംഗം തിയറ്ററിൽ വച്ചാണ് ‘അനന്തരം’ കാണുന്നത്. പലരും നല്ല അഭിപ്രായം പറഞ്ഞു. അനന്തരത്തിന് സംസ്ഥാന അവാർഡും മൂന്ന് ദേശീയ അവാർഡും കിട്ടി. ബാലതാരത്തിനുള്ള അവാർഡ് കിട്ടാനുള്ള സാധ്യത പലരും പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. പക്ഷേ, ഒരുപാടു മൂല്യമുള്ള മറ്റൊരു പുരസ്കാരം കിട്ടി – അടൂർ സാറിന്റെ കത്ത്. ‘‘നന്നായി അഭിനയിച്ചു. ദേശീയ തലത്തിൽ തന്നെ അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു.’’ കത്തിലെ ഓരോ വാക്കും ഇന്നും വലിയ അംഗീകാരമാണ്. പിന്നീട് ‘വേനൽക്കിനാവുകൾ’, ‘മുദ്ര’. പ്രീഡിഗ്രിക്കാരനായി കോളജിൽ എത്തുമ്പോഴേക്കും സിനിമയിൽ സജീവമായിക്കഴിഞ്ഞു.
ദേവഗിരി കോളജിലെ സിനിമാക്കാരൻ
‘മുദ്ര’ തിയറ്ററുകളിലെത്തിയ സമയം. ‘സിനിമാക്കാരനാണെങ്കിലും’ സ്വന്തമായി സ്കൂട്ടർ പോലും ഇല്ല. രണ്ടു ബസ് കയറി വേണം ദേവഗിരി കോളജിൽ എത്താൻ. ഒരു ദിവസം ബസ്സിൽ തൊട്ടടുത്തിരുന്ന ഒരാൾ കൂറേ നേരം എന്നെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, ‘കോഴിക്കോട് രാധയിൽ മമ്മൂക്കയൊക്കെ അഭിനയിച്ച ‘മുദ്ര’ സിനിമ കളിക്കുന്നുണ്ട്. അതിൽ നിങ്ങളെ പോലെ ഒരാളുണ്ട്.’ തിരിച്ചറിയാൻ തുടങ്ങിയ സന്തോഷം ഉള്ളിലൊതുക്കി ഞാൻ പറഞ്ഞു, ‘ഏട്ടാ, എന്നെ പോലത്തെ ആളല്ല. അത് ഞാൻ തന്നെയാണ്.’
പ്രീഡിഗ്രി ക്ലാസ് തുടങ്ങിയ കാലം. റാഗിങ് അല്ലെങ്കിലും ചെറിയ ചില കലാപരിപാടികൾ ആ ക്യാംപസിലും നടന്നിരുന്നു. ദേവഗിരി കോളജിനടുത്ത് അന്നു കടകളൊന്നുമില്ല.ഒരു കിലോമീറ്റർ ദൂരം നടന്ന് ചായ വാങ്ങി തിരിച്ചു ചെല്ലണം. ചൂടാറാനും പാടില്ല. ഇതാണ് പ്രധാന ശിക്ഷ.
അണ്ണൻ എന്നു വിളിക്കുന്ന ഒരു സീനിയറുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ കക്ഷി പിടികൂടി. ‘‘സിനിമാ നടനാണെന്ന ജാഡയൊന്നും കാണിക്കാതെ മര്യാദയ്ക്ക് ജീവിച്ചോ. നടൻ വിനീത് കുറച്ചു കാലം ഇവിടെയാണ് പഠിച്ചത്. അവനെ ഇടയ്ക്ക് ചായ വാങ്ങാൻ മെഡിക്കൽ കോളജിനടുത്തെ ഹോട്ടലിലേക്ക് ഞങ്ങൾ വിടാറുണ്ടായിരുന്നു. അതൊക്കെ ഒാർമിക്കുന്നത് നല്ലതാ.’’
ഈ കോഴിക്കോട്ടുകാരിയെ കാണുന്നു...
സിനിമയിൽ സജീവമായ കാലത്താണ് പെണ്ണുകാണൽ ചടങ്ങ്. ധന്യയ്ക്ക് ഞാനൊരു സിനിമാക്കാരനാണെന്ന് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. മൂത്തമകൻ രുദ്രാക്ഷ് പത്താം ക്ലാസ്സിൽ. രണ്ടാമത്തെ മകൻ മാധവ് ഒന്നാം ക്ലാസ്സിൽ. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും കോഴിക്കോട്ടുകാർ. അതുകൊണ്ടാകാം ഇവിടം വിട്ട് മറ്റൊരു സ്ഥലത്തു പോയി താമസിക്കാൻ തോന്നാറില്ല. ഷൂട്ടു കഴിഞ്ഞാൽ നേരെ കോഴിക്കോട്ടേക്കു പോരും.
മിക്ക കോഴിക്കോട്ടുകാർക്കും ഇടിച്ചു മുന്നിൽ കയറുന്നത് അത്ര താൽപര്യമില്ലാത്ത കാര്യമാണ്. എത്ര മിടുക്കുണ്ടെങ്കിലും കിട്ടുന്നത് മതിയെന്നത് അടിസ്ഥാന സ്വഭാവമാണ്. ഇപ്പോഴും എനിക്കത് മാറ്റാൻ പറ്റിയിട്ടില്ല. സിനിമ തുടങ്ങുന്നതായി അറിയുമ്പോൾ തന്നെ ഇടിച്ചു കയറി റോൾ നേടിയെടുക്കാൻ അന്നും ഇന്നും ശ്രമിച്ചിട്ടില്ല. സിനിമ ഒരു സംവിധായകന്റെ അല്ലേ. അയാളുടെ മനസ്സിൽ ആരൊക്കെ വേണം എന്നുണ്ടാകും. നമ്മൾ കയറി ‘സോപ്പിട്ടു’ കലക്കി ആ വെള്ളം കുളമാക്കരുത്.
അച്ഛനൊപ്പമില്ലാത്ത തിയറ്ററുകൾ
ആറു വർഷം മുൻപാണ് അച്ഛൻ മരിക്കുന്നത്. സ്കൂട്ടർ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയിൽ. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛൻ പോയി. ഒറ്റമോനാണ് ഞാൻ. എല്ലാം അച്ഛനായിരുന്നു. അച്ഛൻ പോയതോടെ എനിക്കിനി സിനിമയിൽ അഭിനയിക്കേണ്ട എന്നു തോന്നിപ്പോയി. ഞാൻ അഭിനയിക്കുന്നിതിൽ അച്ഛനായിരുന്നു ഏറ്റവും വലിയ സന്തോഷം. സന്തോഷിക്കാനുള്ള ആളു പോയി. ഇനി ആർക്കു വേണ്ടി?
വീട്ടിൽ നിന്ന് സിനിമ കാണാൻ പോകുന്നെങ്കിൽ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാൻ പോലും പോയില്ല. വീട്ടിൽ തന്നെയിരുന്നു. നാലു മാസം കഴിഞ്ഞപ്പോൾ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലൊ’ അഭിനയിക്കാൻ മകൻ രുദ്രാക്ഷിനു കൂട്ടായി എനിക്ക് പോകേണ്ടി വന്നു. അച്ഛൻ പണ്ട് എന്നെയും കൊണ്ട് പോയതു പോലെ മകന്റെ കയ്യും പിടിച്ച് ലൊക്കേഷനിലേക്ക്.
അച്ഛൻ അവസാനമായി അഭിനയിച്ചതും സിദ്ധാർഥ് ശിവയുടെ സിനിമയിലായിരുന്നു. അതേ സിദ്ധാർഥിന്റെ സിനിമയിൽ എന്റെ മകൻ തുടക്കം കുറിച്ചു. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയ്ക്കൊപ്പം സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവർ’ സിനിമയിലെ അഭിനയത്തിന് 2020 ൽ മികച്ച സ്വഭാവ നടനുള്ള അവാർഡും കിട്ടി.
എല്ലാം ആവർത്തനം അല്ലേ? കോഴിക്കോട് കൂടി നടക്കുമ്പോൾ ഇപ്പോഴും തോന്നും, എനിക്കൊപ്പം അച്ഛനുണ്ടെന്ന്...
വിജീഷ് ഗോപിനാഥ്
ഫോട്ടോ: അരുൺ പയ്യടിമീത്തൽ
ലൊക്കേഷൻ കടപ്പാട്: ഇൻസ്റ്റൈൽ ക്രിയേഷൻ, കോഴിക്കോട്