Friday 25 March 2022 04:38 PM IST

‘ഐഷു കൊച്ചിയില്‍ വന്നാൽ ഞങ്ങൾ ഫ്ലാറ്റിൽ ഒത്തുകൂടി മേളമാണ്’: പാട്ടും പാടി അഞ്ജു അഭിനയത്തിലേക്ക്

Ammu Joas

Sub Editor

anju-joseph

റിയാലിറ്റി ഷോയിലൂടെ തുടക്കം

2009ൽ സ്റ്റാർ സിങ്ങര്‍ സീസൺ ഫോറിലൂടെയാണ് മലയാളികൾ എന്നെ സ്നേഹിച്ചു തുടങ്ങിയത്. അച്ഛൻ ഡൊമിനിക് ജോസഫിന്റെയും അമ്മ മിനിയുടെയും നിർബന്ധം കാരണമാണ് റിയാലിറ്റി ഷോയിലെത്തിയത്.

സ്കൂൾകാലം മുതൽ പാട്ട് ഒപ്പമുണ്ടായിരുന്നെങ്കിലും സംഗീതം കരിയറായി കണ്ടിരുന്നില്ല. അതാണ് മത്സരത്തിൽ നിന്ന് പിന്നോട്ടു വലിച്ചതും. തേർഡ് റണ്ണർ അപ്പ് ടൈറ്റിലുമായി വീട്ടിലേക്കു മടങ്ങുമ്പോൾ സംഗീതത്തോട് ഞാൻ വളരെ അടുത്തിരുന്നു.

ലവ് വിത് പ്ലേബാക് സിങ്ങിങ്

കാഞ്ഞിരപ്പള്ളിക്കാരിയാണെങ്കിലും റിക്കോർഡിങ് സൗകര്യത്തിനു വേണ്ടി ഇപ്പോൾ കൊച്ചിയിലാണ് താമസം.

പ്ലേബാക് സിങ്ങറാകുന്നത് ‘ഡോക്ടർ ലവ്വി’ലൂടെയാണ്. പിന്നീട് അലമാര, കെയർ ഓഫ് സൈറാബാനു, ലൂക്ക തുടങ്ങിയ സിനിമകള്‍. ഒരു തെലുങ്ക് സിനിമയിലും പാടിയിട്ടുണ്ട്. കോവിഡ് സമയത്തും പാട്ട് റിക്കോർഡിങ് ഉണ്ടായിരുന്നു, ആ സിനിമകൾ ഉടൻ റിലീസാകുമെന്നാണ് പ്രതീക്ഷ. പാട്ടുകളോടുള്ള ഇഷ്ടം തീരാതെയാണ് യുട്യൂബ് ചാനൽ തുടങ്ങുന്നത്.

ആ അഞ്ജു തന്നെയോ ഈ അഞ്ജു

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയിലെത്തുന്നത്. പിന്നീടിങ്ങോട്ട് 13 വർഷത്തിൽ പ്രേക്ഷകർ എന്റെ പല ഭാവങ്ങളും കണ്ടു. പാട്ടുകാരി, യൂട്യൂബ് വ്ലോഗർ, ചാനൽ അവതാരക. ഇപ്പോഴിതാ സിനിമാനടി. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും അതിശയവും മനസ്സിൽ സിക്സർ അടിക്കും.

‘പാട്ടു പാടുന്ന അഞ്ജു തന്നെയാണോ ‘അർച്ചന 31 നോട്ട് ഔട്ടി’ല്‍ ടീച്ചറായി അഭിനയിച്ച അഞ്ജു’ എന്ന സംശയം മാറാത്തവരുമുണ്ട്. സുരാജ് വെഞ്ഞാറംമൂട് നായകനാകുന്ന ‘റോയ്’ എന്ന സിനിമയാണ് ആദ്യം അഭിനയിച്ചത്, ആദ്യം റിലീസായത് ‘അർച്ചന 31’ ആണെന്നു മാത്രം.

anju-joseph-1

ഉണ്ണിയപ്പവും ഐഷുവും

പാട്ടും ഡാൻസും നിറഞ്ഞ അടിപൊളി ലൊക്കേഷനായിരുന്നു അർച്ചന 31 ന്റേത്. പാലക്കാടായിരുന്നു സിനിമയുടെ ലൊക്കേഷൻ. നെയ്യിൽ വറുത്തെടുക്കുന്ന ഉണ്ണിയപ്പം കിട്ടുന്ന ഒരു കടയുണ്ട് അവിടെ. ഷൂട്ട് ബ്രേക്കിനിടയിൽ ഞങ്ങൾ ഉണ്ണിയപ്പം കഴിക്കാനോടും.

ആ സിനിമ തന്ന വലിയ സന്തോഷം നല്ലൊരു കൂട്ടുകാരിയെ കിട്ടി എന്നതാണ്, ഐശ്വര്യലക്ഷ്മി. ഐഷു കൊച്ചിയില്‍ വന്നാൽ ഞങ്ങൾ ഫ്ലാറ്റിൽ ഒത്തുകൂടി മേളമാണ്. പാചകവും വാചകവും ഒരുപോലെ കസറും.

സിനിമയിലെടുത്തേ...

‘റോയ്’ സിനിമയുടെ അസോഷ്യേറ്റ് ഡയറക്ടര്‍ വിപിൻ ചേട്ടൻ എന്റെ സുഹൃത്താണ്. ‘അഭിനയിക്കാൻ താൽപര്യമുണ്ടോ’ എന്നു കക്ഷി ചോദിച്ചപ്പോൾ ‘പിന്നെന്താ ചെയ്യാല്ലോ’ എന്നു തമാശയ്ക്ക് പറഞ്ഞതാണ്. പ്രൊ‍ഡക്ഷൻ ടീമിൽ നിന്നു വിളിച്ച് കോസ്റ്റ്യൂം സൈസ് ചോദിച്ചപ്പോഴാണ് ‘എന്നെ സിനിമേലെടുത്ത’ കാര്യം അറിയുന്നത്. ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഒരു കൈ നോക്കാമെന്നു കരുതി. ‘അർച്ചന 31’ന്റെ ഒഡീഷനുള്ള സീൻ വീട്ടിലിരുന്നു തന്നെ ഷൂട്ട് ചെയ്ത് അയയ്ക്കുകയായിരുന്നു. അത് ഓക്കെയായതോടെ നേരെ സെറ്റിലേക്ക്.

ലക്ഷ്യങ്ങൾ ഏറെ

എൻജോയ് ചെയ്യാൻ പറ്റാത്ത ഒന്നിലും നിൽക്കാറില്ല ഞാൻ. സിനിമാ അഭിനയം എനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് പാട്ടിനൊപ്പം അഭിനയവും കൊണ്ടുപോകും. ആറു പാട്ടുകളുടെ ഒരു ആൽബം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൽ ഒരു പാട്ട് ഞാനാണ് കംപോസു ചെയ്യുന്നത്.

യാത്രകളാണ് മറ്റൊരിഷ്ടം. ചേട്ടൻ ‍ഡൊമിനിക് ജോസഫ് ജൂനിയർ കുടുംബസമേതം ഓസ്ട്രേലിയയിലാണ്. പലപ്പോഴും പ്ലാൻ ചെയ്തിട്ടും നടക്കാതെ പോയ ഓസ്ട്രേലിയൻ ട്രിപ്പാണ് അടുത്ത മോഹം.

സ്റ്റേജ് ഷോകൾക്കായി നാടു ചുറ്റണം, കവർ സോങ്സ് ചെയ്യണം, കൃത്യമായി വ്യായാമം ചെയ്ത് ആരോഗ്യവും ശബ്ദവും ശ്രദ്ധിക്കണം. ലക്ഷ്യങ്ങൾ ഒരുപാടുണ്ട്.