Wednesday 18 January 2023 12:23 PM IST

‘ആർത്തവത്തിനു മുൻപു തന്നെ വിഷാദത്തിലേക്കു വീണുപോകുന്ന അവസ്ഥ’: രോഗവും പ്രതിസന്ധികളും മറികടന്ന് അർച്ചന

Rakhy Raz

Sub Editor

archana-kavi-22

പരമ്പരയുടെ ഷൂട്ടിനിടയിൽ നായികയെ കാണുന്നില്ല. സംവിധായകനും പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവും എല്ലാം ടെൻഷനിലായി. ഷൂട്ട് നടക്കുന്ന വീട്ടിലും മേക്കപ് റൂമിലും നായികയെ നോക്കി ആളുകൾ ഒാടി ന ടന്നു. അവസാനം ആരോ ചൂണ്ടിക്കാട്ടി ‘ദാ... നിൽക്കുന്നു.’

നായകന്റെ സീൻ എടുക്കുന്ന ഭാഗത്തു മുഖത്തേക്കു വെളിച്ചം നൽകാനുള്ള തെർമോകോൾ ഷീറ്റ് പിടിച്ചു നിൽപ്പുണ്ടു നായിക. ലൈറ്റ് ബോയ്സിനു സഹായിയായി.

അതാണ് അർച്ചന കവി. അഭിനേത്രി എന്ന ഇമേജിനകത്തു മാത്രം ഒതുങ്ങി നിൽക്കുന്നില്ല അർച്ചന. വിവാഹമോ ചനവും മാനസികപ്രശ്നങ്ങളും വരെ തുറന്നു പറയാൻ മ ടി കാണിക്കുന്നുമില്ല.

കുടുംബം ഡൽഹിയിൽ, അർച്ചന ഒറ്റയ്ക്കു കൊച്ചിയിൽ. എന്താണു പദ്ധതികൾ ?

അച്ഛൻ ജോസ് കവി മാധ്യമപ്രവർത്തകനായതുകൊണ്ടാകാം കുട്ടിക്കാലത്തേ എനിക്ക് എഴുത്തിനോടു ചായ്‌വ് ഉണ്ടായിരുന്നു. എങ്കിലും എഴുത്തിലേക്ക് വരും എന്നു പ്രതീക്ഷിച്ചിരുന്നതല്ല. ബ്ലോഗ് എഴുതിക്കൊണ്ടാണു തുടക്കം. വിവാഹശേഷമാണ് ആദ്യമായി തിരക്കഥ എഴുതിയത്. അ തു സംവിധാനം ചെയ്യാൻ സഹായിക്കാൻ നാട്ടിലാണു ടീം ഉണ്ടായിരുന്നത്. അതുകൊണ്ട് നാട്ടിലേക്കു പോന്നു

തൂഫാൻ മെയിൽ എന്ന മിനി സീരീസ് ആദ്യം ചെയ്തു. അതിൽ അച്ഛനെ അഭിനയിപ്പിച്ചു. മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് എന്നീ വെബ് സീരിസുകളും എഴുതി സംവിധാനം ചെയ്തു.

എഴുതാൻ സ്വസ്ഥതയുള്ള സ്ഥലം അന്വേഷിച്ചപ്പോൾ കൊച്ചി മതി എന്നു തോന്നി. പുതിയ വെബ് സീരീസ് ചിത്രീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. പതിനഞ്ചു ദിവസം എഴുത്ത്, പതിനഞ്ചു ദിവസം സീരിയൽ അഭിനയം അതാണ് ഇപ്പോഴത്തെ ജീവിതം.

മാനസികപ്രശ്നത്തെക്കുറിച്ചു തുറന്നു പറയാൻ തീരുമാനി ച്ചത് എന്തുകൊണ്ടാണ് ?

മാനസിക പ്രശ്നങ്ങൾ നേരിടുമ്പോഴും അതു തിരിച്ചറിയാ ൻ സാധിക്കാത്ത ഒരുപാടു പേരുണ്ട്. നമ്മൾ അനുഭവം തുറന്നു പറയുന്നത് അവർക്ക് സഹായകമാകും. മൂന്നു വർഷമായി പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോഡറിനു (പിഎംഡിഡി) മരുന്നു കഴിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മാനസികാവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണത്.

ആർത്തവം തുടങ്ങിയ കാലത്തു ശാരീരിക പ്രശ്നങ്ങളായിരുന്നു കൂടുതൽ. പ്രായം മുന്നോട്ടു പോകും തോറും മാനസിക പ്രശ്നങ്ങളും കൂടി വന്നു. കടുത്ത വൈകാരിക വ്യതിയാനങ്ങൾ (മൂഡ് സ്വിങ്സ്) ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം.

ആർത്തവം തുടങ്ങുന്നതിനു ദിവസങ്ങൾ മുൻപു തന്നെ വിഷാദാവസ്ഥയിലേക്കു വീണു പോകും. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. എന്തിനെന്നറിയാതെ സങ്കടം തോന്നും. കാരണം തേടുമ്പോൾ വളരെ ചെറിയ എന്തെങ്കിലും കാരണം കണ്ടെത്താനേ കഴിയൂ. ആ കാരണം കൊണ്ടാണ് സങ്കടമെന്നു നമ്മൾ കരുതും.

എപ്പോഴാണു സഹായം ആവശ്യമാണ് എന്നു തോന്നിയത് ?

വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അ മ്മയെയും കാണാൻ ഡൽഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയിൽ പോയി. കുർബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു. അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.

അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെയടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്. ഭർത്താവ് അബീഷ് മാത്യുവുമായി ചേർന്നു പോകാൻ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. ഇപ്പോൾ കുഞ്ഞല്ല സൈക്യാട്രിസ്റ്റിന്റെ സഹായമാണു വേണ്ടത് എന്നു ഞാ ൻ പറഞ്ഞു. അങ്ങനെയാണ് പിഎംഡിഡി ആണു പ്രശ്നമെന്നും മരുന്നു കഴിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞത് ഏകദേശം രണ്ടു വർഷമെടുത്തു എനിക്കെന്നെ തിരികെ പിടിക്കാൻ. പഴയ സന്തോഷവതിയായ അർച്ചനയെ തിരികെ കിട്ടുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.

മാനസിക പ്രശ്നങ്ങളല്ല വിവാഹ മോചനത്തിലേക്കു നയിച്ചത് എന്നു പറഞ്ഞെങ്കിലും പലരും അതു വിശ്വസിച്ചില്ല ?

അബീഷ് മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആൾ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നല്ലോ ഞങ്ങൾ. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചർച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രം പോര അ തിനപ്പുറം ചില കാര്യങ്ങൾ കൂടി വേണമെന്നു വിവാഹം ക ഴിഞ്ഞപ്പോഴാണു മനസ്സിലായത്. വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കൽപങ്ങൾ തമ്മിൽ ചേർന്നാ ലേ നല്ലൊരു ജീവിതം സാധ്യമാകൂ.

ഞാൻ വൈകാരികതയോടെ കാര്യങ്ങളെ കാണുന്നയാളാണ്. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകൾക്കിടയ്ക്കു വല്ലപ്പോഴും പരസ്പരം ക ണ്ടാൽ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അതു പോരാ എന്ന് വിശ്വസിക്കുന്നയാളാണു ഞാൻ. രണ്ടു ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണു പ്രശ്നം.

വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്നു പറയാനാകില്ല. ഒരുപാടു നല്ല അ നുഭവങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല.

അനുഭവത്തിന്റെ വെളിച്ചത്തിൽ വിവാഹം ഇന്നെന്നെ അൽപം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചു തന്നെ ജീവിക്കണം എന്നു നിർബന്ധമില്ല. ഭാവിയിൽ മനസ്സു പാകപ്പെട്ടാൽ ഒരു ബന്ധത്തിലേക്കു പോകില്ല എന്നും പറയാനാകില്ല. എല്ലാവരും ചെയ്യുന്നു എന്നു കരുതി നമ്മൾ എടുത്തുചാടി ഒരു കാര്യവും ചെയ്യേണ്ടതില്ല. സന്തോഷവും സമാധാനവും ലഭിക്കുന്ന നിലയിൽ ജീവിക്കുകയേ വേണ്ടൂ.

archana-kavi-serial

ഏറ്റവും പ്രിയപ്പെട്ടവരിൽ രണ്ടുപേർ പട്ടിക്കുട്ടികളാണല്ലേ ?

ഫീബി, പ്ലൂട്ടോ, ചേട്ടന്റെ നായ്ക്കുട്ടി ജോയി. മൂന്നിനെയും ഒരുപാട് ഇഷ്ടമാണ്. നായയെ കണ്ടാൽ മേശപ്പുറത്തു ക യറിയിരിക്കുന്ന ആളായിരുന്നു ഞാൻ. ആ പേടി മാറ്റിയെടുക്കാനാണു ഫീബിയെ വാങ്ങിയത്. ചെറിയ രൂപവും ശാന്തസ്വഭാവമുള്ള കോക്കർ സ്പാനിയൽ ഇനത്തിൽ പെട്ട നായ്ക്കുട്ടിയാണു ഫീബി. ഫീബി വിഷാദസമയത്ത് ഒരുപാടു സഹായിച്ചു. മൂഡ് മാറാൻ തുടങ്ങുന്നതിനു മുൻപ് അവൾ തിരിച്ചറിയും. സംരക്ഷണ ഭാവത്തോടെ കൂടെ നിൽക്കും.

താങ്ങായും ബലമായും അച്ഛനും അമ്മയും ഉണ്ട്. ഏ തു കാര്യത്തിനും ചേട്ടൻ ആഷിഷും ചേട്ടന്റെ പങ്കാളി ഋതുവും ഉണ്ട്. ഒരുപാടു നല്ല സുഹൃത്തുക്കളും. ‌‌

എന്നാലും അരുമ മൃഗങ്ങൾ വിശദീകരിക്കാൻ കഴിയാത്ത ആശ്വാസം നൽകും. കൊച്ചിയിൽ എത്തിയപ്പോൾ മട്ടാഞ്ചേരിയിലെ ഡോഗ് ഷെൽറ്റർ സന്ദർശിച്ചു. അവിടെ അമ്മ നായ ഉപേക്ഷിച്ച നാൽപതു ദിവസം പോലും പ്രായമാകാത്ത പ്ലൂട്ടോയെ കണ്ടു. മുന്നോട്ടു ജീവിക്കില്ല എന്നുറപ്പായിരുന്നു. അവനു നല്ല കുറച്ചു അവസാന ദിവസങ്ങൾ നൽകാം എന്നു തീരുമാനിച്ചാണു കൊണ്ടു പോരുന്നത്. അവൻ അതിജീവിച്ചു. ഇപ്പോൾ ഒന്നര വയസ്സുണ്ട്.

അച്ഛനാണോ അർച്ചനയുടെ ഏറ്റവും അടുത്ത സുഹൃത്ത് ?

അച്ഛനാണ് എന്നത്തെയും എന്റെ ‘ചിയർ ലീഡർ’. അ ച്ഛനു ഞാൻ എന്തു ചെയ്താലും ഇഷ്ടമാണ്. എന്നോടൊപ്പം ഇൻസ്റ്റാ റീലുകളിലും കൂടും. അമ്മ ഒന്നും വിട്ടു പറയില്ല. അമ്മയുടെ അഭിനന്ദനം കിട്ടിയാൽ സൂപ്പർ ആണ് എന്നാണ് അർഥം. അച്ഛൻ സീരിയൽ കാണാത്ത ആളാണ്. എന്റെ സീരിയൽ ഇപ്പോൾ സ്ഥിരമായി കാണുന്നുണ്ട്. നല്ല അച്ഛനും അമ്മയും ഒരാളുടെ ഭാഗ്യം ആണ്. ആ ഭാഗ്യം എനിക്കുണ്ട്.

രാഖി റാസ്

ഫോട്ടോ: ബേസിൽ പൗലോ