Friday 29 April 2022 04:40 PM IST

‘എനിക്കൊപ്പം ഒരു ഫോട്ടോയിൽ പോലും നിൽക്കില്ലെങ്കിലും എല്ലാവർക്കും വിഷ്ണുവേട്ടനെ അറിയാം, ഇഷ്ടവുമാണ്’

Vijeesh Gopinath

Senior Sub Editor

anu-sithara-family-interview

‘എനിക്കൊപ്പം ഒരു ഫോട്ടോയിൽ പോലും നിൽക്കില്ലെങ്കിലും എല്ലാവർക്കും വിഷ്ണുവേട്ടനെ അറിയാം, ഇഷ്ടവുമാണ്’

അനു സിതാരയുടെ സ്വിറ്റ്സർലൻഡി ലാണ്’ നിൽക്കുന്നത് – വയനാട്ടിൽ. ഒ ന്നു റൊമാന്റിക് ആകാൻ‌ എവിടേക്ക് ബാഗെടുക്കണമെന്ന് ആലോചിച്ചാൽ‌, ഈ ലോകത്ത് ഏറ്റവും നല്ല ഭക്ഷണം എവിടെ കിട്ടുമെന്ന് ചോദിച്ചാൽ, ആകെ മടുത്തിരിക്കുമ്പോൾ മനസ്സിനെ മ ഞ്ഞുകൊള്ളിക്കാൻ എങ്ങോട്ടേക്ക് ഒാടി പോകണമെന്ന് ഒാർത്താൽ, അനു സിതാരയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ – വയനാട്.

ചുരത്തിലേക്ക് ഫസ്റ്റ് ഗിയർ വീണപ്പോഴേക്കും ഒപ്പമുണ്ടെന്ന് പറഞ്ഞ് തണുപ്പ് തൊട്ടടുത്ത് വന്നിരുന്നു. ചുരം കയറും തോറും കാടും പിന്നെ, കാപ്പി പൂത്തമണവും ഹൃദയത്തിൽ തൊട്ടുതൊട്ടിരുന്നു. ബാണാസുരമലയുടെ തുഞ്ചത്തുള്ള റിസോർട്ടിൽ കവർ ഷൂട്ടിനായി അനു സിതാര നിന്നു. ചങ്ങലയഴിഞ്ഞ കാറ്റിന്റെ കൈ പിടിച്ചു പറക്കുന്ന മുടിയും കാടും വെയിൽ വെളിച്ചവും.

‘അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ

നുകരാതെ പോയ മധുമധുരമുണ്ടോ..’

എന്ന പാട്ടുകൂടിയുണ്ടെങ്കിൽ ‘രാമന്റെ ഏദൻ തോ ട്ട’ത്തിലെ ഏതോ സീനുകളാണെന്നേ പറയൂ....

വയനാടിനും അനു സിതാരയ്ക്കും വലിയ മാറ്റങ്ങളില്ലെങ്കിലും അഭിമുഖത്തിനൊരു മാറ്റമുണ്ട്. ചോദ്യങ്ങൾ‌ അനു സിതാരയുടെ ‘പേരിലാണ്’ ഉള്ളത്. ഒാരോ അക്ഷരവും ഒാരോ ഉത്തരങ്ങളാണ്.

Attitude

ജീവിതം പ്ലാൻ ചെയ്തു പോകുന്ന ആളല്ല ഞാൻ. എന്റെ ജീവിതത്തിലേക്ക് എത്തി ച്ചേർന്നതൊന്നും നേരത്തെ തീരുമാനിച്ച കാര്യങ്ങളുമല്ല. പലരും പറയും, ജീവിതത്തിൽ‌ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെന്ന്... എത്ര പേർക്ക് അതു പറ്റുമെന്ന് അറിയില്ല. സാധാരണ മനുഷ്യരല്ലേ നാം.

എന്റെ ജീവിതത്തിൽ പലപ്പോഴും വിഷമ ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അതിനൊക്കെയും എവിടെങ്കിലും വച്ച് ഒരു പോസിറ്റീവ് കാര്യം ദൈവം തരും എന്ന വിശ്വാസമുണ്ട്.

പിന്നെ, സന്തോഷവും സങ്കടവും പ്രകടിപ്പിക്കണം. എ വിടെയായാലും പൊട്ടിച്ചിരിക്കുന്ന ആളാണ് ‍‌ഞാൻ. കരയാ ൻ എനിക്കൊരു ഇടം ഉണ്ട്. വിഷമം മനസ്സിന്റെ ഒരു ഭാഗത്തേക്ക് മാറ്റി വയ്ക്കും, എന്റേതു മാത്രമായ സ്പേസ് വരുമ്പോൾ അതോർത്തു കരഞ്ഞു പോവും.

കരയുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ആണായാലും പെണ്ണായാലും അവരുടേതായ സ്പേസിൽ കരയുന്നത് നല്ലതാണ്. എന്റെതായ സമയത്ത് ഒറ്റയ്ക്കിരിക്കുന്നത് ഒരുപാടിഷ്ടമാണ്. അപ്പോഴാണ് നമ്മളെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നത്. നമ്മളോടു തന്നെ സംസാരിക്കുന്നത്. കുറച്ചു നേരം അങ്ങനെ വേണം.

Nimisha

എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനിൽ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒ രാളോടു പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാൻ. കുറച്ചുനാൾ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാൾ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. കണ്ട അഞ്ചു മിനിറ്റിനുള്ളിൽ‌ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാൻ തുടങ്ങി. സംവിധായകൻ മധുപാൽ സർ ഇതുകണ്ട് ‘ഇവരിത്ര വേഗം കൂട്ടായോ’ എന്ന് ചോദിക്കുകയും ചെയ്തു.

ഞങ്ങൾ രണ്ടും വ്യത്യസ്ത സാഹചര്യത്തിൽ വളർന്നവരാണ്. മുംബൈയിൽ വളർന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാൻ വയനാട്ടിൽ. എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളർന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാൻ.

നിമിഷ എന്നെ അദ്ഭുതപ്പെടുത്തുന്നത് അവളുടെ സിനിമകൾ കൊണ്ടാണ്. തുടർച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോൾ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവൾക്ക് എനർ‌ജി ബാക്കിയാണ്. ആ ക ഷ്ടപ്പാടിനു കിട്ടുന്ന റിസൽറ്റാണ് അവളുടെ സിനിമകൾ.

നിമിഷ വന്നു കഴിഞ്ഞാൽ ഒരു തട്ടുകടയിൽ കട്ടൻ ചായ കുടിക്കാൻ പോയാലും അതിൽ ഒരു രസം ഉണ്ട്. നമുക്ക് ഇഷ്ടമുള്ള ആള്‍ക്കൊപ്പം എന്തു കഴിച്ചാലും അതിന്റെ രുചി കൂടില്ലേ?

Ups and downs

ജീവിതത്തിലെയും സിനിമയിലെയും ഉയർച്ച താഴ്ചകൾ ഞാൻ ഉള്ളിലേക്ക് എടുക്കാറില്ല. രണ്ടും അനുഭവങ്ങളാണ്. ജീവിതത്തി ൽ അത് ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കും. കുറച്ചു കൂടി കരുത്തുള്ളവരാക്കും.

ഒരു ദിവസം സങ്കടമുണ്ടായാൽ തൊട്ടപ്പുറത്ത് സന്തോഷിക്കാനുള്ള സാഹചര്യമുണ്ടാവും. അതിനായി കാത്തിരുന്നാൽ മതി. എന്റെ അ ച്ഛന്റെയും അമ്മയുടെയും ജീവിതം കണ്ടാണ് ഞാൻ വളർന്നത്. അവരുടെ ജീവിതത്തിലും ഇതെല്ലാമുണ്ടായിരുന്നു.

ജീവിതത്തിൽ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല. അതാകാം സന്തോഷത്തോടെയിരിക്കാൻ പറ്റുന്നത്. ഇനി കിട്ടുന്നത് എല്ലാം ബോണസായി തോന്നുന്നു. ജീവിതത്തിലെ ഉയർച്ചയെയും താഴ്ചയെയും ഞാൻ ഇങ്ങനെയാണ് കാണുന്നത്. സിനിമയിൽ വിജയപരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഒാരോ അനുഭവങ്ങളാണ്. എന്റെ തിരഞ്ഞെടുപ്പ് പാളിപ്പോയിട്ടുണ്ടാവും. അല്ലെങ്കിൽ ആ കഥാപാത്രത്തെ ഞാൻ മനസ്സിലാക്കിയതിന്റെ കുഴപ്പമാവാം. നന്നാക്കാമായിരുന്നു എന്നു തോന്നിയ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. വീഴ്ചകൾ ദൈവം അറിഞ്ഞു തരുന്നതാണ്. അപ്പോള്‍ അ തിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്.

anu-sithara-1

Saree

സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാടിഷ്ടമാണ്. എന്റെ കയ്യിൽ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. കാണുന്നവരെല്ലാം അനു എ പ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ട്. അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നതു കൊണ്ടാവാം ആ തോന്നൽ വന്നത്.

സാരിയുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത ഒാർമ ഉണ്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. യൂണിഫോം സാരിയാണ്. താഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാൻ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നതു പോലെ സാരിയുടുത്ത് ക്ലാസിലേക്കു പോകുന്നു.

ക്ലാസ് കഴിഞ്ഞു. ഞാൻ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറഞ്ഞു, ‘‘അയ്യോ, നിന്റെ സാ രി അഴിഞ്ഞു പോയി’’. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളതു കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന ആ സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റയോട്ടം. പക്ഷേ, അന്നു രാത്രി ഞാൻ വൃത്തിയായി സാരിയുടുക്കാൻ പഠിച്ചു.

anu-sithara-cover ഫോട്ടോ: ബേസിൽ പൗലോ

Image

ഇമേജിനെ ഉറപ്പായും പേടി ഉണ്ടാകില്ലേ. അത് മോശമാകുന്നതോർത്തുള്ള ഭയം പലർക്കും ഉണ്ടാകും. ആ കൂട്ടത്തിലാണ് ഞാനും. പക്ഷേ, അമിതമായ പേടിയില്ല. അതുകൊണ്ട് കൃത്രിമമായി ഇമേജ് ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ല.

പൊതുസ്ഥലത്തു പോകുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മൾ എന്തു ചെയ്യുന്നു എന്നു നോക്കി സോഷ്യൽ മീഡിയ നിൽക്കുന്ന ഈ കാലത്ത്.

അതുകൊണ്ടു തന്നെ ഇമേജിനെ ബാധിക്കുന്ന രീതിയിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുമ്പോൾ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതെയിരിക്കാൻ ശ്രമിക്കും. ക്ഷമ കൈവിട്ടു പോയാൽ മറുപടി കൊടുത്തല്ലേ പറ്റൂ.

കുറച്ചു നാൾ മുൻപ് ഈദിന് ഞാൻ തട്ടമിട്ട് റീൽസ് വിഡിയോ ഇട്ടു. ഏതോ ഒരു ചേട്ടൻ വിഡിയോയുടെ താഴെ വന്ന് ‘കൺവേർട്ടഡ് ടു’ എന്ന് ചോദ്യ ചിഹ്നമിട്ടു.

ഞാനതിന് ‘ഹ്യൂമൻ’ എന്നു മറുപടി കൊടുത്തു എ ന്തൊരു കഷ്ടമാണല്ലേ? മനുഷ്യനെ മനുഷ്യനായി കാണാ ത്ത ആളുകൾ.

Tharaattu

എന്റെ മാനു (അച്ഛനെ ഞാൻ മാനു എ ന്നാണ് വിളിക്കുന്നത്) സ്ഥിരമായി പാടി ഉറക്കാറുള്ള പാട്ടുകളുണ്ട്. ‘‘പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്ത്, താളം വന്നല്ലോ ഇന്നെന്റെ ജീവനിലും.’’ അടുത്തിരുന്ന് രണ്ടു കയ്യും പിടിച്ച് മാനു പാടിത്തരും. ഇന്നും ഞാൻ സ്ഥിരമായി കേൾക്കാറുള്ള പാട്ടാണിത്. എത്ര കേട്ടാലും മതിവരുകയുമില്ല.

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അനുജത്തിയുണ്ടാവുന്നത്. അവളെ ഉറക്കാനായി മാനു പാടുമ്പോള്‍ അവൾക്കരികിൽ കിടന്ന് ആ പാട്ടുകൾ കേൾക്കും. അതാണ് ഇത്രയ്ക്ക് ഒാർമ. വേറൊരു പാട്ടുണ്ട്,‌‘ആരാരോ ആരിരാരോ അച്ഛന്റെ മോൾ‌ ആരാരോ... അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലി പൂവല്ലേ... ’

ഇതിലൊരു വരിയുണ്ട്. ‘‘മഞ്ഞിറങ്ങും മാമലയിൽ മയിലുറങ്ങി ‘മാനു’റങ്ങി.’’ ഈ മാൻ എന്റെ മാനു ആണെന്നാണ് അന്ന് വിചാരിച്ചത്. ഈ വരി പാടുമ്പോൾ ഞാൻ ചോദിക്കും, ‘മാനു ഉറങ്ങ്യോ?’ അപ്പോ പതുക്കെ പുറത്തു തട്ടിക്കൊണ്ട് മാനു പറയും. ‘‘ഉറങ്ങി, ഇനി മോളുറങ്ങിക്കോ..’’

കുഞ്ഞു ക്വാർട്ടേഴ്സിലാണ് അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. അതിന് മുന്നിലൊരു കുഞ്ഞു താഴ്‌വാരം. അതിനപ്പുറം പുഴ. പുഴയുടെ കരയില്‍ മുളങ്കൂട്ടം. സദാ കേൾക്കുന്ന കുയിലിന്റെ പാട്ട്.

രാവിലെ എഴുന്നേറ്റു വരുമ്പോൾ മാനു പുറത്തിരുന്നു പത്രം വായിക്കുന്നുണ്ടാവും. പുതിയ വീടു വച്ച് മാറിയപ്പോഴും എനിക്ക് അവിടം വിട്ടുപോവാൻ തോന്നിയിരുന്നില്ല.

Husband

എവിടെ പോയാലും എന്നെ അറിയുന്നവരുടെ പതിവ് ചോദ്യമാണ് – ‘വിഷ്ണു വന്നിട്ടില്ലേ?’ എനിക്കൊപ്പം ഒരു ഫോട്ടോയിൽ പോലും നിൽക്കില്ലെങ്കിലും എല്ലാവർക്കും വിഷ്ണുവേട്ടനെ അറിയാം. ഇഷ്ടവുമാണ്. അതാണ് എനിക്ക് ഏറ്റവും സന്തോഷം

പതിവു ചോദ്യമുണ്ട്. ‘ഏതു സിനിമയിൽ അഭിനയിക്കണമെന്ന് വിഷ്ണുവേട്ടനാണോ തീരുമാനിക്കുന്നത്?’ തീരുമാനം എന്റെയാണ്. പക്ഷേ, വിഷ്ണുവേട്ടന് കൃത്യമായ അഭിപ്രായമുണ്ട്. സിനിമ ഏറ്റെടുക്കാനുള്ള ധൈര്യം തരും.

‘രാമന്റെ ഏദൻ തോട്ടം’ എന്ന സിനിമ വിഷ്ണുവേട്ടൻ ധൈര്യം തന്നതു കൊണ്ടാണ് ഞാനഭിനയിച്ചത്. ഇതുപോലൊരു റിസോർട്ടിൽ വച്ച് രഞ്ജിത് ശങ്കർ സർ കഥ പറഞ്ഞു. കഥ കേൾക്കാൻ ഒപ്പം വിഷ്ണു ഏട്ടനും ഉണ്ടായിരുന്നു. കഥ പറഞ്ഞു തീർത്ത് സർ ചോദിച്ചു, ‘മാലതിയുടെ വേഷം അനു ചെയ്യാമോ?’

എനിക്ക് ടെൻഷനായി. അത്രയും പക്വതയുള്ള കഥാപാത്രം അതുവരെ ചെയ്തിട്ടില്ല. എന്റെ ജീവിതത്തോട് ഒരു സാമ്യവും ഇല്ല. ആകെ ബന്ധമുള്ളത് ഡാൻസും കാടും മാത്രമേയുള്ളൂ.

സംശയിച്ചു നിൽ‌ക്കുമ്പോൾ വിഷ്ണുവേട്ടനാണ് പറ‍ഞ്ഞത്,‘ അവള്‍ ചെയ്തോളും’. രഞ്ജിത് സർ ഇപ്പോഴും പറയും ആ സിനിമയ്ക്ക് ആദ്യം ‘യെസ്’ പറഞ്ഞത് വിഷ്ണു ആണെന്ന്. എന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാൻ ഇടയാക്കിയത് വിഷ്ണുവേട്ടനാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രിൽ ലക്കത്തിൽ