Monday 25 April 2022 12:23 PM IST

‘നീ പറ്റൂല്ല, നല്ല ചെറുപ്പം വേണം മോനേ...’: അഭിനയമോഹം പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ: അനുമോഹൻ പറയുന്നു

Ammu Joas

Sub Editor

anu-mohan- ഫോട്ടോ: രാഹുൽ എം. സത്യൻ/ ഇൻസ്റ്റഗ്രാം

ലളിതം സുന്ദരം’ സിനിമയിൽ ജെറിയായിതിളങ്ങിയ നടൻ അനു മോഹന്റെ മനസ്സിലെന്താണ് ?

മമ്മൂക്ക പറഞ്ഞു, ഇവൻ മതി

എറണാകുളത്ത് പഠിക്കുന്ന കാലം. അവധിക്ക് തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ‘ചട്ടമ്പിനാടി’ന്റെ ലൊക്കേഷനിലാണ്. ഞാനും നേരെ അങ്ങോട്ട് പോയി. ഭക്ഷണം കഴിച്ചു പിരിയവേ നിർമാതാവ് ആന്റോ ജോസഫ് ചേട്ടൻ പറഞ്ഞു, ‘അനുവിനെ മമ്മുക്ക വിളിക്കുന്നു’. ചെന്നപ്പോൾ പഠനകാര്യങ്ങളാണ് മമ്മൂക്ക ചോദിച്ചത്. ഷാഫിക്കയും ആന്റോ ചേട്ടനും അടുത്തുണ്ട്. എന്നെ നോക്കി മമ്മൂക്ക അവരോട് പറഞ്ഞു. ‘ഇവൻ മതി’ എനിക്കാദ്യം ഒന്നും മനസ്സിലായില്ല. ആ സിനിമയിൽ മമ്മുക്കയുടെ ചെറുപ്പം അഭിനയിക്കാൻ ഞാൻ മതിയെന്ന തീരുമാനമാണ് അപ്പോൾ കേട്ടത്.

കണ്ണിൽ തങ്ങിയ വില്ലൻ

‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ടി’നു ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുമ്പോഴാണ് ‘തീവ്രം’ സിനിമയിലെ രാഘവൻ എന്ന വില്ലൻ കഥാപാത്രമാകാനുള്ള വിളി വന്നത്. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നെ, ‘സെവൻത് ഡേ’, ‘ലാസ്റ്റ് സപ്പർ’ തുടങ്ങിയ സിനിമ‌കളിൽ അഭിനയിച്ചു. എങ്കിലും രണ്ടു വർഷത്തെ ഗ്യാപ് വന്നു. നല്ല പ്രോജക്ടുകൾ വരുന്നില്ലല്ലോ എന്നോർത്തിരിക്കുന്ന സമയത്ത് സിനിമ വീണ്ടും വന്നു വിളിച്ചു.

‘ട്വൽത് മാൻ’, ‘വാശി’ എന്നീ സിനിമകൾ റിലീസിനുണ്ട്. ‘ജീൻ വാൽ ജീനും’ പൃഥ്വിരാജിനൊപ്പമുള്ള ‘വിലായത് ബുദ്ധ’യും ഉടൻ ഷൂട്ടിങ് തുടങ്ങും.

നാളെ ഒന്നു കാണാൻ പറ്റുമോ?

‘പിക്കറ്റ് 43’യുടെ ഷൂട്ടിനായി കശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് സച്ചിയേട്ടനുമായി കൂട്ടായത്. ഒരിക്കൽ വിളിച്ചപ്പോൾ ‘നീയെവിടാ, നാളെ ഒന്നു കാണാൻ പറ്റുമോ’ എന്നു ചോദിച്ചു. അപ്പോഴാണ് ‘അയ്യപ്പനും കോശിയും’ സിനിമയിലെ സിപിഒ സുജിത്ത് എന്ന കഥാപാത്രത്തെ കുറിച്ചു പറയുന്നത്. ഒരു സീൻ അഭിനയിച്ചു കാണിച്ചെങ്കിലും ശരിയായില്ല. വീട്ടിലെത്തിയ ശേഷം ഞാൻ തന്നെ വിഡിയോ ഷൂട്ട് ചെയ്ത് അയച്ചുകൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിനു ചെല്ലാനുള്ള അറിയിപ്പ് വന്നു. ഞാന്‍ പൊലീസ് ഓഫിസറായി വീണ്ടും അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘21 ഗ്രാംസ്’.

നല്ല ചെറുപ്പം വേണം, മോനെ

മഞ്ജുചേച്ചിയോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘ലളിതം സുന്ദര’ത്തിന്റെ സംവിധായകൻ മധുചേട്ടനെ വിളിച്ച് അവസരം ചോദിച്ചു. ‘അയ്യപ്പനും കോശി’യിലെ എന്റെ രൂപമായിരുന്നു ചേട്ടന്റെ മനസ്സിൽ. ‘ജെറി എന്ന അനിയൻ കഥാപാത്രമുണ്ടെങ്കിലും നീ പറ്റൂല്ല. നല്ല ചെറുപ്പം വേണം മോനെ. രണ്ടു കാലഘട്ടമുണ്ട്’ എന്ന് ചേട്ടൻ പറഞ്ഞു. ഫോൺ കട്ട് ചെയ്ത ഉടനേ തന്നെ ക്ലീൻഷേവ് ചെയ്ത ഫോട്ടോസ് അയച്ചു കൊടുത്തു. അതോടെ കഥാപാത്രത്തിന്റെ ലുക് സംബന്ധിച്ച കൺഫ്യൂഷൻ മാറി. ജെറി എന്ന കഥാപാത്രം എന്റെ കരിയറിലെ തന്നെ മികച്ച അവസരങ്ങളിലൊന്നാണ്.

anu-m

ഒരു നാടകം സെറ്റ് ചെയ്യണം

കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകൻ, സായ്കുമാറിന്റെ അനന്തരവൻ, നാടകപ്രേമികളും സിനിമാ ആസ്വാദകരും ഒരുപോലെ സ്നേഹിക്കുന്ന മോഹൻകുമാറിന്റെയും ശോഭ മോഹന്റെയും മകൻ. ഇതുകൊണ്ടു തന്നെ സ്കൂളിലും കോളജിലും ആർട്സ് ഡേ അടുക്കുമ്പോൾ എന്നെ തേടി ആളെത്തും, ‘ഒരു നാടകം സെറ്റ് ചെയ്യണം, നീ അഭിനയിക്കണം’ എന്നാണ് ആവശ്യം. ഭയങ്കര സഭാകമ്പം ഉള്ളയാളായിരുന്നു ഞാൻ. എങ്ങനെയെങ്കിലും മുങ്ങും.

പിന്നെ, ചിത്രംവരയിലേക്കു തിരിഞ്ഞു. ലോക്ഡൗൺ കാലത്ത് നേരംപോക്കായാണ് വീണ്ടും പേപ്പറും പെൻസിലുമെടുത്തത്. ഒട്ടും പ്രതീക്ഷിക്കാതെ ആ പോട്രെറ്റുകൾ വൈറലായി.

സകുടുംബം സിനിമ

അപ്പൂപ്പനെ നേരിൽ കണ്ടിട്ടില്ലെങ്കിലും കുറേ കഥകൾ ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്. ‘ചെമ്മീൻ’ സിനിമയുടെ ക്ലൈമാക്സിൽ ഒരു അരയന്റെ ഷർട് വാങ്ങി ധരിച്ചാണ് അഭിനയിച്ചത്, ‘അരനാഴികനേരം’ ഷൂട്ടിങ് കഴിഞ്ഞ് അതേ വേഷത്തിൽ വന്ന് അമ്മൂമ്മയോട് ഭിക്ഷ യാചിച്ചിട്ടുണ്ട് എന്നിങ്ങനെ. സായിമാമന്‍ എന്റെ സിനിമ കണ്ട് അഭിപ്രായം പറയും. ചേട്ടൻ വിനുവും ചേട്ടത്തി വിദ്യയും സിനിമാരംഗത്തുണ്ട്. ഭാര്യ മഹേശ്വരി ഭരതനാട്യം നര്‍ത്തകിയാണ്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മകൻ ജെയ്ഡന് ഇപ്പോൾ മൂന്നു വയസ്സായി.