Tuesday 14 March 2023 12:51 PM IST

‘ആ സമയത്ത് ഷംസിയെ ഓർത്ത് ഉള്ളിലൊരു പിടച്ചിലും വേദനയും ഉണ്ടായി’: വീട്ടുകാർ ഉറപ്പിക്കും മുമ്പേ മനസിലുറപ്പിച്ചോ? സഹല പറയുന്നു

Roopa Thayabji

Sub Editor

shamseer-vanitha

സർക്കസിന്റെ നാടാണു തലശ്ശേരി. പക്ഷേ, ഈ നാട് രാഷ്ട്രീയ സർക്കസുകൾക്ക് അരങ്ങായിട്ടില്ല. ഒപ്പം നിൽക്കുന്നവരെ ‘സഖാവാ’യി ചേർത്തുപിടിക്കുന്നതാണ് ശീലം. ഉ റച്ച നിലപാെടടുക്കുകയും അതിലുയരുന്ന ശബ്ദത്തിന് ഉരുക്കു പോലെ കരുത്തുണ്ടാകുകയും ചെയ്യുമെന്നതാണ് കണ്ണൂരുകാരുടെ ‘മാനിഫെസ്റ്റോ.’ അതാണ് എ.എൻ. ഷംസീറിന്റെയും മേൽവിലാസം.

നിയമസഭാ സ്പീക്കറായി ചുമതലയേറ്റെടുത്തതിന്റെ 15ാം ദിവസമാണ് ഷംസീറിനെ കണ്ടത്, കണ്ണൂരിലെ ‘ഹൗസി’ൽ വച്ച്. ഭാര്യ ഡോ.പി.എം. സഹലയ്ക്കും മകൻ ഇസാനുമൊപ്പം ഇരിക്കുമ്പോൾ ‘സഭയുടെ നാഥൻ’ തനി ഗൃഹനാഥനായി.

സ്പീക്കർ പദവി അപ്രതീക്ഷിതമായിരുന്നോ ?

തീർത്തും യാദൃച്ഛികമായാണ് ഈ സ്ഥാനത്തെത്തിയത്. സെപ്റ്റംബർ രണ്ടിനാണ് പാർട്ടി തീരുമാനം അറിഞ്ഞത്, മൂന്നിന് ചെന്നൈയിലെ ആശുപത്രിയിൽ പോയി കോടിയേരി ബാലകൃഷ്ണൻ സഖാവിനെ കണ്ടു. എന്നെ കണ്ട് അദ്ദേഹം ചിരിച്ചു. പിന്നെ, കയ്യിൽ മുറുകെ പിടിച്ച് അനുഗ്രഹം പോലെ ‘ന ന്നായി’ എന്നു പറഞ്ഞു. (ഇതെഴുതുമ്പോൾ പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന്റെ ചിത എരിയുകയാണ്.)

രാഷ്ട്രീയത്തിലേക്കു കൈപിടിച്ചത് കോടിയേരിയല്ലേ ?

ഞങ്ങളുടെ വീടുകൾ തമ്മിൽ നടക്കാവുന്ന ദൂരമേയുള്ളൂ. പണ്ടു ഞങ്ങളുടെ കുടുംബം സോഷ്യലിസ്റ്റ് ആശയങ്ങളോടു ചായ്‌വുള്ളതായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരിയിലും പരിസരത്തും കലാപം അമർച്ച ചെയ്യാൻ മുൻകൈ എടുത്തത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്. ഞങ്ങളുടെ തറവാട് വീട് ആക്രമിക്കാൻ വന്നവരെ തടഞ്ഞത് കോടിയേരിയുടെ ഭാര്യാപിതാവ് രാജു മാസ്റ്ററും സഖാക്കളുമായിരുന്നു. കലാപം അവസാനിച്ചതോടെ ഒരു യാഥാർഥ്യം തിരിച്ചറിഞ്ഞു, സഹായിക്കാൻ കമ്മ്യൂണിസ്റ്റുകാരേ ഉള്ളൂ.

രാഷ്ട്രീയ പശ്ചാത്തലമില്ലാതെ രാഷ്ട്രീയത്തിലെത്തി ?

ഉപ്പ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. പത്തുമാസം ലോകമാകെ കറങ്ങിയിട്ട് അഞ്ചുമാസം നാട്ടിലുണ്ടാകും. മക്കൾ നന്നായി പഠിക്കണമെന്നായിരുന്നു ഉപ്പയുടെ നിർബന്ധം. ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് വീട്ടിലാർക്കും അത്ര താൽപര്യമില്ലായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കം. ഞാനന്ന് ഒൻപതാം ക്ലാസ്സിലാണ്. സ്കൂൾ ഇലക്‌ഷനിൽ മത്സരിച്ചെങ്കിലും എംഎസ്എഫുകാരനായ കൂട്ടുകാരൻ ത്വാലിബിനോടു തോറ്റു. പത്താം ക്ലാസ്സിൽ ഞാനവനെ തോൽപ്പിച്ചെങ്കിലും സ്കൂൾ ലീഡർ സ്ഥാനത്തേക്കു വിജയിക്കാനായില്ല. തോറ്റുപോയ ഞങ്ങൾ അന്നുച്ചയ്ക്ക് ഒരു കാഴ്ച കണ്ടു. ബ്രണ്ണൻ കോളജിൽ എല്ലാ സീറ്റും തൂത്തുവാരിയ എസ്എഫ്ഐക്കാർപ്രകടനമായി തലശ്ശേരി ടൗണിലേക്കു വരുന്നു. ആ ജാഥ കണ്ടു മോഹിച്ചാണ് പ്രീഡിഗ്രിക്ക് ബ്രണ്ണനിൽ ചേർന്നത്.

സെക്കൻഡ് ഗ്രൂപ്പെടുത്തത് ഡോക്ടറാകാനാണ്. പിന്നീടു പഠിച്ചതു കേട്ടാൽ ചിരി വരും. ഡിഗ്രിക്ക് ഫിലോസഫി. അതു കഴിഞ്ഞ് എൽഎൽബി. എൽഎൽഎമ്മിനു ഹെൽത് കെയർ ലോ ആയിരുന്നു മെയിൻ. സമരം രൂക്ഷമായി ജയിലിലായതോടെ പരീക്ഷ എഴുതിയില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യപരാജയം ഞെട്ടിച്ചോ ?

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയമാണ്. ആ കേസിൽ എനിക്കു ബന്ധമുണ്ടെന്ന് പ്രചരണമുണ്ടായി. അത് എതിർപാർട്ടിക്കാരുടെ ‘ബോംബ്’ ആയിരുന്നു.

അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വിജയിച്ചു. ‘ഫൂ ഡ് ചെയിൻ’ പോലെ രസമുള്ളൊരു ട്രയാങ്കിൾ ഉണ്ടതിൽ. എ.പി. അബ്ദുല്ലകുട്ടി മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ചു. മുല്ലപ്പള്ളി എന്നെ തോൽപിച്ചു. ഞാൻ അബ്ദുല്ലക്കുട്ടിയെ തോൽപിച്ചു.

സഹല: പ്രചരണത്തിനു ചെന്ന എന്നോടു പലരും ‘അസ്സലാമു അലൈക്കും’ പറയും. തിരിച്ചു സലാം കൊടുക്കുമ്പോ ൾ അവർ അന്തം വിടും. എതിർപാർട്ടിക്കാരുടെ പ്രചരണം ഷംസീർ മിശ്രവിവാഹിതനാണെന്നും പി. ജയരാജേട്ടന്റെ സഹോദരിയാണ് ഞാൻ എന്നുമാണത്രേ.

കലാശക്കൊട്ടിന് വന്ന കോടിയേരി ബാലകൃഷ്ണേട്ട ൻ പറഞ്ഞു, ‘വിഷമിക്കേണ്ട. ഈ സങ്കടത്തിനു ഞാൻ പരിഹാരം കാണും.’ പ്രസംഗിക്കാൻ കയറിയ അദ്ദേഹം കയ്യിൽ പിടിച്ചിരുന്ന തുണ്ടുകടലാസിൽ എന്റെ കുടുംബപ്പേരും ഉ മ്മയുടെ പേരുമൊക്കെ എഴുതിവച്ചിരുന്നു.

ഇലക്‌ഷനിൽ തോറ്റപ്പോൾ ഞാൻ ആശ്വസിപ്പിച്ചു, ‘എ ൻറോൾ ചെയ്തിട്ടുണ്ടല്ലോ. പാർട്ട് ടൈമായി പ്രാക്റ്റീസ് ചെയ്യൂ...’ അന്ന് ഒരു മറുപടിയും പറഞ്ഞില്ല. നിയമസഭയിലേക്ക് ജയിച്ച ദിവസം ഷംസി പറഞ്ഞു, ‘വക്കീൽ ജോലിയുടെ കാര്യം ഇനി മിണ്ടരുത്, എന്റെ ജീവിതം പാർട്ടിക്കു വേണ്ടിയാണ്.’

രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാൻ എതിർപ്പുണ്ടായില്ലേ ?

സഹല : കമ്മ്യൂണിസ്റ്റുകാരനെ വീട്ടിൽ കിട്ടില്ല എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. ഷംസി തീപ്പൊരി നേതാവാണല്ലോ. ഒരു ദിവസം ഷംസി എന്റെ അങ്കിളിനെ നേരിട്ടു വന്ന് കണ്ടു. അങ്ങനെ 2010ൽ വിവാഹം നടന്നു.

shamseer-family-14

മോനെ പ്രസവിക്കാൻ ഡേറ്റ് അടുത്തു വന്ന ദിവസം. നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണ്. പാർട്ടിപരിപാടിക്കായി കോടിയേരി സഖാവിനൊപ്പം ഷംസി പോയതിനു പിന്നാലെ എനിക്ക് അസ്വസ്ഥത തുടങ്ങി. പെട്ടെന്നു സിസേറിയൻ വേണമെന്നു ഡോക്ടർ. ഷംസി വരാതെ ഓപറേഷൻ തിയറ്ററിൽ കയറില്ല എന്നു ‍ഞാൻ. വിവരമറിഞ്ഞ് ഷംസി പറന്നുവന്നു. ഇപ്പോൾ ആറാം ക്ലാസുകാരനായ മകൻ ഇസാനാണ് ഞങ്ങൾക്കെല്ലാം.

ടിപി കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തത് വിവാദമായല്ലോ ?

ചെറുപ്പം മുതലേ പരിചയമുള്ളവരാണ് അവരെല്ലാം. എ ന്നു കരുതി ഇവർ കൊല്ലുമോ ഇല്ലയോ എന്നു നമുക്ക് പറയാനാകില്ലല്ലോ. കുടുംബത്തിൽ നിന്നു ക്ഷണം കിട്ടിയിട്ടാണ് വിവാഹത്തിൽ പങ്കെടുത്തത്. അതിൽ തെറ്റുണ്ടെന്ന് ഇന്നും തോന്നുന്നില്ല.

രാഷ്ട്രീയത്തിനു പുറത്തും സൗഹൃദമുണ്ട്. പ്രതിപക്ഷനിരയിൽ പി.കെ. ബഷീറുമായി അടുത്ത ബന്ധമുണ്ട്. ഞാനും ബഷീറും സഭയിലെ വലിയ ശത്രുക്കളാണെന്നൊക്കെ പത്രക്കാർ എഴുതുന്നതു കാണുമ്പോൾ ചിരി വരും.

‘ഇൻസൽറ്റ് ആണ് ഏറ്റവും വലിയ ഇന്‍വസ്റ്റ്മെന്‍റ്’ എന്നൊരിക്കല്‍ പോസ്റ്റ് ഇട്ടത് മുന്‍ അനുഭവങ്ങളോര്‍ത്താണ് എന്നു പലരും പറഞ്ഞു ?

‘വെള്ളം’ സിനിമയുടെ നിർമാതാവ് മുരളി എന്റെ സുഹൃത്താണ്. ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയപ്പോൾ അങ്ങനെയൊരു പോസ്റ്റിട്ടു. സാന്ദർഭികമായി അതു വ്യാഖ്യാനിച്ചു, അത്രേയുള്ളൂ.

മലബാർ കാൻസർ സെന്ററില്‍ ഒരു പരിപാടിക്ക് കുഞ്ചാക്കോ ബോബൻ അതിഥിയായി വന്നു. പോകും മുൻപ് ഒരു കാര്യം ഓർമിപ്പിച്ചു, പുതിയ സിനിമ ഉടൻ റിലീസാകും, തീർച്ചയായും കാണണം. അങ്ങനെ ‘ന്നാ താൻ കേസ് കൊട്’ കുടുംബസമേതം തിയറ്ററിൽ പോയി കണ്ടു. സിനിമയുമായി ബന്ധപ്പെട്ടു ചിലർ വിവാദമുണ്ടാക്കി. കോടിയേരി സഖാവും ഞാനും മുഹമ്മദ് റിയാസുമൊക്കെ ചാക്കോച്ചനോടു സംസാരിച്ച് പ്രശ്നങ്ങളില്ല എന്നുറപ്പു കൊടുത്തിരുന്നു.

ഗവർണർ – സർക്കാർ പോരിൽ ഭാര്യയുടെ ജോലിയും പരാമർശവിഷയമായല്ലോ ?

സ്പീക്കറുടേത് ഭരണഘടനാ പദവിയായതിനാൽ അക്കാര്യത്തിൽ ഇനി കൂടുതൽ പറയാനാകില്ല. രാഷ്ട്രീയസ്വാധീനം കൊണ്ട് ജോലി കിട്ടിയാലല്ലേ വിവാദമുള്ളൂ. എന്റെ ഭാര്യയ്ക്ക് സ്ഥിരജോലിയില്ല. കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ താൽക്കാലിക അധ്യാപികയാണവർ.

സഹല : ബോട്ടണിയിൽ ബിരുദാനന്തരബിരുദവും ബിഎഡും എംഎഡും ഉള്ളയാളാണ് ‍ഞാൻ. എജ്യുക്കേഷനിൽ നെറ്റും ജെആർഎഫോടെ പിഎച്ച്ഡിയുമുണ്ട്. മുസ്‌ലിം മെരിറ്റിൽ കണ്ണൂർ സർവകലാശാല വിളിച്ച താൽക്കാലിക തസ്തികയിൽ അക്കാര്യം പരാമർശിക്കാത്തതിന്റെ പേരിലാണ് ആദ്യം പഴി കേട്ടത്. ന്യായം എന്റെ ഭാഗത്തായതിനാൽ കേസ് യൂണിവേഴ്സിറ്റി നടത്തുമെന്നാണു കരുതിയത്, പക്ഷേ, കേസ് തോറ്റു. പരാതിക്കാരി ജോലിക്ക് ചേര്‍ന്നില്ലെന്നു മാത്രമല്ല, ആ തസ്തിക ഒഴിഞ്ഞു കിടന്നു, കുട്ടികൾ കൂട്ടത്തോടെ തോറ്റു. ഇതൊന്നും ആരും ചർച്ചയാക്കിയില്ല.

പിന്നീട് കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇ ന്റർവ്യൂവിനു പങ്കെടുത്തപ്പോഴും ഇതുപോലെ വിവാദങ്ങളുയര്‍ന്നു. ഗതികെട്ടാണ് മാധ്യമങ്ങളോടു കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. അർഹിക്കുന്ന ജോലി പോലും ഇത്തരം പ്രചരണങ്ങളുടെ പേരിൽ കിട്ടാതാക്കുന്നതിൽ വ ലിയ വിഷമമുണ്ട്.

സ്പീക്കര്‍ ആയപ്പോള്‍, ‘ക്ലാസിലെ ഏറ്റവും അലമ്പനെ പിടിച്ച് ലീഡറാക്കി’ എന്ന മട്ടിലായിരുന്നു ട്രോളുകൾ...?

എല്ലാ ട്രോളുകളും ആസ്വദിക്കും. എന്റെ മുഖം കൊറിയൻ പ്രസിഡന്റിന്റെ ഫോട്ടോയിൽ വച്ച് വന്ന ട്രോളാണ് കുറേ ചിരിപ്പിച്ചത്. തലശ്ശേരി ഗാന്ധി, ചാലു കീറാൻ ഷംസീർ വരുന്നു തുടങ്ങി ഒട്ടേറെ ട്രോളുകള്‍ കിട്ടി. ഈ ട്രോളുകള്‍ കൂട്ടുകാർക്ക് ഫോർവേഡ് ചെയ്തു കൊടുക്കാറുമുണ്ട്.

വീട്ടുകാർ ഉറപ്പിക്കും മുൻപേ ഇരുവരും മനസ്സിലുറപ്പിച്ച വിവാഹമായിരുന്നോ?

സഹല : പ്രീഡിഗ്രിക്ക് ബ്രണ്ണൻ കോളജിൽ നിന്ന് ഫോർത് ഗ്രൂപ്പിനാണ് ഇന്റർവ്യൂ കാർഡ് കിട്ടിയത്. അവിടെവച്ചു കണ്ട എസ്എഫ്ഐ നേതാവിന്റെ പേര് ഷംസീർ എന്നാണെന്ന് അറിഞ്ഞു. സയൻസ് കിട്ടാത്തതു കൊണ്ട് ഞാൻ തിരിച്ചു പോയി. ഡിഗ്രിയും കഴിഞ്ഞ് പിജിക്കു ചേരാനാണ് പിന്നെ, ബ്രണ്ണനിൽ കാലുകുത്തിയത്.

പാലയാട് ക്യാംപസിൽ എൽഎൽബിക്കു പഠിക്കുന്ന ഷംസീറും കൂട്ടുകാരും എസ്എഫ്ഐ ക്യാൻവാസിങ്ങിനായി ബ്രണ്ണനിൽ വരും. ഒരു ദിവസം കണ്ടപാടേ ചോദിച്ചു, ‘സഹലേ നീയെന്താ ഇവിടെ.’ ഒരിക്കൽ മാത്രം കണ്ട എന്റെ പേര് ഓർത്തുവച്ചല്ലോ എന്നെനിക്ക് അദ്‌ഭുതമായി. എന്തു കാര്യവും ചിരിയോടെ, തമാശയായി പറയുന്ന രീതിയും ആകർഷിച്ചു.

എന്റേത് കോൺഗ്രസ് കുടുംബമാണ്. പക്ഷേ, എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ല. ഒരു കൂട്ടുകാരി കെഎസ്‌യു പാനലിൽ മത്സരിക്കുന്നുണ്ട്. അവളുടെ കൂടെ പ്രചരണത്തിനു ചെന്ന എന്നോട് ഷംസി ദേഷ്യപ്പെട്ടു, ‘എംഎസ്‌സിക്കു കുറേ പഠിക്കാനില്ലേ, വേഗം ക്ലാസ്സിൽ പോയിരിക്ക്...’ ഞാനന്നു ‍വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. മൂന്നരയ്ക്കു ക്ലാസ് കഴിഞ്ഞാൽ ബാഗുമെടുത്ത് ബസ് പിടിക്കാനോടും. അതുകഴിഞ്ഞ് ക്യാംപസിലെത്തുന്ന ഷംസി കൂട്ടുകാരോടു തിരക്കും, ‘ഇന്ന് ഒരുപാടു പേർ ആബ്സന്റ് ആയോ...’

അതോടെ കൂട്ടുകാരികൾ കളിയാക്കി തുടങ്ങി, ‘വെടിയുണ്ടകൾക്കു നേരേ വിരിമാറു കാണിച്ചു കൊടുക്കാനുള്ളതാ...’ പക്ഷേ, അന്നൊന്നും തമ്മിൽ അങ്ങനെയൊരു അടുപ്പം ഇല്ല.

സമരത്തെ തുടർന്ന് ഷംസി ജയിലിലായ കാലത്താണ് എനിക്ക് ഉള്ളിലൊരു പിടച്ചിലും വേദനയും തോന്നിയത്. വിവരമൊന്നും അറിയാതെ ദിവസങ്ങൾ തള്ളിനീക്കുന്നതിനിടെ വീട്ടിലേക്ക് ഒരു ഫോൺ, ജയിൽ മോചിതനായ വിവരം പറയാൻ ഷംസി വിളിച്ചതാണ്. ആ വിളി എല്ലാം മാറ്റി. ബിഎഡും എംഎഡും ചെയ്യുന്ന കാലത്ത് മൊബൈൽ ഫോണിലൂടെ പരസ്പരം അടുത്തു.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകുമാർ എരുവെട്ടി