എഴുപത് വർഷമായി വായിക്കപ്പെടുന്ന ക്ലാസിക് തമിഴ് നോവലാണ് ‘പൊന്നിയിൻ സെൽവൻ’. ആ കഥ മണിരത്നം എന്ന മഹാ സംവിധായകൻ ചലച്ചിത്രമാക്കാൻ ഒരുങ്ങിയപ്പോൾ ആദ്യത്തെ ലുക് ടെസ്റ്റ് വച്ചത് മലയാളത്തിന്റെ െഎശ്വര്യലക്ഷ്മിക്കായിരുന്നു.
‘‘എനിക്കതൊരു ലോട്ടറിയായിരുന്നു. വിലമതിക്കാനാകാത്ത ഒന്ന്. ’’ െഎശ്വര്യ പറയുന്നു. ‘‘എനിക്ക് അവസരം വരുന്നത് ‘വാനതി’ എന്ന കഥാപാത്രത്തിനായാണ്. എന്റെ മനസ്സ് അടുത്തു നിന്നതാകട്ടേ പൂങ്കുഴലി എന്ന കഥാപാത്രത്തോടും.
‘ജഗമേ തന്തിരത്തി’ന്റെ ഷൂട്ടിങ് ലണ്ടനിൽ നടക്കുമ്പോൾ എ നിക്കൊരു കോൾ വന്നു. മറുതലയ്ക്കൽ മണി സാറിന്റെ മാനേജർ ആണ്. ‘എ ഗുഡ് ന്യൂസ് ഫോർ യൂ..’ അതു പറഞ്ഞതും ഞാൻ ചോദിച്ചു, ‘ഞാനല്ലേ പൂങ്കുഴലി.. ’’
‘പൊന്നിയിൻ സെൽവനി’ൽ പൂങ്കുഴലിയെ അവതരിപ്പിച്ച് കയ്യടി നേടുന്നതിനൊപ്പം നല്ല സിനിമകളുടെ നിർമാതാവായും സഹ സംവിധായികയായും സിനിമയുടെ ലോകത്ത് തന്റെ ഇടം വിശാലമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ‘കുമാരി’ എന്ന സിനിമയിൽ ടൈറ്റിൽ റോളിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയും നിർമാതാവ് ആയും ഐശ്വര്യയുണ്ട്
‘പൂങ്കുഴലി ആദ്യകാല ഫെമിനിസ്റ്റെന്ന് െഎശ്വര്യ പറഞ്ഞിരുന്നു ?
സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി അതിനനുരിച്ച് ജീവിക്കുന്ന പെൺകുട്ടിയാണ് പൂങ്കുഴലി. സമൂഹം എന്തു ചിന്തിക്കും എന്നത് അവളെ ബാധിക്കുന്നില്ല. അവളുടെ സൗന്ദര്യത്തിൽ അ വൾക്ക് വിശ്വാസമുണ്ട്. പുരുഷന്മാരുടെ നോട്ടത്തെ ഭയക്കുന്നില്ല. ആരെയും ആശ്രയിക്കുന്നുമില്ല. ‘പൊന്നിയിൻ സെൽവന്’ അവൾ രക്ഷകയാകുന്ന സന്ദർഭങ്ങളുണ്ട്. ഒറ്റ രാത്രി കൊണ്ട് തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് അവൾ തോണി തുഴഞ്ഞു പോകുന്നുണ്ട്. ഞാൻ അവതരിപ്പിക്കാൻ പോകുന്നത് പൂങ്കുഴലിയെയാണ് എന്നറിഞ്ഞതോടെ എക്സൈറ്റഡ് ആയിരുന്നു. ലണ്ടനിൽ നിന്ന് തിരികെ വന്നിട്ട് ലുക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് പറഞ്ഞെങ്കിലും ക്ഷമയുണ്ടായിരുന്നില്ല. ഉടൻ തന്നെ ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു.
‘പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതി യിലേ ചിത്രീകരിക്കാൻ സാധിക്കൂ. ഐശ്വര്യ കംഫർട്ടബി ൾ ആയിരിക്കുമല്ലോ’ എന്ന് മണി സാർ ചോദിച്ചു. അദ്ദേഹം അത്തരം ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.
സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകർ അറിയിക്കുന്ന സ്നേഹം.
മണിരത്നവും മറ്റു സംവിധായകരും എന്നിങ്ങനെ രണ്ടായി തിരിക്കാനാകുമോ ?
മറ്റു സംവിധായകരെല്ലാം മണി സാറിന്റെ ‘ഫാൻസ്’ ആണ്. മണി സാറിന്റെ സെറ്റിൽ പ്രൊഡക്‌ഷൻ ബോയ് മുതൽ അ ദ്ദേഹത്തിന്റെ ഫസ്റ്റ് അസോഷ്യേറ്റ് വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. സെറ്റിൽ അദ്ദേഹത്തെ നൂറു ശതമാനം തൃപ്തിപ്പെടുത്തുകയാണ് എല്ലാവരുടെയും മുൻഗണന.
കടുത്ത ചൂടിനെച്ചൊല്ലി അസ്വസ്ഥപ്പെട്ട ഞാൻ കണ്ടത് പൊരിവെയിലിൽ അദ്ദേഹം ഇരിക്കുന്നതാണ്. വെയിലാണ് എന്ന് അദ്ദേഹം അറിയുന്നു തന്നെയില്ല. സദാ സമയവും സിനിമയെ പറ്റി മാത്രമാണ് ചിന്ത. അദ്ദേഹത്തിന്റെ സെറ്റിൽ നിന്ന് പോന്ന ശേഷം ആ പ്രഫഷനലിസം പകർത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്.
ബോൾഡ്നെസ് എന്ന വാക്ക് സദാ ഐശ്വര്യയുടെ കഥാപാത്രങ്ങളുടെ കൂടെ ഉണ്ടാകുന്നു ?
സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതു കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോൾഡ് െപൺകുട്ടി എന്ന് എടുത്തു പറയുന്നതിൽ നിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെൺകുട്ടിയുടെ ബോൾഡ്നെസ്.
സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല. എന്റെ ബോൾഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭർത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീ ആയിരുന്നു.
അഭിനയത്തിന്റെ അഞ്ചാം വർഷം പിന്നിടുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ഐശ്വര്യക്ക് ഉണ്ടായി ?
ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. ന ല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി. ആഷിഖ് അബു ‘മായാനദി’ എന്ന സിനിമയിൽ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നൽകി. അന്നു മുതൽ ഓരോ കഥാപാത്രവും കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ഞാൻ ഇടപെട്ട ഓരോന്നിൽ നിന്നു പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു.
സിനിമയ്ക്ക് മുൻപുള്ള അതേ ആത്മസുഹൃത്തുക്കളാണ് ഇന്നുമുള്ളത്. ഒന്നോ രണ്ടോ പേർ കൂടി ചേർന്നു എന്നു മാത്രം. എന്തു കാര്യവും തുറന്നു പറയാൻ, വഴക്കു പറയാൻ, ഉപദേശിക്കാൻ സ്വാതന്ത്ര്യമുള്ള വളരെ കുറച്ചു പേർ. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സൗഹൃദങ്ങളെല്ലാം നല്ല നിലയിൽ നിലനിർത്തുന്നുണ്ട്.
ജീവിതത്തിൽ കുറേ കൂടി ‘കോൺഫിഡന്റ്’ ആയി. തുടക്കക്കാലത്തുണ്ടായ കൺഫ്യൂഷൻ, പരിഭ്രമം ഒക്കെ മാറി. റിസ്ക് എടുക്കാൻ പാകപ്പെട്ടു. ഉയർച്ച താഴ്ചകളെ സംയമനത്തോടെ നേരിടാൻ പഠിച്ചു. പണ്ട് സിനിമയെ എന്തെന്നറിയാതെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്. സിനിമയിൽ ഏറ്റവും സന്തോഷകരമായൊരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ല നല്ല സിനിമകൾ, പ്രേക്ഷകരുടെ അംഗീകാരം എ ല്ലാം കൂടുതൽ ലഭിക്കുന്നുണ്ട്.
‘അർച്ചന 31’ ന് ശേഷം ടൈറ്റിൽ റോളിൽ ഐശ്വര്യ വന്ന ചിത്രമാണ് ‘കുമാരി’. ടൈറ്റിൽ റോൾ സമ്മർദ്ദം നൽകാറുണ്ടോ ?
ടൈറ്റിൽ കഥാപാത്രമാകുമ്പോൾ നല്ലൊരു കഥയായിരിക്കണം പ്രേക്ഷകർക്ക് നൽകേണ്ടത് എന്നൊരു അധിക ബാധ്യത നമുക്കുണ്ട്. അർച്ചന’ കുറച്ചു കൂടി യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന സിനിമയായിരുന്നു. ‘കുമാരി’ വടക്കൻ ഐതിഹ്യമാലയിൽ നിന്നുമുള്ള കഥയ്ക്ക് ഫാന്റസിയുടെ തലം നൽകിയ ഒന്നാണ്. എഴുപതുകളുടെ ഛായയുള്ള കഥ. വളരെ സന്തോഷവതിയായ ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് മറ്റൊരു നാട്ടിൽ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളും അവളുടെ പ്രതികരണങ്ങളും ആണ് ആ സിനിമയുടെ കാതൽ. ഫാന്റസിയുടെ ലോകമായതിനാൽ നല്ലൊരു ദൃശ്യാനുഭവം കൂടിയായിരിക്കും കുമാരി.
അർച്ചനയും കുമാരിയും സ്ത്രീത്വത്തിന്റെ ‘സ്പിരിറ്റ്’ ആഘോഷിക്കുന്ന സിനിമകളാണ്. അത്തരം സിനിമകൾ ചെയ്യുമ്പോൾ സമൂഹത്തിനായി എന്റേതായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതായി തോന്നാറുണ്ട്. കുട്ടിക്കാലത്ത് സിനിമകൾ എന്നെ സ്വാധീനിക്കുമായിരുന്നു. എന്റെ സിനിമ ഒരു വ്യക്തിയെയെങ്കിലും പോസിറ്റീവ് ആയി സ്വാധീനിക്കുമെങ്കിൽ അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും എന്റെ ജോലി ലക്ഷ്യം കണ്ടു കഴിഞ്ഞു.
കുമാരിയുടെ അസിസ്റ്റന്റ് ഡയറക്ടറും നിർമാതാവുമാണ് ?
‘കുമാരി’യിൽ എന്റെ ഷൂട്ട് തുടങ്ങുന്നതു വരെയുള്ള ദിവ സങ്ങളിൽ മുഴുവൻ സമയവും അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തു. ഷൂട്ട് തുടങ്ങിയപ്പോൾ സമയം ലഭിക്കാത്തതു കൊണ്ട് അസിസ്റ്റന്റ് ഡയറക്ടറുടെ ‘അസിസ്റ്റന്റ്’ ആയി നിന്നു, കാര്യങ്ങൾ പഠിക്കാൻ.
ഡയറക്ടർ നിർമൽ സഹദേവ് അടക്കം നാല് പ്രൊഡ്യൂസേഴ്സ് ആണ് ഉള്ളത്. നല്ലൊരു പ്രോജക്റ്റ് ആയതുകൊണ്ട് ഒപ്പം ഞാനും ചേർന്നു.
‘ഗാർഗി’ ആയിരുന്നു എന്റെ ആദ്യ നിർമാണ പങ്കാളിത്തം ഉള്ള സിനിമ. അതിന്റെ ആശയ രൂപീകരണം മുതൽ ഞാനുണ്ടായിരുന്നു. തുടക്കത്തിൽ മറ്റൊരു പ്രൊഡക്‌ഷ ൻ ഹൗസായിരുന്നു. പിന്നീട് ഞാനും ഡയറക്ടർ ഗൗതം രാമചന്ദ്രനും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും നിർമാണം ഏറ്റെടുക്കുകയായിരുന്നു.
മറ്റൊരു ആർട്ടിസ്റ്റിനെയാണ് ഗൗതം തീരുമാനിച്ചിരുന്നത്. പക്ഷെ, ആ സിനിമയിൽ ഒരു ഭാഗമാകണം എന്ന എന്ന എന്റെ ആഗ്രഹം ഗൗതം പരിഗണിക്കുകയായിരുന്നു. നല്ല കഥാപാത്രമാണെങ്കിൽ റോൾ ചെറുതാണെന്നത് കരിയറിനെ ബാധിക്കില്ല.
തിയറ്ററുകളിൽ വളരെ മോശം അന്തരീക്ഷം നിലനിൽക്കുന്ന സമയത്താണ് ‘ഗാർഗി’ ഇറങ്ങുന്നത്. പക്ഷെ കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കില്ല എന്ന് അതിലെ നായിക പല്ലവിയുടെ കഥാപാത്രം പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അനുഭവം ഒരു സ്ത്രീ എന്നെ വിളിച്ചു പങ്കുവച്ചിരുന്നു. ഇന്നത്തെക്കാലത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന വിഷയം ആണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. അതാണ് ആ ചെറിയ റോൾ ചെയ്യാനുള്ള കാരണവും.
അമ്മു എന്ന സിനിമയും ശക്തമായ കഥാപാത്രമാണ് ?
അമ്മു തെലുഗു സിനിമയാണ്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്യുന്നുണ്ട്. ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയാണ് അമ്മു. അവൾ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് പ്രമേയം.
ഗാർഹിക പീഡനം ആയതിനാൽ മാനസികമായി ബാധിക്കുന്ന സീനുകൾ ഉണ്ടായിരുന്നു. വൈകാരികമായി ഏ റെ ബുദ്ധിമുട്ടിയാണ് പല ദിവസങ്ങളും കടന്നുപോയത്.
ഇതിന്റെ ഡയറക്ടർ ചാരുകേശിനെ ഒരു മികച്ച ഫെമിനിസ്റ്റ് ആയാണ് തോന്നിയിട്ടുള്ളത്. എന്റെ അടുത്ത സുഹൃത്തും മലയാളിയുമായ സ്റ്റെഫി സേവ്യറാണ് അമ്മുവിന്റെ കഥാപാത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ എഡിറ്റർ, ഡയറക്ടർ ഒഫ് ഫൊട്ടോഗ്രഫി എല്ലാം പെൺകുട്ടികളാണ് എന്ന പ്രത്യേകതയുമുണ്ട്.
സിനിമയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല എന്നതിനെക്കുറിച്ച് ?
ദുബായിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ പറയാറുണ്ട്, അവർ ചെയ്യുന്ന അതേ ജോലി യൂറോപ്യൻസ് ആണ് ചെയ്യുന്നതെങ്കിൽ പ്രതിഫലം കൂടുതലുണ്ട് എന്ന്. അത്തരം വേർതിരിവുകൾ പല തലങ്ങളിൽ സമൂഹത്തിൽ ഉണ്ട്.
സ്ത്രീയാണ് എന്ന് ചിന്തിച്ചല്ല, ഞാൻ സിനിമയിലേക്ക് കൊണ്ടുവരുന്ന ഗുണമെന്താണ്, അത് ബിസിനസിനെ എങ്ങനെ സഹായിക്കും എന്ന് നോക്കിയിട്ടാണ് ഞാൻ എ ന്റെ പ്രതിഫലം തീരുമാനിക്കുന്നത്. പ്രതിഫലത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് കൊണ്ട് എനിക്കു ചുറ്റുമുള്ള സമൂഹം സ്വാധീനിക്കപ്പെടും എന്ന് തോന്നുന്ന ദിവസം മാത്രമേ പൊതുവായി അഭിപ്രായപ്രകടനം നടത്തുകയുള്ളു.
ഒറ്റ മകളാണ്, ഒരുപാട് തിരക്കുണ്ട്, അച്ഛനും അമ്മയ്ക്കും വല്ലാതെ മിസ് ചെയ്യുന്നുണ്ടാകില്ലേ ?
അച്ഛനും അമ്മയ്ക്കും എന്റെ ഓമന പട്ടിക്കുട്ടി ബ്രൂണോയ്ക്കും എന്നെ വല്ലാതെ മിസ് ചെയ്യാറുണ്ട്. ബ്രേക്ക് കിട്ടാതെ വർക്ക് നീളുമ്പോൾ ബ്രേക്ക് ചോദിച്ചു വാങ്ങി ഞാൻ വീട്ടിൽ പോയി നിൽക്കാറുണ്ട്.
തിരിച്ചു പോരുന്നതാണ് ഏറെ ബുദ്ധിമുട്ട്. എനിക്കും അ വർക്കും ബ്രൂണോയ്ക്കും. ജോലി ആയതുകൊണ്ടു മാത്രം സഹിക്കുന്നതാണ് ഞങ്ങൾ. ആകെപ്പാടെയുള്ള ആശ്വാസം വിഡിയോ കോളാണ്. മൊബൈലിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണെങ്കിൽ ശരിക്കും കഷ്ടത്തിലാകും.
രാഖി റാസ്