Thursday 22 September 2022 03:10 PM IST

ജീവിതത്തിലെ മനോഹരമായ സർപ്രൈസ് എന്റെ ഫസ്‌ലി നൽകിയതാണ്: തിരിച്ചു വരവിൽ അർജുൻ ലാൽ

V.G. Nakul

Sub- Editor

arjun-lal

നിര തെറ്റിയ ഓർമകളുടെ തിരകളിൽ മുങ്ങിപ്പൊങ്ങുന്ന രമേശൻ നായർ. ബ്ലെസിയുടെ ‘തന്മാത്ര’യിൽ മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രം. സിനിമയിൽ ലാലേട്ടനൊപ്പം മകൻ മനുവായി തിളങ്ങിയ അർജുൻ ലാലിനെയും അത്രവേഗം മറക്കില്ല ആരും. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ആ വേഷത്തിനു ശേഷം അർജുൻ തിരികെയെത്തി, ‘ഡിയർ ഫ്രണ്ടി’ ലൂടെ. സിനിമയുടെ കഥയും അർജുന്റേതാണ്. ഇടയ്ക്ക് ‘ആശ ബ്ലാക്’ എന്ന സിനിമയിൽ നായകനായതൊഴിച്ചാൽ കഴിഞ്ഞ 17 വർഷവും അർജുൻ വെള്ളിത്തിരയ്ക്ക് പുറത്തായിരുന്നു.

നൃത്തത്തിന്റെ ബലത്തിൽ

‘‘ഞാൻ അഞ്ചാം ക്ലാസ് വരെ പഠിച്ചത് തൃശൂർ കൊരട്ടിയിലാണ്. പിന്നെ, ദുബായിൽ. ഡാഡി ലാൽസൺ ജോസഫിന് അവിടെയാണ് ജോലി. അങ്ങനെ ഞങ്ങൾ കുടുംബസമേതം ദുബായിൽ താമസമാക്കി. പ്ലസ് ടു കഴിഞ്ഞ്, കോളജ് അഡ്മിഷൻ കിട്ടിയ സമയത്താണ് ‘തന്മാത്ര’യിൽ അവസരം കിട്ടിയത്. ഓഡിഷൻ ദുബായില്‍ ആയിരുന്നു.അതിൽ വലിയ പ്രകടനം നടത്തിയതായി അന്നും ഇന്നും തോന്നി യിട്ടില്ല. നൃത്തത്തിന്റെ ബലത്തിലാണ് ‘തന്മാത്ര’യിൽ അവസരം ലഭിച്ചത്. നൃത്തം ചെയ്യാന്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ്. കാണികൾ കൂടും തോറും അതു വർധിക്കും. ഒരു വർഷമേ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ളൂ. ഒന്നര വർഷത്തോളം കഥക്കും പഠിച്ചു. എന്റെ മമ്മി സെലിനും അനിയത്തി അഞ്ജുവും നർത്തകരാണ്.

പ്രായത്തിനൊത്ത കഥാപാത്രമായിരുന്നു ‘തന്മാത്ര’യി ലെ മനു രമേശൻ. ലൊക്കേഷനിലെത്തിയപ്പോള്‍ ‘മലയാളം വായിക്കാൻ അറിയാമോ ?’ എന്ന് ബ്ലെസി സർ ചോദിച്ചു. ‘അറിയാം’ എന്നു പറഞ്ഞപ്പോൾ തിരക്കഥ തന്നു. വായിച്ചു പോകുമ്പോൾ മനു എന്ന കഥാപാത്രം മനസ്സിലുടക്കി. രണ്ട് പേജ് കഴിഞ്ഞപ്പോൾ ഞാൻ ബ്ലെസി സാറിനോട് ‘ആരാണ് ഈ മനു ?’ എന്നു ചോദിച്ചു. ‘മനുവാണ് നീ...’ എന്നു ബ്ലെസി സർ. വായിച്ചു. നോക്കുമ്പോൾ എല്ലായിടത്തും മനുവുണ്ട്. അതോടെ ടെൻഷനായി. ബാക്കിയൊക്കെ ബ്ലെസി സാർ പറഞ്ഞതനുസരിച്ച് സംഭവിച്ചതാണ്.’’

പ്ലാനിങ് തെറ്റി ഒരു ഇടവേള

‘‘ഇത്ര വലിയ ഒരു ഇടവേള പ്ലാൻ ചെയ്തതല്ല. ‘തന്മാത്ര’യ്ക്ക് വേണ്ടി ഒരു വർഷം മാറി നിന്നതിനാൽ, എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയെങ്കിലും പോയില്ല. പിന്നെ, ഡിഗ്രി കഴിഞ്ഞു മതി അഭിനയം എന്നു വീട്ടുകാർ തീരുമാനിച്ചു. നാട്ടിലെത്തി ബിഎസ്‌സി സൈക്കോളജിയിൽ ബിരുദമെടുത്തു. ബെംഗളൂരുവിൽ നിന്ന് എംബിഎ.

രണ്ടുവർഷം ജോലി ചെയ്തപ്പോഴെ ഇത് നമുക്ക് പറ്റിയ പരിപാടി അല്ലെന്നു മനസ്സിലായി. ആ സമയത്താണ് ‘ആശ ബ്ലാക്ക്’ൽ അവസരം കിട്ടിയത്. ആ സിനിമ പ്രതീക്ഷിച്ചത്ര നന്നാകാത്തതില്‍ നിരാശ തോന്നി. പിന്നെ, കേട്ട കഥകളും അത്ര നന്നായില്ല. അങ്ങനെയിരിക്കെയാണ് ‘ഡിയർ ഫ്രണ്ട്’ സിനിമയുടെ കഥ മനസ്സിൽ വരുന്നത്. ഞാൻ ബെംഗളൂരുവിൽ തുടങ്ങിയ സ്റ്റാർട് അപ് നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് സിനിമ എന്ന ലക്ഷ്യവുമായി 2017ൽ കൊച്ചിയിലേക്ക് മാറിയത്. അന്നു മുതൽ ‘ഡിയർ ഫ്രണ്ട്’നു പിന്നാലെയായിരുന്നു. എന്റെ ജീവിതത്തിൽ നിന്നുണ്ടാക്കിയെടുത്ത സങ്കൽപകഥയാണ് ‘ഡിയർ ഫ്രണ്ട്’.

സിനിമാ മേഖലയിൽ ബന്ധങ്ങൾ കുറവായിരുന്നു. അധികം ആരെയും പരിചയമുണ്ടായിരുന്നില്ല. അഭിനയിക്കാം എന്നു തീരുമാനിച്ചു സിനിമയിലേക്കു വന്ന ആളാണ് ഞാൻ. എഴുതാം എന്നു തീരുമാനിച്ചതും അതുകൊണ്ടാണ്. ഇതിലെ ഒരു കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കും എന്നുറപ്പിച്ചിരുന്നു. 2018 ൽ ഈ കഥ വിനീതിനോടു പറഞ്ഞു. പിന്നീടെല്ലാം പെട്ടെന്നായി.

കുടുംബം എന്ന കരുത്തിൽ

എന്റേത് ക്രിസ്ത്യൻ കുടുംബമാണ്. അതിനാൽ അർജുൻ ലാൽ എന്ന പേര് കേൾക്കുമ്പോൾ പലർക്കും കൗതുകമാണ്. ഡാഡിക്ക് ഇഷ്ടമുള്ള പേരായിരുന്നു അർജുൻ. അതിന്റെ കൂടെ ഡാഡിയുടെ പേരിലെ ലാൽ കൂടി ചേർത്ത് അർജുൻ ലാല്‍ ആക്കി. ‘അവൻ ഇതിന്റെ പിന്നാലെ ഇങ്ങനെ പ്രാന്തെടുത്തു നടക്കുകയാണല്ലോ... അതിൽ എന്തെങ്കിലും കാര്യമുണ്ടാകും’ എന്ന ആത്മവിശ്വാസം ഡാഡിക്കും മമ്മിക്കുമുണ്ടായിരുന്നു. ഭാര്യയിൽ നിന്നും അതേ പിന്തു ണ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നു.

ഫസ്‌ലിയും ഞാനും ഡിഗ്രിക്ക് ക്ലാസ്മേറ്റ്സ് ആയിരുന്നു. അവൾ എംഎസ്‌സിക്ക് ബെംഗളൂരു ക്രൈസ്റ്റ് കോളജിലേക്ക് പോയതു കൊണ്ടാണ് എംബിഎയ്ക്ക് ഞാനും അതേ കോളജിൽ ചേർന്നത്. എട്ട് വർഷത്തെ പ്രണയം. 2015ൽ വിവാഹം. എന്റെ ജീവിതത്തിലെ മനോഹരമായ പിറന്നാൾ സമ്മാനം ഫസ്‌ലി നൽകിയതാണ്. ബെംഗളൂരുവിൽ പഠിക്കുന്ന കാലത്ത് നൃത്തപരിപാടി കഴിഞ്ഞ് ഞാൻ ഗ്രീൻ റൂമിലേക്ക് ചെല്ലുമ്പോൾ, റോസാപ്പൂക്കളുടെ ബൊക്കെയുമായി അവൾ കയറി വന്നു. സിനിമയിലെ രംഗം പോലെ അതിപ്പോഴും മനസ്സിലുണ്ട്. പിഎച്ച്ഡി കഴിഞ്ഞ് ഫസ്‌ലി ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.

ആരും മറക്കാത്ത തന്മാത്ര

‘തന്മാത്ര’യിലൂടെ ഇന്നും എന്നെ ആളുകൾ തിരിച്ചറിയുന്നു. അക്കാലത്ത്, ഒരു പതിനെട്ട് വയസ്സുകാരനെ സംബന്ധിച്ച് ആ സിനിമ നൽകിയ പ്രശസ്തിയും അംഗീകാരങ്ങളുമൊക്കെ വളരെ വലുതായിരുന്നു.

സിനിമയെ ആഗ്രഹിച്ചു പിന്നാലെ നടന്നു സ്വന്തമാക്കിയ ആളല്ല ഞാൻ. ഭാഗ്യവശാല്‍ ഒരു അതിശയം പോലെ അതു സംഭവിക്കുകയായിരുന്നു. ആ മാജിക് അവിടെത്തന്നെ കഴിഞ്ഞു.

തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. അതിനായി ഇത്ര വർഷം കാത്തിരിക്കേണ്ടി വന്നു. ആലോചിച്ചു നോക്കൂ, ശരിക്കും രസമുള്ള പരിപാടിയല്ലേ സിനിമ: ഒരു കിനാവിൽ ജീവിക്കും പോലെ..’’

arjun-2

ലാലേട്ടന്‍ വിളിച്ചപ്പോൾ

‘തന്മാത്ര’യുടെ ലൊക്കേഷൻ മനോഹരമായ നിരവധി മുഹൂർത്തങ്ങളുടേതു കൂടിയായിരുന്നു. മോഹൻലാലിനെപ്പോലെ വലിയ നടനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും എത്ര വലിയ ഭാഗ്യമായിരുന്നു എന്നു ഞാൻ പിന്നീടാണ് തിരിച്ചറിഞ്ഞത്.

‘തന്മാത്ര’യ്ക്ക് ശേഷം മോഹൻലാൽ സാറിനൊപ്പം ഒരു ഓസ്ട്രേലിയൻ ഷോ ചെയ്തിരുന്നു. പിന്നീട് റെഗുലർ കോൺടാക്ട് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ ഒരു സർപ്രൈസ് കിട്ടി.

കൊറോണയുടെ സമയത്ത് അദ്ദേഹത്തിന്റെ കോൾ വന്നു. ഇത്ര വർഷം മുൻപ് ഒപ്പം അഭിനയിച്ച, സിനിമയിൽ സജീവമല്ലാത്ത ഒരാളെ അദ്ദേഹം ഓർത്ത് വിളിച്ചത് വലിയ അതിശയമായി.

നകുൽ വി.ജി

ഫോട്ടോ : ബേസിൽ പൗലോ